ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കാലും; കേരളത്തിലെ ആദ്യത്തെ ‘നോൺ-ഇൻവേസീവ് എക്സ്പാൻഡബിൾ ഇംപ്ലാന്റും.!’

ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കാലും; കേരളത്തിലെ ആദ്യത്തെ ‘നോൺ-ഇൻവേസീവ് എക്സ്പാൻഡബിൾ ഇംപ്ലാന്റും.!’

ഈ തലക്കെട്ട് വായിക്കുമ്പോൾ ആരുടേതാകും ഈ കാലുകളെന്ന് നിങ്ങളിൽ പലർക്കും ആശ്ചര്യം തോന്നിയേക്കും. സ്പോർട്സിൽ, പ്രത്യേകിച്ച് ക്ലബ് ഫുട്ബോളിൽ ലയണൽ മെസ്സിയെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോലെ കോടികളുടെ മൂല്യമുള്ള കാലുകളുള്ള കളിക്കാരെ പറ്റി നമ്മൾ അത്ഭുതത്തോടെ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് അങ്ങിനെയൊന്നല്ല.

അഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന സമയം. അന്നൊരു ഞായറാഴ്ചയിലെ റൗണ്ട്സിനിടക്കാണ് സുഹൃത്തും, ഓർത്തോ പീഡിഷ്യനുമായ രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്റെ ഫോൺ കോൾ വരുന്നത്.

”ബോബാ നീ ഹോസ്പിറ്റലിൽ ഉണ്ടോ.? ഉണ്ടെങ്കിൽ എന്റെ ഒ.പി യിലേക്കൊന്ന് വരുമോ.?”

ഞാൻ റൗണ്ട്സ് എല്ലാം പൂർത്തിയാക്കിയതിനു ശേഷം ഒ.പി യിലേക്ക് ചെന്നപ്പോൾ അവിടെ ഞങ്ങളുടെ ഒരു സുഹൃത്തും, സുഹൃത്തിന്റെ ജേഷ്ഠനും, ജേഷ്ഠ പുത്രനും ഇരിപ്പുണ്ടായിരുന്നു. ആ കുട്ടിക്ക് സ്കൂളിൽ കളിക്കുന്നതിനിടയ്ക്ക് കാലിൽ എന്തോ തട്ടി നീര് വന്നിട്ടുണ്ടായിരുന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അത് മാറാതിരുന്നത് കൊണ്ട് അവർ ഹോസ്പിറ്റലിലേക്ക് വരികയായിരുന്നു.

ക്ലിനിക്കൽ എക്സാമിനേഷനും, എക്സ്റേയും ചെയ്തപ്പോൾ അവന്റെ കാലിൽ ഒരു ട്യൂമർ ഉണ്ടെന്ന് മനസ്സിലായി. അതിനു ശേഷമെടുത്ത സി.ടിയിൽ നിന്നും, എം.ആർ.ഐ യിൽ നിന്നും ഡീറ്റെയിൽഡ് ആയി അതിനെക്കുറിച്ച് മനസ്സിലാക്കുകയും, ട്യൂമറിൽ നിന്നുള്ള ബയോപ്സി പ്രകാരം അത് ‘ഓസ്റ്റിയോ സാർക്കോമ’ ആണെന്ന് വ്യക്തമാവുകയും ചെയ്തു. ഓസ്റ്റിയോ സാർക്കോമ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് പത്ത് വയസ്സിനും, പതിനഞ്ച് വയസ്സിനും ഇടയിലുള്ള കൗമാരപ്രായക്കാരിലാണ്. ശരീരത്തിലെ ഏത് അസ്ഥികളെയും ഇത് ബാധിക്കാമെങ്കിലും കൂടുതലായി കാണപ്പെടുന്നത് കാൽമുട്ടുകളോടനുബന്ധിച്ചായിരിക്കും. അതായത് കാൽമുട്ടിലെ ഫീമർ എന്ന ബോണിന്റെ താഴ്ഭാഗത്തോ, ടിബിയ എന്ന ബോണിന്റെ മുകൾഭാഗത്തോ ആയിരിക്കും സാധാരണയായി ഇത് ബാധിക്കുന്നത്. ഈ കുട്ടിക്കും കാൽമുട്ടിൽ തന്നെയായിരുന്നു ട്യൂമർ ബാധിച്ചത്. ശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമർ ബോണിന്റെ താഴ്ഭാഗത്തായിട്ടായിരുന്നു അത്.

പണ്ടുകാലത്ത് ഇതിനുള്ള ചികിത്സാരീതി കാല് മുറിച്ചു മാറ്റുക എന്നുള്ളതായിരുന്നു. എന്നാൽ പ്രധാനമായി ശ്വാസകോശത്തിലേക്ക് വ്യാപിക്കാനുള്ള ശേഷി കൂടുതലായതുകൊണ്ട് കാല് മുറിച്ചു മാറ്റിയാലും കുട്ടികൾ രക്ഷപ്പെടാനുള്ള സാഹചര്യം കുറവായിരുന്നു. അതു കൊണ്ട് ഈ ചികിത്സയിൽ പിന്നീട് കീമോതെറാപ്പിക്ക് പ്രാധാന്യം കൈവരികയും ചെയ്തു. പിന്നീട് വന്ന ഒരു പുരോഗതി കീമോതെറാപ്പി കൊടുത്ത് ട്യൂമറിനെ ചുരുക്കി കൊണ്ടുവന്നതിനു ശേഷം സർജറി ചെയ്യുക എന്നുള്ള ഓപ്ഷൻ ആയിരുന്നു. അതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം ട്യൂമറിനെ ഫലപ്രദമായി കണ്ട്രോൾ ചെയ്യുകയെന്നതും, ഈയൊരു സിറ്റുവേഷനിൽ പലപ്പോഴും വേണ്ടിവരുന്ന ആർട്ടിഫിഷ്യൽ ലിംബ് ഉണ്ടാക്കുവാനുള്ള സമയം ലഭിക്കുമെന്നതുമായിരുന്നു.

ഓസ്റ്റിയോ സാർക്കോമക്കുള്ള ചികിത്സയിൽ പലതരത്തിലുള്ള ആർട്ടിഫിഷ്യൽ ലിംബുകൾ ലഭ്യമാണ്. ലിംബ് സാൽവേജ് പ്രൊസീജ്യഴ്സിൽ പലതരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുകയുണ്ടായെങ്കിലും അതിനുണ്ടായിരുന്ന ഒരു ന്യൂനത വെപ്പു കാലുകൾ സാധാരണയുള്ള കാലുകളെ പോലെ വളരില്ല എന്നുള്ളതായിരുന്നു. ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് പല തരത്തിലുള്ള ടെക്നോളജികൾ ഉയർന്നു വരികയുണ്ടായി. അതിലൊന്ന് സാധാരണയുള്ള കാലിന്റെ വളർച്ചയ്ക്ക് ആനുപാതികമായി അകത്ത് വച്ചിരിക്കുന്ന ഇംപ്ലാന്റിന്റെ വലിപ്പം കൂട്ടുക എന്നുള്ളതായിരുന്നു. അതിന്റെ പ്രധാന ന്യൂനത ഇടയ്ക്കിടെ ചെയ്യേണ്ട ശസ്ത്രക്രിയകളായിരുന്നു. എന്നാൽ ഇതിനെ മറികടക്കുവാൻ ഉപയോഗിച്ച പുതിയ ടെക്നോളജിയായിരുന്നു ‘നോൺ ഇൻവേസീവ് എക്സ്പാൻഡബിൾ ഇംപ്ലാന്റ്’ ഓപ്പറേഷൻ ചെയ്ത് ട്യൂമർ മാറ്റുന്ന സമയത്ത് തന്നെ കൃത്രിമമായ ഈ ഉപകരണം രോഗിയുടെ കാലിൽ ഘടിപ്പിക്കുകയും പിന്നീട് ആവശ്യമുള്ള സന്ദർഭങ്ങളിൽ(നീളം കൂട്ടേണ്ട) ഒരു പ്രത്യേക തരം ‘ഇലക്ട്രോ മാഗ്നെറ്റിക് ചേംബറിലേക്ക്’ രോഗിയുടെ കാല് ഇൻസർട്ട് ചെയ്യുകയും ആവശ്യാനുസരണം എക്സ്പാൻഡ് ചെയ്യിക്കുകയുമാണ് ചെയ്യുന്നത്.

