മൂന്നാം പക്കത്തിലെ മുത്തശ്ശൻ

മൂന്നാം പക്കത്തിലെ മുത്തശ്ശൻ

നമ്മളിൽ പലരുടെയും വിനോദോപാധികളിൽ പ്രഥമ സ്ഥാനത്തുള്ള കലാരൂപമാണ് സിനിമ.
ഓരോ പുതിയ സിനിമയും തൊട്ടു മുൻപു കണ്ട സിനിമകളെ റദ്ദ് ചെയ്യുകയും, ഓർമ്മകളുടെ പിന്നാമ്പുറത്തേക്ക് തള്ളിവിടുകയും ചെയ്യും.
എന്നാൽ കാലത്തെയും, ജീവിതത്തെയും അതിജീവിക്കുന്ന ചില കഥാപാത്രങ്ങൾ ഓർമ്മകളുടെ അഭ്രപാളികളിൽ എന്നും തെളിഞ്ഞുനിൽക്കും.
ദശാബ്ദങ്ങൾക്കിപ്പുറവും മലയാളികളുടെ മനസ്സിൽ സ്നേഹത്തിൻ്റെയും, വാത്സല്യത്തിന്റെയും ഒരു അപ്പൂപ്പൻ രൂപം നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അത് പത്മരാജൻ എന്ന അതുല്യ സംവിധായകൻ സമ്മാനിച്ച മൂന്നാംപക്കം എന്ന സിനിമയിലെ തിലകൻ ചേട്ടൻ്റെ കഥാപാത്രമാണ്.
തമ്പി എന്ന കാരണവർ.
ഭാസി എന്ന തൻ്റെ കൊച്ചു മകനോട് വയോവൃദ്ധനായ ആ അപ്പൂപ്പൻ കാണിക്കുന്ന സ്നേഹ ലാളനകൾ അവർണ്ണനീയമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
കൊച്ചു മകൻ്റെ അകാല വിയോഗം സമ്മാനിച്ച ദുഃഖം അദ്ദേഹത്തിന് താങ്ങാൻ കഴിയുന്നതിൽ ഏറെയായിരുന്നു. തുടർന്ന് സ്വയം മരണത്തിന് കീഴടങ്ങുന്ന ആ വൃദ്ധന്റെ മുഖം ഒരുപാട് നൊമ്പരങ്ങളോടെ ഇന്നും നമ്മുടെ മനസ്സുകളിൽ തങ്ങി നിൽക്കുന്നുണ്ടാകും. അതുപോലെയൊരു മുത്തശ്ശനെ ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല.
“””””””””””””””””””””””””””””””””””””””
നാലുവർഷമായി അതുപോലൊരു മുത്തശ്ശനെ ഞാൻ കാണുന്നുണ്ട്.
പേരറിയാത്ത ഒരു മുത്തശ്ശൻ.!
ഞാനും, എൻ്റെ സഹപ്രവർത്തകരായ ഡോക്ടർമാരും, നഴ്സുമാരും അദ്ദേഹത്തെ ‘കൈലാസിൻ്റെ മുത്തശ്ശൻ’ എന്ന് വിളിക്കും.
എല്ലുകളിൽ ബാധിക്കുന്ന അർബുദവുമായി(Ewing Sarcoma) ഏകദേശം നാലു വർഷങ്ങൾക്കു മുൻപാണ് കൈലാസ് പ്രേം എന്ന കുട്ടി എന്നെ കാണാൻ വരുന്നത്.
ഡയഗ്നോസിസിൻ്റെ സമയത്ത് തന്നെ വളരെ അഡ്വാൻസ്ഡ് സ്റ്റേജിലുള്ള ട്യൂമറായിരുന്നു അവൻ്റേത്.
അവന് കീമോതെറാപ്പിയും കൂടെ റേഡിയേഷനും എടുക്കേണ്ടി വന്നു.
അവൻ്റെ അച്ഛൻ പട്ടാളത്തിലായിരുന്നു.
അതുകൊണ്ടുതന്നെ ലീവിന് വരുന്ന അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമേ ഞാനദ്ദേഹത്തെ കണ്ടിട്ടുള്ളൂ.
എന്നാൽ അമ്മയുടെ കൂടെ എല്ലാ ആശുപത്രി സന്ദർശന വേളകളിലും കൈലാസിൻ്റെ മുത്തശ്ശൻ ഉണ്ടായിരുന്നു.
കൊച്ചു മകൻ്റെ രോഗത്തെക്കുറിച്ചും, ഓരോ ഘട്ടത്തിലുമുള്ള ചികിത്സയെക്കുറിച്ചുമെല്ലാം വന്ദ്യവയോധികനായ അദ്ദേഹം എന്നോട് ചോദിച്ച് മനസ്സിലാക്കുമായിരുന്നു.
കൊച്ചു മകനെക്കുറിച്ചുള്ള ഉൽകണ്ഠ അദ്ദേഹത്തിൻ്റെ മുഖത്ത് നിന്നും ഞാൻ വായിച്ചെടുക്കുമായിരുന്നു.
കൈലാസിൻ്റെ ചികിത്സ സംബന്ധിച്ച എല്ലാ കാര്യങ്ങളും നിർവ്വഹിച്ചിരുന്നത് അദ്ദേഹം തന്നെയായിരുന്നു.
ഏകദേശം രണ്ടു വർഷത്തോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷം അവർ തിരിച്ചു പോകുമ്പോൾ മഴക്കാറുകൾ നീങ്ങിയ ആകാശം പോലെ പ്രസന്നവദനനായിരുന്നു കൈലാസിൻ്റെ മുത്തശ്ശൻ.
കൈലാസിൻ്റെ സ്കാനിങ്ങിൽ എല്ലാം നോർമൽ ആയിരുന്നു.
അതിനുശേഷമുള്ള ചെക്കപ്പിന് ഓരോ തവണ വരുമ്പോഴും വളരെ സന്തോഷഭരിതരായിരുന്നു ആ കുടുംബം.

എന്നാൽ വിധി അവരുടെ സന്തോഷത്തിന് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി. ആറു മാസങ്ങൾക്ക് മുൻപ് കൈലാസിന് വീണ്ടും എല്ലുകളിൽ വേദന അനുഭവപ്പെടുകയും എൻ്റെയടുത്ത് വരികയും ചെയ്തു.
സ്കാനിംഗിൽ പ്രത്യേകിച്ചൊന്നും ദൃശ്യമാകാതിരുന്നത് കൊണ്ട് ഒരു ബോൺ മാരോ (Bone Marrow) എടുത്തു. അതിൽ നിന്നും അവൻ്റെ അസ്ഥികളുടെ ഉള്ളിലുള്ള മജ്ജയിൽ ക്യാൻസർ തിരിച്ചുവരുന്നതായി കണ്ടെത്തി. അതിനെ തുടർന്ന് അവന് വീണ്ടും കീമോതെറാപ്പി ആരംഭിച്ചു.
വേദന കടിച്ചമർത്തിയിരിക്കുന്ന കൈലാസിൻ്റെ മുത്തശ്ശൻ്റെ മുഖമാണ് ഞങ്ങളെ ഏറെ നൊമ്പരപ്പെടുത്തിയത്.
അപ്പോഴാണ് എൻ്റെ സഹപ്രവർത്തകനായിരുന്ന ഡോക്ടർ ഗണേഷ് മൂന്നാംപക്കത്തിലെ മുത്തശ്ശനുമായി അദ്ദേഹത്തിനുള്ള സാമ്യം ശ്രദ്ധയിൽപ്പെടുത്തിയത്. വളരെ അർത്ഥവത്തായ ഒരു താരതമ്യം തന്നെയാണ് അതെന്ന് എനിക്കും ബോധ്യമായി. എവിംഗ് സാർക്കോമ തിരിച്ചുവന്നാൽ ഹൈഡോസ് കീമോതെറാപ്പി കൊടുത്ത് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെങ്കിലും അതെത്രത്തോളം വിജയകരമാകുമെന്ന് നമുക്കാർക്കും പറയാൻ കഴിയില്ല.

