ഇക്കഴിഞ്ഞ ശനിയാഴ്ച ഒ.പി.ഡി യുടെ തിരക്കും അതിനുശേഷമുള്ള മീറ്റിങ്ങുകളും കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ആകെ ക്ഷീണിതനായിരുന്നു.
സോഫയിലേക്ക് കിടന്നതും ഉറങ്ങിപ്പോയി.
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്.
ഉറക്കം നഷ്ടമായ ചെറിയ നീരസത്തോടുകൂടി ഫോൺ എടുത്തു.
അങ്ങെ തലയ്ക്കൽ കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവൻ.
“സാറേ നമ്മുടെ ആര്യന്റെ ട്രാൻസ്പ്ലാൻറ് വിജയകരമായി കഴിഞ്ഞു.! അവനെ തിങ്കളാഴ്ച രാവിലെ ട്രാൻസ്പ്ലാൻറ് യൂണിറ്റിൽനിന്നും റൂമിലേക്ക് മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”
എനിക്ക് അത്രയും സന്തോഷം തോന്നിയ സന്ദർഭം അടുത്തൊന്നും ഉണ്ടായിട്ടില്ല.
അതിന് ഒരുപാട് കാരണങ്ങളുണ്ട്.
“ആര്യൻ”
കഴിഞ്ഞ ഏഴ് വർഷമായി അവനെ എനിക്കറിയാം.
രണ്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കിമിയ (ALL) എന്ന കുട്ടികളെ ബാധിക്കുന്ന രക്താർബുദവുമായാണ് തിരുവനന്തപുരത്ത് ആര്യനെ അവൻ്റെ മാതാപിതാക്കൾ എന്നെ കാണിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു മിഡിൽ ക്ലാസ് ഫാമിലിയായിരുന്നു അവരുടേത്.
അച്ഛൻ സോഫ്റ്റ്‌വെയർ എൻജിനീയർ
അമ്മ ഹൗസ് വൈഫ്.
അന്ന് ആര്യന്റെ കൂടെ നിഴല് പോലെ ഒരാളുണ്ടായിരുന്നു.
അവൻ്റെ ഇരട്ട സഹോദരി.
“ആർദ്ര”
ഹോസ്പിറ്റലിലേക്ക് കൊണ്ടുവരുമ്പോഴും, അഡ്മിറ്റ് ചെയ്യുമ്പോഴും ഇണപിരിയാതെ അവൾ അവനോടൊപ്പം ഉണ്ടാകും.
അവൻ്റെ ട്രീറ്റ്മെൻറ് വളരെ വിജയകരമായി പൂർത്തിയായിരുന്നു.
ഓരോ തവണ ചെക്കപ്പിന് വരുമ്പോഴും ഞാൻ കുറച്ച് ചോക്ലേറ്റ് അവനുവേണ്ടി കരുതിവയ്ക്കും.
ചോക്ലേറ്റ് വാങ്ങിക്കുമ്പോൾ അവൻ പറയും…
“വൺ ഫോർ ആര്യൻ ആൻഡ് വൺ ഫോർ ആർദ്ര”
എന്ത് കിട്ടിയാലും അതിൻ്റെ ഒരോഹരി സഹോദരിക്കും കൊടുക്കണമെന്ന് അവന് വലിയ നിർബന്ധമായിരുന്നു. അത്രകണ്ട് ഹൃദയബന്ധമായിരുന്നു രണ്ടുപേർക്കും.
ഏതാനും മാസങ്ങൾക്കു മുമ്പ് ആര്യൻ്റെ അച്ഛൻ്റെ ഫോൺകോൾ എനിക്ക് വന്നു.
പനിയായി ഹോസ്പിറ്റലിൽ ചെന്ന് ബ്ലഡ് പരിശോധിച്ചപ്പോൾ അവൻ്റെ കൗണ്ട് കൂടുതലാണ്.!
അദ്ദേഹത്തിൻ്റെ വാക്കുകളിൽ പരിഭ്രമം ഉണ്ടായിരുന്നു. ഞാനദ്ദേഹത്തോട് ആര്യനെയും കൂട്ടി എന്നെ വന്ന് കാണാൻ പറഞ്ഞു.
