രാജാവ് നഗ്നനാണ്

രാജാവ്   നഗ്നനാണ്

ഈ ലേഖനം വായിക്കുന്ന സഹൃദയരായ വായനക്കാരോട് പറയുവാനുള്ളത് ..

ഇത് ഏതെങ്കിലും വ്യക്തികളെയോ, സ്ഥാപനത്തെയോ കുറ്റപ്പെടുത്താനോ, ഇകഴ്ത്തി കാട്ടാനോ ഉദ്ദേശിച്ചുള്ളതല്ല എന്നതാണ്. ഞാൻ കൂടി ഉൾപ്പെടുന്ന മെഡിക്കൽ ഫ്രറ്റേർണിറ്റിയുടെ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങൾക്ക് വേണ്ടിയുള്ള സദുദ്ദേശപരമായ വിമർശനങ്ങൾ മാത്രമാണെന്ന് വിനീതമായി മനസ്സിലാക്കുക.

പരിമിതമായ സാഹചര്യങ്ങൾ കാരണം ചികിത്സ നിഷേധിക്കപ്പെട്ട ഒരു കുഞ്ഞിനെ കുറിച്ചുള്ള മനോവേദനയാണ് ഈ ലേഖനത്തിന് ആധാരം. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ നിരഞ്ജൻ എന്ന ഏഴുവയസ്സുകാരനും, അവന്റെ മാതാപിതാക്കളും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സിച്ച കടലാസുകളുമായി അവരെന്റെ ഒ.പി യിലേക്ക് വന്നത്. നിരഞ്ജന് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL) എന്ന ഒരു ബ്ലഡ് ക്യാൻസർ ആയിരുന്നു. അവന്റെ ചികിത്സ തീർന്നത് 2021 മാർച്ചിലാണ്. ലുക്കിമിയ ഉള്ള കുട്ടികൾക്ക് മെയിൻറനൻസ് കീമോതെറാപ്പി കഴിഞ്ഞതിനുശേഷം ഒരു CSF അനാലിസിസ് ചെയ്യാറുണ്ട്. അതായത് തലച്ചോറിന്റെ ചുറ്റുമുള്ള സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത് പരിശോധനക്ക് അയക്കാറുണ്ട്. അക്യൂട്ട് ലുക്കീമിയയുടെ ഒരു ഒളിസങ്കേതമാണ് CSF. രക്തത്തിലും, മജ്ജയിലും അസുഖം പൂർണമായി മാറിയാലും CSF ൽ അസുഖം മാറാതിരിക്കാനോ, തിരിച്ചുവരാനോ ഉള്ള സാധ്യതയുണ്ട്. അത് കണ്ടുപിടിക്കാനാണ് CSF അനാലിസിസ് ചെയ്യുന്നത്.

നിർഭാഗ്യവശാൽ മാർച്ചിൽ ചെയ്ത CSF അനാലിസിസിൽ നിരഞ്ജന്റെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡിൽ ക്യാൻസർ കോശങ്ങൾ കാണുകയുണ്ടായി. CNS relapse എന്ന് ഞങ്ങൾ വിളിക്കുന്ന സാഹചര്യമായിരുന്നു അത്. വളരെ പെട്ടെന്ന് തന്നെ തുടർ ചികിത്സ എടുത്തില്ലെങ്കിൽ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് രോഗം പടരാൻ സാധ്യതയുള്ള അവസ്ഥ. ഇതിനുള്ള ചികിത്സ കീമോതെറാപ്പി പുനരാരംഭിക്കുകയും, ‘Allogeneic Bone marrow Transplant’ എന്ന പ്രൊസീജിയർ ചെയ്യുക എന്നുള്ളതുമാണ്.

പ്രായമേറിയവരിൽ അലോജനിക് ട്രാൻസ്പ്ലാൻറ് ചെയ്യുന്ന ആശുപത്രികൾ കേരളത്തിലുടനീളമുണ്ടെങ്കിലും നിർഭാഗ്യവശാൽ കുഞ്ഞുങ്ങളിൽ ഇത് ചെയ്യുന്ന സെന്ററുകൾ വളരെ പരിമിതമായ തോതിലാണ്. അതിലൊന്ന് എന്റെ സുഹൃത്തും, ഹെമറ്റോളജിസ്റ്റുമായ ഡോക്ടർ നീരജ് സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ അമൃതയിലും, മറ്റൊന്ന് മലബാർ ക്യാൻസർ സെൻററിലുമാണ്. അതിൽ മലബാർ ക്യാൻസർ സെന്ററിലേത് ഈ അടുത്ത കാലത്ത് ആരംഭിച്ചതാണ്. എന്റെ അറിവിൽ കേരളത്തിൽ വളരെ കുറച്ച് കുട്ടികളിൽ മാത്രമേ ഈ അലോജനിക് ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നടന്നിട്ടുള്ളൂ. ഇന്നും കേരളത്തിലെ ഒട്ടുമിക്ക കുട്ടികളും ചെന്നൈയിലെ അപ്പോളോയോ, മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിനെയോ ആണ് ഇതിന് വേണ്ടി ആശ്രയിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ തന്നെ ആദ്യമായി പീഡിയാട്രിക് ഓങ്കോളജിക്ക് പ്രത്യേക ഡിപ്പാർട്ട്മെൻറ് തന്നെ നിലവിൽ വന്ന തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻറർ എന്ന വലിയ സ്ഥാപനത്തിൽ ഇതിനുള്ള സൗകര്യമില്ലെന്ന് പറയുന്നത് ഖേദകരമാണ്.

കേരളത്തിലെ ആദ്യകാല ക്യാൻസർ ചികിത്സകനും, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിന്റെ മുൻ ഡയറക്ടറുമായിരുന്ന ഡോ. എം കൃഷ്ണൻ നായർ സാർ ഈ മേഖലയിൽ പ്രകടിപ്പിച്ച ക്രാന്തദർശനങ്ങൾക്ക് ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതിലൊന്ന് പീഡിയാട്രിക് ഓൺകോളജിയിൽ ട്രെയിനിങ്ങ് ലഭിച്ച ഒരു ഡോക്ടറെ വിദേശത്ത് നിന്ന് കണ്ടെത്തുകയും അവരെ ആർ.സി.സി യിൽ പീഡിയാട്രിക് ഓൺകോളജി ഡിപ്പാർട്ട്മെന്റ് തുടങ്ങാൻ നിയോഗിക്കുകയും ചെയ്തു എന്നുള്ളതാണ്. കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും തിരുവനന്തപുരത്തേക്ക് 2011 ൽ വന്നതിന് ശേഷം എനിക്ക് വളരെ അടുത്തറിയാൻ സാധിച്ച സവിശേഷ വ്യക്തിത്വമായിരുന്നു സാറിന്റേത്. ആരെയും കുറ്റപ്പെടുത്തുകയല്ല എന്നാൽ കൃഷ്ണൻ നായർക്ക് ശേഷം അത്രകണ്ട് ദീർഘവീക്ഷണത്തോടു കൂടി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പിന്നാലെ വന്നവർക്കായില്ല എന്നത് ഖേദകരമായ വസ്തുതയാണ്.

ആർ.സി.സി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ക്യാൻസർ ആശുപത്രിയാണെന്നതും, അവിടെ കേരളത്തിലെ ആകെ രോഗികളിൽ മൂന്നിലൊന്നോളം പേർ ചികിത്സ തേടുന്നുവെന്നതും ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ആശുപത്രിയുടെ വലിപ്പത്തിലും, ചികിത്സിക്കുന്ന രോഗികളുടെ എണ്ണത്തിലുമുപരി വിപ്ലവകരവും, നൂതനവുമായ ലെവൽ ഓഫ് ട്രീറ്റ്മെന്റ് കാണാൻ കഴിയുന്നില്ല എന്നത് ഖേദകരമാണ്. അതുകൊണ്ടാണല്ലോ ഡിപ്പാർട്ട്മെൻറ് തുടങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും അവിടെ ഒരു പീഡിയാട്രിക് ബോൺമാരോ ട്രാൻസ്പ്ലാൻറ് വന്നിട്ടില്ല എന്നുള്ളത്. അതു പോലെ തന്നെ പ്രതീക്ഷക്കൊത്തുള്ള പുതിയ അക്കാദമിക് റിസർച്ചുകളാകട്ടെ, റോബോട്ടിക് ശസ്ത്രക്രിയകൾ പോലെയുള്ള പുതിയ ടെക്നോളജികളാകട്ടെ ഒന്നും വന്നിട്ടില്ല എന്നുള്ളതും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. അതുപോലെ തന്നെ പെരിട്ടോണിയൽ കാർസിനോമ എന്ന രോഗത്തിന് ‘ഹൈപ്പെക്’ (Hipec) എന്ന ശസ്ത്രക്രിയ ഇന്ന് ലോകത്തും വിശിഷ്യാ കേരളത്തിലും ഓൺകോളജി ഡിപ്പാർട്ടുമെന്റുള്ള എല്ലാ ആശുപത്രികളിലും ധാരാളമായി ചെയ്യുന്നതാണ്. എന്നാൽ തിരുവനന്തപുരം ആർ.സി.സി യിൽ ഇന്നും ഈ ശസ്ത്രക്രിയ ചെയ്യുന്നില്ല എന്നുള്ളത് വളരെ പരിതാപകരമായ ഒരു കാര്യമാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ റേഡിയേഷൻ മെഷീനുകളുള്ള (എന്റെ അറിവ് ശരിയാണെങ്കിൽ അഞ്ചോ, ആറോ) ഒരു സ്ഥാപനം ആർ.സി.സി യാണ്. എങ്കിൽ പോലും മോഡേൺ റേഡിയേഷൻ ഓൺകോളജിയിൽ ഉപയോഗിക്കുന്ന സൈബർ നൈഫ്, എസ്.ബി.ആർ.ടി പോലെയുള്ള റേഡിയേഷൻ തെറാപ്പിയില്ല എന്നത് വളരെ വേദനാജനകമായ ഒരു കാര്യമാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ ഒരു സ്ഥാപനത്തിൽ ഇന്നും ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള റേഡിയേഷൻ ടെക്നോളജിയില്ല എന്ന് പറയുന്നത് നീതീകരിക്കാനാവാത്ത വസ്തുതയാണ്.

ഈയടുത്ത ദിവസം ആർ.സി.സി യിൽ ലിഫ്റ്റിൽ നിന്ന് വീണ് ദാരുണമായി മരണപ്പെട്ട കൊല്ലം സ്വദേശിയായ നാദിറ എന്ന പെൺകുട്ടി നമ്മുടെ ഓർമ്മകളിലുണ്ട്. ഒരു നിർധന കുടുംബത്തിൽ നിന്ന് വരുന്ന നാദിറ അമ്മയുടെ ചികിത്സക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു. ചികിത്സയുമായി ബന്ധമില്ലെങ്കിൽ പോലും ഒരാധുനിക ചികിത്സാ കേന്ദ്രത്തിൽ ഒരിക്കലും നടക്കരുതാത്ത ഒരു കാര്യമായിരുന്നു അത്. കൃത്യ വിലോപത്തിന്റെ അല്ലെങ്കിൽ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാത്രമേ നമുക്കതിനെ നോക്കിക്കാണാൻ കഴിയൂ. നാദിറയുടെ മരണത്തിന് ശേഷം ആ കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്കുകയുണ്ടായി. നിർധനരായ ആ കുടുംബത്തെ സഹായിച്ചത് നല്ല കാര്യം തന്നെ. പക്ഷേ ആ പണം ആർ.സി.സിയുടെ ഡെവലപ്മെൻറിന് വേണ്ടിയിട്ടാണ് ഉപയോഗിക്കേണ്ടിയിരുന്നതെന്നാണ് എനിക്ക് പറയുവാനുള്ളത്. ഞാനുൾപ്പെടുന്ന നികുതി ദായകരുടെ പണം നല്കേണ്ടത് ആർ.സി.സിയെ പോലുള്ള ഗവൺമെന്റ് സ്ഥാപനങ്ങളുടെ വികസനത്തിനായിട്ടാണ്. അല്ലാതെ വ്യക്തികൾ കാണിക്കുന്ന കെടുകാര്യസ്ഥതക്കുള്ള നഷ്ടപരിഹാരമായിട്ടല്ല എന്നു കൂടി ഈയൊരവസരത്തിൽ പറയുവാനാഗ്രഹിക്കുന്നു.

ഒരു കാലത്ത് കേരളത്തിൽ ക്യാൻസറിന് ചികിത്സിക്കാനുള്ള ഏക ആശ്രയം ആർ.സി.സി ആയിരുന്നു. എന്നാൽ ഇന്ന് സർക്കാർ മേഖലയിലും, സ്വകാര്യമേഖലയിലും ഉള്ള നിരവധി മെഡിക്കൽ കോളേജുകളിലും, സ്വകാര്യ ആശുപത്രികളിലും ക്യാൻസറിന് ചികിത്സിക്കുന്ന പ്രഗത്ഭരായിട്ടുള്ള ഡോക്ടർമാരുൾപ്പെടുന്ന വളരെ നല്ല ഡിപ്പാർട്ട്മെൻറുകൾ നിലവിലുണ്ട്. എങ്കിലും കേരളത്തിലെ ആദ്യത്തെ ചികിത്സാ കേന്ദ്രം എന്ന നിലയിലും, സർക്കാരിന്റെ പ്രഥമ പരിഗണന ലഭിക്കുന്ന, ഈ രംഗത്ത് മാതൃകാ പരമായ ചുവട് വെക്കാൻ കഴിയുന്ന വലിയ ഇൻഫ്രാസ്ട്രക്ചറുള്ള ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിലും വലിയ പ്രസക്തിയാണ് ആർ.സി.സിക്ക് ഉള്ളത്.

എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ള ഒരുപാടുപേർ ആർ.സി,സി യിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ അവരുൾപ്പെടെയുള്ള പലരും നെറ്റി ചുളിച്ചേക്കാം. എങ്കിലും രാജാവ് നഗ്നനാണെന്ന് പറയാതെ തരമില്ല. ഇതിന്റെ ഉദ്ദേശ്യശുദ്ധിയുടെ പേരിൽ നിങ്ങളുൾക്കൊള്ളും എന്നെനിക്കുറപ്പുണ്ട്. പൊതുവിൽ ആർ.സി.സി യെ വിമർശിക്കുന്നത് തിരിച്ചുള്ള വിമർശനങ്ങൾക്ക് ഇടയാക്കും എന്ന ധാരണയുണ്ട്. അതുകൊണ്ട് പൊതുവിൽ മാധ്യമങ്ങളും, ഈ രംഗത്ത് പ്രവർത്തിക്കുന്ന സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പോലും ഇത്തരം വിമർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് പതിവ്.

എന്ന്

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |