സാധാരണയായി ഞാൻ എഴുതാറുള്ളത് ക്യാൻസറിനെ കുറിച്ചോ, ക്യാൻസർ പിടിപെട്ട ആളുകളെ കുറിച്ചോ ആണ്. ചുരുക്കം ചില സന്ദർഭങ്ങളിൽ അടിയന്തിര ശ്രദ്ധ പതിയേണ്ട ആനുകാലിക സംഭവങ്ങളെ കുറിച്ചും പറയാറുണ്ട്. എന്നാൽ ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു വിഷയം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കണമെന്ന് തോന്നി.
കൊറോണക്കാലം നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട് എന്നറിയാമല്ലോ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമ്മുടെ ഓരോരുത്തരുടെയും ചുറ്റുവട്ടത്തും ഇത്തരം മാറ്റങ്ങൾ ദൃശ്യമാണ്. അതൊരുപക്ഷേ അതിജീവനത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ തുറക്കലാകും. അല്ലെങ്കിൽ അടഞ്ഞ പ്രതീക്ഷകളുടെ നിസ്സഹായതയാകും.
തിരുവനന്തപുരത്ത് ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്ത് ഒരു ചായക്കടയുണ്ട്.
‘ശബരി ടീ ഷോപ്പ്’
ഞാൻ സ്ഥിരമായി ചായ കുടിക്കുന്നത് ഇവിടെനിന്നാണ്. തിരുവനന്തപുരത്തെ ചായക്കടകൾക്ക് ഒരു സവിശേഷതയുണ്ട്. തമിഴ് വംശജരായ ആളുകളാണ് ഇവിടെ ചായയും ചെറുകടികളുമടങ്ങുന്ന ഒട്ടു മിക്ക ടീസ്റ്റാളുകളും നടത്തുന്നത്. എന്നാൽ ഒരു മലയാളി കുടുംബമാണ് അവരുടെ വീടിനോട് ചേർന്ന് ഈ ചായക്കട നടത്തുന്നത്. അവരുണ്ടാക്കുന്ന പലഹാരങ്ങളും വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ്.
വർഷങ്ങളായി രാവിലെയുള്ള എന്റെ നടത്തം കഴിഞ്ഞുള്ള ചായകുടി അവിടെ നിന്നാണ്. വൈകുന്നേരം ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്ന വഴിക്കും പാർക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ടെങ്കിൽ വണ്ടി പാർക്ക് ചെയ്ത് അവിടെ നിന്നും ഒരു ചായ കുടിച്ചിട്ടാണ് വീട്ടിലേക്ക് പോരുക. ഭാര്യക്ക് അതിൽ ലേശം ഇഷ്ടക്കേടുണ്ടെങ്കിലും ഞാനത് മുടക്കിയിട്ടില്ല. അതിന്റെ ഒരു ഗുണഫലമായി ഞാൻ കാണുന്നത് എനിക്ക് ചുറ്റുമുള്ള നാട്ടിൻപുറത്തുകാരുമായുള്ള ഒരു ഇടപഴകൽ സാധ്യമാകുന്നു എന്നുള്ളതാണ്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ നമുക്ക് കിട്ടുന്ന ഇത്തരം അനുഭവങ്ങളിലൂടെ ജീവിതം കുറച്ചു കൂടി ആസ്വാദ്യകരവും, അനുഭവ സമ്പത്തും നിറഞ്ഞതാകുമെന്ന് ഞാൻ കരുതുന്നു. അവിടെ വന്ന് പോകുന്നവരിൽ കോൺഗ്രസിന്റെ ബൂത്ത് കമ്മിറ്റി മെമ്പർ ഉണ്ട്. നേരത്തെ ഉള്ളൂർ വാർഡിലെ മെമ്പർ ആയിരുന്ന വ്യക്തിയുണ്ട്. അതുപോലെതന്നെ അവിടത്തെ ലോഡിങ് ആൻഡ് അൺലോഡിങ് തൊഴിലാളികൾ ഉണ്ട്.
ലോഡിങ് തൊഴിലാളികളെ പറ്റി പറയുമ്പോൾ അവർ വർഷങ്ങളായി ഉള്ളൂർ മേഖലയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരായിരുന്നു. ഞാൻ താമസം മാറി ഉള്ളൂരിലേക്ക് വന്നപ്പോൾ എന്റെ വീട്ടിലെ സാധനങ്ങൾ ഇറക്കിയതും അവരായിരുന്നു. പക്ഷേ ഇറക്കുന്ന സാധനങ്ങളുടെ ഭാരമോ, എണ്ണമോ നോക്കിയിട്ടല്ല, മറിച്ച് ഇറക്കേണ്ട വ്യക്തിയുടെ ജോലി നോക്കിയാണ് അവർ കൂലി നിശ്ചയിച്ചിരുന്നതെന്ന് മാത്രം. അന്യായമായി കൂലി വാങ്ങിച്ചപ്പോഴും അവരോടുള്ള നീരസം ഞാൻ കാണിച്ചിട്ടില്ലെന്ന് മാത്രമല്ല അവരോടൊത്ത് ചായ കുടിക്കുന്നതിൽ എനിക്ക് വൈമുഖ്യവുമുണ്ടായിട്ടില്ല. അത് പോലെ തന്നെ എന്റെ ഫ്ലാറ്റിലെ തുണി തേക്കാൻ വരുന്ന തമിഴ് ചേട്ടനും അവിടെ നിന്ന് തന്നെയാണ് ചായ കുടിച്ചിരുന്നത്. അതവിടെ നിൽക്കട്ടെ. ഞാൻ പറഞ്ഞു വരുന്നത് ശബരി ടീ ഷോപ്പിനെ കുറിച്ചാണ്.
കൊറോണയുടെ ആദ്യ ഘട്ടങ്ങളിൽ കടകൾക്ക് മാസങ്ങളോളം നിയന്ത്രണങ്ങളുണ്ടായിരുന്നല്ലൊ. അതിന്റെ ഭാഗമായി മാസങ്ങളോളം അടച്ചിടേണ്ട അവസ്ഥ ശബരി ടീ ഷോപ്പിനുമുണ്ടായി. വേറെ ജീവിതോപാധികളില്ലാത്ത ഒരു വ്യക്തി തന്റെ കട മാസങ്ങളോളം അടച്ചിടുന്ന അവസ്ഥ ഓർത്തു നോക്കൂ. അതിനുശേഷം ഭാഗികമായി തുറന്നപ്പോഴും സമയപരിധിയുടെ പരിമിതികളുണ്ടായിരുന്നു. കച്ചവടമടക്കം കുറയുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. എന്നാൽ ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടക്കാനുള്ള ഒരു ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കട വിപുലീകരിക്കുകയും നേരത്തെ ചായയും, കടിയും മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് പല ചരക്കും, ഫ്രൂട്ട്സും എന്തിനേറെ ലോട്ടറി ടിക്കറ്റുകൾ പോലും കൊണ്ടുവന്നു വെക്കുകയുമുണ്ടായി. പക്ഷേ അതിലും പ്രധാനമായി അദ്ദേഹം കൊണ്ട് വന്ന മാറ്റം നേരത്തെ അടച്ചിട്ടിരുന്ന ഞായറാഴ്ചകളിലും കട തുറന്നു എന്നുള്ളതാണ്.
കൊറോണക്കാലം നഷ്ടപ്പെടുത്തിയ സാധ്യതകളെക്കുറിച്ചോർത്ത് ആശങ്കപ്പെടാതെ പുതിയ സാധ്യതകൾ തുറക്കുകയും, ആറ് ദിവസമായി പരിമിതപ്പെട്ടിരുന്ന കടയെ ഏഴ് ദിവസത്തേക്ക് വിപുലീകരിക്കുകയും ചെയ്തു എന്നതിലൂടെ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ അതിനെ എങ്ങനെ മറികടക്കാമെന്നുള്ള ചെറുതും എന്നാൽ വളരെ വലുതുമായുള്ള ഉദാഹരണമാണ് ശബരി ടീ ഷോപ്പ്. നമ്മളെല്ലാവരും ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങൾ ജീവിതത്തിൽ നേരിടേണ്ടതായിവരും. എന്നാൽ പ്രതീക്ഷ കൈവിടാതെ പൊരുതിയാൽ അതിജീവനത്തിന്റെ മാതൃകകളും തുറന്നുവരും. അതൊരു പ്രകൃതി നിയമമാണ്.
പ്രതീക്ഷകൾ കൈവിടാതിരിക്കുക..!
നല്ലൊരു നാളെ നമുക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്..!!
നിങ്ങളുടെ സ്വന്തം ബോബൻ തോമസ്.