എന്റെ ഒ.പി.ഡി ആരംഭിക്കുന്നത് ഒമ്പതിനും ഒൻപതേകാലിനും ഇടയ്ക്കാണ്.
ആ സമയത്ത് നേരത്തെ വിളിക്കണം എന്ന ശുപാർശയുമായി ചിലരെങ്കിലും പുറത്ത് കാത്ത് നിൽക്കുന്നുണ്ടാകും.
കുട്ടിയെ സ്കൂളിലാക്കണം ! ജോലിക്ക് പോകണം ! പ്രായമായ മാതാവോ പിതാവോ വീട്ടിൽ തനിച്ചാണ് ! മീറ്റിംഗ് ഉണ്ട് !.
പലപ്പോഴും കേൾക്കുന്ന നിവേദനങ്ങൾ.
എന്നാൽ മേൽപ്പറഞ്ഞ ശുപാർശ എന്നെ അത്ഭുതപ്പെടുത്തി. ആരും ഒരുപക്ഷേ ഇതുവരെ കേൾക്കാത്ത വിചിത്രമായ അതേസമയം സ്വാഭാവികമായ ഒരു ആശങ്ക.
മണികണ്ഠൻ നായരുടെതാണ് ആവശ്യം.
മൂന്നാറിന് അടുത്ത് ചിന്നക്കനാലിൽ ഒരു പലചരക്ക് കട നടത്തുകയാണ് അദ്ദേഹം.
മണികണ്ഠന് മൾട്ടിപ്പിൾ മൈലോമയാണ്. മൂന്നാറിനടുത്തുള്ള മലമ്പ്രദേശത്തുനിന്നും കീമോതെറാപ്പി എടുക്കാൻ മണിക്കൂറുകൾ നീളുന്ന യാത്രയുണ്ട് കോട്ടയത്തേക്ക്. അത് കഴിഞ്ഞ് തിരിച്ച് മല കയറുമ്പോഴേക്കും നേരം ഇരുട്ടും. ആനകളുടെ സഞ്ചാര പാത കഴിഞ്ഞു വേണം ഗ്രാമത്തിലെത്താൻ.
“വലിയ റിസ്കാണ് സാർ”
മണികണ്ഠൻ പറഞ്ഞു.
മലമ്പ്രദേശത്തെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങളെ കുറിച്ച് കോട്ടയമോ എറണാകുളമോ തിരുവനന്തപുരമോ പോലുള്ള തിരക്കുള്ള നഗരങ്ങളിലെ ശീതീകരിച്ച മുറിയിലിരുന്ന് നാമെന്ത് അറിയുന്നു.!
ഈയടുത്ത് ആനയുടെ ആക്രമണത്തിൽ വയനാട്ടിലെ ഒരു കർഷകന്റെ ദാരുണമായ അന്ത്യം കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല.
എനിക്ക് വലിയ പ്രയാസം തോന്നി.
മണികണ്ഠന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണ്ട് ആഴ്ചയിൽ കോട്ടയത്ത് വന്ന് എടുക്കേണ്ട മരുന്ന് ഇവിടെ നിന്ന് വാങ്ങി കൊണ്ടുപോകുവാനും അവിടെ രക്തം പരിശോധിച്ച് റിപ്പോർട്ട് അറിയിച്ച് ബാക്കിയുള്ള ആരോഗ്യസ്ഥിതികൾ കൂടി അറിയിച്ചതിനു ശേഷം തൊലിപ്പുറത്ത് എടുക്കേണ്ട ഇഞ്ചക്ഷൻ ആയതുകൊണ്ട് അവിടെ തന്നെ എടുക്കാനുള്ള ഏർപ്പാട് ചെയ്തു കൊടുത്തു.
മണ്ണിനോടും മൃഗങ്ങളോടും മല്ലിട്ട് ജീവിക്കുന്ന ഒരു ജനത. പ്രാഥമികമായ പല സൗകര്യങ്ങളുടെയും അഭാവം അവർ അനുഭവിക്കുന്നുണ്ട്. മികച്ച ട്രീറ്റ്മെന്റ്കൾക്ക് വേണ്ടി അവർക്ക് കോട്ടയത്തെയും എറണാകുളത്തെയും ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. സൗകര്യങ്ങൾ വരുന്നുണ്ട്. പക്ഷേ അത് പൂർണ്ണമായ അർത്ഥത്തിൽ ആയിട്ടില്ല.
മറ്റുള്ള ജന വിഭാഗങ്ങളെ അപേക്ഷിച്ച് ശാരീരികമായും മാനസികമായും നല്ല കരുത്തുള്ളവരാണ് ഹൈറേഞ്ചുകാർ എന്ന് തോന്നിയിട്ടുണ്ട് . അവരുടെ അധ്വാനവും, പച്ചയായ ജീവിതവുമാകാം അതിന്റെ കാരണം.
അവരുടെ കുടുംബ ബന്ധങ്ങളിലെ സ്നേഹവും ദൃഢതയും പ്രത്യേകം എടുത്ത് പറയേണ്ടതു തന്നെയാണ്. പുറമേ പ്രദർശിപ്പിക്കാൻ അല്പം മടിയുണ്ടെങ്കിലും വളരെ നിഷ്കളങ്കവും സത്യസന്ധവുമായി അവർ ഉള്ളാലെ സ്നേഹിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പോലും മികച്ച ചികിത്സ ഉറ്റവർക്ക് ലഭ്യമാക്കാൻ എന്ത് ത്യാഗവും സഹിക്കുവാൻ സന്നദ്ധത കാണിക്കാറുണ്ട്.
രോഗത്തിന് ഉറ്റവരെ വിട്ടുകൊടുക്കാൻ അവർക്ക് മനസ്സില്ല. അതിന് അവരുടെ മനോധൈര്യത്തെ കൂടി മറികടക്കേണ്ടി വരും.
ഹൈറേഞ്ചിലെ ജനങ്ങളുടെ എല്ലിന്റെ ബലം ഞാൻ ആദ്യമായി അറിഞ്ഞത് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വന്ന് പ്രാക്ടീസ് തുടങ്ങിയപ്പോഴാണ്.
പലപ്പോഴും ബോൺമാരോ ടെസ്റ്റ് എന്ന മജ്ജയിലെ പരിശോധനയ്ക്ക് വേണ്ടി നീഡിൽ കുത്തിയിറക്കുമ്പോൾ നമുക്ക് ആ വ്യത്യാസം ബോധ്യപ്പെടും. തിരുവനന്തപുരത്തെ രോഗികളെ അപേക്ഷിച്ച് ഇടുക്കിയിലെ രോഗികളിലേക്ക് വരുമ്പോൾ അവർക്ക് അസ്ഥിയുടെ കാഠിന്യം കൂടുതലുള്ളതായും സൂചി കുത്തിയിറക്കാൻ ബുദ്ധിമുട്ടുള്ളതായും എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും ബോൺമാരോ പേഷ്യന്റ് അനുഭവിക്കുന്ന വേദനയേക്കാൾ കൂടുതൽ വേദന അതെടുക്കുന്ന സമയത്ത് എന്റെ കൈകൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സ്ത്രീകളിലും അതിന് വലിയ വ്യത്യാസം തോന്നിയിട്ടില്ല.
എഴുപതും എഴുപത്തിയഞ്ചും വയസ്സ് പിന്നിട്ടവർ പോലും പാൻക്രിയാസിന്റെയടക്കം മേജർ ശസ്ത്രക്രിയകൾക്ക് ശേഷം ഡിസ്ചാർജ് ആയി ഒരു പ്രയാസവുമില്ലാതെ വീട്ടിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. നേരെമറിച്ച് നഗരത്തിൽ ജീവിക്കുന്ന അതിന്റെ പകുതി വയസ്സുള്ള ചെറുപ്പക്കാർ വളരെയധികം ബുദ്ധിമുട്ടുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ അഞ്ചുവർഷത്തെ കോട്ടയത്തുള്ള എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ പറയുന്നതാണ്.
ഇടുക്കി ജില്ലയിൽ ആരോഗ്യ രംഗത്തെ പോരായ്മകൾ നികത്തുന്നതിന് വേണ്ടി സർക്കാർ ഒരു ഗവൺമെന്റ് മെഡിക്കൽ കോളേജ് സ്ഥാപിക്കുകയുണ്ടായി.എന്നാൽ അതിന്റെ സ്ഥിതി വളരെ ശോചനീയമാണ്. അതിന്റെ ഒരു കാരണം അവിടെ ജോലി ചെയ്യാൻ വരുന്നവർക്ക് അവർ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. പല ആരോഗ്യ വിദഗ്ധരും അവരുടെ സേവനങ്ങൾ വലിയ നഗരങ്ങളിലേക്ക് പറിച്ച് നടുന്നതിന്റെ കാരണവും ഇത് തന്നെയാണ്.
