രണ്ട് സ്നേഹ സമ്മാനങ്ങൾ.!!

രണ്ട് സ്നേഹ സമ്മാനങ്ങൾ.!!

ക്യാൻസർ ചികിത്സ തുടങ്ങിയ നാളുകളിൽ എന്റെ ഒരു പേഷ്യന്റായിരുന്നു അഭിലാഷ്. ചികിത്സയെല്ലാം പൂർത്തിയാക്കി മടങ്ങിയതിനു ശേഷം ആ ചെറുപ്പക്കാരൻ ഒരിക്കൽ എന്റെ ഒ .പിയിലേക്ക് വന്നു.

ഒരു പൊതിയുമായാണ് അഭിലാഷ് വന്നത്. പൊതി എന്റെ മേശപ്പുറത്ത് വച്ചിട്ട് അവൻ പെട്ടെന്ന് തന്നെ തിരിച്ചുപോയി. തിരക്കുകാരണം എനിക്കത് തുറന്നുനോക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം വീട്ടിൽ ചെന്നതിനുശേഷമാണ് പൊതി തുറന്നു നോക്കുന്നത്. എനിക്ക് വലിയ ആശ്ചര്യമുണ്ടായി . വളരെ വിലയേറിയ ഒരു സമ്മാനമായിരുന്നു അത്. ഞാൻ ഉടനെ തന്നെ അവനെ ഫോണിൽ വിളിച്ച്‌ എന്തിനാണ് ഇത്ര വിലപിടിപ്പുള്ള ഒരു വസ്തു എനിക്ക് തന്നത് എന്ന് ചോദിച്ചു.

“സാറേ എന്റെ ജീവനേക്കാൾ വലിയ വിലയൊന്നും അതിനില്ല.!”. സാറ് തിരിച്ചുതന്ന ജീവിതത്തിനും സ്നേഹത്തിനും എന്ത് തിരികെ തന്നാലും മതിയാവില്ല.”

എനിക്ക് പെട്ടെന്ന് ഒരു മറുപടിയും പറയാൻ കഴിഞ്ഞില്ല. സ്നേഹവും ആശ്ചര്യവും അഭിമാനവുമൊക്കെ മനസ്സിലൂടെ മിന്നി മറഞ്ഞു. കൂടുതൽ ഉത്തരവാദിത്വം ചുമലിൽ ഏറുന്നതുപോലെ. ഡോക്ടറെന്ന നിലയ്ക്കുള്ള കൃത്യനിർവഹണത്തിൽ രോഗികളോടുള്ള കരുതലും സ്നേഹവും കൂടുതൽ കൂടുതൽ മുറുകെ പിടിക്കുമെന്ന് മനസ്സുകൊണ്ട് പറഞ്ഞു.

ചിലപ്പോഴെങ്കിലും ചികിത്സിച്ച രോഗികളോ അവരുടെ ബന്ധുജനങ്ങളോ സമ്മാനങ്ങൾ തരാറുണ്ട്. അപ്പോഴൊക്കെ സ്നേഹപൂർവ്വം നിരസിക്കും.

വേണ്ട എന്ന് പറയുമ്പോൾ…

“ഡോക്ടറെ ഞങ്ങളുടെ ഒരു സന്തോഷത്തിന് തരുന്നതല്ലേ. വാങ്ങാതിരിക്കരുത്..!”

എന്ന സ്നേഹത്തിന്റെ ആനുകൂല്യത്തോടെയുള്ള നിർബന്ധത്തിന് വഴങ്ങേണ്ടതായി വരും. തരുന്നത് ചിലപ്പോൾ വീട്ടിലുണ്ടായ പച്ചക്കറികളാകാം. പുറത്തുനിന്നു വാങ്ങിയ വിലയേറിയ ഒരു മൊബൈൽ ഫോണാകാം. അല്ലെങ്കിൽ മറ്റെന്തെങ്കിലുമാകാം.

അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി നമ്മളെ കരുതുന്നതുകൊണ്ടാണല്ലോ ആവശ്യപ്പെടാതെ തന്നെ പലതും തരുന്നത് എന്നറിയുമ്പോൾ വലിയ സന്തോഷമാണ്.

വില ആഗ്രഹിക്കാതെ വിൽക്കാനും വാങ്ങാനും സാധിക്കുന്ന ഒന്ന് സ്നേഹം മാത്രമല്ലേ ഉള്ളൂ.!

എന്നാൽ അതിൽ കൂടുതൽ ചാരിതാർത്ഥ്യം നൽകുന്നത് രോഗിയുടെ മരണത്തിനുശേഷവും കുടുംബാംഗങ്ങൾ നമ്മുടെ അടുത്തേക്ക് ചേർന്ന് നിൽക്കുമ്പോഴാണ്. വേദനയോടെയെങ്കിലും സാഹചര്യങ്ങൾ ബോധ്യപ്പെട്ട് സ്നേഹത്തോടെ കൈ ചേർത്ത് പിടിക്കുമ്പോഴാണ്.

പലർക്കും അറിയാം.

ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത അഡ്വാൻസ്ഡ് സ്റ്റേജിലുള്ള ഒരു ക്യാൻസറാണ് അവരുടെ ഉറ്റവരെ നഷ്ടപ്പെടുത്തിയതെന്ന്.

അപ്പോൾ അവർക്ക് കൊടുക്കാൻ പറ്റിയ ഒരു ആശ്വാസവാക്കിന് വലിയ വിലയുണ്ട്. സ്വന്തം കുടുംബാംഗങ്ങളിലൊരാൾ നഷ്ടപ്പെട്ടതുപോലെ നമ്മളും അവരോടൊപ്പം ചേരുന്ന ചികിത്സയ്ക്കപ്പുറത്തുള്ള ഒരു വലിയ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും നിമിഷങ്ങളാണ് അത്.

ചികിത്സയ്ക്കിടെ മരണപ്പെട്ട കുറച്ച് രോഗികളുടെ കുടുംബാംഗങ്ങളുമായി ഇപ്പോഴും വ്യക്തിബന്ധം പുലർത്താൻ കഴിയുന്നു എന്നത് വലിയ ഒരു കാര്യമായി ഞാൻ കാണുന്നു. അവരുടെ ജീവിതം വലിയ ബുദ്ധിമുട്ട് നേരിട്ട സന്ദർഭത്തിൽ നമ്മൾ കൂടെ നിന്നു എന്നുള്ളത് കൊണ്ട് വീട്ടിലെ ഒരംഗത്തെ പോലെയാണ് അവരുടെ പരിഗണനയും സ്നേഹവും.

മുകളിൽ കൊടുത്ത ചിത്രം എനിക്ക് കഴിഞ്ഞ ദിവസം ലഭിച്ച രണ്ട് സമ്മാനങ്ങളാണ്. ആദ്യത്തേത് തന്നത് അസുഖം ഭേദമായ ഒരു 35-കാരി നേഴ്സും അവരുടെ ഭർത്താവും കൂടിയാണ് . രണ്ടാമത്തേത് മരിച്ചുപോയ ഒരു വ്യക്തിയുടെ കുടുംബാംഗങ്ങൾ തന്നതാണ്. അമ്മച്ചിയോട് ഞാൻ കാണിച്ച സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞുകൊണ്ടാണ് അവരുടെ ഭർത്താവും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങൾ ആ സമ്മാനവുമായി ഒ. പി യിലേക്ക് വന്നത്.

അമ്മച്ചിക്ക് അഡ്വാൻസ്ഡ് സ്റ്റേജിലുള്ള ക്യാൻസറായിരുന്നുവെന്ന് അവർക്കറിയാമായിരുന്നു. ഏകദേശം രണ്ടു വർഷത്തോളം നല്ല രീതിയിൽ ചികിത്സ കൊടുക്കാൻ സാധിച്ചെങ്കിലും ഒടുവിൽ അവർ മരണത്തിന് കീഴ്പെടുകയാണ് ഉണ്ടായത്. ചികിത്സിച്ച വിഷമകരമായ ആ കാലഘട്ടത്തിൽ എല്ലാ അർത്ഥത്തിലും ഒപ്പം നിന്ന എന്നോടുള്ള അവരുടെ സ്നേഹം കണ്ടപ്പോൾ വലിയ സന്തോഷമായി.

ഒരു ഓൺകോളജിസ്റ്റിന്റെ ജീവിതത്തിൽ ചികിത്സിച്ച് ഭേദമായ ഒരു രോഗിയും, മരണപ്പെട്ട രോഗിയുടെ കുടുംബാംഗങ്ങളും ഒരേ ദിവസം തന്നെ സമ്മാനങ്ങളുമായി എത്തി എന്നത് ഒരു യാദൃശ്ചികതയായിരിക്കാം. എന്നാൽ എനിക്കത് വലിയ നിയോഗവും സ്നേഹവും കടപ്പാടുമാണ്. നമ്മുടെ പ്രൊഫഷണൽ ജീവിതത്തിലെ മുന്നോട്ടുള്ള ഓരോ വഴികളെയും ഉത്തരം സന്ദർഭങ്ങൾ ജീവനുള്ളതാക്കുന്നു. നമ്മളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കുന്നു.!

വളരെ അപൂർവ്വമായിട്ടാണെങ്കിലും ചിലരുടെ പരാമർശങ്ങൾ കേൾക്കുമ്പോൾ വേദന തോന്നിയിട്ടുണ്ട്. പലപ്പോഴും നേരിട്ടല്ലെങ്കിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചില നെഗറ്റീവ് കമന്റുകൾ കണ്ടിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ട് അതവരുടെ തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായതാകാം എന്ന് കരുതി സമാധാനിക്കും.

ഒരു ക്യാൻസർ രോഗി കഠിനമായ ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ചെറിയ തെറ്റിദ്ധാരണകൾ പോലും വൈകാരികമായ പ്രതികരണങ്ങളിലേക്കോ പൊട്ടിത്തെറിയിലേക്കോ ചിലരെ നയിച്ചേക്കും. ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ച കാര്യം അവർ മനസ്സിലാക്കിയതിന്റെ തകരാറാകാം. അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ നമ്മുടെ കമ്മ്യൂണിക്കേഷന്റെ കുഴപ്പമാകാം. ക്യാൻസർ എന്ന രോഗത്തിന്റെ ബുദ്ധിമുട്ടുകൾ ആ രോഗിയെ മാത്രമല്ല അവരോടൊപ്പമുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചുറ്റുവട്ടത്തുള്ളവരെയും ബാധിക്കുന്നുണ്ട്. രോഗിക്ക് സംഭവിക്കുന്ന ചെറിയ വ്യത്യാസങ്ങൾ പോലും അവരിൽ മാനസിക സംഘർഷം ഉണ്ടാക്കാം. അതിന്റെ പ്രതിഫലനമാകാം പെട്ടെന്നുള്ള അവരുടെ പ്രതികരണങ്ങൾക്ക് പിന്നിൽ.

പൂച്ചെണ്ടുകൾ മാത്രമല്ല.. ചിലപ്പോൾ കല്ലേറുകളും നമ്മൾ സ്വീകരിക്കേണ്ടതായി വരും.

നിറഞ്ഞ സ്നേഹത്തോടെ..

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |