ജീവിതത്തിൽ ആദ്യമായി ഞാനൊരു ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തു. ഒരുപാട് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ആരെങ്കിലും ക്ഷണിക്കുന്നത് ആദ്യമായിട്ടാണ്.
എന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് ലിജിയാണ്.
ഒരു ഓൺകോളജിസ്റ്റ് എന്ന നിലയിൽ എന്റെ സാമൂഹിക ബന്ധങ്ങളുടെ ഇടക്കണ്ണികളായി ഏറിയ പങ്കും എന്റെ രോഗികളോ അവരോട് ബന്ധപ്പെട്ടവരോ ആണ്.
ലിജിയും അങ്ങനെ ഒരാളാണ്.
രണ്ട് ബ്രെസ്റ്റിലും ഒരേസമയം ക്യാൻസർ ബാധിച്ച് കോട്ടയത്തെ എന്റെ ഒ.പിയിലേക്ക് കടന്ന് വന്ന വ്യക്തിയായിരുന്നു ലിജി. എന്നാൽ അവർ അസാമാന്യ ധൈര്യത്തോടെ ആ അസുഖത്തെ നേരിടുകയും അതിജീവിക്കുകയും ചെയ്തു.
അതിനുശേഷവും പലതരത്തിലുള്ള പ്രതിസന്ധികൾ ലിജിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും തളരാതെ വലിയ മനക്കരുത്തോടെ അസാമാന്യമായ ആർജ്ജവത്തോടെ അതിനെ നേരിടുന്ന ലിജിയെ ഞാൻ വളരെ അടുത്തുനിന്ന് കണ്ടിട്ടുണ്ട്.
ക്യാൻസർ രോഗികളുടെ കൂട്ടായ്മയായ
‘തണൽ’ ലിജിയുടെ നേതൃത്വത്തിൽ കൂടിയാണ് മുന്നോട്ടുപോകുന്നത്. രോഗികൾക്ക് ആവശ്യമായ മാനസിക പിന്തുണയും സാമ്പത്തിക പിന്തുണയും കൊടുക്കുന്നതോടൊപ്പം അവരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും കേൾക്കാനും, സാധ്യമാകുന്ന എല്ലാ സപ്പോർട്ടുകളും നൽകുവാനും ലിജി മുന്നിൽ തന്നെയുണ്ട്.
ലിജിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒരുപാട് ക്യാൻസർ ബോധവൽക്കരണ പരിപാടികളിൽ പങ്കാളിയാവാനും സംസാരിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
മൂന്ന് സമപ്രായക്കാരായ കൂട്ടുകാരികളുടെ കഥ കൂടി പറഞ്ഞില്ലെങ്കിൽ ഈ ലേഖനം അപൂർണ്ണമാകും.
സോണിയ ബെന്നി,മിനി ജിജോ,രാധിക റെജി എന്നിവരാണ് അവർ.
ചങ്ങനാശേരി വണ്ടി പേട്ട സ്വദേശിനികളായിരുന്ന മൂവരുടേയും ബാല്യകാലത്തുള്ള സൗഹൃദം വിവാഹം കഴിഞ്ഞ് മൂന്നിടത്തായെങ്കിലും അതേ വികാര വായ്പ്പോടെ തന്നെ തുടർന്നു.
ഇതിനിടെ 2022-ൽ സോണിയ ക്യാൻസർ ബാധിതയായി. കൂട്ടുകാരിയുടെ ചികിത്സക്ക് മാനസിക പിന്തുണയുമായി മിനിയും രാധികയും കൂടെ തന്നെ ഉണ്ടായിരുന്നു. സോണിയ വേദനയിൽ നിന്ന് ഒട്ടൊന്ന് കരകയറിയപ്പോഴാണ് രാധികക്ക് കാൻസർ ഡിറ്റക്ട് ചെയ്യുന്നത്. സോണിയയും മിനിയും രാധികയ്ക്ക് ഒരു തണലായി. രാധിക ജീവിതത്തിലേക്ക് തിരികെ വരുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വിധി മിനിയുടെ ജീവിതത്തിലും ക്യാൻസറിന്റെ കരിനിഴൽ വീഴ്ത്തിയത് !. അപ്പോഴും മറ്റു രണ്ടുപേർ ഒപ്പം തന്നെ ഉണ്ടായിരുന്നു.