തുടർ പരിശോധനകളിൽ നിന്ന് അവൻ്റെ അസുഖം തിരിച്ചുവന്നിരിക്കുന്നതായി കണ്ടു.
എന്തു ചെയ്യാം..
ജീവിതം പോലെ പ്രവചനാതീതമാണ് പലതും.
90 മുതൽ 95 ശതമാനം വരെ പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു അസുഖമാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കിമിയ.
എന്നാൽ നിർഭാഗ്യവശാൽ ചെറിയൊരു ശതമാനം പേരിൽ അസുഖം തിരിച്ചു വന്നേക്കാം.
അതിൽ ഒരാൾ പ്രിയപ്പെട്ട ആര്യനാണ്.
ഇനിയുള്ള ഓപ്ഷൻ കീമോതെറാപ്പി പുനരാരംഭിച്ച് അസുഖത്തെ കൺട്രോൾ ചെയ്യുകയും “അലോജനിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ്” ചെയ്യുക എന്നതുമായിരുന്നു.
എവിടെ ചികിത്സ എടുക്കണം എന്ന കാര്യത്തിൽ ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് ആഴ്ചയിൽ രണ്ടുദിവസം മാത്രം വരുന്ന എനിക്ക് പൂർണ്ണമായ സേവനം ആര്യനുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു.
ഞാൻ അവരോട് അത് പറയുകയും ചെയ്തു.
എന്നാൽ അവർക്ക് ഞാൻ തന്നെ ചികിത്സിക്കണമെന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നു.
അങ്ങനെയാണ് കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലേക്ക് ചികിത്സ ഷിഫ്റ്റ് ചെയ്യുന്നത്. അപ്പോഴും ട്രാൻസ്പ്ലാൻറ് എവിടെ നടത്തും എന്നുള്ളത് ഒരു ചോദ്യചിഹ്നമായിരുന്നു. അങ്ങനെയാണ് കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ.കേശവിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്. ഞാൻ ചികിത്സിച്ച മറ്റൊരു കുട്ടിയുടെ ബന്ധു കൂടിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും അവലംബിക്കേണ്ട പ്രോട്ടോക്കോളിനെ കുറിച്ച് വിശദമായി സംസാരിക്കുകയും അതനുസരിച്ചുള്ള കീമോതെറാപ്പി തുടങ്ങുകയും ചെയ്തു.
അടുത്ത വെല്ലുവിളി അനുയോജ്യയായ ഒരു ഡോണറെ കിട്ടുക എന്നുള്ളതായിരുന്നു.
ഇരട്ട സഹോദരിയായതു കൊണ്ടു തന്നെ ആർദ്ര മാച്ച് ആകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
പ്രതീക്ഷിച്ചത് പോലെ തന്നെ ആർദ്രയ്ക്ക് ആര്യനുമായി 100 ശതമാനം( 10 out of 10) HLA മാച്ച് കിട്ടുകയും ചെയ്തു.
ചികിത്സയുടെ ഭാഗമായി ആര്യനെ കൊണ്ടുവരുമ്പോൾ കോട്ടയം അവർക്കൊരു പുതിയ നഗരമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി ആരുമില്ലാത്ത അവസ്ഥ. ബ്ലഡിന്റെ ആവശ്യം വന്നപ്പോൾ പലപ്പോഴും എൻ്റെ സഹോദരന്മാരാണ് നൽകിയത്. അവനു വേണ്ട ഭക്ഷണം പലപ്പോഴും കാരിത്താസ് ആശുപത്രിയിലെ സിസ്റ്റർമാർ കൊണ്ടുവന്നു കൊടുക്കുമായിരുന്നു.
റീ ഇൻഡക്ഷൻ(Re induction) എന്ന് ഞങ്ങൾ പറയുന്ന ട്രീറ്റ്മെൻറ് പ്രോട്ടോകോൾ പ്രത്യേകിച്ച് കോംപ്ലിക്കേഷനൊന്നുമില്ലാതെ കടന്നുപോയി. അതിനുശേഷം ബ്ലഡിലെ കൗണ്ട് എല്ലാം നോർമലായി. ബോൺമാരോ ചെയ്തു.
അതും നോർമൽ ആയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ എം ആർ.ഡി (minimum residual desease) അഥവാ ട്രാൻസ്പ്ലാൻ്റിന് തയ്യാറാവാൻ വേണ്ട ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ മാനദണ്ഡത്തിൽ അവൻ പരാജയപ്പെട്ടു.
വളരെ ചെറിയൊരു മാർജിനിൽ അവന് എം.ആർ.ഡി നെഗറ്റിവിറ്റി അച്ചീവ് ചെയ്യാൻ സാധിച്ചില്ല.
ഞാൻ ഡോക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു പ്രോട്ടോക്കോളുമായി മുൻപോട്ടു പോകാൻ തീരുമാനിക്കുകയും അതിന് അനുബന്ധ മരുന്നുകൾക്കും സേവനങ്ങൾക്കും കോഴിക്കോട് മിംസിലേക്ക് ആര്യനെ മാറ്റുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കുകയും ചെയ്തു.
തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് വന്നു ചികിത്സിച്ച അവർക്ക് പിന്നീട് കോഴിക്കോട്ടേക്ക് പോകുന്നതിൽ പ്രയാസങ്ങൾ ഉണ്ടെന്ന് മനസ്സിലായെങ്കിലും ചികിത്സയുടെ ഗൗരവം ചൂണ്ടിക്കാട്ടി സ്നേഹത്തോടെ അവരെ പറഞ്ഞ് മനസ്സിലാക്കുവാൻ എനിക്ക് സാധിച്ചു.
പിന്നീട് ഏത് പ്രോട്ടോക്കോളിൽ മുന്നോട്ടു പോകണമെന്ന് ചിന്തിക്കുമ്പോഴാണ് ആ ആശുപത്രിയിൽ തന്നെ മറ്റൊരു കുട്ടിക്ക് വേണ്ടി എടുത്തുവച്ച മോണോക്ലോണൽ ആൻറി ബോഡി ആര്യന് വേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോ. കേശവൻ സജസ്റ്റ് ചെയ്യുന്നത്. ആ കുട്ടിയുടെ മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടുകൂടി അത് ആര്യനുവേണ്ടി ഉപയോഗിക്കുകയുമായിരുന്നു. ഏകദേശം 10 ലക്ഷത്തോളം രൂപ വില വരുന്ന ആ മരുന്ന് പൂർണ്ണമായും ഫ്രീയായി നൽകുവാൻ ആ കുട്ടിയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു. ഇത്രയും വില കൂടിയ മരുന്ന് ആര്യൻെറ കുടുംബത്തിന് താങ്ങാൻ കഴിയാതിരുന്ന അവസ്ഥയിലാണ് കാരുണ്യത്തോടെ ആ കുടുംബം അതിന് സമ്മതം മൂളുന്നത്.
മരുന്നിന്റെ ഫലപ്രാപ്തിയിൽ എം.ആർ.ഡി നെഗറ്റീവ് ആവുകയും ട്രാൻസ്പ്ലാൻ്റിനു വേണ്ടിയുള്ള ക്രമീകരണം നടത്തുകയും ചെയ്തു.
ട്രാൻസ്പ്ലാൻ്റിനു മുമ്പ് ആര്യനെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കോഴിക്കോട് പോകാനും ആര്യനോടും കുടുംബത്തോടും ഒപ്പം കുറച്ചു സമയം ചിലവഴിക്കാനും എനിക്കായി. ഞാൻ പോയതിന്റെ പിറ്റേദിവസം ആര്യൻ്റെ എട്ടാമത് പിറന്നാളായിരുന്നു. പിറ്റേദിവസം നടക്കാനിരിക്കുന്ന ജന്മദിന ആഘോഷത്തെക്കുറിച്ച് ഡോക്ടർ എന്നോട് പറഞ്ഞു.
