“ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ വന്നു. ”
“തരള കപോലങ്ങൾ നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു”
37 വർഷങ്ങൾക്കിപ്പുറവും പാട്ടിനെയും, സംഗീതത്തെയും ഇഷ്ടപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളെയും കോരിത്തരിപ്പിക്കുന്ന അപൂർവ്വ സുന്ദരമായ പ്രണയ ഗാനം.!
അശോകൻ, പാർവതി, ശ്രീവിദ്യ, സോമൻ, മുരളി എന്നിവർ അഭിനയിച്ച ജാലകം എന്ന സിനിമയിൽ നിന്നാണ് ഈ ഗാനം പിറവിയെടുക്കുന്നത്.
ഹരികുമാർ എന്ന സംവിധായകനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ജാലകത്തിലൂടെയാണ്. ആ പ്രായത്തിൽ സിനിമ കാണുമ്പോൾ സംവിധായകനെ പറ്റി ആരും അധികം ചിന്തിക്കാറില്ലെങ്കിലും എന്തുകൊണ്ടോ ആ സിനിമ എന്നിൽ ഒരുപാട് സ്വാധീനം ചെലുത്തിയത് കൊണ്ടാവാം സംവിധായകൻ ആരാണെന്ന് അറിയാനുള്ള ജിജ്ഞാസ എനിക്കുണ്ടായത്.
മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള വളരെ മനോഹരമായ ഒരു സിനിമയായിരുന്നു ജാലകം. അതിലെ പല രംഗങ്ങളും വർഷങ്ങൾക്ക് ശേഷവും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു.
അതിനുശേഷം ഹരികുമാർ സാറിനെക്കുറിച്ച് കേൾക്കുന്നത് സുകൃതം എന്ന ശ്രദ്ധേയമായ മറ്റൊരു സിനിമയിലൂടെയായിരുന്നു. അന്ന് കുറച്ചു കൂടെ പക്വതയോടെ ചലച്ചിത്രങ്ങളെ വീക്ഷിക്കാൻ തുടങ്ങിയിരുന്നു. ക്യാൻസർ ബാധിച്ച ഒരു വ്യക്തി അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളും തിരിച്ചു വരവുമൊക്കെയായിരുന്നു സിനിമയിലെ പ്രതിപാദ്യ വിഷയം. അദ്ദേഹം നിർമ്മിച്ച വീടിന് ഇട്ട പേരും ‘സുകൃതം’ എന്നായിരുന്നു എന്ന് ഏതോ ചലച്ചിത്ര മാസികയിൽ വായിച്ചതായി ഓർക്കുന്നു.
ഞാൻ തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങി ഏതാനും വർഷങ്ങൾക്കുശേഷം ഒരു ദിവസം അപ്രതീക്ഷിതമായി ഹരികുമാർ സാറിന്റെ ഫോൺ കോൾ. ക്യാൻസർ ബാധിതയായ അദ്ദേഹത്തിന്റെ ഭാര്യയുടെ തുടർചികിത്സയ്ക്ക് വേണ്ടിയാണ് വിളിച്ചത്. മേഡം അന്ന് തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വർഷങ്ങളോളം അവരെന്റെ കീഴിലായിരുന്നു ചികിത്സിച്ചുകൊണ്ടിരുന്നത്. അന്ന് ഓ. പി യിൽ വെച്ച് കാണുമ്പോൾ സാറിനോട് ജാലകം എന്ന സിനിമയെക്കുറിച്ചും അതിലെ പാട്ടിനെ കുറിച്ചുമൊക്കെ അന്നത്തെ നൊസ്റ്റാൾജിയയോടെ ചോദിക്കാറുണ്ട്. ഒത്തിരി പേർ ആ പാട്ടിനെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യയുടെ മരണശേഷം വല്ലപ്പോഴും മെസ്സേജുകൾ ഇടാറുണ്ടെങ്കിലും വളരെ ക്ലോസ് റിലേഷൻ ഇല്ലായിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം വീണ്ടും അദ്ദേഹത്തിന്റെ ഒരു ഫോൺകോൾ എനിക്ക് വരികയുണ്ടായി.
” ഡോക്ടറേ..ഒരു പ്രശ്നമുണ്ട്. ”
ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ലിവറിൽ ക്യാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. എന്നാൽ മികച്ച ട്രീറ്റ്മെന്റ് മോഡാലിറ്റികളിലൂടെ വർഷങ്ങളോളം അദ്ദേഹത്തിന്റെ അസുഖത്തെ പിടിച്ചു നിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഈ കാലയളവിലുടനീളം ഏറ്റവും മികച്ച ചികിത്സ തന്നെ ഞങ്ങൾക്ക് അദ്ദേഹത്തിന് കൊടുക്കാൻ കഴിഞ്ഞു.
അർബുദം പിടിപെട്ടതിനു ശേഷം അദ്ദേഹം രണ്ട് മലയാള ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തിരുന്നു.
ക്ലിന്റ് എന്ന ചിത്രകാരനായ ബാലനെക്കുറിച്ച് പറയുന്ന ‘ക്ലിന്റ്’ എന്ന സിനിമയും, ‘ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന മറ്റൊരു സിനിമയും.
ഒ. പി യിൽ വരുമ്പോൾ സിനിമകളെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യാറുണ്ടായിരുന്നു. അതിനിടയ്ക്ക് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി കോട്ടയത്ത് ചാർജ് എടുത്ത് കാര്യവും, അതിന്റെ നടത്തിപ്പിന്റെ കാര്യവും അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു.
നിർഭാഗ്യമെന്ന് പറയട്ടെ കുറച്ച് നാൾ മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമാവുകയും തുടർ ചികിത്സയായി സാന്ത്വന ചികിത്സ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. കുടുംബാംഗങ്ങളോട് ഇക്കാര്യം സംസാരിക്കുകയും അവരുടെ പിന്തുണ ലഭിക്കുകയും ചെയ്തു. ഇടയ്ക്ക് രണ്ടുമൂന്ന് തവണ സപ്പോർട്ടീവ് കെയറിന് വേണ്ടി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു.
നല്ലൊരു കലാകാരനെയാണ് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് എന്ന് വളരെ വേദനയോടെ കൂടി ഓർക്കുന്നു. അദ്ദേഹത്തെ പറ്റി ഓർക്കുമ്പോൾ സുകൃതം എന്ന സിനിമയുടെ ക്ലൈമാക്സ് സീനാണ് മനസ്സിലേക്ക് വരുന്നത്. അതിലെ നായക കഥാപാത്രം അവതരിപ്പിച്ച മമ്മൂട്ടി ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി അനന്തതയിലേക്ക് നടന്നു പോകുന്ന ഒരു സീൻ ആയിരുന്നു അത്. ഹരികുമാർ സാറിന്റെ ജീവിതത്തിലെ ക്ലൈമാക്സും അതുപോലെയായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ആ യാഥാർത്ഥ്യം അംഗീകരിച്ച് അനന്തതയിലേക്ക് അദ്ദേഹം നടന്നു പോയി.
അദ്ദേഹത്തിന്റെ അധികം സിനിമകൾ കണ്ടിട്ടില്ല. കണ്ടതിൽ എനിക്ക് ഏറ്റവും ഹൃദയസ്പർശിയായി തോന്നിയ ജാലകം, സുകൃതം എന്നീ രണ്ട് മാസ്റ്റർ പീസുകൾ മലയാള സിനിമ ഉള്ള കാലം വരെയും മികച്ച ചിത്രങ്ങളായി തന്നെ നിലനിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി അർപ്പിച്ചുകൊണ്ട്…
ഡോ. ബോബൻ തോമസ്.