രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏഴു വയസ്സുകാരിയായ മകൾ ഹെയ്സൽ ഈയടുത്ത് വിനയായോട് ചോദിച്ച ചോദ്യമാണ് ഇത്.
ഇത് വായിക്കുന്ന നിങ്ങൾക്ക് തോന്നിയ അമ്പരപ്പ് ഈ കാര്യം വിനയാ എന്നോട് പറഞ്ഞപ്പോൾ എനിക്കും തോന്നിയിരുന്നു. ചെറിയ കുട്ടികൾ ഓരോ വിഷയത്തോടും പ്രതികരിക്കുന്ന രീതി നമ്മളെ അത്ഭുതപ്പെടുത്തും.
അവരുടെ നിഷ്കളങ്കമായ ചിന്തകളും കാഴ്ചപ്പാടുമെല്ലാം അവരുടെ വാക്കുകളിലൂടെ പ്രതിഫലിക്കും. പിന്നീട് അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴാണ് ആ കാരണങ്ങളുടെ പിറകിലുള്ള പരിഭവങ്ങൾ നമ്മളറിയുന്നത്.
ഈ ചോദ്യത്തിന്റെ തുടക്കം വീട്ടിൽ വന്ന ഒരു പാർസലിൽ നിന്നായിരുന്നു. എന്റെ പേഷ്യന്റായി വന്ന കുര്യച്ചൻ എന്ന കുട്ടിയുടെ പതിമൂന്നാം ബർത്ത്ഡേക്ക് സമ്മാനിക്കാൻ വേണ്ടി ഓൺലൈനിൽ ഞാൻ വരുത്തിയതായിരുന്നു ആ പാഴ്സൽ. ആദ്യത്തെ ദിവസം വന്ന പാക്കറ്റ് ഒരു റിമോട്ട് കൺട്രോൾ കാർ ആയിരുന്നു.
കണ്ട മാത്രയിൽ മിക്കിച്ചൻ എന്ന് വിളിക്കുന്ന രണ്ടാമത്തെ മകൻ മിഖേലിന് വളരെയധികം സന്തോഷം തോന്നി. പക്ഷേ അത് അവനുവേണ്ടി വാങ്ങിയതല്ല എന്നറിഞ്ഞപ്പോൾ അവന്റെ സങ്കടം പൂർണമായി ഉള്ളിൽ ഒതുക്കി അവനത് അക്സെപ്റ്റ് ചെയ്തു.
മുൻപും ഇതുപോലെയുള്ള പല അനുഭവങ്ങളും അവന് ഉണ്ടായിട്ടുണ്ട്. പലപ്പോഴും എന്റെ പേഷ്യൻസിന് നൽകുവാനായി കൊണ്ടുവരുന്ന സമ്മാനങ്ങൾ കാണുമ്പോൾ മൂത്തമകനായ ഇമ്മിച്ചൻ എന്ന് വിളിക്കുന്ന ഇമ്മാനുവലും മിക്കിച്ചനും കൗതുകത്തോടെ നോക്കുകയും അവർക്കല്ല എന്നറിയുമ്പോൾ വളരെ സങ്കടത്തോടുകൂടി അത് ആക്സെപ്റ്റ് ചെയ്യുകയും വലിയ പരിഭവങ്ങൾ ഒന്നുമില്ലാതെ പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്.
സംഭവങ്ങളുടെ ഗതി മാറിയത് രണ്ടാമത്തെ ദിവസം വന്ന മറ്റൊരു പാക്കറ്റിലായിരുന്നു. പെൺകുട്ടികൾ ഉപയോഗിക്കുന്ന മേക്കപ്പ് പാക്കറ്റ് ആയിരുന്നു അത്.
കുരിയച്ചന് ഒരു ട്വിൻ സിസ്റ്റർ ഉണ്ട്.
‘അൽഫോൻസ.’
കുര്യച്ചന് ബർത്ത് ഡേ സമ്മാനം കൊടുക്കുമ്പോൾ അൽഫോൻസക്ക് സങ്കടമാകരുത് എന്ന് കരുതിയാണ് അൽഫോൻസക്കും കൂടി ഒരു ഗിഫ്റ്റ് ഓർഡർ ചെയ്തത്. എന്ത് വാങ്ങണമെന്ന് ചിന്തിച്ചപ്പോഴാണ് ഒരു മേക്കപ്പ് സെറ്റ് തന്നെ വാങ്ങാം എന്ന് കരുതിയത്.
രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏഴ് വയസ്സുകാരി മകൾ ഹേസൽ അത് കണ്ടപ്പോൾ അത് അവൾക്കുള്ളത് തന്നെയാണെന്ന് കരുതി. അവൾക്ക് ചേട്ടന്മാരെപ്പോലെ ഇത്തരം സമ്മാനങ്ങളുടെ അനുഭവങ്ങൾ ഇല്ലായിരുന്നു. ഒടുവിൽ അത് അവൾക്കുള്ളതല്ല എന്ന് അറിഞ്ഞപ്പോൾ അവൾക്ക് വലിയ സങ്കടം തോന്നി.
ഞാനിതുവരെ അവൾക്ക് വാങ്ങിച്ചു കൊടുക്കാത്ത ഒരു സാധനം മറ്റൊരു പെൺകുട്ടിക്ക് കൊടുത്തപ്പോൾ അതിന്റെ സങ്കടവും വേദനയും അവൾക്ക് വളരെയധികം ഉണ്ടായിരുന്നു. എന്നാൽ എന്നോട് ഇതൊന്നും പ്രകടിപ്പിച്ചില്ല.
