പ്രിയപ്പെട്ട ഷെം.., നീ എനിക്ക് ആരായിരുന്നു.!?

പ്രിയപ്പെട്ട ഷെം.., നീ എനിക്ക് ആരായിരുന്നു.!?

2021 ന്റെ അവസാനമാണ് ഞാൻ ഷെമ്മിനെ ആദ്യമായി കാണുന്നത്. അതിന് മുൻപേ തന്നെ അവൻ്റെ മെഡിക്കൽ റിപ്പോർട്ട് ബന്ധുക്കൾ മുഖേന കണ്ടിരുന്നു. ആ റിപ്പോർട്ട് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.!

“കൊറോയിഡ് പ്ലെക്സസ് കാർസിനോമ”(Choroid Plexus Carcinoma) എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ക്യാൻസർ ആയിരുന്നു ഷെമ്മിന്.

പഠിച്ച കാലത്തെപ്പോഴോ വായിച്ചറിഞ്ഞ, തീവ്രത കൂടിയ, ചികിത്സിക്കാൻ ബുദ്ധിമുട്ടേറിയ ഒരു ക്യാൻസറായിരുന്നു എനിക്കത്.

അനുഭവ പരിചയത്തിൽ ഒരിക്കൽ പോലും ഈ അസുഖവുമായി ആരും എൻ്റെ മുന്നിലേക്ക് കയറി വന്നിട്ടുണ്ടായിരുന്നില്ല.

നിഷ്കളങ്കമായ മുഖത്തോടെ ഷെം ഒ.പിയിലേക്ക് വന്നു. ആദ്യനോട്ടത്തിൽ തന്നെ അവൻ എനിക്ക് എങ്ങനെയോ പ്രിയപ്പെട്ടവനായി. ചില കുട്ടികൾ അങ്ങനെയാണല്ലോ. സ്വന്തം കുഞ്ഞിനോടുള്ള പോലെ ഒരു ആത്മബന്ധം എനിക്ക് അവനോട് തോന്നി. തീവ്രമായ ഈ അസുഖത്തിൽ നിന്ന് അവനെ എങ്ങിനെ തിരിച്ചുകൊണ്ടുവരണമെന്ന ചിന്ത മാത്രമായിരുന്നു അപ്പോഴെനിക്ക്.

എറണാകുളത്തായിരുന്നു അവൻ്റെ ചികിത്സ. വീട് കോട്ടയത്തായതിനാൽ ചികിത്സയും ഇവിടേക്ക് ഷിഫ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് അവരെന്നെ വന്ന് കാണുന്നത്.

പ്രയാസമേറിയ ആ ചികിത്സയ്ക്ക് മനസ്സ് കൊണ്ട് സജ്ജമായി.

ലിറ്ററേച്ചറുകൾ പരതി.

ബോംബെയിൽ എന്നെ പഠിപ്പിച്ച സീനിയർ പ്രൊഫസർമാരോട് ആകാംക്ഷയോടെ അന്വേഷിച്ചു.

ആർക്കും “കൊറോയിഡ് പ്ലെക്സസ് കാർസിനോമ” ചികിത്സിച്ച് മുൻ പരിചയമില്ല.

ഒടുവിൽ ലിറ്ററേച്ചറിൽ പറഞ്ഞ പ്രോട്ടോക്കോളിൽ ചികിത്സ തുടങ്ങി.

ചികിത്സയെക്കാളേറെ അവന് സ്നേഹവും പരിഗണനയും നൽകുവാനാണ് ശ്രമിച്ചത്.

രോഗിയാണെന്ന് അറിയിക്കാതെ അവൻ്റെ വികാരവിചാരങ്ങളോട് ചേർന്നുനിന്നു.

അവൻ വീൽചെയറിലാണ് വന്നുകൊണ്ടിരുന്നത്.

നടക്കുവാനും കേൾക്കുവാനും അവന് ബുദ്ധിമുട്ടുണ്ടായിരുന്നു.

അത്ഭുതമെന്ന് പറയട്ടെ ചികിത്സയിലുള്ള പുരോഗതി കൊണ്ട് നഷ്ടപ്പെട്ട അവൻ്റെ കേൾവി ശക്തി തിരിച്ചുകിട്ടി.!.

“ഡോക്ടറങ്കിളെ.. എനിക്കിപ്പോൾ കേൾക്കാൻ സാധിക്കുന്നുണ്ട്”

ഒരു ദിവസം വലിയ സന്തോഷത്തോടെ അവൻ പറഞ്ഞു.

അതിലും അത്ഭുതപ്പെടുത്തിയത് തളർന്നുപോയ അവൻ്റെ കാലുകൾക്ക് ചലനശേഷി ലഭിച്ചപ്പോഴാണ്.

ചികിത്സയുടെയും ഫിസിയോതെറാപ്പിയുടെയും ഫലമായി വീൽചെയറിലായിരുന്ന അവൻ പെട്ടെന്നൊരു ദിവസം ഒ.പി യിലേക്ക് നടന്നുവന്നു.

വളരെയധികം സന്തോഷം തോന്നിയ ദിനങ്ങളായിരുന്നു അത്.!

ഷെമ്മിന്റെ ഫാദർ സിബിയും ഞാനും കോട്ടയത്ത് വേറെ വേറെ സ്കൂളുകളിലാണ് പഠിച്ചിരുന്നതെങ്കിലും ഒരേ പ്രായക്കാരായിരുന്നു. എൻ്റെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന പലരും സിബിയുമായി കലാലയത്തിൽ ഒരുമിച്ചായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും പൊതുവായ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞാൻ താമസിച്ചുകൊണ്ടിരുന്ന കോട്ടയം മാങ്ങാനത്തെ വീടിനടുത്ത് തന്നെയായിരുന്നു സിബിയുടെ വീടും. ഷെമ്മിന്റെ മൂത്ത സഹോദരനായിരുന്ന ഷോൺ ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന സമയത്താണ് അവർക്ക് ദുബായ് വിടേണ്ടിവന്നത്. ഒരു അക്കാദമിക് ഇയറിന്റെ നിർണായക ഘട്ടത്തിൽ അവർക്ക് പഠനം പറിച്ചു നടേണ്ടിവന്നു. ഒടുവിൽ ഞാൻ പഠിച്ചിരുന്ന ഗിരിദീപം സ്കൂളിലെ അച്ചന്മാരോട് അവരുടെ സാഹചര്യത്തെ പറ്റി പറയുകയും അവിടെ അഡ്മിഷൻ ശരിയാക്കുകയും ചെയ്തു.

ചികിത്സ നല്ല രീതിയിൽ പുരോഗമിക്കുമ്പോഴും ബാക്ക് ഓഫ് ദ മൈൻഡിൽ എപ്പോഴും തിരിച്ചുവരാവുന്ന ഈ അസുഖത്തെ പറ്റിയുള്ള ആശങ്കയുണ്ടായിരുന്നു. നടന്നുവന്നിരുന്ന അവൻ്റെ കാലുകൾക്ക് ബലക്ഷയം സംഭവിക്കുന്നത് ഞെട്ടലോടുകൂടിയാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്.

പക്ഷേ അവനപ്പോഴും സന്തോഷവാനായിരുന്നു. വീൽചെയറിൽ വന്ന് കുശലം പറയും.

നിറഞ്ഞ് ചിരിക്കും.

ഈ പ്രയാസങ്ങളൊന്നും അവനെ അലട്ടിയിരുന്നില്ലെന്നാണോ അതോ ഞങ്ങളുടെ മുമ്പിൽ അങ്ങനെ ഭാവിച്ചതാണോ..?

അറിയില്ല.

സംഗീതം അവന് വളരെ പ്രിയപ്പെട്ടതായിരുന്നു. സഹോദരനുമായി ചേർന്ന് മ്യൂസിക്കൽ ഇൻസ്ട്രുമെൻസ് വായിക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു.

ചേട്ടനുമായി ചേർന്ന് ഒരു മ്യൂസിക്കൽ പരിപാടി നടത്തണമെന്ന് അവൻ ഏറെ ആഗ്രഹിക്കുന്നതായി ഒരിക്കൽ എന്നോട് പറഞ്ഞു.

കാരിത്താസ് ആശുപത്രിയിലെ ബിനു അച്ചനുമായി ഞാൻ സംസാരിച്ചു.

അങ്ങനെ അവൻ്റെ വലിയൊരു സ്വപ്നം പൂവണിയുന്നതിന് ഞങ്ങൾ വേദിയൊരുക്കി.

ക്ഷണിക്കപ്പെട്ട സദസ്യർക്ക് ഷെമ്മും സഹോദരനും കൂടി മികച്ച ഒരു സംഗീത വിരുന്ന് നൽകി.

കോട്ടയത്തെ എല്ലാ പത്രങ്ങളും നല്ല പ്രാധാന്യത്തോട് കൂടി അത് പ്രസിദ്ധീകരിച്ചു. ഷെം ഏറെ ആഹ്ലാദരിതനായ ഒരു സന്ദർഭമായിരുന്നു അത്.

തിരിച്ച് ദുബായിക്ക് പോകണമെന്ന് അവൻ ഏറെ ആഗ്രഹിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച് തൊട്ടടുത്ത ദിവസം ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ പ്രിയപ്പെട്ട സഹപാഠികളെയും ടീച്ചർമാരേയും കാണാനോ യാത്ര പറയാനോ അവന് കഴിഞ്ഞിരുന്നില്ല.

അതവനെ ഏറെ വേദനിപ്പിച്ചിരുന്നു.

കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ചേർന്ന് ജീവിതത്തിൻ്റെ ഏറ്റവും സുന്ദരമായ ബാല്യ-കൗമാരങ്ങൾ പങ്കിട്ട ഒരു കുട്ടി അവൻ്റെ ദു:സ്വപ്നങ്ങളിൽ ഒന്നിൽ പോലും നിഴലിക്കാത്ത ഒരു വഴിയിലൂടെയാണ് ഇപ്പോൾ നടക്കുന്നതെന്ന് ഞാൻ ഓർത്തു.

മനസ്സ് ഒരുപാട് സങ്കടപ്പെട്ടു.

ചേട്ടനെ കൂട്ടാതെ പോകാൻ അവന് ഇഷ്ടമില്ലായിരുന്നു. ഒടുവിൽ ചേട്ടൻ്റെ ക്രിസ്തുമസ് പരീക്ഷ കഴിയുന്നതുവരെ അവൻ കാത്തിരുന്നു.

ആ സമയത്ത് അവന് അസുഖം കൂടി വരുന്നതായി എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെങ്കിലും ദുബായിലേക്ക് പോകാനുള്ള അവൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.

കുടുംബവും അങ്ങനെയാണ് ചിന്തിച്ചത്.

എമർജൻസിയിൽ ഉപയോഗിക്കേണ്ട മരുന്നുകൾ അടക്കം എല്ലാ മുൻകരുതലുകളും എടുക്കുകയും, സ്കൂൾ റീ ഓപ്പൺ ചെയ്യുന്ന 2022 ജനുവരി രണ്ടാം തീയതി അവൻ്റെ പ്രിയപ്പെട്ട സ്കൂളിൽ എത്തി കൂട്ടുകാരെ കാണുകയും ചെയ്തു.

അവൻ വളരെ സന്തോഷവാനായിരുന്നു.

കൂട്ടുകാരോടും ടീച്ചർമാരോടും ഒപ്പം എടുത്ത ഫോട്ടോകൾ അവൻ എനിക്ക് അയച്ചിരുന്നു.

അതിൽ അവന് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.

തിരിച്ചു വന്നതിനുശേഷം അവൻ്റെ ആരോഗ്യനില പതുക്കെ മോശമാവാൻ തുടങ്ങി. പുതുതായി എന്തെങ്കിലും ചെയ്യാൻ പ്രത്യേകിച്ച് ഒരു ചികിത്സയും ഇല്ലായിരുന്നു. യൂറോപ്പിലെയും, അമേരിക്കയിലെയും പല ആശുപത്രികളുമായി, പ്രത്യേകിച്ച് പീഡിയാട്രിക് ഓങ്കോളജി സെൻററുകളുമായി ബന്ധപ്പെടുകയും ഏതെങ്കിലും ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായെങ്കിലും അവനെ ഉൾപ്പെടുത്തി മികച്ച ചികിത്സക്ക് വേണ്ടി ശ്രമിക്കുകയും ചെയ്തു.

എന്നാൽ കൊറോയിഡ് പ്ലെക്സസ് കാർസിനോമക്ക് അവരുടെ കയ്യിൽ ഒരു ഉത്തരം ഇല്ലായിരുന്നു.

അങ്ങനെ ആ ഉദ്യമവും പാഴായി. ജനിതകമായ പരിശോധനകൾ നടത്തിയെങ്കിലും അതിൽ നിന്നൊന്നും പ്രത്യേകിച്ചൊരു ടാർഗറ്റഡ് തെറാപ്പിയും തെളിഞ്ഞുവന്നില്ല. പല കീമോതെറാപ്പികൾ മാറി ഉപയോഗിച്ചുവെങ്കിലും, ഇടയ്ക്ക് ക്ഷണികമായ ചില പുരോഗതികൾ ഒഴിച്ചാൽ പതുക്കെ പതുക്കെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഒരു സപ്പോർട്ടീവ് കെയർ എന്നതിൽ കവിഞ്ഞ്

കൂടുതലായി ഒന്നും ചെയ്യാനില്ലെന്ന് അവന്റെ മാതാപിതാക്കളോട് വളരെ ഖേദത്തോടെ ഞാൻ പറഞ്ഞു.

