ചെയ്യുന്ന ജോലിയോട് കൂറ് പുലർത്തണം എന്ന് നമ്മളെല്ലാം ഒരേ സ്വരത്തിൽ പറയുമ്പോഴും വലിയ സാമൂഹിക പ്രതിബദ്ധതയുള്ള പ്രയാസമേറിയ ജോലി ചെയ്യുന്ന മനുഷ്യരോട് അവരർഹിക്കുന്ന നീതി ഭരണകൂടവും പൊതുസമൂഹവും തിരിച്ച് കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ പലപ്പോഴും
ഇല്ല എന്ന് പറയേണ്ടിവരും.
അതിലൊരു പ്രധാനപ്പെട്ട വിഭാഗമാണ് ലോക്കോ പൈലറ്റുമാർ. അധികമാരും അവർ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് ഇതുവരെ പരാമർശിച്ചു കണ്ടിട്ടില്ല. ലക്ഷക്കണക്കിന് പേർ നിരന്തരം യാത്ര ചെയ്യുന്ന ഇന്ത്യൻ റെയിൽവേയിൽ അധികം പേരും ശ്രദ്ധിക്കാത്ത ക്യാബിനിൽ ഇരുന്ന് കണ്ണിൽ എണ്ണയൊഴിച്ച് ട്രെയിനിന്റെ എൻജിൻ പ്രവർത്തിപ്പിക്കുന്നവരാണ് അവർ.
വർഷങ്ങളായി തിരുവനന്തപുരത്തേക്കും തിരിച്ച് കോട്ടയത്തേക്കുമുള്ള എന്റെ യാത്രകൾ മുഴുവൻ ട്രെയിനിലാണ്. വന്ദേ ഭാരത് തുടങ്ങിയതിൽ പിന്നെ കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള എന്റെ യാത്ര വന്ദേ ഭാരത് എക്സ്പ്രസിലായി.
വന്ദേ ഭാരതിലെ ലോക്കോ പൈലറ്റുമാർക്ക് എസി ക്യാബിൻ അടക്കം ഒരു ഫ്ലൈറ്റിലെ പൈലറ്റിന്റെ സൗകര്യങ്ങളുണ്ട്. എന്നാൽ മറ്റ് ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാർക്ക് അത്തരം സൗകര്യങ്ങൾ ഒന്നുമില്ല.
കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്നും ചെന്നൈ മെയിലിൽ കോട്ടയത്ത് ഇറങ്ങിയതിനു ശേഷം ലോക്കോ പൈലറ്റിന്റെ ദൃശ്യം മൊബൈലിൽ പകർത്തിയതാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.
ഈ തിളക്കുന്ന ചൂടിൽ എ.സി ഇല്ലാതെ ആയിരക്കണക്കിന് യാത്രികരെയും വഹിച്ചുകൊണ്ട് പോകുന്ന ആ മനുഷ്യനെ കണ്ടപ്പോൾ പ്രയാസം തോന്നി. 38 ഡിഗ്രിക്ക് അടുത്ത ചൂടും , ഹ്യൂമിഡിറ്റിയും സഹിച്ച് വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ് അദ്ദേഹം ചെയ്യുന്നത്.
കോട്ടയത്ത് 5 45 ന് ട്രെയിൻ ഇറങ്ങിയ ഞാൻ നോക്കുമ്പോൾ ആ മനുഷ്യൻ സ്റ്റേഷനിലെ പൈപ്പിൽ മുഖം കഴുകുന്നത് കണ്ടു. പലപ്പോഴും പബ്ലിക് ടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നതും കുപ്പി നിറച്ചു കൊണ്ടുപോകുന്നതും ഞാൻ കണ്ടിട്ടുണ്ട്. ചുരുങ്ങിയത് ഓരോ സ്റ്റേഷനിലും അവർക്ക് കുടിക്കാൻ ഒരല്പം തണുത്ത വെള്ളം ഓരോ സ്റ്റേഷനിലും കരുതിവയ്ക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ല.
സാധാരണ കാറിൽ യാത്ര ചെയ്യുന്നവർ മുഴുവൻ സമയവും ഈ കാലാവസ്ഥയിൽ എ.സി ഉപയോഗിക്കുമ്പോഴാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനത്തിലെ മർമ്മ പ്രധാനമായ ജോലിചെയ്യുന്ന ഒരു വ്യക്തി ഈ കാലഘട്ടത്തിൽ ഇത്രയും കഷ്ടപ്പെടുന്നത്. വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് വളരെ എളുപ്പം പരിഹരിക്കാവുന്ന തൊഴിലാളി പ്രശ്നം കൂടിയാണ് ഇത്. പ്രത്യേകിച്ച് പതിനായിരക്കണക്കിന് യാത്രികരുടെ സുരക്ഷ നോക്കേണ്ട ലോക്കോ പൈലറ്റു മാർക്ക് അവർ അർഹിക്കുന്ന മിനിമം ഫെസിലിറ്റിയെങ്കിലും കൊടുക്കുക എന്നത്. പക്ഷേ പരിതാപകരം എന്നേ ഇതിനെക്കുറിച്ച് പറയാൻ കഴിയൂ.
ട്രെയിനുകളുടെ എൻജിൻ എയർകണ്ടീഷൻ ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നേ പറയുവാനുള്ളൂ. 2024 ലും എയർകണ്ടീഷൻ പോലുമില്ലാതെ പൊരി വെയിലത്ത് ജോലിചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്.
കുറച്ച് പാസഞ്ചർമാരുമായി യാത്ര ചെയ്യുന്ന വിമാനത്തിലെ ഒരു പൈലറ്റിന് കിട്ടുന്ന സൗകര്യവുമായി തട്ടിച്ചു നോക്കുമ്പോൾ യാതൊരു പരിഗണനയും ലോക്കോ പൈലറ്റുമാർക്ക് ലഭിച്ചിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്.
അത് മാറിയേ തീരൂ.
ആയിരക്കണക്കിന് ജനങ്ങളാണ് ഓരോ ട്രെയിനിലും യാത്ര ചെയ്യുന്നത്. അവരുടെ ജീവൻ കയ്യാളുന്നവർക്ക് വേണ്ട സൗകര്യം കൊടുക്കുന്നില്ല എന്നത് വളരെ വേദനാജനകമായ കാര്യമാണ്. പലപ്പോഴും അപകടങ്ങൾ നടന്നതിനുശേഷമാണ് നമ്മുടെ നാട്ടിൽ അതിന് വേണ്ടിയുള്ള തിരുത്തൽ നടപടികൾ ചെയ്യുന്നത്. അത് വരാതെ നോക്കുകയും ആ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുക എന്നുള്ളത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.
ചന്ദ്രനിലും സൂര്യനിലുമൊക്കെ പര്യവേഷണം നടത്തുന്ന കാലഘട്ടത്തിൽ പോലും പാവപ്പെട്ട ലോക്കോ പൈലറ്റുമാർ കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു എന്നത് ഒട്ടും തന്നെ അംഗീകരിക്കുവാൻ കഴിയുന്ന കാര്യമല്ല. ഇവരുടെ പരിതാപകരമായ സ്ഥിതിവിശേഷം ആരും അഭിസംബോധന ചെയ്തു കണ്ടിട്ടില്ല. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
ബോബൻ തോമസ്.