“ഡോക്ടർ കല്യാണ ബ്രോക്കറാകുമ്പോൾ”

“ഡോക്ടർ കല്യാണ ബ്രോക്കറാകുമ്പോൾ”

“ഇത് ചേട്ടൻ്റെ സുഹൃത്ത് ആണ്”

ചിരിച്ചുകൊണ്ട് തൊട്ടടുത്തു നിൽക്കുന്ന വധുവിനോട് ആ ചെറുപ്പക്കാരൻ എന്നെ പരിചയപ്പെടുത്തി.

എനിക്ക് പെട്ടെന്ന് ഒരു ഞെട്ടൽ അനുഭവപ്പെട്ടു.

വല്ലായ്മയും.

യഥാർത്ഥത്തിൽ ആ ചെറുപ്പക്കാരൻ എൻ്റെ പേഷ്യന്റ് ആയിരുന്നു.

വർഷങ്ങൾക്കു മുൻപ് ഞാൻ ചികിത്സിക്കുകയും രോഗം പൂർണമായി ഭേദമാവുകയും ചെയ്ത ഒരു ചെറുപ്പക്കാരൻ.

പക്ഷേ ഇങ്ങനെയൊരു പരിചയപ്പെടുത്തൽ സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല.

ഞാനും വിനയയും മുഖത്തോട് മുഖം നോക്കി.!

വളരെയേറെ സന്തോഷത്തോടുകൂടിയാണ് കുടുംബസമേതം ആ വിവാഹത്തിന് പങ്കെടുത്തത്.

ചികിത്സിക്കുന്ന രോഗികൾ രോഗവിമുക്തരായി ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് കാണുമ്പോൾ ഏതൊരു ഡോക്ടറെ സംബന്ധിച്ചിടത്തോളവും വളരെയേറെ സന്തോഷകരമായ അനുഭവമാണ്.

അവരുടെ ജീവിതത്തിലെ മംഗളകരമായ പല ചടങ്ങുകളിലും കുടുംബസമേതം പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുന്നതും ആ സന്തോഷത്തിന്റെ ഭാഗമാണ്.

നമ്മളുടെ സാമീപ്യം അവരെ ഏറെ സന്തോഷിപ്പിക്കാറുണ്ട്.

ആവേശഭരിതരാക്കാറുണ്ട്.

അതുകൊണ്ടുതന്നെ പരമാവധി ഒഴിവ് കണ്ടെത്തി ചടങ്ങുകൾക്ക് പങ്കെടുക്കുവാൻ ശ്രമിക്കാറുമുണ്ട്.

പെട്ടെന്ന് തന്നെ ഞാൻ സമചിത്തത വീണ്ടെടുക്കുകയും ആ ചെറുപ്പക്കാരൻ പറഞ്ഞതിന്റെ പൊരുൾ ഉൾക്കൊള്ളുകയും ചെയ്തു.

വധുവിനോടും കുടുംബത്തിനോടും രോഗവിവരം മറച്ചുവെച്ചാണ് അവർ കല്യാണം നടത്തുന്നത്.!

എനിക്ക് വലിയ മനപ്രയാസവും, നിരാശയും അനുഭവപ്പെട്ടു.

നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി നിർമ്മിച്ചെടുക്കുന്ന ക്യാൻസറിനെ കുറിച്ചുള്ള പൊതുബോധം എത്ര തെറ്റാണ്.!?

ക്യാൻസർ വന്നാൽ മരണം സുനിശ്ചിതം എന്ന് ചിന്തിക്കുന്ന ഒരു വലിയ സമൂഹം ഇവിടെയുള്ളപ്പോൾ

ആ ചെറുപ്പക്കാരനെ എനിക്ക് കുറ്റപ്പെടുത്താൻ ആയില്ല.

അവരുടെ ഉദ്ദേശശുദ്ധിയെ തെറ്റായി കാണാൻ ആയില്ല.

സ്വന്തം വിവാഹത്തിനു വേണ്ടി ചുറ്റുപാടുകളോട് “നിഷ്കളങ്കമായി” അയാൾക്കൊരു കള്ളം പറയേണ്ടിവന്നു.

അതുകൊണ്ടാണ് രോഗം ഭേദമായി എന്ന പൂർണ്ണ വിശ്വാസമുണ്ടായിട്ടും അയാൾക്കത് മറച്ച് വെക്കേണ്ടി വന്നത്.

അതിനുശേഷം ആ ചെറുപ്പക്കാരൻ ഫോളോ അപ്പുകൾക്കൊന്നും വരാറില്ലായിരുന്നു.

കല്യാണത്തിന് ശേഷം ഏകദേശം അഞ്ചു വർഷങ്ങൾക്കിപ്പുറം കഴിഞ്ഞദിവസം അയാൾ എന്നെ വിളിച്ചു.

അയാളുടെ ഫോൺ കണ്ടപ്പോൾ തന്നെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായോ എന്ന് ഞാൻ സംശയിച്ചു.

എന്നാൽ വളരെ സന്തോഷത്തോടുകൂടിയാണ് അയാൾ സംസാരിച്ചു തുടങ്ങിയത്.

“സാറേ ഞാനിപ്പോൾ വിദേശത്താണ് ജോലി ചെയ്യുന്നത്.

നാട്ടിലെത്തിയപ്പോൾ സാറിനെ ഒന്ന് വിളിക്കണം എന്ന് തോന്നി ”

തൊട്ടടുത്ത ദിവസം അയാൾ എന്നെ വന്ന് കാണുകയും ബ്ലഡ് ടെസ്റ്റുകളെല്ലാം ചെയ്യുകയും ചെയ്തു.

എല്ലാം നോർമലാണ്.

ഞാൻ അയാളെ നോക്കി സന്തോഷത്തോടെ ചിരിച്ചു.

കുടുംബത്തെ പറ്റി ചോദിച്ചപ്പോൾ മൂന്ന് വയസ്സും, ഒന്നര വയസ്സുമുള്ള രണ്ടു കുട്ടികളുടെ പിതാവാണെന്ന് അയാൾ പറഞ്ഞു.

ഏകദേശം ചികിത്സ കഴിഞ്ഞ് പത്തു വർഷത്തോളം കഴിഞ്ഞിരിക്കുന്നു.

ഞാനയാളുടെ വിവാഹ ചടങ്ങ് രസകരമായി ഓർത്തെടുത്തു.

°°°°°°°°°°°°°°°°°°°°°°°

ഞാൻ പങ്കെടുത്ത മറ്റൊരു വിവാഹം കൊല്ലം സ്വദേശിയായ അഖിലയുടേതായിരുന്നു.

എൻ്റെ പുസ്തകത്തിലെ ‘ചതിക്കാത്ത ചന്തു’ എന്ന ഒരു അധ്യായം തന്നെ അവളെക്കുറിച്ചായിരുന്നു.

പഠനത്തിനുശേഷം മതി വിവാഹം എന്ന് തീരുമാനിച്ച പെൺകുട്ടി.

ഫൈനൽ ഇയർ ബി. ഡി. എസിന് പഠിക്കുമ്പോഴാണ് വിധി വൈപരീത്യം പോലെ അവൾക്ക് അർബുദം പിടിപെട്ടത്.

എല്ലാം അറിഞ്ഞിട്ടും അഖിലയെ ജീവിത സഖിയാക്കുവാൻ മുന്നോട്ടുവന്ന ചന്തു എന്ന ചെറുപ്പക്കാരൻ അവളെ വരണമാല്യം ചാർത്തുന്നതിനും സന്തോഷത്തോടെ സാക്ഷ്യം വഹിക്കുവാൻ എനിക്കായി.

അവൾ പിന്നീട് എം. ഡി. എസ് എടുക്കുകയും ഒരു കുട്ടിയുടെ മാതാവായി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു.

ഇന്ന് അവൾ റിവ്യൂവിന് വേണ്ടി എൻ്റെ അടുത്തേക്ക് വന്നിരുന്നു.

സന്തോഷത്തോടെ അവൾ ഒ. പി വിട്ടിറങ്ങുമ്പോൾ മാതൃകാപരവും, അഭിമാനാർഹവുമായ ഒരു കല്യാണ ദിവസത്തെ സന്തോഷവും എന്നിലൂടെ കടന്നുപോയി..!

°°°°°°°°°°°°°°°°°°°°°°

“കല്യാണം ഒന്നും ആയില്ലേ.?”

എൻ്റെ ചോദ്യം കേട്ടതും സജിമോൻ തോമസിന്റെ അമ്മക്ക് സങ്കടമായി.

“ഇല്ല സാറേ..”

“ഇതുവരെ ഒന്നും ആയില്ല.!”

“ആലോചനയായി വരുന്നവരെല്ലാം ക്യാൻസർ ആയിരുന്നു എന്ന് കേൾക്കുമ്പോൾ പിന്നെ വരുന്നില്ല.”

“എനിക്കാണെങ്കിൽ ഇത് മറച്ചു വെച്ചിട്ട് കല്യാണം കഴിപ്പിക്കാനും ഇഷ്ടമില്ല.”

“എന്നെങ്കിലും ഇത് മറച്ചു വെച്ചതിന്റെ പേരിൽ ഒരു പഴി കേൾക്കാൻ ഞങ്ങൾക്ക് ആവില്ല സാറേ.”

ആ അമ്മ അവരുടെ ജീവിത പ്രയാസങ്ങൾ എൻ്റെ നേർക്ക് വച്ചു നീട്ടി.

ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ് രോഗം ഡയഗ്നോസ് ചെയ്ത ആ ചെറുപ്പക്കാരൻ പൂർണ്ണമായ രോഗവിമുക്തി നേടിയെങ്കിലും വിവാഹം എന്ന സ്വപ്നം ഇന്നും ഒരു മരീചികയായി തുടരുന്നു.

“സാറേ.. സാറ് ചികിത്സിച്ച വല്ല പെൺകുട്ടികളും ഉണ്ടോ.?”

“ജാതിയും മതവും ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല.”

സജിമോന്റെ അമ്മ അഭ്യർത്ഥനയോടുകൂടി എന്നെ നോക്കി.

ജീവിതത്തിൽ പല പല വേഷങ്ങളും കെട്ടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ആദ്യമായാണ് ചികിത്സിച്ച ഒരു രോഗിക്ക് വേണ്ടി കല്യാണ ബ്രോക്കറുടെ വേഷം കൂടി കെട്ടേണ്ടി വരുന്നത്.

അത് എളുപ്പത്തിൽ നടക്കുന്ന ഒരു കാര്യമല്ലെന്ന് അറിഞ്ഞിട്ടുകൂടി

എനിക്ക് ആ അമ്മയുടെ മുഖത്ത് നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടാനായില്ല.

പരിഷ്കൃതമായ ഒരു സ്റ്റേറ്റിന് പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട് എന്ന് ഞാൻ പറയും.

ഇത്തരം കാര്യങ്ങളിൽ സർക്കാരോ സർക്കാരേതര സ്ഥാപനങ്ങളോ ഒന്നും ചെയ്യുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.

എങ്കിലും സാമൂഹ്യ നീതി എന്നുള്ളത് വിവാഹം കഴിക്കുവാനുള്ള അയാളുടെ അവകാശം കൂടി ഉൾപ്പെട്ടതാണ്.

അയാളെ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് മറ്റൊരു വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനമാണെങ്കിൽ കൂടി..?

സർക്കാരിൻ്റെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ക്യാൻസർ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കാര്യങ്ങൾ കൂടി അഡ്രസ്സ് ചെയ്യണമെന്നാണ് ഇതോടൊപ്പം എനിക്ക് പറയുവാനുള്ളത്.

സ്നേഹപൂർവ്വം

ബോബൻ തോമസ്.