ഡോക്ടർ നസ്മിൻ.
34 വയസ്സ്.
ഏകദേശം 13 വർഷങ്ങൾക്ക് മുൻപാണ് നസ്മിനെ കാണുന്നത്. നസ്മിന്റെ ഉമ്മയ്ക്ക് ബ്രെസ്റ്റ് ക്യാൻസറായിരുന്നു. തിരുവനന്തപുരത്ത് ഞാൻ ആദ്യം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ഉമ്മയെ കൊണ്ട് വന്നത് നസ്മിന്റെ പിതാവായിരുന്നു.
പിന്നാലെ ഒരു ദിവസം നസ്മിൻ ഓ.പിയിലേക്ക് വന്നു. ഡോക്ടർ ആണെന്ന് സന്തോഷത്തോടെ പരിചയപ്പെടുത്തി. ഉമ്മയുടെ വിവരങ്ങൾ വളരെ വിശദമായി തന്നെ ആ കുട്ടി ചോദിച്ചു. സാധാരണ എം.ബി.ബി.എസ് കഴിഞ്ഞ പെൺകുട്ടി സംസാരിക്കുന്നതിലും പക്വതയോടെയായിരുന്നു നസ്മിന്റെ സംസാരം.
സ്വാഭാവികമായി നസ്മിനോട് വലിയ താല്പര്യം തോന്നി. മാതാവിന്റെ സർജറി, കീമോതെറാപ്പി, റേഡിയേഷൻ, ഹോർമോണൽ ചികിത്സ എന്നിവയ്ക്കൊപ്പം നിഴല് പോലെ നസ്മിനും കൂടെയുണ്ടായിരുന്നു.
കാര്യങ്ങൾ മനസ്സിലാക്കാനും അതിനോട് റിയാക്ട് ചെയ്യാനുമുള്ള നസ്മിന്റെ കഴിവ് എന്നെ വല്ലാതെ ആകർഷിച്ചു. ഏതൊരു കാര്യത്തെയും വളരെ പോസിറ്റീവായി സമീപിക്കുന്ന നസ്മിൻ എന്ന എം.ബി.ബി.എസ് കാരിക്ക് അധികം വൈകാതെ തന്നെ എന്റെ ജൂനിയറായി ആശുപത്രിയിൽ ജോലി തരപ്പെടുത്തി കൊടുത്തു. അന്ന് ജൂനിയേഴ്സ് ഇല്ലാതെ ഒറ്റയ്ക്കാണ് ഞാൻ ജോലി ചെയ്തിരുന്നത്.
ഏതൊരു സീനിയർ ഡോക്ടറും ആഗ്രഹിക്കുന്നതുപോലെ വളരെ പ്രോ-ആക്ടീവ് ആയി പ്രവർത്തിക്കുന്ന സഹപ്രവർത്തകയായിരുന്നു ഡോ.നസ്മിൻ. എന്ത് ചുമതലകൾ ഏൽപ്പിച്ചാലും പ്രതീക്ഷിക്കുന്നതിലും ഉത്തരവാദിത്വത്തോടെ വളരെ ഭംഗിയായി തന്നെ അവളത് നിറവേറ്റാറുണ്ടായിരുന്നു.
‘അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ’ എന്ന ബ്ലഡ് ക്യാൻസർ ഞങ്ങളൊരുമിച്ച് ചികിത്സിച്ച കാലഘട്ടം ഓർത്തുപോകുന്നു. വളരെ അഗ്രസീവായ പല ചികിത്സകളിലും നസ്മിൻ എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. രണ്ട് പുതിയരോഗികളും, നാല് കണ്ടിന്യൂവേഷൻ തെറാപ്പിയിലുള്ള രോഗികളുമടക്കം (ഞങ്ങളുടെ മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ രണ്ട് ഇൻഡക്ഷനും, നാല് കൺസോളിഡേഷനും) ആറ് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ കേസുകൾ എനിക്ക് ഒരേസമയം ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്.
അക്യൂട്ട് മൈലോയ്ഡ് ലുക്കിമിയ എന്ന ബ്ലഡ് ക്യാൻസറിന് ചികിൽസിക്കുമ്പോൾ അനുഭവിക്കുന്ന മാനസിക സംഘർഷം ഒരു മെഡിക്കൽ ഓൺകോളജിസ്റ്റിന് മാത്രമേ അറിയൂ. ബ്ലഡ് കൗണ്ട് ഉൾപ്പെടെയുള്ള പലതരത്തിലുള്ള കോംപ്ലിക്കേഷനുകൾ അഭിമുഖീകരിക്കേണ്ടി വരുന്ന; വളരെ ഇന്റൻസീവായ ചികിത്സ വേണ്ടുന്ന ഘട്ടമാണത്. ആ സമയത്തൊക്കെ എന്റെ വലംകൈയായി നിന്നത് ഡോക്ടർ നസ്മിനായിരുന്നു. നാല് സിസ്റ്റർമാരടക്കം ഞങ്ങൾ ആറുപേർ ഒരു ടീമായി ഒരേ മനസ്സോടെ ഒത്തൊരുമിച്ച് പ്രവർത്തിച്ചത് ഓർത്തെടുക്കുമ്പോൾ വലിയ സന്തോഷമുണ്ട്. അന്ന് ആറ് രോഗികളെയും നല്ല ചികിത്സ കൊടുത്ത് പുറത്തിറക്കാൻ ഞങ്ങൾക്ക് സാധിച്ചു. അതിന് മാനേജ്മെന്റിന്റെ കയ്യിൽ നിന്ന് സിസ്റ്റർമാർക്ക് ഒരു അഭിനന്ദന സർട്ടിഫിക്കറ്റ് വാങ്ങിച്ചു കൊടുത്തത് ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു.
പിന്നീട് നസ്‌മിന്റെ വിവാഹം കഴിഞ്ഞു. കല്യാണത്തിന് പോകണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ക്രിസ്തുമസ് സമയമായതിനാൽ അതിന് സാധിച്ചില്ല. അത്രയും ആഗ്രഹിച്ചിട്ടും പോകാൻ കഴിയാത്തതിൽ എനിക്ക് വലിയ പ്രയാസമുണ്ടായിരുന്നു.
പിന്നീട് നസ്മിന്റെ പിതാവിന് ഡയബറ്റിക്സ് മൂലമുള്ള കോമ്പ്ലിക്കേഷനുകൾ സംഭവിക്കുകയും കാല് മുറിച്ചുമാറ്റുന്ന ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു. വിഷമകരമായ ആ സാഹചര്യത്തിലും വളരെ പക്വതയോടെ തന്നെ ആ കുട്ടി അതിനെ നേരിട്ടു.
കുറച്ചു നാൾ കഴിഞ്ഞ് നസ്മിൻ ഒരു കുഞ്ഞിന്റെ മാതാവായി. ദുഃഖകരമെന്ന് പറയട്ടെ അതൊരു പ്രീമെച്വർ ബേബിയായിരുന്നു. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും മികച്ച നിയോനറ്റോളജി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ വളരെ അഗ്രസീവായ ചികിത്സ തന്നെ ആ കുഞ്ഞിന് കിട്ടി. അവിടുത്തെ സീനിയറായ ഡോക്ടർ ഒരു സമയത്ത് നമുക്കിത് നിർത്തിയേക്കാം, ഇനി കണ്ടിന്യൂ ചെയ്യേണ്ട എന്ന് പറഞ്ഞെങ്കിലും നസ്മിൻ തോൽക്കാൻ തയ്യാറായിരുന്നില്ല. അവർ തന്റെ മകന്റെ തുടർ ചികിത്സയോടൊപ്പം ഉറച്ചു നിന്നു.ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് നസ്മിന്റെ മനക്കരുത്ത് ഒന്നുകൊണ്ടു മാത്രമാണെന്ന് ഞാൻ വ്യക്തമായി ഓർക്കുന്നു.
ആ സമയത്ത് കുട്ടിയുടെ കാര്യം പറഞ്ഞ് പലപ്പോഴും നസ്മിൻ വിളിക്കുമായിരുന്നു. നിയോനറ്റോളജിയെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ടും, ചികിത്സിക്കുന്ന നവീൻ ജെയിൻ എന്ന എന്റെ സുഹൃത്തിലുള്ള വിശ്വാസം കൊണ്ടും ചികിത്സ തുടരാനുള്ള എല്ലാവിധ മാനസിക പിന്തുണയും ആ ഘട്ടത്തിൽ ഞാൻ കൊടുത്തിരുന്നു.
എന്നാൽ നിർഭാഗ്യങ്ങൾ നസ്മിനെ വിടാൻ ഒരുക്കമല്ലായിരുന്നു. ഏതാണ്ട് ഒരു വയസായപ്പോൾ കുഞ്ഞിന്റെ കിഡ്നിക്ക് തകരാറ് സംഭവിക്കുകയും ഡയാലിസിസ് വേണ്ടി വരികയും ചെയ്തു. പതിനഞ്ച് കിലോഗ്രാം തൂക്കമെങ്കിലും വന്നാലേ കിഡ്നി ട്രാൻസ്പ്ലാന്റ് സാധിക്കുകയുള്ളൂ എന്നതുകൊണ്ട് അതുവരെ ഡയാലിസിസ് തുടരുകയേ നിർവ്വാഹമുള്ളൂ. ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡയാലിസിസ് ചെയ്യുന്നത് കുട്ടിക്ക് സാധിക്കാത്തതുകൊണ്ട് വീട്ടിൽ തന്നെ ചെയ്യുന്ന പെരിട്ടോണിയൽ ഡയാലിസിസിലായിരുന്നു ആ കുഞ്ഞ്. നസ്മിൻ തന്നെയാണ് കുഞ്ഞിന് ഡയാലിസിസ് ചെയ്തിരുന്നത്.
ഈ കാലഘട്ടത്തിൽ അവർ ഹസ്ബൻഡ് ജോലി ചെയ്തിരുന്ന ഖത്തറിലേക്ക് പോയിരുന്നു. നാട്ടിൽ വരുമ്പോൾ എന്നെ വിളിക്കും മെസ്സേജുകൾ അയയ്ക്കും. മകന് പതിനഞ്ച് കിലോ ഭാരമാകുമ്പോൾ നസ്മിന്റെ തന്നെ കിഡ്നി ഡൊണേറ്റ് ചെയ്തുകൊണ്ട് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് മാത്രമായിരുന്നു അവർ ആഗ്രഹിക്കുന്നതെന്ന് പറയുമായിരുന്നു.
ഏകദേശം മൂന്നാഴ്ച മുൻപ് നസ്മിൻ എന്നെ വിളിച്ചിരുന്നു.
.
“സാറേ എനിക്ക് വയറ്റിലൊരു വേദനയുണ്ട്. എൻഡോസ്കോപ്പി ചെയ്യണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്”
നാട്ടിൽ വന്ന് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ബ്ലഡ് കൗണ്ടിൽ കാര്യമായ വ്യതിയാനം ഉണ്ടായിരുന്നു. കൂടുതൽ ടെസ്റ്റ് ചെയ്തപ്പോൾ ഞാൻ സംശയിച്ച പോലെ നസ്മിന് ലുക്കീമിയ ഡയഗ്നോസ് ചെയ്യുകയുണ്ടായി. ഒരിക്കൽ എന്നോടൊപ്പം അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ചികിത്സിച്ചിരുന്ന ആ കുട്ടിക്ക് അതേ അസുഖം ഡയഗ്നോസ് ചെയ്യുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ. ബ്ലഡിലെ കൗണ്ട് കുറയുന്നു. എപ്പോൾ വേണമെങ്കിലും ബ്ലീഡിങ്ങിന്റെ റിസ്ക് ഉണ്ട്. ഞാനിതെഴുതുമ്പോൾ നസ്മിൻ ഖത്തറിലെ ആശുപത്രിയിൽ അഡ്മിറ്റായി ട്രീറ്റ്മെന്റ് എടുക്കുകയാണ്.