വളരെ കാലം മുൻപ് പങ്കിട്ട ഒരു കാര്യം പൂർത്തിയാക്കണമെന്ന് അവർ ആഗ്രഹിച്ചു. അതിനുവേണ്ടിയിട്ടുള്ള എല്ലാ സഹായവും ചെയ്തത് ലിജിയായിരുന്നു. ചങ്ങനാശേരിക്ക് അടുത്ത് പായ്പ്പാടി എന്ന ചെറിയൊരു ഗ്രാമ പ്രദേശത്ത് അവരൊരു സ്റ്റിച്ചിങ് യൂണിറ്റും അതിനോട് ചേർന്ന് കുറച്ച് ഡ്രസ്സ് മെറ്റീരിയലുകളുമായി ചെറിയൊരു കടയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഫെബ്രുവരി 4 വേൾഡ് ക്യാൻസർ ഡേയ്‌ക്ക് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു അവരുടെ ആഗ്രഹമെങ്കിലും പണി തീരാത്തതുകൊണ്ട് ഫെബ്രുവരി 5ലേക്ക് മാറ്റിവെക്കുകയായിരുന്നു.
എന്നെ ഈ പരിപാടിക്ക് ക്ഷണിച്ചപ്പോൾ ഞാൻ മറ്റൊരാളെ കൂടി അവിടേക്ക് കൊണ്ടുവന്നു. അത് നിഷ ജോസ് കെ മാണിയായിരുന്നു. കേരളത്തിലും കേരളത്തിന് വെളിയിലും ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് നിഷ എന്ന് അറിയാമല്ലോ.
നിഷയും ബ്രസ്റ്റ് ക്യാൻസർ അതിജീവിച്ച ഒരു വ്യക്തിയാണ്. നിഷയുടെ ചികിത്സയിലും ഒരു പങ്കുവഹിച്ച വ്യക്തി എന്ന നിലയിൽ ആ കാലഘട്ടം മുതലേ നിഷയുമായി വ്യക്തിപരമായ ഒരു പരിചയമുണ്ട്. ചെത്തിപ്പുഴ ആശുപത്രിയിൽ ഫെബ്രുവരി നാലാം തീയതി മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനത്തിന് നിഷ വരുന്നുണ്ടെന്നറിഞ്ഞപ്പോൾ തന്നെ ചങ്ങനാശ്ശേരിയിലെ ഈ സംരംഭത്തിന് നിഷയെ ക്ഷണിച്ചിരുന്നു. നിഷയുടെ സാന്നിധ്യം അവർക്ക് വലിയ ഊർജ്ജം പകരുമെന്ന് പറഞ്ഞപ്പോൾ തന്നെ നിഷ സന്തോഷപൂർവ്വം ആ ക്ഷണം സ്വീകരിക്കുകയും മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ചടങ്ങിൽ സന്നിഹിതയാവുകയും ചെയ്തു.
വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് ഈ കൂട്ടായ്മയിലൂടെ പ്രിയപ്പെട്ട സോണിയയും മിനിയും രാധികയും ലിജിയും സമൂഹത്തിന് പകരുന്നത്. ക്യാൻസർ എന്നത് ജീവിതത്തിന്റെ അവസാനമല്ലെന്നും മനക്കരുത്തിലൂടെ, പങ്കുവെപ്പിലൂടെ, സ്നേഹത്തിലൂടെ പുതിയൊരു ജീവിതം തിരിച്ചുപിടിക്കാൻ ക്യാൻസർ അതിജീവിതകൾക്ക് സാധിക്കുമെന്നുമാണ് അത്.
ജീവിതത്തിൽ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും സന്തോഷം നൽകിയ ചടങ്ങായിരുന്നു അത്.
കേരളത്തിലെ ഈ ചെറിയ ഒറ്റമുറി കട കേരളത്തിനു മാത്രമല്ല ലോകത്തിന് മുഴുവൻ മാതൃകയാകട്ടെ..!
2025-ലെ വേൾഡ് ക്യാൻസർ ദിനത്തിന്റെ
“United by Unique”
എന്ന തീമിന്റെ ഇതിലും നല്ല ഉദാഹരണം നമുക്ക് കാട്ടിക്കൊടുക്കുവാൻ ഇല്ല.
ബോബൻ തോമസ്.