ഓർമ്മ വെച്ച നാൾ മുതൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ട്രെയിൻ യാത്രകളെയാണ്.
കേരളത്തിനകത്തും, ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ്, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ട്രെയിൻ യാത്രയുടെ ഓർമ്മകളുണ്ട്.
നഷ്ടപ്പെടുമ്പോഴാണ് ഓർമ്മകൾക്ക് ഗൃഹാതുരത്വം തോന്നുന്നത്.
എനിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടത് ട്രെയിൻ യാത്രകളിലാണ്. പഠിക്കുന്ന സമയത്ത് നടത്തിയ യാത്രകളിൽ കൂടുതലും ഓവർ നൈറ്റ് യാത്രകളായിരുന്നു. ഓരോ യാത്രയും ഒരുപാട് മനുഷ്യരെ കാണാനും പരിചയപ്പെടാനുമുള്ള അവസരങ്ങളാണ്. വൈവിധ്യമുള്ള പ്രദേശങ്ങൾ, ജീവിതരീതികൾ, സംസ്കാരങ്ങൾ, ഭാഷ എന്നിവ നമ്മുടെ യാത്രയെ ഒരിക്കലും വിരസമാക്കില്ല. ചില ഒഴിവുസമയങ്ങൾ പുസ്തകങ്ങൾ വായിക്കാനും ഒന്നും ചെയ്യാനില്ലെങ്കിൽ ഉറക്കത്തിനും വേണ്ടി നീക്കി വെക്കും.
തിങ്കൾ മുതൽ വെള്ളിവരെ കോട്ടയത്തും, ശനി ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തും ജോലിചെയ്യുന്ന എനിക്ക് റോഡ് മാർഗ്ഗമുള്ള യാത്രകൾ ദുഷ്കരമായി തോന്നിയപ്പോഴാണ് ട്രെയിൻ യാത്രയെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടി വന്നത്. വെള്ളിയാഴ്ച വൈകിട്ടത്തെ വേണാടിൽ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കും, ഞായറാഴ്ച വൈകീട്ടുള്ള ചെന്നൈ മെയിലിന് തിരിച്ച് കോട്ടയത്തേക്കും എന്നതായി പിന്നീട് എൻ്റെ ഷെഡ്യൂൾ.
ഇപ്പോൾ വീണ്ടും ഒരുപാട് പേരെ കാണാനും സംസാരിക്കാനും കഴിയുന്നു. അതിൽ ട്രെയിനിലെ ടി.ടി.ആർ മാരുണ്ട്. നാനാ തുറയിലുള്ള ആളുകളുണ്ട്.
സാധാരണ വേണാടിൽ പോകാറുള്ള ഞാൻ ഇക്കഴിഞ്ഞദിവസം തിരുവനന്തപുരത്തുള്ള ഒരു മീറ്റിംഗ് പ്രമാണിച്ച് ശബരി എക്സ്പ്രസ്സിലാണ് പോയത്. എൻ്റെ കൂടെ സുഹൃത്ത് മൃദുലമുണ്ടായിരുന്നു. കോട്ടയത്തുനിന്ന് തേർഡ് എ.സി കമ്പാർട്ട്മെന്റിൽ കയറിയ ഞങ്ങൾ ടി.ടി.ആറിനെ കണ്ട് സെക്കൻഡ് ഏ.സിയിലേക്ക് ടിക്കറ്റ് ഉണ്ടോ എന്ന് ചോദിക്കുകയും അദ്ദേഹം അലോട്ട് ചെയ്ത 31, 33 നമ്പർ സീറ്റുകളിലേക്ക് പോവുകയും ചെയ്തു. ഞങ്ങൾ ചെല്ലുമ്പോൾ കോട്ടയത്ത് ഇറങ്ങിയ ശബരിമല തീർത്ഥാടകർ മൂലം അവിടം വൃത്തിഹീനമായിരുന്നു.
ഞങ്ങൾ തൊട്ടടുത്ത സീറ്റുകളിലേക്ക് മാറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ടി.ടി.ആർ കയറി വന്നു.
എന്തുകൊണ്ടാണ് അലോട്ട് ചെയ്ത സീറ്റുകളിൽ ഇരിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു. അവിടെ മുഴുവൻ മലിനമായി കിടക്കുന്നതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞു.
അദ്ദേഹം ഉടനെ തന്നെ ക്ലീനിങ് സ്റ്റാഫിനെ വിളിച്ചുവരുത്തുകയും അവിടെയാകെ വൃത്തിയാക്കുകയും ചെയ്തു. ബെഡ്ഷീറ്റും തലയിണയും ഇല്ലെന്ന് പറഞ്ഞപ്പോൾ അത് കൊണ്ടു വരികയും തലയണയുടെ കവർ ഇല്ലെന്ന് കണ്ടപ്പോൾ അതു കൂടി കൊണ്ടു വന്നു തരികയും ചെയ്തു. എനിക്ക് മാത്രമല്ല ആ കമ്പാർട്ട്മെന്റിലെ സഹയാത്രികർക്കെല്ലാം വലിയ മതിപ്പും സന്തോഷവും ഉളവാക്കിയ സന്ദർഭമായിരുന്നു അത്. അദ്ദേഹം എക്സ്ട്രാ ഓർഡിനറി ആയിട്ട് ഒന്നും ചെയ്തില്ല. പക്ഷേ ചെയ്യേണ്ട ജോലി കൃത്യമായി ചെയ്തു. ഒരുപാട് ട്രെയിൻ യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലുള്ള ഒരനുഭവം എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്.
വൃത്തിയുടെ കാര്യത്തിൽ ഇന്ത്യൻ റെയിൽവേ ഒരുപാട് പേരുടെ പഴി കേട്ടിട്ടുണ്ടാകും. എന്നാൽ അർപ്പണ മനോഭാവമുള്ള ഇത്തരം ഉദ്യോഗസ്ഥർ കടന്ന് വരുന്നതു വഴി ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറുമെന്നതിൽ തർക്കമില്ല.
ഞാൻ അദ്ദേഹത്തിൻറെ പേര് ചോദിച്ചു.
“സജിമോൻ ഡാനിയൽ”
“പാലാ സ്വദേശിയാണ്”.
ചിരിച്ചുകൊണ്ടുള്ള മറുപടി. പാലാ എനിക്ക് വളരെ അടുത്ത പ്രദേശമാണ്. അവിടെ നിന്നുള്ള ഉദ്യോഗസ്ഥൻ ആണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നി.
എൻ്റെ ആവശ്യപ്രകാരം കൂടെ നിന്ന് ഫോട്ടോ കൂടി എടുത്തിട്ടാണ് അദ്ദേഹം മടങ്ങിയത്. പോകുമ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഫോട്ടോ പോസ്റ്റ് ചെയ്യുകയാണെങ്കിൽ ഒന്ന് മെൻഷൻ ചെയ്തേക്കണേ.?”
ഞാൻ പറഞ്ഞു.
തീർച്ചയായും.
താങ്കൾ ജോലിയിൽ പുലർത്തുന്ന ഈ സത്യസന്ധത എന്നെ പോലെ നിരവധിപേർക്ക് സഹായകരമായിട്ടുണ്ടാകും. അവരുടെയൊക്കെ നന്ദിയും കടപ്പാടും സ്നേഹവും എന്നും കൂടെയുണ്ടാകും.
ഈ അവസരത്തിൽ സജിമോൻ ഡാനിയലിനെ അഭിനന്ദിക്കുകയും ഇത്തരം ഉദ്യോഗസ്ഥർ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
ഡോ. ബോബൻ തോമസ്