75ൻ്റെ നിറവിൽ പ്രിയപ്പെട്ട എൻ്റെ അമ്മ.

75ൻ്റെ നിറവിൽ പ്രിയപ്പെട്ട എൻ്റെ അമ്മ.

ഇന്ന് എൻ്റെ അമ്മയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ആണ്.

എല്ലാവർക്കുമെന്നപോലെ എനിക്കും എൻ്റെ അമ്മയെക്കുറിച്ച് ഒത്തിരി പറയാൻ ഉണ്ട്.

ഒത്തിരി പറയാനുള്ള ആവേശം കൊണ്ട് ഒന്നും പറയാൻ കഴിയാതെ വരുന്നു.

അതാണ് അമ്മ.

ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും എന്തിന് വാർദ്ധക്യത്തിൽ പോലും അമ്മയുടെ താങ്ങും തണലും ആഗ്രഹിക്കാത്ത ആരുണ്ടാകും നമ്മളിൽ.

എന്നെ ഞാനാക്കിയത് എൻ്റെ അമ്മയാണ്.

ചെറുതും വലുതുമായ ഒരുപാട് ഉപദേശങ്ങൾ തന്ന് ഇന്നും എന്നെ മുന്നോട്ടു നയിക്കുന്ന വ്യക്തിയാണ് അമ്മ.

അമ്മയെക്കുറിച്ച് ആലോചിക്കുമ്പോൾ നിരവധി കാര്യങ്ങൾ പറയാനുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്.

എൻ്റെ ആദ്യത്തേതും അവസാനത്തേതുമായ ഒരു മോഷണത്തെക്കുറിച്ച്.!

യുകെജിയിലോ ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയം.

ഒരു ദിവസം ടൗണിലെ മാർക്കറ്റിലേക്ക് അമ്മ എന്നെ കൊണ്ടുപോയി.

പലപ്പോഴും വാങ്ങിക്കുന്ന പോലെ അന്നും അമ്മ സബർജിൽ വാങ്ങിക്കുകയായിരുന്നു.

പക്ഷേ എൻ്റെ ശ്രദ്ധ അതിനടുത്തുള്ള തുടുത്ത മുന്തിരി കുലകളിലായിരുന്നു.

അതിൽനിന്നും ആരും അറിയാതെ ഞാനൊരു പച്ച മുന്തിരി ഇറുത്തെടുത്തു……

ഒരു കമാൻഡോ ഓപ്പറേഷനിലെ പോലെ അതിവിദഗ്ധമായാണ് ഞാനത് ചെയ്തത്.

എന്നാൽ കടയിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മ പിടിച്ചു നിർത്തി ചോദിച്ചു.

“നീ എന്താണ് ചെയ്തത്.!?”

“കടക്കാരൻ കണ്ടിരുന്നെങ്കിൽ നിന്നെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുമായിരുന്നല്ലോ.?”

“നിനക്ക് വേണമെങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ വാങ്ങിച്ചു തരില്ലേ.”

ഞാൻ കുറ്റബോധത്തോടെയും വല്ലായ്മ യോടെയും നിന്നു.

“മോഷ്ടിക്കരുത്. നമുക്ക് അർഹതയില്ലാത്ത ഒന്നും ആരിൽ നിന്നും സ്വീകരിക്കുകയോ എടുക്കുകയോ അരുത്.”

അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അത് ജീവിതത്തിലെ വലിയൊരു പാഠമായിരുന്നു.

ജീവിതത്തിൽ അതിനുശേഷം എനിക്ക് അർഹതപ്പെടാത്ത ഒന്നും ആരിൽ നിന്നും ഞാൻ എടുത്തിട്ടില്ല.

അങ്ങനെ എത്രയെത്ര അനുഭവങ്ങൾ.

അവരുടെ അനുഭവങ്ങൾ കണ്ടും കേട്ടുമാണ് ജീവിതം ആറ്റി കുറുക്കി എടുത്തത്.

ഇനിയും അങ്ങനെ തന്നെ.

കഴിഞ്ഞ 15 വർഷമായി അമ്മയുടെ പ്രായമുള്ളവർ ക്യാൻസർ ചികിത്സയ്ക്കായി വരുമ്പോൾ ഞാൻ അമ്മയെക്കുറിച്ച് ഓർക്കും.

അമ്മയ്ക്കാണ് ആ അസുഖം വരുന്നതെങ്കിൽ എന്ന വേദനയോടെ.

ആ സമയത്ത് നമ്മുടെ മനസ്സ് അത്രയും ആർദ്രമാകും.

അപ്പോൾ ഉള്ളിൽ നിന്നാരോ പറയും…

അമ്മയ്ക്ക് കൊടുക്കുന്ന അതേ പരിചരണം അമ്മയുടെ പ്രായത്തിലുള്ള അവർക്കും കൊടുക്കണം.

അങ്ങനെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും സാധിച്ച ഒരുപാട് അമ്മമാർ എനിക്ക് ചുറ്റിനും ഉണ്ട്.

അതൊരു ജീവിതസാഫല്യമാണ്.

ഈശ്വരാനുഗ്രഹം കൊണ്ട് വലിയ ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇതുവരെ അമ്മയ്ക്ക് ഉണ്ടായിട്ടില്ല.

ശകാരിക്കാനും, ഉപദേശിക്കാനും, സ്നേഹിക്കാനും ഇനിയും ഒരുപാട് കാലം ആയുരാരോഗ്യത്തോടെ അമ്മ അടുത്തുണ്ടാകണമെന്ന് മാത്രം ആഗ്രഹിക്കുന്നു..

പ്രാർത്ഥിക്കുന്നു..

ബോബൻ തോമസ്.