ട്രാൻസ്പ്ലാന്റിന്റെ ചിലവുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കി ഞാൻ പഠിച്ച ഗിരിദീപം സ്കൂളിലെ സഹപാഠികളിൽ നിന്നും, മറ്റ് സുഹൃത്തുക്കളിൽ നിന്നും തരക്കേടില്ലാത്ത ഒരു തുക സമാഹരിക്കുകയും അവർക്ക് കൊടുക്കുകയും ചെയ്തു.
അവർക്ക് എന്തിനും ഏതിനും ഒരു പോയിൻറ് ഓഫ് കോൺടാക്ട് ഉണ്ടായിരുന്നത് ഞാനാണ്. കോഴിക്കോട് ഉണ്ടായിരുന്നപ്പോഴും പല കാര്യങ്ങൾക്കും എന്നെ തന്നെയാണ് വിളിച്ച് ചോദിച്ചിരുന്നത്. പുസ്തകത്തിൻ്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ദുബായിലായിരുന്ന അവസരത്തിലാണ് ആര്യന്റെ അമ്മ ഒരു ദിവസം വിളിക്കുന്നത്.
ആര്യന് പ്ലേറ്റ്ലറ്റ് റിക്വയർമെൻ്റിൻ്റെ ആവശ്യമുണ്ടായിരുന്നു. ഞാൻ അപ്പോൾ തന്നെ എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് എൽ. ആർ ഷാജിയോട് വിവരം ധരിപ്പിക്കുകയും അദ്ദേഹം ഉടനെ തന്നെ ഏഷ്യാനെറ്റ് മലബാർ കറസ്പോണ്ടന്റ് ആയ ഷാജഹാനെ വിളിക്കുകയും പ്ലേറ്റ്ലറ്റ് അറേഞ്ച് ചെയ്യുകയും ചെയ്തു.
ട്രീറ്റ്മെന്റുകൾ എല്ലാം കഴിഞ്ഞു.
വളരെ വിജയകരമായി ബോൺമാരോ ട്രാൻസ്പ്ലാൻറ് കഴിഞ്ഞു പുറത്തിറങ്ങാൻ ആര്യന് സാധിച്ചു. പതിമൂന്നാമത്തെ ദിവസം തന്നെ കൗണ്ട് എല്ലാം നോർമലായി.
തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാമെന്നും രണ്ടുമാസത്തോളം കോഴിക്കോട് തങ്ങിയതിനുശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചു പോകാം എന്നും ഡോ. കേശവ് എന്നോട് പറയുമ്പോൾ ഞാൻ വളരെ ആഹ്ലാദചിത്തനായിരുന്നു.
ഒരേ ഭ്രൂണത്തിൽ ജനിച്ച് ഒരുമിച്ച് ഭൂമിയിലേക്ക് വന്ന രണ്ട് സഹോദരങ്ങൾ. എന്ത് കിട്ടിയാലും പങ്കുവെക്കുന്ന സഹോദരന് സ്വന്തം മൂലകോശങ്ങൾ കൊടുത്ത് ജീവൻ നിലനിർത്തിയ ഇരട്ട സഹോദരി. ഒരു നിയോഗം പോലെ ഞങ്ങൾ ഓരോരുത്തരും അവരുടെ ജീവിതത്തിൽ വഴികാട്ടികളായി. ഒരുപാട് ചാരിതാർത്ഥ്യം തോന്നുന്നു. വൺ ഫോർ ആർദ്ര ആൻഡ് വൺ ഫോർ ആര്യൻ എന്ന് ചെറുപ്പത്തിലേ പറഞ്ഞുകൊണ്ടിരുന്നത് അവരുടെ സ്റ്റെം സെല്ലിന്റെ കേസിലും യാഥാർത്ഥ്യമായി.
ഇതിനോട് ചേർത്തു വായിക്കേണ്ട ഒരു കാര്യം തിരുവനന്തപുരത്തുള്ള ഒരു കുഞ്ഞിന് അലോജനിക് ട്രാൻസ്പ്ലാന്റേഷന് വേണ്ടി കോഴിക്കോട്ടേക്ക് പോകേണ്ടിവന്നു എന്നുള്ളത് കൂടിയാണ്. മുൻപ് ഒരു ലേഖനത്തിൽ ഞാൻ ഇതേക്കുറിച്ച് പരാമർശിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ പീഡിയാട്രിക് ഓൺകോളജി ഡിപ്പാർട്ട്മെൻറ് തുടങ്ങിയത് തിരുവനന്തപുരം ആർ.സി.സിയിൽ ആണെങ്കിലും കാലോചിതമായ ചികിൽസാ പരിഷ്കാരങ്ങൾ ഇന്നും ആർ. സി. സി യിൽ ലഭ്യമല്ലെന്നുള്ള യാഥാർത്ഥ്യം അംഗീകരിച്ചേ തീരൂ. കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചികിത്സിക്കുന്ന റീജിയണൽ ക്യാൻസർ സെൻററിൽ ഓട്ടോലോഗസ് ട്രാൻസ്പ്ലാൻറ് തുടങ്ങിയെങ്കിലും ഇന്നും ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു ട്രാൻസ്പ്ലാന്റേഷൻ ഇല്ല എന്നുള്ളത് നമ്മുടെ സിസ്റ്റത്തിന്റെ പോരായ്മയാണ്. ഡോ. കേശവനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മുതൽ 12- 13 വയസ്സുള്ള കുഞ്ഞുങ്ങൾക്ക് വരെ 52 അലോജനിക് ട്രാൻസ്പ്ലാന്റുകൾ അദ്ദേഹം ഇതുവരെ ചെയ്തിട്ടുണ്ട് എന്ന് മനസിലായി. വളരെ സ്തുത്യർഹമായ ഒരു നേട്ടം. ഈ കുട്ടികളിൽ നല്ലൊരു ശതമാനം പേരും സാമ്പത്തികമായി താഴ്ന്ന നിലയിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. കോഴിക്കോട് മിംസിന്റെ ഈ നേട്ടത്തെ വ്യക്തിപരമായി ഞാൻ അഭിനന്ദിക്കുകയാണ്.
എന്തിനും ഏതിനും സ്വകാര്യ മേഖലയിലെ ആശുപത്രികളെയും ഡോക്ടർമാരെയും കുറ്റപ്പെടുത്തുന്ന സമൂഹവും, മാധ്യമങ്ങളും മനസ്സിലാക്കേണ്ട ഒരു കാര്യം പലപ്പോഴും ഗവൺമെൻ്റ് മേഖലയെക്കാളും മികച്ചതും ആധുനികവുമായ പല ചികിത്സാ സമ്പ്രദായങ്ങളും സ്വകാര്യമേഖലയിലാണ് ഇന്നുള്ളത് എന്നതാണ്. അതൊരു മേന്മയായി പറയുന്നതല്ല. ആധുനിക സൗകര്യങ്ങൾ സാധാരണക്കാരന് പര്യാപ്തമാകണമെങ്കിൽ അത് ഗവൺമെൻറ് മേഖലയിലാണ് ഉണ്ടായിരിക്കേണ്ടതെങ്കിലും യാഥാർത്ഥ്യമല്ല. അതിൻ്റെ കാരണങ്ങൾ പലതായിരിക്കാം. ഗവൺമെൻറ് മേഖലയിൽ ഒരു ചികിത്സ സമ്പ്രദായം ഇല്ല എന്നതിന്റെ പേരിൽ ഒരാൾക്കും ആ ചികിത്സ നിഷേധിക്കപ്പെടരുത് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
ഗവൺമെൻറ് മേഖലയും, സ്വകാര്യ മേഖലയും വിരുദ്ധ ചേരികളിൽ നിൽക്കാതെ പരസ്പര പങ്കാളിത്തത്തോടെ നമ്മുടെ നാട്ടിലെ ഓരോ പൗരനും മികച്ച ചികിത്സ കിട്ടാൻ വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് കൈകോർക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ബോബൻ തോമസ്.