തട്ടിപ്പുകൾക്ക് മാധ്യമങ്ങൾ കുടപിടിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. പരസ്യങ്ങളുടെ ഗുണമോ, വിശ്വാസ്യതയോ പൂർണ്ണമായി മനസ്സിലാക്കിയിട്ടല്ല ഭൂരിഭാഗം ജനങ്ങളും അതിന്റെ പുറകെ പായുന്നത്. ആ പരസ്യം അച്ചടിച്ചുവരുന്ന മാധ്യമങ്ങളുടെ ആധികാരികതയിൽ അവർ വിശ്വസിക്കുകയും, വഞ്ചിതരാവുകയുമാണ് ചെയ്യുന്നത്. പഴയ വീഞ്ഞുകൾ പുതിയ കുപ്പികളിൽ വന്നു കൊണ്ടേയിരിക്കുന്നു.!
ഇന്നത്തെ മലയാള മനോരമയിൽ ഒന്നാം പേജിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയും, ഒൻപതാം പേജിലെ വാർത്തയുമാണ് ഞാൻ ഇതോടൊപ്പം ചേർത്തിരിക്കുന്നത്.
കേരളം മുഴുവൻ പുരാവസ്തു തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വസ്തുതകളിൽ മുഴുകിയിരിക്കുന്ന സമയത്താണ് ഇതെന്നോർക്കണം.
ഈ ഒന്നാം പേജിൽ പരസ്യത്തിന്റെ രൂപത്തിൽ കൊടുത്തിരിക്കുന്ന ‘അലർജി’ വാർത്തയും ഇതു പോലുള്ള ഒരു ശുദ്ധ തട്ടിപ്പാണ്. ഐ.എം.എ യും, ഡോക്ടർമാരുടെ മറ്റു പല സംഘടനകളും മുൻപ് പലപ്പോഴും മനോരമ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളോട് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുള്ളതാണ്. എന്നാൽ അതൊന്നും ഗൗനിക്കാതെ പണം വാങ്ങി ഇത്തരം പരസ്യങ്ങളിലൂടെ പൊതു ജനങ്ങളെ വീണ്ടും കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇതുപോലുള്ള എന്ത് കൊള്ളരുതായ്മയും പണം വാങ്ങി വെളുപ്പിച്ച് ജനങ്ങളുടെ മുൻപിലേക്ക് ഒരു മനസ്സാക്ഷിയുമില്ലാതെ വിളമ്പുന്നത് എന്ത് പത്രധർമ്മമാണ്.
വർഷങ്ങൾക്ക് മുൻപ് ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പിന്റെ കാലഘട്ടത്തിലും ഇതുതന്നെയായിരുന്നു നടന്നുകൊണ്ടിരുന്നത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഫുൾ പേജിലുള്ള പരസ്യങ്ങളാണ് ഇവർക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. പിൽക്കാലത്ത് അത് തട്ടിപ്പാണെന്ന് ജനങ്ങൾക്ക് ബോധ്യമായപ്പോൾ ഇതേ പത്രങ്ങൾ ഇതേക്കുറിച്ച് ഫീച്ചറുകളും, വാർത്തകളുമെഴുതിയതും നമ്മൾ മറന്നിട്ടില്ല. അതു തന്നെയാണ് ഇപ്പോഴും നടക്കാൻ പോകുന്നത്. പുതിയൊരു തട്ടിപ്പിന് പരസ്യത്തിന്റെ രൂപത്തിൽ ഫ്രണ്ട് പേജിൽ കവറേജ് കൊടുക്കുകയും കുറച്ചു നാളുകൾക്കു ശേഷം തട്ടിപ്പാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുമ്പോൾ അതിനെതിരെ ഒരു ഫീച്ചർ കൊടുക്കുകയും ചെയ്യുക. ഈ പ്രവണത അവസാനിപ്പിക്കേണ്ടതായിട്ടുണ്ട്. പരസ്യം കൊടുക്കുകയെന്നത് പത്രത്തിന്റെ ഒരു വരുമാനമാർഗമാണെങ്കിലും, കൊടുക്കുന്ന പരസ്യത്തിന്റെ ആധികാരികത(Authenticity) പരിശോധിക്കേണ്ടത് ഏതൊരു പത്രത്തിന്റെയും ധാർമ്മികമായ ഉത്തരവാദിത്വമാണ്. ഇത് പൊതുജനാരോഗ്യം സംബന്ധിച്ച വിഷയവും, മെഡിക്കൽ രംഗം ഇതിനെതിരെ പ്രതികരിച്ചിട്ടുള്ളതുമാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിന്റെ ഗൗരവം ഏറുന്നത്.
* നമ്മൾ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം ഈ ടെസ്റ്റുകൾ ചെയ്യുന്ന ലാബുകളൊന്നും തന്നെ മുഖ്യധാരാ ലാബുകളല്ലെന്നുള്ളതും, പരിമിതമായ സൗകര്യങ്ങൾ മാത്രമായവയാണെന്നുമാണ്. മുഖ്യധാരാ ആരോഗ്യരംഗം ഈ ടെസ്റ്റിനെ അംഗീകരിച്ചിട്ടില്ലെന്ന് കൂടി നമ്മൾ ഈ അവസരത്തിൽ ഓർക്കണം.
നിങ്ങളുടെ സ്വന്തം
ഡോ. ബോബൻ തോമസ്.