തിരിച്ചു കിട്ടാത്ത ഗൃഹാതുരത്വം നിറഞ്ഞ പഴയ ഓർമ്മകളെല്ലാം നമ്മുടെ നഷ്ടങ്ങളാണ്. അവ വീണ്ടും കാണുമ്പോഴോ.. അനുഭവിക്കുമ്പോഴോ നമുക്ക് ആശ്ചര്യവും, കൗതുകവും തോന്നാറുണ്ട്. അതുപോലെ ഒന്നാണ് കഴിഞ്ഞ ദിവസം എന്റെ കയ്യിലേക്ക് കിട്ടിയത്.
ഒരു ഇൻലൻറ് ലെറ്റർ..!
അവസാനമായി ഒരു ഇൻലൻറ് കയ്യിൽ കിട്ടിയിട്ട് ഒന്നോ രണ്ടോ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടുണ്ടാകും. അവസാനമായി വായിച്ച ഇൻലൻറിന്റെ ഉള്ളടക്കമെന്താണെന്നോ, ആരയച്ചതാണെന്നോ പോലും എനിക്ക് ഇന്ന് ഓർമ്മയില്ല. അതുകൊണ്ടാവും വീണ്ടുമത് കയ്യിലേക്ക് കിട്ടിയപ്പോൾ വളരെയധികം ആശ്ചര്യവും കൗതുകവും എനിക്ക് തോന്നിയത്. ഒരുകാലത്ത് ലോകത്തിന്റെ സകല കോണിലേക്കും കമ്മ്യൂണിക്കേഷനായി അയച്ചിരുന്ന ഒരു മീഡിയം ഇന്ന് ഏകദേശം അപ്രത്യക്ഷമായിരിക്കുന്ന കാലത്താണ് എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അത് കയ്യിലേക്ക് വരുന്നത്.
എന്റെ ജേഷ്ഠന്റെ അധ്യാപകനും, തിരുച്ചിറപ്പള്ളിയിൽ വിശ്രമജീവിതം നയിക്കുന്ന വൈദികനുമായ ബ്രദർ ബെർക്മാൻസിൽ (Br. John Berchmans) നിന്നും ലഭിച്ച ഒരെഴുത്തായിരുന്നു അത്. അദ്ദേഹം യാദൃശ്ചികമായി എന്റെ ഒരു ആർട്ടിക്കിൾ കാണാനിടയാവുകയും, എന്നെ വിളിക്കാനുള്ള ഫോൺ നമ്പർ കയ്യിലില്ലാത്തതുകൊണ്ട് എനിക്ക് എഴുതുകയുമായിരുന്നു. ഇംഗ്ലീഷിലെ മനോഹരമായ കൈപ്പടയിൽ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കോ, ഗ്രാമർ മിസ്റ്റേക്കോ കണ്ടു പിടിക്കാൻ കഴിയാത്ത.. തികച്ചും വ്യക്തിപരമായി ആശംസകൾ അറിയിക്കാനെഴുതിയ ഒരു കത്തായിരുന്നു അത്. എന്നെയത് പഴയ ഒരു പാട് ഓർമ്മകളിലേക്ക് കൊണ്ടു പോയി..!
എം.ബി.ബി.എസിന് പഠിക്കുവാൻ ബാംഗ്ലൂരിലേക്ക് പോയപ്പോൾ എന്റെ അച്ഛയും, അമ്മയും പതിവായി ലെറ്ററുകൾ എഴുതുമായിരുന്നു. അതിൽ ഒന്നുപോലും സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തതിലുള്ള സങ്കടം എനിക്കിന്നുണ്ട്. നമ്മളെ വിട്ടു പോയാലും ഓർമ്മിച്ചു വെയ്ക്കാൻ അവരുടെ വാക്കുകളും, കയ്യക്ഷരങ്ങളും കൂട്ടിനുണ്ടായിരുന്നെങ്കിൽ എന്നോർത്ത് പോവുകയാണ്. അതുപോലെതന്നെ ഒരെഴുത്തിന്റെ രൂപത്തിലാണ് ആദ്യ പ്രണയത്തിന്റെ ഓർമ്മകളും. മൊബൈൽ ഫോണും, ഇൻറർനെറ്റുമില്ലാത്ത കാലത്ത് പ്രണയവും, സൗഹൃദവും പങ്കുവെച്ചിരുന്നത് എഴുത്തുകളിലൂടെയായിരുന്നല്ലൊ. എപ്പോഴോ മറന്നുപോയ പ്രണയത്തെക്കുറിച്ച് ഓർക്കുവാനും ഈ എഴുത്ത് ഒരു നിമിത്തമായി..!
സ്നേഹത്തോടെ
ബോബൻ തോമസ്.