കേരളത്തിൽ ആദ്യമായി ചെയ്ത ‘നോൺ ഇൻവേസീവ് എക്സ്പാൻഡബിൾ ഇംപ്ലാന്റ്’ ആയിരുന്നു ഇത്. അതിനു സഹായം നൽകിയത് ഓർത്തോപീഡിക് ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ സുബിൻ സുഹദായിരുന്നു.

ഓസ്റ്റിയോ സാർക്കോമയെ കുറിച്ച് പറയുമ്പോൾ കീമോതെറാപ്പിക്ക് അത്ര ഫലപ്രദമായ റെസ്പോൺസ് കിട്ടാത്ത ഒരു ട്യൂമറാണ്. സാധാരണ മറ്റു കാൻസറുകളെ അപേക്ഷിച്ച് ഓസ്റ്റിയോ സാർക്കോമ ‘കീമോ ആൻഡ് റേഡിയേഷൻ റെസിസ്റ്റൻറ്’ ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. ഈയൊരു റെസിസ്റ്റൻസ് മറികടക്കുന്നതിന് വേണ്ടി ‘മെത്തോട്രെക്സേറ്റ്’ എന്ന മരുന്ന് ഉയർന്ന അളവിൽ കൊടുക്കേണ്ടതായി വരാറുണ്ട്. ഞാനോർക്കുന്നു.. പതിനായിരം മില്ലിഗ്രാം എന്ന വളരെ ഉയർന്ന ഡോസ് ആണ് ആ കുട്ടിക്ക് ഞാനന്ന് നൽകിയത്. ‘മെത്തോട്രെക്സേറ്റ്’ ഇട്ടതിനുശേഷം വാർഡിൽ നിന്നും എനിക്കൊരു കോൾ വന്നിരുന്നു. സാറിന് അറിയാതെ ‘പൂജ്യം’ എങ്ങാനും കൂടി പോയിട്ടുണ്ടായിരുന്നോ എന്നറിയാനായിരുന്നു അത്. ബോംബെയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഓൺകോളജിയിൽ ട്രെയിനിങ് എടുക്കുന്ന സമയത്ത് അന്നത്തെ പ്രൊഫസർ ബെനാവലി സാറിനോട് ഞാനൊരു കാര്യം ചോദിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ലുക്കീമിയ ഉള്ള കുട്ടികൾക്ക് കൊടുക്കുന്നതിനേക്കാൾ കൂടുതൽ ഡോസ് മെത്തോട്രെക്സേറ്റ് ഓസ്റ്റിയോ സാർക്കോമ ഉള്ള കുട്ടികൾക്ക് കൊടുക്കേണ്ടതായി വരുന്നത്. സാർ അന്ന് പറഞ്ഞത്

”ബോബൻ.., അക്യൂട്ട് ലുക്കിമിയ ഈസ് എ കീമോ സെൻസിറ്റീവ് ഡിസീസ്.., ഓസ്റ്റിയോ സാർക്കോമ ഈസ് എ കീമോ റെസിസ്റ്റൻറ് ഡിസീസ്”. ”സൊ.. യു ഹാവ് ടു കീപ്പ് വെരി ഹൈ ഡോസ് ഓഫ് മെത്തോട്രെക്സേറ്റ് ടു അച്ചീവ് ദ റിസൾട്ട്’.

സുഹൃത്തിനോടും ഡോസിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും എടുക്കാൻ സാധിക്കില്ലെന്നും ഞാൻ പറഞ്ഞു. അതുമൂലം കുറച്ച് സൈഡ് ഇഫക്റ്റുകൾ ഉണ്ടായെങ്കിലും അതൊക്കെ മറികടക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. ഹൈഡോസ് കീമോതെറാപ്പിക്ക് ശേഷം ട്യൂമർ നല്ല രീതിയിൽ ചുരുങ്ങുകയും, ട്യൂമർ ഇരുന്ന ഭാഗം മുറിച്ചുമാറ്റി അവിടെ ‘നോൺ ഇൻവേസീവ് എക്സ്പാൻഡബിൾ ഇംപ്ലാന്റ്’ ചെയ്യുകയും ചെയ്തു. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തിന് അടുത്ത് വളരെ എക്സ്പെൻസീവായ ഒന്നായിരുന്നു അന്നുപയോഗിച്ച ആർട്ടിഫിഷ്യൽ ഇംപ്ലാന്റ്.

കുട്ടികളിലുണ്ടാകുന്ന ക്യാൻസറുകളിൽ കൂടുതലായി കാണപ്പെടുന്നത് ലുക്കിമിയാസ് ആണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ബ്രയിൻ ട്യൂമറും, ബോണിൽ ഉണ്ടാകുന്ന കാൻസറുകളും വരുന്നത്. ബോണിൽ ഉണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഓസ്റ്റിയോ സാർക്കോമയാണ്. ഹൈറിസ്ക് ആയ ഈ അസുഖം ചികിത്സിച്ച് ഭേദമാക്കണമെന്നുണ്ടെങ്കിൽ ഹൈഡോസ് കീമോതെറാപ്പിയും, പുതിയ തരം ഇംപ്ലാന്റുകളും ഉപയോഗിക്കേണ്ടതായി വരും. എല്ലാവർക്കും അഫോർഡ് ചെയ്യാവുന്ന ഒരു ചികിത്സാരീതിയല്ല ഇതെങ്കിലും, കുട്ടികളിലുണ്ടാകുന്ന ഇത്തരം ട്യൂമറുകളെ വളരെ അഗ്രസീവ് ആയ ട്രീറ്റ്മെൻറിലൂടെയും, ലേറ്റസ്റ്റ് ആയിട്ടുള്ള ടെക്നോളജികൾ ഉപയോഗിക്കുന്നതിലൂടെയും നല്ല റിസൾട്ട് കൊണ്ടുവരാൻ സാധിക്കും എന്നുള്ളതാണ് എനിക്കീ അവസരത്തിൽ പറയുവാനുള്ളത്.

അഞ്ച് വർഷത്തിന് ശേഷം ഇന്ന് എബി രാജേഷ് എന്ന ആ പതിനഞ്ചുകാരൻ വളരെ മിടുക്കനും, പൂർണ്ണ ആരോഗ്യവാനുമായിരിക്കുന്നു. ഒരു അനുഗൃഹീത ചിത്രകാരൻ കൂടിയായ അവൻ വരച്ച ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നമ്മളേവരെയും അദ്ഭുതപ്പെടുത്തും. അവയെല്ലാം തന്നെ പ്രായത്തിൽ കവിഞ്ഞ പക്വത മുറ്റി നില്ക്കുന്ന രചനകളാണ്. അവൻ വരച്ച ചില ചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നതോടൊപ്പം, ജീവിതത്തിന്റെ വലിയ ക്യാൻവാസിൽ ഇനിയും ഒരു പാട് വർണ്ണങ്ങളൊരുക്കി ലോകം അറിയുന്ന വലിയ ഒരു ചിത്രകാരനായി മാറട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..!

സ്നേഹത്തോടെ

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |