ഈ വർഷത്തെ ESMO( യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓൺകോളജി) ജർമനിയിലായിരുന്നു. പേപ്പർ പ്രസന്റ് ചെയ്യാനുള്ള അവസരം ലഭിച്ചതിനെ തുടർന്ന് ജർമനിയിലേക്ക് പോകാനുള്ള തീരുമാനമെടുത്തു.
എങ്ങനെയെങ്കിലും സമയമുണ്ടാക്കി ബെർലിൻ മതിൽ കാണണം എന്നതായിരുന്നു എന്റെ ആദ്യത്തെ തീരുമാനം. സ്കൂളിലെ പഠന ഓർമ്മകളിലെ ബെർലിൻ മതിൽ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ഹിസ്റ്ററി ക്ലാസ്സിൽ രണ്ടാം ലോകമഹായുദ്ധവും അതിനെ തുടർന്നുള്ള സംഭവ വികാസങ്ങളും എബ്രഹാം സാർ പഠിപ്പിക്കുമ്പോൾ ജർമ്മനിയിലെ ബെർലിൻ മതിലിന്റെ ചരിത്രത്തിലൂടെയും കടന്ന് പോയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയെ രണ്ടായി ഭാഗിക്കുകയും ഒരു ഭാഗം അമേരിക്ക നേതൃത്വം നൽകുന്ന ചേരിക്കും രണ്ടാം ഭാഗം സോവിയറ്റ് യൂണിയൻ നേതൃത്വം നൽകുന്ന ചേരിക്കും നൽകുകയുണ്ടായി. ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്കുള്ള യാത്ര തടയുന്നതിന് വേണ്ടിയിട്ടായിരുന്നു അന്ന് ബെർലിൻ മതിൽ നിർമ്മിച്ചത്.
പക്ഷേ അന്ന് ഇന്നത്തെപ്പോലെ ഇന്റർനെറ്റ് സൗകര്യം ഇല്ല. അറിവുകൾ അപൂർണ്ണമായിരുന്നു. പഠനശേഷം പത്രമാസികകളിൽ കൂടി വരുന്ന ചെറിയ വാർത്തകളിൽ ബെർലിൻ മതിൽ ഒതുങ്ങി.
അതിനുശേഷം 1990-ല്‍ ജർമൻ മതിൽ തകർത്തതിനെ കുറിച്ചുള്ള വാർത്ത പത്രത്തിലൂടെ വായിച്ചത് ഓർക്കുന്നു. ലൈവ് ടെലികാസ്റ്റ് ഇല്ലാത്ത ആ കാലത്ത് ദൂരദർശനിലൂടെയാണ് അത് കണ്ടത്.
പ്രണബ് റോയ് അവതരിപ്പിച്ച ‘വേൾഡ് ദിസ് വീക്ക്’ എന്ന പരിപാടിയിലൂടെയാണ് ബെർലിൻ മതിൽ തകർത്തതിനെ കുറിച്ച് കൂടുതലായി അറിയുന്നത്.
എന്തായാലും കോൺഫറൻസിന് ഇടയ്ക്ക് സമയമുണ്ടാക്കി ഒരു സിറ്റി ടൂർ എടുത്തു. ബെർലിനിലെ ഒരുപാട് സ്ഥലങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. അവസാനം ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ബെർലിൻ മതിലിന് അടുത്തെത്തി.
ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ മതിലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളെ തൊട്ടു നോക്കി. അതിന്റെ രണ്ട് വശവും നടന്നു കണ്ടു. പടങ്ങൾ എടുത്തു.
ചരിത്രത്തിന്റെ ഭാഗമായ ആ വലിയ സ്മാരകം ഇന്ന് എത്രപേർക്ക് അറിയാം.!?.
അതിനുശേഷം കിഴക്കും പടിഞ്ഞാറും ബെർലിനുകളെ വേർതിരിക്കുന്ന ‘Check point Charlie’ എന്ന വിശ്വപ്രസിദ്ധമായ ബോർഡർ കണ്ടു. 1961-ൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ അമേരിക്കൻ റഷ്യൻ ടാങ്കുകൾ അഭിമുഖമായി നിന്നിരുന്ന സ്ഥലമായിരുന്നു അത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.
തൊട്ടടുത്ത് തന്നെ ഒരു സോവനീർ ഷോപ്പ് കണ്ടു. ബെർലിൻ മതിലിന്റെ ചെറിയ കഷണങ്ങൾ വിൽക്കുന്ന ഷോപ്പ് ആയിരുന്നു അത്. വാങ്ങണമോ എന്ന് സംശയിച്ചെങ്കിലും ഒടുവിൽ ഒരെണ്ണം വാങ്ങാൻ തന്നെ തീരുമാനിച്ചു. ഏറ്റവും ചെറിയ ഒരു കോൺക്രീറ്റ് കഷണത്തിന് 25 യൂറോയാണ് വില. ഒരെണ്ണം ഞാൻ എടുത്തു. ഒറിജിനലാണെന്ന് സ്ഥിരീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കൂടി അവർ തന്നു.
അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായ ബെർലിൻ മതിൽ കാണുവാനും അതിന്റെ ഒരു അവശേഷിപ്പ് കൊണ്ടുവരാനും സാധിച്ചു. ഓർമ്മകളിലുള്ള ലോകത്തെ ഏതൊ ഒരു കോണിലെ ആ ചരിത്ര സ്മാരകം തൊട്ടടുത്ത് നിന്ന് നോക്കിക്കാണുമ്പോൾ എന്നിൽ ആ പഴയ കുട്ടിയുടെ ആകാംക്ഷയും സന്തോഷവും ഉണ്ടായിരുന്നു.!.
ബോബൻ തോമസ്.