2022 -നെ ഓർക്കുമ്പോൾ…!

2022 -നെ ഓർക്കുമ്പോൾ…!

വളരെയധികം സന്തോഷം നൽകിയ ഒരു വർഷമാണ് കടന്നുപോയത്.

ഒരു ഡോക്ടർ എന്ന നിലയിൽ എന്നിൽ അർപ്പിതമായ ചുമതലകൾ നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്തു തീർക്കാൻ കഴിഞ്ഞു എന്ന് ഞാൻ കരുതുന്നു. അതിൽ അതിയായ ചാരിതാർത്ഥ്യവും അഭിമാനവും ഉണ്ട്.

ഞാൻ ചികിത്സിച്ച അസംഖ്യം രോഗികൾക്ക് മുൻപിൽ ഇത് തുറന്നു വയ്ക്കുന്നു.

രണ്ടാമത്തെ വലിയ സന്തോഷം കഴിഞ്ഞവർഷം പ്രസിദ്ധീകരിക്കപ്പെട്ട ‘അർബുദം അറിഞ്ഞതിനപ്പുറം’ എന്ന എൻ്റെ പുസ്തകം ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയറിൽ റിലീസ് ചെയ്യുവാൻ സാധിച്ചു എന്നതാണ്.

കേരളത്തിലെ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി തുടങ്ങി 9 ജില്ലകളിലെ രോഗികളെ ഈ കാലയളവിൽ ചികിത്സിക്കാൻ കഴിഞ്ഞു എന്നത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. കോട്ടയത്തെ കാരിത്താസ്, തിരുവനന്തപുരത്തെ ജി. ജി, ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സെൻ്റ്.തോമസ് എന്നീ മൂന്ന് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ നിന്നുള്ളവരെയൊക്കെ കാണാനും അവർക്ക് ചികിത്സ കൊടുക്കുവാൻ സാധിക്കുന്നതും.

ആഴ്ചയിൽ രണ്ട് ദിവസം കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് പോയി ചികിത്സിക്കാൻ സാധിക്കുന്നത് എങ്ങനെയെന്ന് പല അഭ്യുദയകാംക്ഷികളും ചോദിച്ചിട്ടുണ്ട്. നിരന്തരമായ യാത്രകളും, ഒഴിവില്ലാത്ത ഷെഡ്യൂളും എൻ്റെ ആരോഗ്യത്തെ ബാധിക്കില്ലേ എന്നതാണ് അവരുടെ കൺസേൺ. റോഡ് മുഖാന്തിരമുള്ള യാത്ര പ്രയാസകരമായി തോന്നിയപ്പോൾ ട്രെയിനിലേക്ക് മാറ്റിയത് കൊണ്ടും, ദൈവാനുഗ്രഹം കൊണ്ടോ, അനേകം പേരുടെ പ്രാർത്ഥന കൊണ്ടോ തിരക്കേറിയ ഈ ഷെഡ്യൂളിൽ വലിയ സ്ട്രെയിനോ ആരോഗ്യ പ്രശ്നങ്ങളോ ഇതു വരെ അനുഭവപ്പെട്ടിട്ടില്ല.

കോവിഡ് മൂലം മുടങ്ങിയിരുന്ന മെഡിക്കൽ കോൺഫറൻസുകൾ പുനരാരംഭിക്കുവാൻ കഴിഞ്ഞു എന്നത് സന്തോഷം നൽകുന്ന മറ്റൊരു കാര്യമാണ്. കോവിഡിന് മുൻപേ ഫിസിക്കൽ മീറ്റിങ്ങുകൾ നടത്തിയിരുന്ന എനിക്ക് കോവിഡിന്റെ സമയത്ത് ഓൺലൈൻ മീറ്റിങ്ങുകളിലേക്ക് ചുരുങ്ങേണ്ടി വന്നിരുന്നു. എന്നാൽ കഴിഞ്ഞവർഷം കാരിത്താസ് ആശുപത്രിയുടെ ഭാഗമായി ഒരു സ്റ്റേറ്റ് കോൺഫറൻസും, തിരുവനന്തപുരത്ത് ഓൺകോൺകോളജി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രൊ. എം കൃഷ്ണൻ നായർ അനുസ്മരണവും, Ampok എന്ന ഞങ്ങളുടെ സംഘടനയുടെ രണ്ട് കോൺഫറൻസുകളും ഫിസിക്കലായി സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നത് സന്തോഷം നൽകുന്ന കാര്യങ്ങളായിരുന്നു.

മെഡിക്കൽ കോൺഫറൻസുകളിലും, സംഘടനാപരമായ ചടങ്ങുകളിലും, ചുരുക്കം ചില ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാനും കഴിഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത അനുഭവമായിരുന്നു പുസ്തക പ്രസിദ്ധീകരണ വേള എനിക്ക് തന്നത്. ലോകമെമ്പാടുമുള്ള എഴുത്തുകാരും, പുസ്തകങ്ങളുമുള്ള

ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയറിൽ കുറച്ചുപേരെയെങ്കിലും നേരിട്ട് കാണുവാനും പരിചയപ്പെടുവാനും കഴിഞ്ഞു എന്നത് ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തം ആയിരുന്നു.

അതുപോലെതന്നെ എടുത്തു പറയാനുള്ളത് സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ ചികിത്സാർത്ഥം തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള എയർ ആംബുലൻസിൽ സഖാവിനെ അനുഗമിക്കാനും, വേണ്ട പരിചരണങ്ങൾ നൽകാനും മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ എന്നിൽ ഏൽപ്പിച്ച കർത്തവ്യം ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞു എന്നത് കൂടിയാണ്.

കാരിത്താസ് ആശുപത്രിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പുതിയ സംരംഭങ്ങൾക്കും മെഡിക്കൽ കോൺഫറൻസുകൾക്കും ചുക്കാൻ പിടിക്കാൻ കഴിഞ്ഞു എന്നതും ചാരിതാർത്ഥ്യം നൽകുന്ന കാര്യമായിരുന്നു.

‘അർബുദം അറിഞ്ഞതിനപ്പുറം’ എന്ന പുസ്തകത്തിൻറെ റോയൽറ്റി കാരിത്താസ് ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് ഡിപ്പാർട്ട്മെൻ്റിന് സംഭാവന നൽകാൻ കഴിഞ്ഞു എന്നതും ഈ വേളയിൽ സന്തോഷപൂർവ്വം സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

ചികിത്സയെ ഭൗതികാനുഭവമെന്നും, ഓരോ രോഗിയുടെയും പകർത്തി വെക്കാൻ തോന്നുന്ന ജീവിതങ്ങളെ ആത്മീയ അനുഭവമെന്നും നിർവചിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

ഇനിയും തുടർന്ന് എഴുതാനുള്ള പ്രചോദനം വായനക്കാരായ നിങ്ങളുടെ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ്. അത് ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..

നിർത്തട്ടെ..

നന്ദി…

ബോബൻ തോമസ്.