നാല് സൈക്കിൾ കിമോതെറാപ്പി എടുത്തതിനുശേഷം സ്കാനിങ്ങിൽ നല്ല രീതിയിലുള്ള പുരോഗതിയാണ് പ്രകടമായത്. സ്കൂളിൽ പോകണമെന്ന് അവൻ്റെ ആഗ്രഹത്തിന് ഞാൻ എതിരു നിന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അവനെന്നെ കാണാൻ വരുമ്പോൾ താടിയെല്ലിൽ ഒരു മുഴ ദൃശ്യമായിരുന്നു. സി. ടി സ്കാനിങ്ങിൽ അസുഖം തിരിച്ചുവരുന്നതായി കണ്ടു. മരുന്ന് എടുക്കുമ്പോൾ തന്നെ അസുഖം തിരിച്ചുവരുന്ന വളരെ പ്രയാസകരമായ ഒരു സ്ഥിതി വിശേഷം. അവനെ പുറത്തിരുത്തി അച്ഛനോടും മുത്തശ്ശനോടും ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചു. ഏകദേശം മൂന്നു വർഷത്തിനടുത്തുള്ള മാനസിക അടുപ്പം മൂലം വളരെയധികം ബുദ്ധിമുട്ടോടും പ്രയാസത്തോടും കൂടിയാണ് അവരോട് സംസാരിച്ചത്. ഒന്നും മിണ്ടാതെ കണ്ണുനീരോടെ നിന്ന അവൻ്റെ അമ്മയേയും മുത്തശ്ശനേയും എന്തു പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

മുതിർന്നവരെപോലെയല്ല കുട്ടികൾ. നിഷ്കളങ്കരായ അവരുടെ വേദനയിലും പ്രയാസത്തിലും എത്ര കരുത്തുള്ളവരും തകർന്നു പോകും. കുട്ടികളുടെ ക്യാൻസർ ചികിത്സിക്കുന്ന ഓരോ ഡോക്ടറും ചിലപ്പോഴെങ്കിലും ഇത്തരം വേദനാജനകമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നമ്മുടെയൊക്കെ കുട്ടികളുടെ പ്രായമുള്ള കുട്ടികളെ ചികിത്സിക്കുകയും, രോഗം പൂർണമായി ഭേദമായെന്ന ആശ്വാസത്തിൻ്റെയും, സന്തോഷത്തിൻ്റെയും നിമിഷങ്ങളിൽ നിന്ന് പൊടുന്നനെ അത് തിരിച്ചു വരുമ്പോൾ പടക്കളത്തിൽ കയ്യിലുള്ള മുഴുവൻ ആയുധങ്ങളും നിർവീര്യമായ നിസ്സഹായരായ പോരാളികളായി കണ്ണീർ വാർക്കാനേ നമുക്ക് കഴിയൂ..!
ആ നിസ്സഹായതയിൽ ആത്മാർത്ഥമായി സ്നേഹിക്കുന്ന പ്രൊഫഷനെ പോലും ഒരു നിമിഷത്തേക്ക് നമ്മൾ വെറുത്തു പോകും.!. മകനെ നഷ്ടപ്പെടാതിരിക്കാനുള്ള വ്യഗ്രതയിൽ എന്തും ചെയ്യാനുള്ള പൂർണ്ണസ്വാതന്ത്ര്യം തന്ന് നുറുങ്ങ് പ്രതീക്ഷകളും പേറി ജീവിക്കുന്ന കുടുംബത്തിന് മുൻപിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത നിസ്സഹായമായ അവസ്ഥ വളരെ വേദനാജനകമാണ്.
നാളുകൾ കഴിയുമ്പോൾ ഡോക്ടർ എന്ന നിലയിൽ ഞാനിതു മറക്കുമായിരിക്കും. എന്നാൽ ആ കുഞ്ഞിൻ്റെ അമ്മയെയും, സ്നേഹനിധിയായ മുത്തശ്ശനെയും ഓർക്കുമ്പോൾ……………

-ഡോ. ബോബൻ തോമസ്

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |