രണ്ടുമാസം മുൻപ് വേനൽ അതിന്റെ തീവ്രതയിൽ നില്ക്കുന്ന മാർച്ച് മാസം ഞാൻ എടുത്ത ഒരു ചിത്രമാണ്. ഏകദേശം ഒരു മണിയോടെ ഒ.പി കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു ഞാൻ. പി.ആർ.ഒ മാത്യുവാണ് അപ്പോഴൊരു കാഴ്ച എനിക്ക് കാണിച്ചു തരുന്നത്. ഒരു പ്രായംചെന്ന അമ്മച്ചി കൊച്ചുമകളുടെ സ്കൂട്ടറിൽ കയറുകയാണ്. ചുട്ടുപഴുത്ത തറയിൽ ചെരുപ്പില്ലാതെയാണ് ആ വൃദ്ധയായ സ്ത്രീ നിൽക്കുന്നത്. എന്നാൽ മുപ്പത്തേഴ് ഡിഗ്രി തിളക്കുന്ന ചൂടിലും അവർ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. പ്രായ പരിഗണന വെച്ച് ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും അവർക്ക് പോലീസിനെ ഭയക്കാതെ യാത്ര ചെയ്യാമായിരുന്നു. എന്നാൽ ആ പ്രായത്തിലും അങ്ങനെയൊരു ആനുകൂല്യം അവർ വേണ്ടെന്നു വെച്ചു. പുറകിലിരിക്കുന്നവർ ഹെൽമെറ്റ് വെക്കണമെന്ന നിയമം പാലിക്കപ്പെടാൻ ഉള്ളതാണെന്നും പ്രായപരിധി അതിനൊരു തടസ്സമല്ലെന്നും ആ അമ്മച്ചി നമുക്ക് മാതൃക കാട്ടിത്തരുന്നു.
കൊറോണ വളരെ തീവ്രമായി നമ്മുടെ സമൂഹത്തിൽ ഭീതി വിതയ്ക്കുമ്പോൾ ഈ ചിത്രത്തിന് ഒരുപാട് പ്രസക്തിയുണ്ട്. ഈ മഹാമാരിക്കാലത്ത് ഉത്തരവാദിത്വമുള്ള ഒരു പൗരൻ എന്ന നിലയിൽ നമ്മളോരോരുത്തരും ഗവൺമെൻറ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളായ സാമൂഹിക അകലം പാലിക്കുകയും, ഡബിൾ മാസ്ക് ശീലമാക്കുകയും ചെയ്യുക. അതോടൊപ്പം ലഭ്യമാകുന്നതിനനുസരിച്ച് വാക്സിൻ സ്വീകരിക്കുകയും ചെയ്യുക.
#നമ്മൾ ഒരു നിയമം പാലിക്കുമ്പോൾ നമുക്കു ചുറ്റുമുള്ളവരുടെ സുരക്ഷിതത്വം കൂടിയാണ് ഉറപ്പു വരുത്തുന്നത്..!
നിങ്ങളുടെ സ്വന്തം ബോബൻ തോമസ്.