കുറച്ചുനാൾ മുമ്പ് ഇടുക്കിയിൽ പോയപ്പോൾ ചെറുതോണിയിലുള്ള മെഡിക്കൽ കോളേജ് കാണാനിടയായി. അതിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്ന് മനസ്സിലായി. 2024-ൽ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ഇൻഫ്ര സ്ട്രക്ചർ അവിടെയില്ല. സ്വകാര്യമേഖലയിൽ പോലും മെഡിക്കൽ രംഗത്ത് വലിയ സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ അവിടെ ഇല്ല എന്നത് കൂടി കൂട്ടി വായിക്കുമ്പോൾ അടിയന്തരമായി ഗവൺമെന്റ് ശ്രദ്ധ പതിപ്പിക്കേണ്ട ഒരു സാഹചര്യമാണ് കേരളത്തിന്റെ ഈ മലയോര മേഖല. എന്റെ അറിവ് ശരിയാണെങ്കിൽ സെന്റ് ജോൺസ് ഹോസ്പിറ്റൽ കട്ടപ്പനയിൽ മാത്രമാണ് അല്പമെങ്കിലും സൗകര്യങ്ങൾ ഉള്ളത്. വിദഗ്ധ ചികിത്സയും സൗകര്യങ്ങളും ആവശ്യമുള്ള സമയത്ത് കെ കെ റോഡ് വഴി കോട്ടയത്തേക്കോ കോതമംഗലം വഴിയോ തൊടുപുഴ വഴിയോ എറണാകുളത്തേക്കോ പോകേണ്ടിവരും. സ്വതവേ ദുർബല പോരാത്തതിന് ഗർഭിണിയും എന്ന് പറഞ്ഞതുപോലെ ചികിത്സക്കൊപ്പം തന്നെ പ്രായോഗികമായ മറ്റ് ബുദ്ധിമുട്ടുകളും രോഗിയും അവരുടെ കൂട്ടിരിപ്പുകാരും അനുഭവിക്കേണ്ടിവരുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്.
ഇടുക്കി ജില്ലക്ക് വേണ്ടി പ്രത്യേകമായ പാക്കേജുകൾ മാറിവരുന്ന ഗവൺമെന്റുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആരോഗ്യരംഗത്ത് അതിന്റെ വലിയ പ്രതിഫലനം ഇല്ല എന്ന് പറയേണ്ടിവരും. മണ്ണിൽ പൊന്നു വിളയിക്കാൻ അധ്വാനിക്കുന്ന നിഷ്കളങ്കരായ മനുഷ്യരോട് ചെയ്യുന്ന നീതികേടാകും ഇത്എന്ന കാര്യത്തിൽ തർക്കമില്ല.
ആനയുടെ കണ്ണിൽ പെടാതെ കീമോതെറാപ്പിയെടുത്ത് മടങ്ങുന്ന മണികണ്ഠനെ പോലുള്ളവരുടെ അനുഭവങ്ങൾ കാണുമ്പോൾ എല്ലാ മനുഷ്യരും അവർ അർഹിക്കുന്ന തുല്യ നീതിക്ക് പ്രാപ്തരല്ല എന്ന സങ്കടകരമായ യാഥാർത്ഥ്യം തിരിച്ചറിയും. ജനാധിപത്യം പുലർന്നിട്ടും കാലങ്ങളായി നമ്മുടെ സോഷ്യൽ എൻജിനീയറിങ്ങിൽ സംഭവിക്കുന്ന നീതികേടുകൾ പറഞ്ഞും പരിഹരിച്ചും മുന്നോട്ടുപോകാനേ നമുക്ക് സാധിക്കൂ. നല്ലൊരു നാളേക്ക് വേണ്ടി മലയോര കർഷകരായ മനുഷ്യർക്കൊപ്പം നമുക്ക് നിൽക്കാം.!
ബോബൻ തോമസ്.
* മണികണ്ഠനെ നേരത്തെ വിളിച്ചതിന്റെ പ്രത്യുപകാരമായി മറയൂര് നിന്ന് നല്ല ഉഗ്രൻ ശർക്കര കൊണ്ട് തന്ന കാര്യവും സന്തോഷത്തോടെ ഈ സമയത്ത് ഓർക്കുന്നു.!