വിസ്മയ എന്ന വിസ്മയം

വിസ്മയ എന്ന വിസ്മയം

2014ലെ ക്രിസ്മസ് ദിനം. അന്നാണ് കേവലം ആറു വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ തിരുവനന്തപുരത്ത് അന്ന് ഞാൻ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് അഡ്മിറ്റ് ചെയ്യാൻ കൊണ്ടുവരുന്നത്. പേര് വിസ്മയ.

കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗം വല്ലാതെ മൂർച്ഛിച്ച അവസ്ഥയിലാണ് കുട്ടിയെ തിരുവനന്തപുരത്തുള്ള പീഡിയാട്രിക് I.C.U യുവിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത് . ഞാൻ ക്രിസ്തുമസ് പ്രമാണിച്ച് രണ്ടു ദിവസം ലീവ് എടുത്ത് ജന്മനാടായ കോട്ടയത്ത് ആയിരുന്നതിനാൽ എന്റെ സഹപ്രവർത്തകനായിരുന്ന ഡോക്ടർ ചെറിയാൻ തമ്പിയാണ് വിസ്മയയെ ആദ്യമായി കാണുന്നത്. Lungs ന്റെ കണ്ടീഷൻ വളരെ മോശമായതിനാൽ പീഡിയാട്രിക് ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത കുട്ടിയെ പെട്ടെന്ന് തന്നെ വെൻറിലേറ്ററിലേക്ക് മാറ്റേണ്ടതായി വന്നു. ബ്ലഡ് ടെസ്റ്റ് നടത്തിയതിൽ നിന്ന് കുട്ടിയുടെ ബ്ലഡ് കൗണ്ട് വളരെയധികം കൂടുതൽ ആണെന്ന് മനസ്സിലായി. വെൻറിലേറ്ററിന്റെ സഹായത്തോടെ സപ്പോർട്ടീവ് കെയറിൽ ആയിരുന്ന വിസ്മയക്ക് Luekemia ആണെന്ന് ഞങ്ങൾക്ക് ബോധ്യമായി.

ക്രിസ്തുമസ് വെക്കേഷന് ശേഷം രണ്ടുദിവസം കഴിഞ്ഞ് ഞാൻ തിരിച്ചു വരുമ്പോൾ കണ്ട കാഴ്ച വളരെ വേദനാജനകമായിരുന്നു. ആറു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടി വെൻറിലേറ്ററിന്റെ സഹായത്തോടുകൂടി ജീവിച്ചിരിക്കുന്നു. ബ്ലഡിലെ Peripheral Smear റിപ്പോർട്ടിൽനിന്ന് അത് Acute Myeloid Luekemia (AML) ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി. സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നത് ALL എന്ന Acute Lymphoblastic Luekemia ആണ്. കുട്ടികളിൽ വളരെ അപൂർവമായിട്ടാണ് AML എന്ന അസുഖം കാണപ്പെടുന്നത്. പല തരത്തിലുമുള്ള Luekemia Complications treat ചെയ്തിട്ടുള്ള ഞങ്ങൾക്ക് ഇതുപോലെയുള്ള ഒരു സിറ്റുവേഷൻ ഇതിന് മുൻപ് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.

Luekemia മൂലം Lungs ൽ ഇൻഫെക്ഷൻ ആണ് എന്ന ഒരു നിഗമനത്തിലാണ് ഞങ്ങൾ ചികിത്സ തുടങ്ങിയത്. കൃത്യമായി എന്തുതരം ഇൻഫെക്ഷൻ ആണ് എന്ന ബോധ്യം ആകാത്തതിനാൽ എല്ലാ തരം മരുന്നുകളും ( ആൻറിബയോട്ടികും, ആൻറിവൈറലും ആൻറി ഫംഗലും ) ഞങ്ങൾക്ക് സ്റ്റാർട്ട് ചെയ്യേണ്ടതായി വന്നു. പിന്നീട് വന്ന FIow cytometry റിപ്പോർട്ട് Peripheral Smear റിപ്പോർട്ടിനെ confirm ചെയ്യുകയും അത് AML ആണെന്ന് ഞങ്ങൾക്ക് പൂർണ്ണമായി മനസ്സിലാവുകയും ചെയ്തു. ഈ കുട്ടിയുടെ AML എങ്ങനെ ചികിത്സിക്കണമെന്നറിയാതെ വളരെ ബുദ്ധിമുട്ടനുഭവിച്ച ദിവസങ്ങളായിരുന്നു അത്. ട്രെയിനിങ്ങ് പിരീയഡിലോ, സ്വന്തം ചികിത്സാനുഭവത്തിലോ ഇതുപോലൊരു സിറ്റുവേഷൻ അതിനു മുമ്പൊരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല.