ഈ കഴിഞ്ഞ ഫെബ്രുവരി 18ന് ഞാൻ തിരുവനന്തപുരത്ത് ആയിരുന്ന സമയത്ത് എൻ്റെ ജൂനിയറായിരുന്ന ഡോക്ടർ ആനിയുടെ കോൾ വന്നു.

“സാറേ ഷെമ്മിന്റെ ആരോഗ്യനില അല്പം മോശമാണ്”

“റെസ്പോൺസ് എല്ലാം കുറഞ്ഞുവരികയാണ്”

ഞാൻ സിബിയെ വിളിച്ചു.

സങ്കടകരമായ ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പറഞ്ഞു.

ഫെബ്രുവരി 19 രാവിലെ 5 ന് ആശുപത്രിയിൽ നിന്ന് ഷെമ്മിന്റെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ഫോൺ വന്നു.

ആസന്നമെങ്കിലും അവൻ്റെ മരണവാർത്ത കേട്ടപ്പോൾ ഞാൻ തകർന്നു പോയി.

ഫെബ്രുവരി 19 എൻ്റെ പതിനേഴാമത്തെ വിവാഹ വാർഷിക ദിനം കൂടിയാണ്.

അന്ന് രാവിലെ ഷെം കുട്ടൻ്റെ മരണവാർത്ത എത്തിയതോടെ എന്നോടൊപ്പം വിനയായും വലിയ വേദനയിലായി.

അവൾക്കും അവനോട് വലിയ ആത്മബന്ധം ഉണ്ടായിരുന്നു.

പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല.

അവൻ അയച്ചുതന്ന ഫോട്ടോകളും വീഡിയോയും കണ്ട് ആ ഓർമ്മകളുമായി ഞങ്ങൾ ഇരുവരും കിടന്നു.

സാധാരണ ഞായറാഴ്ച പള്ളിയിൽ പോകാത്ത ഞാൻ അന്ന് പള്ളിയിൽ പോകാൻ തീരുമാനിച്ചു. ചെന്നപ്പോഴാണ് അത് വലിയ നോയമ്പിന് മുൻപുള്ള പേത്രത്തയാണെന്ന് അറിയുന്നത്. പള്ളിയിൽ ഇരുന്ന മുഴുവൻ സമയവും ഞാൻ അവന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു. മെഡിക്കൽ സയൻസിന് ചെയ്യാൻ കഴിയുന്ന എല്ലാം ഞാൻ ചെയ്തു എന്ന ബോധ്യത്തിനും ആശ്വാസത്തിനും ഈ ഘട്ടത്തിൽ എന്ത് പ്രസക്തി.

ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ നമ്മൾ ഏറെ സ്നേഹിക്കുന്ന പ്രൊഫഷനെ പോലും വെറുത്തുപോകുന്ന അപൂർവ്വം ചില സന്ദർഭങ്ങൾ…

പക്ഷേ ഞാൻ അവനെ ഏറെ സ്നേഹിച്ചിരുന്നു.

ഡോക്ടർ എന്നതിലുപരി ഇതേ പ്രായത്തിലുള്ള മകനുള്ളതുകൊണ്ട് ഒത്തിരി സങ്കടം പേറേണ്ടി വന്ന അച്ഛനുമായി പോകുന്നു ഞാൻ. ഷെം നീ വളരെയധികം ഭാഗ്യവാനാണ്. നീ ജനിച്ചു വീണപ്പോൾ നിന്നെ സ്നേഹിക്കാൻ ഒരു പിതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ ലോകത്ത് നിന്ന് നീ യാത്രയായപ്പോൾ അതുപോലെ നിന്നെ സ്നേഹിച്ച മറ്റൊരു പിതാവിനെ കൂടി വേദനിപ്പിച്ചിട്ടാണ് നീ കടന്നുപോയത്. നീയെന്നെ പഠിപ്പിച്ച മറ്റൊരു പാഠം മരുന്നുകൾക്ക് അപ്പുറം സ്നേഹത്തിനും സ്നേഹബന്ധങ്ങൾക്കും രോഗ നിയന്ത്രണത്തിന് സ്വാധീനം ചെലുത്താൻ കഴിയും എന്നതാണ്. ഷെം നീ എനിക്ക് പിറക്കാതെ പോയ ഒരു മകൻ തന്നെ ആയിരുന്നു…!!

ഒത്തിരി ദുഃഖത്തോടെ..

ബോബൻ തോമസ്.