വൈകീട്ട് വിനയായോടാണ് സങ്കടം മുഴുവൻ പറഞ്ഞത്. വിനയ അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. അടുത്തദിവസം പണിമുടക്ക് ആയിരുന്നു. സ്കൂളില്ലാതിരുന്നതുകൊണ്ട് കുട്ടികൾ എഴുന്നേൽക്കുവാൻ വൈകി. പക്ഷെ ആശുപത്രിയിൽ പോകേണ്ടതുകൊണ്ട് ഞാൻ കൃത്യസമയത്ത് തന്നെ ഇറങ്ങി. ഇടയ്ക്ക് വിനയായെ വിളിച്ചപ്പോഴാണ് തലക്കെട്ടിൽ കൊടുത്ത ചോദ്യം ഹേസൽ ചോദിച്ചതായി അറിഞ്ഞത്.
എന്നെ എന്തൊക്കെയോ വികാരങ്ങളിലേക്ക് ആ ചോദ്യം കൊണ്ടുപോയി. ഒരു വശത്ത് മകളുടെ സങ്കടം മനസ്സിലുണ്ടാക്കുന്ന ബുദ്ധിമുട്ട്. മറുവശത്ത് ആ സമ്മാനം കുര്യച്ചന് കൊടുക്കുമ്പോൾ ഡോക്ടർ എന്ന നിലയിലും ഒരു പിതൃസ്ഥാനീയൻ എന്ന നിലയിലും ഞാൻ അനുഭവിക്കുന്ന സന്തോഷം.
ചെറിയ പ്രായമായതുകൊണ്ടും പെൺകുട്ടിയായത് കൊണ്ടുമാകാം മകളുടെ സങ്കടമെന്ന് ഞാൻ തിരിച്ചറിയുന്നു. പേഷ്യന്റ് ആയെങ്കിൽ മാത്രമേ അബ്ബയുടെ ഈ സമ്മാനം കിട്ടുകയുള്ളൂ എന്ന നിഷ്കളങ്കമായ ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു ചോദ്യം അവൾ ചോദിച്ചത് എന്നും എനിക്കറിയാം.
പക്ഷേ അവർ തിരിച്ചറിവാകുമ്പോൾ ഒരിക്കൽ അബ്ബ ചെയ്ത കാര്യങ്ങളെ ഓർത്ത് സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഫെബ്രുവരി മാസം പതിമൂന്നാം തീയതി വന്നെത്തി. കുറച്ച് ഡോക്ടർമാരും നേഴ്സുമാരും മാത്രമുള്ള വളരെ ചെറിയ ഒരു ചടങ്ങായിട്ടായിരുന്നു ഞങ്ങളത് പ്ലാൻ ചെയ്തത്. കേക്കും മിഠായികളും, അലങ്കരിക്കാൻ കുറച്ച് ബലൂണുകളും വാങ്ങി. ആ സമയത്ത് വളരെ യാദൃശ്ചികമായിട്ടാണ് കൂവക്കാട് പിതാവ് മറ്റൊരു രോഗിയെ കാണാൻ അങ്ങോട്ട് വന്നത്. അദ്ദേഹം ലിഫ്റ്റിനു വേണ്ടി കാത്തുനിന്നപ്പോൾ ഞാനും എന്റെ സഹപ്രവർത്തകരും അദ്ദേഹത്തെ പരിചയപ്പെടാൻ വേണ്ടി അടുത്ത് ചെല്ലുകയുണ്ടായി. അദ്ദേഹം കാത്തുനിന്ന ആ ലിഫ്റ്റിൽ തന്നെയായിരുന്നു കുര്യച്ചനും കുരിയച്ചന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുവാൻ വന്നത്.
ഇങ്ങനെയൊരു ബർത്ത് ഡേ ചടങ്ങിനെ കുറിച്ച് ഞാൻ പിതാവിനോട് പറയുകയും പിതാവ് പങ്കെടുക്കുകയാണെങ്കിൽ അവർക്കത് വളരെ സന്തോഷമാകുമെന്ന് പറയുകയും ചെയ്തു. വളരെ സ്നേഹത്തോടുകൂടി പിതാവ് ആ ക്ഷണം സ്വീകരിക്കുകയും ചടങ്ങിൽ പങ്കെടുക്കുകയും ആ കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്തു.
ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത ആ ഒരു ചടങ്ങിൽ പിതാവിന്റെ സാന്നിധ്യം ആ കുട്ടിക്കും കുടുംബത്തിനും ഒരുപാട് സന്തോഷം പ്രദാനം ചെയ്തു. പിതാവ് വരാൻ വൈകിയത് കൊണ്ടും 12 മണിക്ക് നിശ്ചയിച്ച ചടങ്ങ് കുട്ടികൾ വരാൻ വൈകിയത് കൊണ്ടും 12:30 ക്കാണ് നടന്നത്. അതുകൊണ്ട് മാത്രമാണ് പിതാവിന് ചടങ്ങിൽ പങ്കെടുക്കാൻ ആയത്. ആ കണ്ടുമുട്ടലിൽ ഒരു ദൈവിക നിയോഗമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
മരുന്നുകൾക്കും സർജറിക്കും റേഡിയേഷൻ തെറാപ്പിക്കുമപ്പുറം ചില കാര്യങ്ങൾ കൊണ്ട് ജീവിതത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ നമുക്ക് കഴിയുമെന്ന് ജീവിതത്തിൽ പലപ്പോഴും തോന്നിയിട്ടുണ്ട്. ചെറിയൊരു ചടങ്ങാണെങ്കിലും കുറച്ചു നേരത്തെക്കെങ്കിലും അവർക്കൊരു സന്തോഷം കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ ചാരിതാർഥ്യമുണ്ട്.
ബോബൻ തോമസ്