അഞ്ചു വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച അവൻ വീണ്ടും എന്നെ കാണാൻ വന്നു. ആരാണെന്നല്ലേ.?

അഞ്ചു വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച അവൻ വീണ്ടും എന്നെ കാണാൻ വന്നു. ആരാണെന്നല്ലേ.?

അഞ്ചു വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച അവൻ വീണ്ടും എന്നെ കാണാൻ വന്നു. ആരാണെന്നല്ലേ.?

ലിബിൻ എന്ന 12 വയസ്സുകാരൻ പയ്യൻ. തമിഴ്നാട്ടിലെ നാഗർകോവിലിൽ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു അവൻ ജനിച്ചത്. ഹൊസൂരിൽ ആയിരുന്നു അവന്റെ മാതാപിതാക്കൾക്ക് ജോലി. 2011 ലായിരുന്നു അസ്ഥിയിൽ ക്യാൻസറുമായി അവൻ എന്നെ കാണാൻ ആദ്യമായി വരുന്നത്. അന്ന് ഞാൻ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോയിൻ ചെയ്തിട്ട് അധികകാലം ആയിട്ടില്ല. എന്നാൽ അവർക്കാകട്ടെ അവിടെ ചികിത്സിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നുമില്ല.

പല കാരണങ്ങൾ കൊണ്ടും ആർസിസിയിൽ ചികിത്സിക്കാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എനിക്കാകട്ടെ അവനെ വിടാനും തോന്നിയില്ല. അതിന് പ്രധാനപ്പെട്ട ഒരു കാരണം അവൻ എന്റെ മൂത്ത മകൻ ഇമ്മാനുവലിന്റെ സമപ്രായക്കാരൻ ആയിരുന്നു എന്നതാണ്. ഇമ്മാനുവൽ ജനിച്ച ഏപ്രിലിൽ തന്നെയായിരുന്നു ലിബിനും ഉണ്ടായത്. അതുകൊണ്ടുതന്നെ അവനെ എനിക്ക് തന്നെ നോക്കണം എന്നുള്ള അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. ഓസ്റ്റിയോ സാർക്കോമ എന്ന എല്ലിനെ ബാധിക്കുന്ന ക്യാൻസറായിരുന്നു അവന്. അതു വളരെ അഗ്രസീവ് ആയിട്ടുള്ള കീമോതെറാപ്പിയും, ശസ്ത്രക്രിയയും ഒക്കെ വേണ്ടിവരുന്ന ഒരസുഖമായിരുന്നു. അവന്റെ ചികിത്സയ്ക്ക് വേണ്ട മുഴുവൻ തുകയും സ്വരൂപിച്ച് തന്നത് നല്ലവരായിട്ടുള്ള തിരുവനന്തപുരത്തെ എന്റെ സുഹൃത്തുക്കളായിരുന്നു. അതുപോലെതന്നെ അവന്റെ സർജറി എന്റെ സുഹൃത്തും, ഓർത്തോപീഡിക് ഓങ്കോളജിസ്റ്റും ആയിരുന്ന ഡോക്ടർ സുബിൻ പൂർണ്ണമായും ഫ്രീ ആയി ചെയ്തു തന്ന് എന്നെ സഹായിച്ചു. അതിനുശേഷം അവൻ ഹുസൂർക്ക് തിരിച്ചുപോയി. ഇപ്പോളവൻ ഫോളോ അപ്പിലാണ്.

ഓരോ വർഷവും സ്കൂൾ തുറക്കുന്ന സമയത്ത് എന്റെ മകന് വേണ്ടി സ്ക്കൂൾ ബാഗ് വാങ്ങിക്കുമ്പോൾ ഫോളോ അപ്പിന് വരുന്ന അവനും ബാഗിനും, യൂണിഫോമിനുമുള്ള ഒരു പങ്ക് ഞാൻ കൊടുക്കുമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി അവനെന്നെ കാണാൻ വരാറില്ല. മാത്രമല്ല അവന്റെ കയ്യിൽ നിന്ന് എന്റെ ഫോൺ നമ്പർ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ നിന്ന് എങ്ങനെയോ എന്റെ നമ്പർ അവൻ തപ്പിയെടുക്കുകയും ഞാൻ തിരുവനന്തപുരത്തില്ലാത്തത് കൊണ്ട് കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ച എന്നെ കാണാൻ വരികയും ചെയ്തു. ഒരു കാലിന്റെ എല്ലിന് ചെറിയൊരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടി വന്നേക്കുമെങ്കിലും ഇന്നവൻ വളരെ നോർമലായി പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു. ഇന്ന് അവനെ കണ്ടതിൽ എനിക്ക് വളരെയധികം സന്തോഷം തോന്നി. കാരണം ഞാൻ സ്വതന്ത്രമായി ചികിത്സ ആരംഭിച്ചിട്ട് ആദ്യമായി ചെയ്ത ഒരു ബോൺ ട്യൂമർ ആയിരുന്നു അവന്റേത്. അവൻ ഇന്ന് നല്ല ആരോഗ്യത്തോടു കൂടി മിടുക്കനായി ഇരിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. അന്ന് അവനെ ചികിത്സിക്കാൻ സഹായിച്ച തിരുവനന്തപുരത്തെ നല്ലവരായ എന്റെ കൂട്ടുകാരെയും, ഡോക്ടർ സുബിനെയും ഞാനീ അവസരത്തിൽ നന്ദിയോടെ ഓർക്കുകയാണ്.

ചികിത്സിക്കാൻ പണം ഒരു വിഷയമാണെങ്കിലും പണം ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ചികിത്സ അപ്രാപ്യമാകരുത് എന്ന ഒരു ഇച്ഛാശക്തി നമുക്കോരോരുത്തർക്കും വേണം. തിരുവനന്തപുരത്ത് റീജിയണൽ ക്യാൻസർ സെന്ററിൽ ഓരോ കുട്ടികൾക്കും ഫ്രീ ആയിട്ടുള്ള ചികിത്സ കൊടുക്കുന്നത് ഒരു യാഥാർത്ഥ്യമാണെങ്കിലും അതിനപ്പുറത്തേക്ക് ക്യാൻസർ ബാധിച്ച സാമ്പത്തിക ശേഷിയില്ലാത്ത ഇത്തരം കുട്ടികളുടെ ചികിത്സ കൂടി ഒരു സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി കണ്ടു കൊണ്ട് അതിനു വേണ്ടിയുള്ള ഒരു ഫണ്ട് സമാഹാരണത്തിലേർപ്പെടണം. ലിബിൻ നല്ലൊരു മാതൃകയായി ഇന്നെന്റെ മുമ്പിലുണ്ട്. ഒരു ഡോക്ടർ എന്ന നിലയിൽ ചികിത്സാ വിധികൾക്കപ്പുറത്ത് ഇത്തരം മാനുഷികമൂല്യങ്ങൾക്ക് കൂടി ഞാൻ വിലകൽപ്പിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്യാൻസർ ബാധിച്ച പല കുട്ടികളെയും ചികിത്സിക്കാനും, അതിലുപരി അവർക്കൊരു സഹായ ഹസ്തം നീട്ടുവാനും എനിക്ക് പ്രേരണയും,പ്രചോദനവും തന്നത് ലിബിൻ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് ലിബിനെ കാണുമ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നതും..!

സ്നേഹപൂർവ്വം..
നിങ്ങളുടെ ബോബൻ തോമസ്.