തുടർന്നാണ് ഈ കേസിനെ പറ്റി മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ എന്റെ പ്രൊഫസറായിരുന്ന പ്രൊഫസർ ബെനാവലി സാറിനോട് ഡിസ്കസ് ചെയ്യുന്നത്. സാറിനും ഇതുപോലൊരു കേസ് മുൻപ് കണ്ടതായി അനുഭവമുണ്ടായിരുന്നില്ല. ഇൻറർനെറ്റ് ലിറ്ററേച്ചർ പരതിയപ്പോൾ പോലും ഇതുപോലൊരു സിറ്റുവേഷൻ എങ്ങും റിപ്പോർട്ട് ചെയ്തതായ പരാമർശവും ഇല്ലായിരുന്നു. ആ അവസ്ഥയിൽ ചികിത്സിച്ചില്ലെങ്കിൽ കുഞ്ഞ് മരിച്ച് പോകും എന്ന് ഉറപ്പായിരുന്നു എന്നാൽ ചികിത്സിച്ചാൽ ഒരു പക്ഷേ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരാൻ സാധിക്കും എന്ന ഒരു പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു.

കുട്ടിയുടെ പേരന്റ്സുമായി സംസാരിച്ചപ്പോൾ അവർ എന്തിനും തയ്യാറായിരുന്നു. വളരെക്കുറച്ചു ദൈവവിശ്വാസിയായ ഞാനും വലിയ ദൈവവിശ്വാസിയായ ഡോക്ടർ ചെറിയാനും ചേർന്ന് എല്ലാം ദൈവത്തിൽ സമർപ്പിച്ച് കൊണ്ട് മുന്നോട്ട് പോകുവാനുള്ള ഒരു തീരുമാനം എടുത്തു. അങ്ങിനെയാണ് ഒരു ചെറിയ ഡോസ് Cytosine Arabinoside എന്ന കീമോതെറാപ്പി മരുന്ന് ഞങ്ങൾ കുട്ടിയിൽ ഉപയോഗിക്കുന്നത്. രണ്ടുദിവസം കഴിഞ്ഞ് എടുത്ത എക്സ്റേയിൽ ഞങ്ങൾ വിചാരിച്ചതിലും പെട്ടെന്ന് ഒരു റെസ്പോൺസ് കാണിക്കുകയും Lungs ൽ ഉണ്ടായിരുന്ന Infiltrates കുറഞ്ഞു വരുന്ന ഒരു tendency കാണുകയും ചെയ്തു. അന്ന് ഞങ്ങൾക്ക് ഒരു കാര്യം ബോധ്യമായി. ഞങ്ങൾ Lungs ൽ ഡീൽ ചെയ്യുന്നത് ഇൻഫെക്ഷൻ അല്ല അത് Luekemic infiltrates ആയിരുന്നു എന്നത്. കാരണം ഇൻഫെക്ഷൻ ആണെങ്കിൽ അത് ഇത്രയും പെട്ടെന്ന് കുറയുമായിരുന്നില്ല.

അത് ഞങ്ങൾക്ക് വളരെയധികം കോൺഫിഡൻസ് തന്ന ഒരു കാര്യമായിരുന്നു. ആ ഒരു സമയത്ത് തന്നെയാണ് മുംബൈയിലേക്ക് അയച്ച കുട്ടിയുടെ ഒരു ടെസ്റ്റ് റിപ്പോർട്ടും നമുക്ക് ലഭിക്കുന്നത്. അതിൽ നിന്നും കുട്ടിയിൽ കാണപ്പെട്ടിരുന്ന Luekemia യയിൽ translocation t(8-21) പോസിറ്റീവ് ആയിരുന്നു എന്ന് മനസ്സിലായി. അതിന്റെ അർത്ഥം കുട്ടിയിൽ ഉണ്ടായിരുന്ന Luekemia , AML ലെ Low risk type എന്ന variant ആയിരുന്നു. അത് ഞങ്ങൾക്ക് വളരെ അധികം കോൺഫിഡൻസ് തന്ന ഒരു സിറ്റുവേഷൻ ആയിരുന്നു. അതിനെ തുടർന്ന് ഞങ്ങൾ കീമോതെറാപ്പി മരുന്നിന്റെ ഡോസ് കൂട്ടുകയുണ്ടായി.

വളരെ പെട്ടെന്ന് തന്നെ, അതായത് ട്രീറ്റ്മെൻറ് തുടങ്ങി ഒരാഴ്ചയ്ക്കകം തന്നെ Lungs ലുള്ള Infiltrates പൂർണമായും മാറുകയും കുട്ടിയെ വെൻറിലേറ്ററിൽ നിന്ന് ഞങ്ങൾക്ക് പുറത്തുകൊണ്ടുവരാൻ സാധിക്കുകയും ചെയ്തു. ഒരുപക്ഷേ ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും Acute Myeloid Luekemia യുടെ Induction l. C. U വിൽ വെച്ച് നടത്തുന്നത്. അതിനു മുമ്പ് അങ്ങനെയൊരു കേസ് ഇൻറർനാഷണൽ ലിറ്ററേച്ചറിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. വളരെ പെട്ടെന്ന് തന്നെ കുട്ടിയുടെ കണ്ടീഷൻ ഭേദമാവുകയും കുട്ടിയെ I.C.U വിൽ നിന്ന് പുറത്തെത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുകയും ചെയ്തു.

പുറത്തിറങ്ങിയ വിസ്മയയുടെ ഏറ്റവും വലിയ സങ്കടം നീളമുള്ള തലമുടി നഷ്ടപ്പെട്ടു എന്നതായിരുന്നു.മുടി പോയാലും ചികിത്സയ്ക്കുശേഷം പൂർണ്ണമായും തിരിച്ചുവരും എന്ന് പറഞ്ഞ് ഞങ്ങൾ കുഞ്ഞിനെ സമാധാനിപ്പിച്ചു. പിന്നീട് കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം ഫേവറേറ്റ് ഫുഡ് ആയ പുട്ടും മീൻകറിയും വേണമെന്നായിരുന്നു. ആശുപത്രിയിൽ അന്ന് അതിനുള്ള സൗകര്യം ഇല്ലാതിരുന്നതുകൊണ്ട് ഞാൻ എന്റെ വീട്ടിൽ നിന്ന് പുട്ടും മീൻകറിയും കൊണ്ടു കൊടുത്തു. അത് വിസ്മയയെ വളരെയധികം സന്തോഷപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുഞ്ഞിന്റെ ബ്ലഡ് കൗണ്ട് എല്ലാം നോർമൽ ആവുകയും ഏകദേശം ഒരു മാസത്തിനകം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആകുവാനും സാധിച്ചു. തുടർന്ന് ഞങ്ങൾ പ്ലാൻ ചെയ്ത നാല് സൈക്കിൾ കീമോതെറാപ്പിയും ഒന്നിനു പുറകെ ഒന്നായി കുട്ടിക്ക് കൊടുക്കുവാൻ സാധിക്കുകയും വളരെ കുറച്ച് സൈഡ് ഇഫക്റ്റുകളോടെ ഒരു ഫുൾ ഡോസ് കീമോതെറാപ്പി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്തു.

ഇന്ന് ആറുവർഷത്തിനു ശേഷം പൂർണ്ണ ആരോഗ്യവതിയായിട്ടാണ് വിസ്മയ നിൽക്കുന്നത്. അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവളുടെ തലമുടി പൂർണ്ണമായി തിരിച്ചുവന്നിരിക്കുന്നു. അവളുടെ മുഖം കാണിക്കുന്നതിനേക്കാളും അവൾക്കേറ്റവും പ്രിയപ്പെട്ടതായ അവളുടെ തലമുടി തിരിച്ചു വന്ന ചിത്രമാണ് ഞാൻ ഇതിനോടൊപ്പം ചേർത്തിരിക്കുന്നത്. ഇതുപോലുള്ള ഒരു സിറ്റുവേഷൻ ഞങ്ങൾ മുൻപ് അഭിമുഖീകരിച്ചിട്ടില്ലെങ്കിലും ഞങ്ങൾക്ക് അതിനുള്ള ആത്മവിശ്വാസം തന്നത് വിസ്മയയുടെ പേരന്റ്സ് ഞങ്ങളിലർപ്പിച്ച വിശ്വാസം ആണ്.

നിങ്ങൾ നിങ്ങളുടെ ഡോക്ടർമാരിൽ വിശ്വാസം അർപ്പിക്കുക. ആ വിശ്വാസവും പ്രതീക്ഷയും ആണ് ഞങ്ങൾക്ക് മുൻപോട്ടു പോകുവാൻ ഉള്ള കരുത്ത് പ്രദാനം ചെയ്യുന്നത്. അന്നത്തെ ആ സാഹചര്യത്തിൽ വേണമെങ്കിൽ ഞങ്ങൾക്ക് കുട്ടിയെ ചികിത്സിക്കാതെ കയ്യൊഴിയാമായിരുന്നു. Luekemia വന്ന് Lungs നെ ബാധിച്ച ഒരു തീവ്രമായ ഇൻഫെക്ഷൻ മൂലം കുട്ടി മരിച്ചു പോയി എന്നേ ആരും കരുതൂ. എന്നാൽ ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ ആ ഒരു റിസ്ക് എടുക്കുക എന്നുള്ളതാണ് ഒരു ഡോക്ടറുടെ ഏറ്റവും വലിയ മനോധർമ്മം. ടെക്സ്റ്റ് ബുക്കിൽ പഠിച്ചിട്ടുള്ളത് മാത്രമല്ല നമ്മുടെ ഒരു Intution അനുസരിച്ച് നമ്മൾ പലപ്പോഴും എടുക്കുന്ന ചില തീരുമാനങ്ങൾ ആണ് നമ്മൾക്ക് നല്ല റിസൽട്ട് തരുന്നത്. ഇന്ന് ആറു വർഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ അന്ന് ആ റിസ്ക് ഏറ്റെടുക്കുവാനും ആ കുഞ്ഞിനെ പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനും ഞങ്ങളെ പ്രേരിപ്പിച്ച ഒരു അദൃശ്യശക്തി ദൈവത്തിന്റെ കൈകൾ ആയിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഡോക്ടർമാരോടുള്ള നിങ്ങളുടെ വിശ്വാസത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും ഇത് പോലുള്ള വിസ്മയങ്ങൾ ഇനിയും സംഭവിക്കട്ടെ.

നിങ്ങളുടെ സ്വന്തം

ഡോ. ബോബൻ തോമസ്.

Dr .Boben Thomas

Consultant – Medical & Pediatric Oncology

Caritas Hospital , Kottayam

പീഡിയാട്രിക് l. C. U യുവിൽ അന്ന് ഞങ്ങൾക്ക് എല്ലാ വിധ സഹായവും നല്കിയ Dr. Prameela Joji യെയും, Dr. Neethu Singh നെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

( വിസ്മയയെ ചികിത്സിച്ച ആത്മവിശ്വാസമായിരുന്നു ഞങ്ങൾക്ക് നിരഞ്ജൻ കൃഷ്ണയെ ചികിത്സിക്കാനുള്ള പ്രചോദനമായത്. നിരഞ്ജൻ കൃഷ്ണയെക്കുറിച്ച് ഞാൻ മുൻപ് ഒരു ലേഖനം എഴുതിയിരുന്നു)