ഖത്തറിലേക്ക് തിരിച്ച് പോകുന്നതിന് മുൻപും നസ്മിൻ പറഞ്ഞത് ഇത്രമാത്രമാണ്.
” സാറേ എനിക്ക് എന്തുവന്നാലും കുഴപ്പമില്ല. മോന് ട്രാൻസ്പ്ലാന്റ് ചെയ്തു കാണണമെന്ന് മാത്രമേയുള്ളൂ ഇനി ആഗ്രഹം. ”
“അതുവരെ എനിക്കൊന്ന് പിടിച്ചു നിൽക്കണം”.
ഇത്രയും വേദനകൾ നിറഞ്ഞ ജീവിതത്തിലൂടെ കടന്നുപോയിട്ടും വളരെ ബോൾഡായിട്ട് നസ്മിൻ അങ്ങനെ പറഞ്ഞപ്പോൾ ഞാനും വല്ലാതായി. ഉമ്മയുടെ ക്യാൻസറിന് ശേഷം കാല് മുറിച്ചു മാറ്റേണ്ടിവന്ന വാപ്പ. ആറ്റുനോറ്റ് പിറന്ന കുഞ്ഞിനാണെങ്കിൽ കിഡ്നി തകരാർ. ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന തന്റെ കുഞ്ഞിന് ഒരിക്കൽ കൈമാറാനുള്ള കിഡ്നിയുമായി ജീവിതത്തോട് മല്ലിടുമ്പോൾ ഒരു ലുക്കീമിയ പേഷ്യന്റായി ഡയഗ്നോസ് ചെയ്യപ്പെടുക. അങ്ങനെയുള്ള ഒരാളുടെ മാനസികാവസ്ഥ നമുക്ക് ഊഹിക്കുന്നതിനും അപ്പുറത്താണ്.
ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങൾ ജീവിതത്തിൽ വിടാതെ പിന്തുടർന്നിട്ടും അവളുടെ മനോവീര്യം എന്നെ അമ്പരപ്പെടുത്തുന്നു. തകർന്നുപോകുന്ന ഘട്ടങ്ങളിലൊക്കെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സ്വയം ഉയിർത്തെഴുന്നേറ്റ് വീണ്ടും വീണ്ടും പറക്കാൻ ശ്രമിച്ച ഡോക്ടർ നസ്മിൻ നമ്മളെയൊക്കെ അഗാധമായ സങ്കട കടലിലേക്ക് തള്ളിവിടുന്നു.
തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന് പറയുന്ന നസ്മിനെ ഞാൻ അടുത്തറിയുന്നു. അതുകൊണ്ടുതന്നെ ഈ ദുർഘട ഘട്ടത്തെയും അവൾ അതിജീവിക്കുമെന്ന പ്രത്യാശയും ശുഭാപ്തി വിശ്വാസവും എനിക്കുണ്ട്.
നസ്മിന് അസുഖം വന്നപ്പോൾ എനിക്ക് ആദ്യം തോന്നിയത്
“Life is totally unfair to some people ”
എന്നാണ്. ജീവിതം ചിലരോട് ഒരു കാരുണ്യവും കാണിക്കുന്നില്ല എന്ന ദുഃഖകരമായ സത്യം തിരിച്ചറിയാൻ മാത്രമേ നമുക്ക് കഴിയൂ. അതിനൊരു പ്രതിവിധി നമ്മുടെകയ്യിലില്ല. പതിമൂന്ന് വർഷമായി നസ്മിനെ അറിയാവുന്നതുകൊണ്ട് എനിക്കുറപ്പുണ്ട്…
She will overcome this….!!
ബോബൻ തോമസ്.