രണ്ടാഴ്ച മുൻപ് എന്റെ സുഹൃത്ത് എറണാകുളത്തുള്ള മെഡിക്കൽ ഓങ്കോളജിസ്റ്റ് ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചു. Ifosfamide എന്ന മരുന്ന് ലഭ്യമാവുകയാണെങ്കിൽ അറിയിക്കണം എന്നതായിരുന്നു അത്. എന്റെ മറ്റൊരു സുഹൃത്തായ കോഴിക്കോടുള്ള മെഡിക്കൽ ഓൺകോളജിസ്റ്റിന്റെ പ്രതികരണവും പിന്നാലെ വന്നു.
അത് എവിടെ നിന്നെങ്കിലും കിട്ടുകയാണെങ്കിൽ അദ്ദേഹത്തെ കൂടി അറിയിക്കണമെന്നായിരുന്നു അത്. രണ്ടുദിവസം മുമ്പ് നാഷണൽ മെഡിക്കൽ ഓൺകോളജി ഗ്രൂപ്പിലും വളരെ ദീർഘമായ ചർച്ച നടന്നു. അവിടെയും Ifosfamide എന്ന ‘ മരുന്നിന്റെ ദൗർലഭ്യമായിരുന്നു വിഷയം.
Ifosfamide എന്ന് മരുന്നിന് മാത്രമല്ല ബേസിക് ആയിട്ടുള്ള പല കീമോതെറാപ്പി മരുന്നുകൾക്കും ഇന്ന് ദൗർലഭ്യം നേരിടുന്നുണ്ട്. ഇതേപ്പറ്റിയുള്ള ചർച്ച മാധ്യമങ്ങളിലോ, ഡോക്ടർ കമ്മ്യൂണിറ്റിക്ക് പുറത്തുള്ള ഗ്രൂപ്പുകളിലോ കാണുന്നില്ല. കാരണം എല്ലാവരും വിചാരിച്ചു കൊണ്ടിരിക്കുന്നത് ക്യാൻസർ മരുന്നുകളുടെ കച്ചവടം വളരെ ലാഭകരമാണെന്നും, അതുകൊണ്ട് തന്നെ അതിനൊരു ദൗർലഭ്യം വരേണ്ട കാരണവുമില്ലെന്നായിരിക്കും. എന്നാൽ നിർഭാഗ്യവശാൽ അങ്ങനെയല്ല സംഭവിക്കുന്നത്. മരുന്നുകളുടെ ലഭ്യതക്കുറവ് ക്യാൻസർ ചികിത്സയ്ക്ക് വെല്ലുവിളിയായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് മുന്നോട്ടുള്ള പ്രയാണം വളരെ ബുദ്ധിമുട്ടായിരിക്കും എന്ന് തന്നെയാണ്.
ബേസിക് ആയിട്ടുള്ള പല കീമോതെറാപ്പി മരുന്നുകൾക്കും ഇന്ന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഉദാഹരണത്തിന് 5 fluorouracil, Cyclophosphamide, Vincristin, Bleomycin, L-asperginase തുടങ്ങിയ പല മരുന്നുകൾക്കും ഇന്ത്യൻ മാർക്കറ്റിൽ ദൗർലഭ്യം നേരിടാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി. പല കാരണങ്ങളും ഇതിന്റെ പുറകിൽ ഉണ്ട്. അതിൽ പ്രധാനമായത് Active Pharmaceutical Ingrediants (A.P.I) ന്റെ ദൗർലഭ്യമാണ്. വലിയൊരു ശതമാനം A.P.I യും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇന്ത്യാ ഗവൺമെന്റിന്റെ പോളിസി പ്രകാരം ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടാണോ എന്നറിയില്ല ഇതിന് ദൗർലഭ്യം നേരിടുന്നുണ്ട്. അതുപോലെ തന്നെ ഇതിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം ബേസിക് കീമോതെറാപ്പി മരുന്നുകളുടെ വിലയിൽ സംഭവിച്ചിട്ടുള്ള വലിയ തോതിലുള്ള കുറവാണെന്ന് ഞാൻ കരുതുന്നു. ലളിതമായി പറയുകയാണെങ്കിൽ ഒരു പത്ത് പതിനഞ്ച് വർഷം മുൻപ് ഏകദേശം ഇരുപതിനായിരം രൂപ വിലയുണ്ടായിരുന്ന Paclitaxel എന്ന മരുന്നിന് ഇന്ന് കേരളത്തിലും, ഇന്ത്യയിലും രണ്ടായിരത്തിൽ താഴെയാണ് വില. സ്വാഭാവികമായിട്ടും മരുന്നു നിർമാണ കമ്പനികളുടെ ലാഭത്തിൽ സംഭവിച്ചിട്ടുള്ള വളരെ വലിയ ഇടിവ്, അവരെ ചില മരുന്നുകളിലെങ്കിലും ഉൽപ്പാദനം നിർത്തി വെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.
എല്ലാത്തിനും ഒരു ഇൻഫ്ലേഷൻ ഉണ്ട്.. ക്യാൻസർ മരുന്നുകളുടെ കാര്യത്തിൽ ഇൻഫ്ലേഷന് പകരം ഡിഫ്ലേഷൻ (അങ്ങനെ ഒരു വാക്ക് പ്രയോഗിക്കാമോ എന്നറിയില്ല) ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പത്തു വർഷത്തിനു മുൻപ് നല്ല ഒരു റസ്റ്റോറൻറിൽ കയറി ഒരു മസാലദോശയും, കാപ്പിയും കഴിച്ചിട്ട് ഇറങ്ങുമ്പോൾ മുപ്പതോ, നാല്പതോ രൂപയാകുമായിരുന്ന സ്ഥാനത്ത് ഇന്ന് അതേ ഹോട്ടലിൽ അതേ മസാല ദോശയ്ക്കും, കാപ്പിയ്ക്കും കൂടി നൂറ് രൂപയ്ക്ക് മുകളിൽ വരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ക്യാൻസർ മരുന്നുകളുടെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. വില ഗണ്യമായി കുറയുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. അത് രോഗികൾക്ക് വളരെയധികം ആശ്വാസമാണ് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണെങ്കിലും ആ മരുന്ന് ഉൽപാദിപ്പിക്കുന്നവർക്ക് അതിൽ നിന്നുള്ള ലാഭം ഇല്ലാതെ വന്നിട്ടാണോ എന്നറിയില്ല അവരതിന്റെ പ്രൊഡക്ഷൻ നിർത്തുകയാണ്.
ഞാൻ നേരത്തെ സൂചിപ്പിച്ച Paclitaxel എന്ന മരുന്നിന്റെ ഒറിജിനൽ ആയിട്ടുള്ള Taxol എന്ന ബ്രാൻഡ് BMS എന്ന കമ്പനിയുടേതായിരുന്നു. അവർ ഇന്ത്യയിൽ നിന്നു പോയിട്ട് വർഷങ്ങളോളമായി. അതിനുശേഷം Pfizer എന്ന കമ്പനിയുടെ Adriyamicin എന്ന മരുന്ന് ഉണ്ടായിരുന്നു. അത് ഓസ്ട്രേലിയയിൽ നിന്ന് ഇംപോർട്ട് ചെയ്തതായിരുന്നു. എന്നാൽ പ്രൈസ് കണ്ട്രോൾ റെഗുലേഷൻ വന്നതിന്റെ ഫലമായി ഒരു പ്രത്യേക വിലയിൽ കൂടുതൽ വിൽക്കാനുള്ള അനുമതി ഇല്ലാത്തതിനാൽ അതവർക്ക് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിൽക്കുന്നത് ഒട്ടും ലാഭകരമല്ലാതായി മാറുകയും ഇന്നത് ലഭ്യമല്ലാതാവുകയും ചെയ്തു. അതുപോലെതന്നെ Astrazeneca യുടെ Nolvadex എന്ന ബ്രാൻഡ് നെയിമുള്ള Tamoxifen എന്ന മരുന്ന് ഇന്ത്യയിൽ നിന്ന് പോയിട്ട് വർഷങ്ങളോളമായി. ഇപ്പോൾ ഇന്ത്യൻ കമ്പനികളുടെ ബ്രാൻഡുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിനു പോലും ഇപ്പോൾ ചെറിയ രീതിയിൽ ഷോർട്ടേജ് കണ്ടുവരുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് രോഗികൾക്കെല്ലാം പ്രയോജനപ്രദമായി മരുന്നുകളുടെ വില കുറയുന്നുണ്ടെങ്കിലും അതിന്റെ മറുവശം വിലയിടിവ് മൂലം കമ്പനികൾ പ്രൊഡക്ഷൻ നിർത്തിവെക്കുകയും കാലക്രമേണ ഈ മരുന്നുകളെല്ലാം നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണെന്നാണ്. ഇത് നമ്മളെല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ഈ വിഷയത്തെ പറ്റി സീരിയസ് ആയിട്ടുള്ള ഒരു ഡിസ്കഷൻ ജനപ്രതിനിധികളുടെയും, അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകണമെന്നാണ് എനിക്ക് പറയുവാനുള്ളത്.
എന്ന്,
നിങ്ങളുടെ സ്വന്തം ബോബൻ തോമസ്.