തലസ്ഥാനത്ത് എന്റെ പത്തുവർഷങ്ങൾ

തലസ്ഥാനത്ത് എന്റെ പത്തുവർഷങ്ങൾ

ഇന്ന് ജൂലൈ മാസം പത്ത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ട് പത്ത് വർഷം പൂർത്തിയായിരിക്കുന്നു. രണ്ടായിരത്തി പതിനൊന്നിൽ ഇത് പോലൊരു ജൂലൈ പത്തിന്…എന്റെ മുപ്പത്തിനാലാം പിറന്നാളിന്റെ പിറ്റേന്ന് വിനയായും, മൂന്ന് വയസ് മാത്രം പ്രായമുള്ള മൂത്ത മകൻ ഇമ്മാനുവേലുമായാണ് ആ യാത്ര തുടങ്ങുന്നത്.! തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മെഡിക്കൽ ഓങ്കോളജിസ്റ്റ് ആയി ചുമതലയേൽക്കാനായിരുന്നു അത്.

തികച്ചും അപരിചിതമായ ഒരു സ്ഥലം. അമ്മയുടെ സഹോദരിയും, അച്ചയുടെ ഫസ്റ്റ് കസിനും താമസിക്കുന്ന സ്ഥലം എന്ന നിലയ്ക്ക് സ്കൂളിൽ പഠിക്കുന്ന കാലത്തെ ചെറിയ ഓർമ്മകളേ ഉള്ളൂ. പിന്നൊരിക്കൽ വന്നത് എൻട്രൻസ് എക്സാമിനേഷൻ എഴുതുന്നതിന് വേണ്ടിയായിരുന്നു. അന്നൊന്നും ഇവിടെ വന്ന് താമസിക്കുമെന്നും, ജോലി ചെയ്യുമെന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.

കൊച്ചിയിൽ അമൃത ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയ്ക്കാണ് ഞാൻ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ മെഡിക്കൽ ഓൺകോളജിസ്റ്റായി ജോയിൻ ചെയ്യുന്നത്. അന്ന് കാരണങ്ങൾ നിരത്തി നിരുത്സാഹപ്പെടുത്തിയവരായിരുന്നു ഏറെ പേരും. ഭൂരിഭാഗം ജനങ്ങളും ഗവൺമെൻറ് ജീവനക്കാരായി ജോലി ചെയ്യുന്ന നഗരം. സെക്രട്ടറിയേറ്റിന്റെ മൂക്കിൻ തുമ്പത്ത് പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ ഗവൺമെൻറിന്റെ സകല സംവിധാനവും എണ്ണയിട്ട് പ്രവർത്തിക്കുമ്പോൾ പ്രൈവറ്റ് ആശുപത്രികളുടെ സ്കോപ്പിനെ കുറിച്ച് പലർക്കും സംശയം ആയിരുന്നു. കൊച്ചി പോലുള്ള നഗരത്തിന്റെ അനന്ത സാധ്യതകളെ കുറിച്ചും, അവിടെ തുടങ്ങുന്ന ഏതെങ്കിലും വലിയ ആശുപത്രിയിൽ ജോയിൻ ചെയ്യാനുമാണ് എല്ലാവരും ഉപദേശിച്ചത്.

എന്നിട്ടും ഞാൻ അന്ന് ഹൃദയം കൊണ്ട് ഒരു തീരുമാനമെടുത്തു.

ഒരു വെല്ലുവിളിയാണെങ്കിൽ പോലും എനിക്ക് തിരുവനന്തപുരത്തേക്കു പോകണം.!

പറ്റുമെങ്കിൽ ഒരു വർഷമെങ്കിലും നോക്കിയിട്ട് ബുദ്ധിമുട്ടാണെങ്കിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടാമെന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ.

