വളരെ സന്തോഷം തോന്നിയ പുതുവത്സരദിനം.!
ഇന്നലെ പുതുവത്സരമായിരുന്നല്ലോ. തലേന്ന് രാത്രി തുടങ്ങുന്ന ആഘോഷം പലപ്പോഴും പുതുവത്സര ദിവസത്തേക്ക് കൂടി നീളാറുണ്ട്. ഭൂരിഭാഗം പേരും അന്നത്തെ ദിവസം ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള ആലസ്യത്തിലുമായിരിക്കും.
ആശുപത്രികൾ പ്രവർത്തിക്കുന്നതുകൊണ്ട് ഒരു ഡോക്ടറെ സംബന്ധിച്ച് പുതുവത്സര ഒഴിവ് എടുക്കാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാരിത്താസ് ആശുപത്രിക്ക് ജനുവരി ഒന്നാം തീയതി ഹോളിഡേ ആണ്.
പൊതുവേ പുതുവത്സരത്തിൽ വളരെ കുറച്ച് രോഗികൾ മാത്രമേ വരാറുള്ളൂ. ഒന്നാം തീയതി ആശുപത്രിയിൽ വന്നാൽ തുടർന്നുള്ള എല്ലാ ദിവസവും ആശുപത്രിയിൽ വരേണ്ടി വരുമോ എന്ന മിഥ്യ ധാരണ കൊണ്ടൊക്കെ ആകാം അങ്ങനെ സംഭവിക്കുന്നത്.
ഒരു ഓൺകോളജിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന കാര്യം ചികിത്സിച്ച ഒരു രോഗി രോഗമുക്തി കൈവരിക്കുമ്പോഴാണ്. അവരോടൊപ്പം ഒരു ആഘോഷ പരിപാടിയുടെ ഭാഗമാകാൻ സാധിക്കുമ്പോൾ സന്തോഷം ഇരട്ടിയാകുന്നു. അങ്ങനെയൊരു ഭാഗ്യമാണ് ഇക്കഴിഞ്ഞ ജനുവരി 1 എനിക്ക് നൽകിയത്.
എല്ലാംകൊണ്ടും വളരെ വ്യത്യസ്തമായ വിശേഷപ്പെട്ട ഒരു പുതുവത്സരമായിരുന്നു അത് !.
ഏകദേശം ഒരു വർഷം മുൻപാണ് ‘Hodgkin’s Lymphoma’ എന്ന ക്യാൻസർ ബാധിച്ച ഒരു ഇരുപത്തിയെട്ട് കാരൻ പയ്യൻ എന്റെ അടുത്തേക്ക് വരുന്നത്.
കാര്യങ്ങളെല്ലാം ചോദിച്ച കൂട്ടത്തിൽ കല്യാണത്തിന്റെ കാര്യവും ഞാൻ ചോദിച്ചു.
” സാറേ എൻഗേജ്മെന്റെല്ലാം കഴിഞ്ഞിരിക്കുകയാണ്. കല്യാണം ഉടനെ നടക്കും ”
അവൻ പറഞ്ഞു.
വിവാഹമുറപ്പിച്ചതിനുശേഷമാണ് രോഗം കണ്ടുപിടിക്കുന്നത്. പക്ഷേ വധുവിന്റെ വീട്ടുകാരോട് അവരൊന്നും മറച്ചു വെച്ചില്ല. ക്യാൻസർ രോഗിയായതിന്റെ പേരിൽ ഇഷ്ടപ്പെട്ട വിവാഹത്തിൽ നിന്ന് പെൺകുട്ടിയും വീട്ടുകാരും പിന്മാറിയില്ല. വളരെ ധീരമായ ഒരു തീരുമാനമായിരുന്നു അത്. ട്രീറ്റ്മെന്റിന് വേണ്ടി കല്യാണ തീയതി മാറ്റി വെച്ചു.
ചികിത്സകളോട് വളരെ നല്ല രീതിയിലാണ് ശരീരം പ്രതികരിച്ചത്. സ്കാനുകളെല്ലാം നോക്കി. നല്ല റിസൾട്ട് കണ്ടതിനുശേഷം വിവാഹത്തിലേക്ക് കടക്കാനുള്ള തീരുമാനമെടുത്തു.
ഏകദേശം ഒരു മാസം മുൻപ് റിവ്യൂവിന് വന്നപ്പോൾ അവന്റെ കല്യാണക്കുറി എനിക്ക് തന്നു. ജനുവരി മാസം ഒന്നാം തീയതിയാണ് കല്യാണം. വളരെ സന്തോഷം തോന്നി. ജനുവരി ഒന്നിന് അവധി ആയതുകൊണ്ട് വിവാഹത്തിന് ഉറപ്പായും പങ്കെടുക്കുമെന്ന് ഞാൻ പറഞ്ഞു.
ഇന്നലെ രാവിലെ ഞാനും വിനയായും കുട്ടികളും അവന്റെ കല്യാണത്തിൽ പങ്കെടുത്തു. ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പയ്യൻ അവന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം കിട്ടുന്ന വിവാഹദിനത്തിൽ ചികിൽസിച്ച ഡോക്ടർ എന്ന നിലയിൽ പങ്കെടുക്കുമ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നി.
അസുഖത്തിന്റെ കാര്യം ഒളിച്ചു വെച്ചു കൊണ്ടല്ല അവർ ചികിത്സിച്ചത് എന്നോർക്കുമ്പോഴാണ് ഏറെ സന്തോഷമുള്ളത്. അത് പൊതുസമൂഹത്തിന് വലിയ മാതൃക കൂടിയാണ്.
ക്യാൻസറിനു മുമ്പിൽ ഒട്ടും തന്നെ മുഖം കറുപ്പിക്കാതെ യാതൊരു വിധ സ്വാർത്ഥ താല്പര്യങ്ങളും ഇല്ലാതെ ഉപാധികളില്ലാത്ത പിന്തുണയോടെ വിവാഹവുമായി മുന്നോട്ടുപോയ വധുവിനെ കുറിച്ചും അവരുടെ വീട്ടുകാരെക്കുറിച്ചും ഓർക്കുമ്പോഴും ഏറെ സന്തോഷമുണ്ട്.
ചികിത്സിച്ച ഡോക്ടർ എന്ന് പരിചയപ്പെടുത്തുന്നതിന് പകരം ചേട്ടന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരു രോഗിയുടെ കഥ ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. അവരെ കുറ്റപ്പെടുത്തുകയല്ല. നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിന്റെ പ്രശ്നം കൂടി അതിലുണ്ട്.
ഈ ചെറുപ്പക്കാരൻ പക്ഷേ എന്നെ ചികിത്സിച്ച ഡോക്ടർ എന്ന് ഭാര്യയോട് പരിചയപ്പെടുത്തുമ്പോൾ വലിയ സന്തോഷം തോന്നി.
വിവാഹമടക്കം ജീവിതത്തിലെ വലിയ ഘട്ടങ്ങളിൽ ക്യാൻസർ മറച്ചുവെച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മേൽപ്പറഞ്ഞവരെ അപേക്ഷിച്ച് ഈ ദമ്പതികൾ ഒരു മാതൃക തന്നെയാണ്. അവർക്ക് എല്ലാവിധ ആശംസകളും അർപ്പിച്ചതിന് ശേഷം ഞങ്ങൾ തിരിച്ചു പോന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ ഓർമ്മകളിൽ ഏറ്റവും മനോഹരമായ ഒരു ദിവസം തന്നെയായിരിക്കും 2026 ലെ പുതുവത്സരദിനം.
ബോബൻ തോമസ്