പക്ഷേ എന്റെ നേരിയ ആശങ്കകളെ പോലും അസ്ഥാനത്താക്കി ഞാൻ തിരുവനന്തപുരത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അവസാനത്തെ രണ്ടു വർഷം വിധിവശാൽ കോട്ടയത്തേക്ക് പോകേണ്ടതായി വന്നെങ്കിലും തിരുവനന്തപുരവുമായുള്ള എന്റെ ബന്ധം വിച്ഛേദിക്കാൻ മനസ്സ് വന്നില്ല. അതുകൊണ്ടാണ് ഈ ലോക്ക് ഡൗൺ കാലത്തും ആഴ്ചയിൽ ഏഴ് ദിവസവും ഞാൻ ജോലി ചെയ്യുന്നത്. തിങ്കൾ മുതൽ വെള്ളിവരെ കോട്ടയത്തും, ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തും.

എന്നെ ഇന്ന് കാണുന്ന ഞാനാക്കിയത് തിരുവനന്തപുരമാണെന്ന് എനിക്ക് നിസ്സംശയം പറയാൻ സാധിക്കും. കൊച്ചിയിലോ, മറ്റെവിടെയെങ്കിലോ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇത് പോലെ സംതൃപ്തനായിരുന്നിരിക്കാം. പക്ഷേ ആ സാധ്യതയെ ഇന്ന് ഞാൻ അനുഭവിക്കുന്ന ആത്മസംതൃപ്തിയുമായി താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല. തിരുവനന്തപുരത്ത് വരുന്നതുവരെ ഇൻട്രോവെർട്ട് ആയ ഒരു വ്യക്തിയായിരുന്നു ഞാൻ. സംസാരിക്കുമ്പോൾ വിക്ക് ഒക്കെ ഉണ്ടായിരുന്ന എനിക്ക് അത് മറി കടക്കാനും, ഒരു മൈക്ക് പിടിച്ചു മുന്നിലേക്ക് വരാനും, പൊതുജനങ്ങളോട് സംസാരിക്കാനും പ്രചോദനം തന്നത് എന്റെ തിരുവനന്തപുരമാണ്.

ഈ പത്തുവർഷത്തിനുള്ളിൽ എനിക്ക് പലരോടും കടപ്പാട് രേഖപ്പെടുത്തുവാനുണ്ട്.

അതിൽ ആദ്യം എനിക്ക് നന്ദി പറയുവാൻ ഉള്ളത് കിംസിന്റെ ചെയർമാനും, മാനേജിങ് ഡയറക്ടറും ആയിട്ടുള്ള സഹദുള്ള സാറിനോടാണ്. അന്ന് ചെറിയൊരു എക്സ്പീരിയൻസ് മാത്രമുള്ള എന്നെ മെഡിക്കൽ ഓങ്കോളജി പോലെയുള്ള ഒരു ഡിപ്പാർട്ട്മെൻറിൽ ജോയിൻ ചെയ്യിപ്പിക്കുകയും, അന്ന് മുതൽ ഞാൻ കിംസിൽ നിന്നിറങ്ങുന്ന അവസാനത്തെ ദിനം വരെ എല്ലാവിധത്തിലുമുള്ള സപ്പോർട്ടും തരികയും ചെയ്ത വ്യക്തിയാണ് സാർ. പലതരത്തിലുമുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നുപോയപ്പോഴും ഒരു ഫിസിക്കൽ -മെന്റൽ സപ്പോർട്ടുമായി സഹദുള്ള സാർ ഉണ്ടായിരുന്നു. അവിടെ നിന്നിറങ്ങി രണ്ടര വർഷമായിട്ടും ഇന്നും ആ സ്നേഹവും, ബന്ധവും നിലനിർത്താൻ കഴിയുന്നു എന്നെനിക്കുറപ്പുണ്ട്. ആദ്യമായി ഇൻഡിപെൻഡൻഡായി എനിക്ക് പ്രാക്ടീസ് ചെയ്യാൻ അവസരം തന്ന സാറിനെ നന്ദിയോടെ ഓർക്കുന്നു.

രണ്ടാമതായി തിരുവനന്തപുരത്ത് താമസിക്കാൻ വീടുകൾ തപ്പിനടന്ന സമയത്ത് തിരുവനന്തപുരം ചാലക്കുഴി റോഡിലുള്ള ‘മേപ്പിൾ ഹൈറ്റ്’എന്ന ഫ്ലാറ്റ് തന്ന സജിയോടും ദീപയോടും വലിയ കടപ്പാടുണ്ട്. ഒരുപക്ഷേ ആ ഫ്ലാറ്റ് കിട്ടിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തിരുവനന്തപുരത്ത് താമസിക്കുമായിരുന്നില്ല. കാരണം അത്ര നല്ല സൊസൈറ്റിയായിരുന്നു അത്. പത്തുവർഷത്തിനുശേഷം ഇപ്പോഴും അവിടെ നിന്ന് മാറി പോയിട്ടും ഞങ്ങൾക്ക് ഇത്രയേറെ നല്ല സുഹൃത്തുക്കളെ തന്നത് ആ ഫ്ലാറ്റിലെ ജീവിതമാണ്. ജോയിൻ ചെയ്ത് വലിയ ശമ്പളം ഒന്നുമില്ലാത്ത സാഹചര്യം പറഞ്ഞപ്പോൾ അത് മനസ്സിലാക്കി ഞങ്ങൾക്ക് വേണ്ട സൗകര്യം ഒരുക്കി തന്ന എന്റെ ആദ്യത്തെ ഹൗസ് ഓണർ എന്ന നിലയ്ക്ക് സജിയോടും, ദീപയോടുമുള്ള നന്ദി ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. അതുപോലെ മേപ്പിൾ ഹൈറ്റ്സിലുള്ള നല്ല സുഹൃത്തുക്കൾ. ഞങ്ങൾ വളരെ അടുപ്പമുള്ള ആറ് കുടുംബങ്ങളുടെ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. അവരോടുള്ള സ്നേഹവും, അടുപ്പവും ആണ് ഞങ്ങൾക്ക് തിരുവനന്തപുരത്ത് താമസിക്കാൻ പ്രേരിപ്പിച്ചത്.

ഇനി പറയാനുള്ളത് കിംസിലെ എല്ലാ ഡിപ്പാർട്ട്മെന്റിലേയും പ്രൊഫഷണൽ കൊളീഗ്സിനോടാണ്. കിംസിൽ നിന്ന് പോയിട്ടും ഇന്നും അവരോടൊക്കെ പ്രൊഫഷണൽ ആയിട്ടും, വ്യക്തിപരം ആയിട്ടും ഉള്ള അടുപ്പവും സ്നേഹവും ഇന്നും ഞാൻ നിലനിർത്തുന്നുണ്ട്. വളരെ നല്ല വർക്കിംഗ് എൻവിയോൺമെൻറ് തന്ന, ഡോക്ടേഴ്സ് ആകട്ടെ, നഴ്സിംഗ് സ്റ്റാഫ് ആകട്ടെ, അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെൻറ് ആകട്ടെ എല്ലാവരോടുമുള്ള നന്ദിയും, കടപ്പാടും ഞാൻ രേഖപ്പെടുത്തട്ടെ. ഇപ്പോഴും തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ പലരെയും കാണാനും, ഒത്തുകൂടാനും സാധിക്കാറുണ്ട്.

തിരുവനന്തപുരത്ത് വന്ന് ഏകദേശം ഒരു മാസത്തിനുള്ളിലാണ് പ്രൊ. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ‘ട്രിവാൻഡ്രം ഓൺകോളജി ക്ലബ്’ (TOC) രൂപീകരിക്കുന്നത്. അതെന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. പ്രൊഫസർ കൃഷ്ണൻനായരെ പോലെയുള്ള ഒരു മഹാ ധിഷണാശാലി രൂപീകരിച്ച, ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്യാൻസർ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാരെയും (നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന എല്ലാ സ്പെഷ്യാലിറ്റിയും) ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഘടനയായിരുന്നു അത്. ഔദ്യോഗിക ജീവിതത്തിന് പുറമേ സംഘടനാപരമായ ഒരു വലിയ ചുമതല കൃഷ്ണൻനായർ സാറുടെ ആശിർവാദത്തോടെ ഏറ്റെടുക്കുവാനും അതിന്റെ ഭാഗമായി ഇന്ത്യയിലെതന്നെ അതിപ്രഗത്ഭരായ ക്യാൻസർ വിദഗ്ധരെ ആ ഫോറത്തിൽ കൊണ്ടുവന്ന് പല മീറ്റിങ്ങുകളിലും സംഘടിപ്പിക്കുവാനും എനിക്ക് സാധിച്ചു. അതിൽ നിന്ന് കിട്ടിയിട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ പിന്നീട് വലിയ വലിയ ഉത്തരവാദിത്വങ്ങൾ മീറ്റിങ്ങുകളുടെയും, സി.എം.ഇ കളുടെ രൂപത്തിൽ ഓർഗനൈസ് ചെയ്യുവാനും വിജയിപ്പിക്കുവാനും എനിക്ക് സാധിച്ചു. വർഷങ്ങളോളം, അസുഖം വന്ന് സാറ് വരാതാവുന്നത് വരെ ആ വലിയ വിഷണറിയുമായി അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഈ അവസരത്തിൽ കൃഷ്ണൻനായർ സാറിനോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണ്.

ആർ.സി.സിയടക്കം കിംസിന് പുറത്തുള്ള മറ്റ് ആശുപത്രികളിലെ ഡോക്ടർമാരുമായും നല്ല ബന്ധം പുലർത്തുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് ആർ.സി.സി യിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ ചന്ദ്രമോഹനാണ്. TOC യിലൂടെ പരിചയപ്പെട്ടതിനുശേഷം ഞങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാവുകയും, ഞങ്ങളൊരുമിച്ച് തിരുവനന്തപുരം ഓങ്കോളജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയവും, അന്തർദേശീയവുമായ പല മീറ്റിങ്ങുകളും ഓർഗനൈസ് ചെയ്യുകയും ചെയ്തു. ഇംഗ്ലണ്ടിലെയും, യുഎസിലേയും അതിപ്രഗത്ഭരായ ഓൺകോളജിസ്റ്റുകളെ തിരുവനന്തപുരത്തേക്ക് കൊണ്ടു വരാൻ സാധിച്ചത് ഇന്ത്യയിൽ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും. അതിനെല്ലാം എനിക്ക് പൂർണമായ പിന്തുണ നൽകിയ ഡോക്ടർ ചന്ദ്രമോഹനെ വളരെ സ്നേഹത്തോടെ ഞാൻ ഓർക്കുകയാണ്.

ഒരു സഹപ്രവർത്തകൻ എന്നതിലുപരി എന്റെ സ്വന്തം അനുജനെ പോലെ ഏത് പ്രതിസന്ധിയിലും കൂടെ നിന്ന ഡോ. ചെറിയാൻ തമ്പിയെ ഞാൻ സ്നേഹപൂർവ്വം ഓർക്കുകയാണ്. അത് പോലെ കിംസിൽ നിന്ന് G. G ഹോസ്പിറ്റലിലേക്ക് എനിക്കൊരു ഓപ്പണിംഗ് തന്ന ഡോ.മനോജനും, ഡോ.ശ്രീജയ്ക്കും ഈ അവസരത്തിൽ എനിക്ക് നന്ദിയും, കടപ്പാടുമുള്ളവരാണ്.

മുൻ ഡിജിപി ജേക്കബ് പുന്നൂസ് സാറും, എബി ചേട്ടനും നേതൃത്വം നൽകുന്ന ‘സ്വസ്തി ഫൗണ്ടേഷൻ’ എന്ന എൻ.ജി.ഒയുമായി ഇക്കാലയളവിൽ സഹകരിക്കുവാനും ക്യാൻസർ ബോധവൽക്കരണത്തിന് വേണ്ടിയിട്ടുള്ള പല പരിപാടികളും സംഘടിപ്പിക്കുവാനും എനിക്ക് സാധിച്ചു. സാമൂഹ്യ സേവനത്തിനുള്ള വഴി കൂടിയായിരുന്നു എനിക്ക് ‘സ്വസ്തി’. അതിനുള്ള അവസരം തന്ന ജേക്കബ് സാറിനോടും, എബി ചേട്ടനോടും ഉള്ള സ്നേഹവും, കടപ്പാടും ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്.

ഇനി നന്ദി പറയാൻ ഉള്ളത് എന്റെ ഫാർമ സുഹൃത്തുക്കൾക്കാണ്. ഒരു ഡോക്ടറും, ഫാർമ എക്സിക്യൂട്ടീവ്സും തമ്മിലുള്ള ബന്ധം എന്നതിനപ്പുറത്തേക്ക് പലരും ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ആരെയും പേരെടുത്തു പറയുന്നില്ലെങ്കിൽ കൂടി എന്റെ വ്യക്തിപരമായ കാര്യം ആണെങ്കിൽ പോലും സഹായിക്കാനുള്ള സന്മനസ്സ് കാണിച്ചവരാണ് പലരും. അതിൽ ബിസിനസ് കിട്ടുന്നവരും,അല്ലാത്തവരും ഉണ്ട്. പക്ഷേ ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിന് അതൊരു മാനദണ്ഡമായിട്ട് തോന്നിയിട്ടില്ല. അവരെയും ഞാൻ ഈ അവസരത്തിൽ വളരെ നന്ദിയോടെ ഓർക്കുന്നു.

ഔപചാരികമായി പറയേണ്ടതല്ലെങ്കിലും ഈയൊരു കാലഘട്ടത്തിൽ എനിക്ക് എല്ലാവിധ സപ്പോർട്ടും തന്ന വിനയായും, മക്കളുമാണ്. ജോലിത്തിരക്കുകളിലും, മീറ്റിങ്ങുകളിലും, മറ്റ് സംഘടനാപരമായ തിരക്കുകളിലുമായി മുന്നോട്ടു പോയപ്പോൾ കുടുംബത്തിൽ അവരോടൊത്ത് ചെലവഴിക്കാൻ എനിക്ക് പരിമിതമായ സമയമേ ലഭിച്ചിട്ടുള്ളൂ. ചെറിയ പരിഭവങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ അവർ എനിക്ക് തന്ന സപ്പോർട്ടും സ്നേഹവും കൊണ്ട് മാത്രമാണ് ഞാനിവിടെ വരെ എത്തിയത്. വിനയായും, മക്കളായ ഇമ്മാനുവേൽ, മിഖേൽ, മകൾ ഹേസലിനെയും വളരെ സ്നേഹത്തോടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.

ആരെയെങ്കിലും പരാമർശിക്കാൻ വിട്ട് പോയിട്ടുണ്ടെങ്കിൽ അവരെന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു.

വിട്ടു പിരിയാൻ കഴിയാത്ത ഒരു ആത്മബന്ധം എനിക്ക് ഈ നഗരവുമായി ഉണ്ടായിട്ടുണ്ട്. ഞാൻ ജനിച്ചുവളർന്നത് കോട്ടയത്താണെങ്കിലും, ഇന്ന് തിരുവനന്തപുരത്തുള്ള ഒരു കോട്ടയംകാരനാണോ, കോട്ടയത്തുള്ള ഒരു തിരുവനന്തപുരംകാരനാണോ ഞാനെന്ന് നർമ്മത്തോടെ ആലോചിക്കാറുണ്ട്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തു നിന്ന് വിട്ടു നിൽക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ വേദനാജനകമായ ഒരു കാര്യമായിരിക്കും.

കോട്ടയം പെറ്റമ്മയാണെങ്കിൽ തിരുവനന്തപുരം എനിക്ക് പോറ്റമ്മയാണ്..!

സ്നേഹാദരപൂർവ്വം

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |