ടി. ബി യും ക്യാൻസറും

ടി. ബി യും ക്യാൻസറും

വർഷങ്ങൾക്ക് മുൻപ് അമൃത ആശുപത്രിയിൽ ഓൺകോളജി ട്രെയിനിങ് എടുക്കുന്ന സമയം. ഒരു ദിവസം സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്നെ കാണാൻ വന്നു. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകനായ അദ്ദേഹത്തോടൊപ്പം ഭാര്യയും ഉണ്ട്. രണ്ടുപേരും വലിയ മാനസിക പിരിമുറുക്കത്തോടെയാണ് സംസാരിച്ച് തുടങ്ങിയത്.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് കഴുത്തിൽ ഒരു മുഴ ശ്രദ്ധിക്കുന്നത്. പരിശോധനയുടെ ഭാഗമായി ഒരു അൾട്രാ സൗണ്ട് സ്കാൻ ചെയ്യുകയും ബയോപ്സി (FNAC) എടുക്കുകയും ചെയ്തു. അതിൻ്റെ റിസൾട്ടുമായാണ് എന്നെ കാണാൻ വന്നിരിക്കുന്നത്.

റിസൾട്ട് പരിശോധിച്ചു.

അദ്ദേഹത്തിന് ശ്വാസകോശാർബുദത്തിൻ്റെ ഒരു വകഭേദമായ ‘സ്മോൾ സെൽ ലംങ് ക്യാൻസർ’ (Small cell lung cancer) ആണെന്ന് വ്യക്തമായി.

ഇത് പുകവലിക്കുന്നവരിൽ മാത്രം കാണപ്പെടുന്ന അതിതീവ്രമായ ഒരു ലംങ് ക്യാൻസറാണ്. പൊതുവേ ഇത്തരം രോഗികൾ തീവ്രമായ അസുഖബാധിതരായി കാണപ്പെടുകയും, ശരീരഭാരം നന്നേ കുറഞ്ഞിരിക്കുകയും ചെയ്യും. എന്നാൽ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ സുമുഖനായ നമ്മുടെ യുവ അഭിഭാഷകന് മേൽപ്പറഞ്ഞ യാതൊരുവിധ ലക്ഷണങ്ങളും ഇല്ലായിരുന്നു.

മാത്രമല്ല അദ്ദേഹം പുകവലിക്കുന്ന ഒരാളുമായിരുന്നില്ല. സ്വാഭാവികമായി അത് ‘സ്മോൾ സെൽ ലംങ് ക്യാൻസറാ’ണെന്ന് സ്ഥിരീകരിക്കാനുള്ള വൈമുഖ്യമുണ്ടായി. സർജിക്കൽ ഓൺകോളജിസ്റ്റായിരുന്ന വിജയകുമാർ സാറിനോട് ഒരു ബയോപ്സി എടുക്കുവാൻ പറയുകയും, എൻ്റെ കൂടി സാന്നിധ്യത്തിൽ ട്രീറ്റ്മെൻ്റ് റൂമിൽനിന്ന് ലോക്കൽ അനസ്തേഷ്യ കൊടുത്ത് കഴുത്തിൽ നിന്ന് ഒരു ബയോപ്സി എടുക്കുകയും ചെയ്തു. ബയോപ്സിക്കു വേണ്ടി മുറിവ് ഉണ്ടാക്കിയ സന്ദർഭത്തിൽ തന്നെ ആ മുഴയിൽ നിന്ന് ‘caseous material’ എന്ന് മെഡിക്കൽ രംഗത്ത് പറയുന്ന ടൂത്ത് പേസ്റ്റ് പോലെയുള്ള ഒരു പദാർത്ഥം വരികയുണ്ടായി. അപ്പോൾ തന്നെ അത് ക്യാൻസർ അല്ലെന്നും കഴലകളിൽ ഉണ്ടായിട്ടുള്ള ട്യൂബർകുലോസിസ് (TB) ആണെന്ന് മനസ്സിലാക്കുകയും തുടർന്ന് നടത്തിയ പത്തോളജി എക്സാമിനേഷനിൽ അത് ടി. ബി യാണെന്ന് സ്ഥിരീകരിക്കുകയും അതിന് ശേഷം പൾമനോളജി ഡിപ്പാർട്ട്മെൻ്റിലേക്ക് തുടർ ചികിത്സയ്ക്ക് അയക്കുകയും ചെയ്തു.

ഞാൻ പറഞ്ഞുവന്നത് ക്യാൻസറും, ടി.ബി യും തമ്മിലുളള ഓവർലാപ്പിനെ കുറിച്ചാണ്. വിട്ടുമാറാതെയുള്ള പനി, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വിട്ടുമാറാതെയുള്ള ചുമ, ശ്വാസകോശത്തിൽ വെള്ളം കെട്ടുക, ചുമച്ച് തുപ്പുമ്പോൾ രക്തം വരിക തുടങ്ങിയവയെല്ലാം വിവിധ ക്യാൻസറുകൾക്കും പ്രത്യേകിച്ച് ലംങ് ക്യാൻസറിനും ടി.ബിക്കും കാണപ്പെടുന്ന പൊതുവായ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ സ്കാൻ റിപ്പോർട്ടിൽ ക്യാൻസർ എന്ന് സംശയിക്കുന്ന പല രോഗികൾക്കും തുടർ പരിശോധനകളിൽ ട്യൂബർകുലോസിസ് ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു അസുഖമെന്ന നിലയിൽ പൾമനോളജിസ്റ്റിൻ്റെ അടുത്തേക്ക് പറഞ്ഞയക്കുമ്പോൾ ഒരു ഓൺകോളജിസ്റ്റ് എന്ന നിലയ്ക്ക് അതിയായ സന്തോഷം തോന്നാറുണ്ട്.

കഴിഞ്ഞവർഷം നാല്പത്തി നാലാമത്തെ പിറന്നാൾ ആഘോഷമൊക്കെ കഴിഞ്ഞ സമയം. ഒരു ദിവസം നേരം പുലർന്നപ്പോൾ ഇടത് കഴുത്തിൽ ഒരു വേദന. മറ്റ് പ്രശ്നങ്ങളൊന്നും കാണാതിരുന്നത് കൊണ്ട് ‘Neck sprain’ ആണെന്ന് കരുതി രാത്രി ഉറങ്ങുന്നതിന് മുമ്പ് പെയിൻബാം പുരട്ടിയാണ് കിടന്നത്. രണ്ടുദിവസം കഴിഞ്ഞിട്ടും വേദനയ്ക്ക് കാര്യമായ ശമനമൊന്നും ഉണ്ടായില്ല. തിരുവനന്തപുരത്തു നിന്നുള്ള കാർ യാത്രയിൽ എപ്പോഴോ വേദനയുള്ള ഭാഗത്ത് തടവിയപ്പോൾ ഒരു മുഴ കയ്യിലുടക്കി.

ചിന്തകൾ കാടു കയറിത്തുടങ്ങി.

ഇത് കഴലകളിൽ ഉണ്ടാകുന്ന ലിംഫോമയാണൊ.?

അല്ലെങ്കിൽ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗങ്ങളിലുണ്ടായ ക്യാൻസർ കഴുത്തിലേക്ക് വ്യാപിച്ചതാണോ.?

ഇനി അതുമല്ലെങ്കിൽ ഹെഡ് ആൻഡ് നെക്ക് ക്യാൻസറിൻ്റെ ലിംഫ് നോഡ്സ് ആയിരിക്കുമോ.?

ഒരു ഓൺകോളജിസ്റ്റിനെ സംബന്ധിച്ചിടത്തോളം കഴുത്തിൽ ഒരു മുഴ ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റ ഡയഗ്നോസിസേ ഉള്ളൂ. മനസ്സ് ആകെ അസ്വസ്ഥമായി. രാത്രി വീട്ടിലേക്ക് കയറിവന്നതിന് ശേഷം ഒന്നുകൂടി തടവി നോക്കി.

ഒരു മാറ്റവുമില്ലാതെ അത് അവിടെ തന്നെയുണ്ട്.

രാത്രി ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അടുത്ത ദിവസം രാവിലെ വിനയയോട് കാര്യം പറഞ്ഞു. റേഡിയോളജി ഡിപ്പാർട്ട്മെൻ്റിൽ ഡോക്ടർ റോബിനെ കണ്ട് അൾട്രാ സൗണ്ട് സ്കാൻ ചെയ്തു. ആകെയുള്ള സമാധാനം വേദനയുണ്ടായിരുന്നു എന്നുള്ളതാണ്. വേദനയുള്ള മുഴകൾ ക്യാൻസർ ആകാനുള്ള സാധ്യത കുറവാണല്ലോ.

സ്കാനിൽ ചെറിയ കഴലകൾ കാണുകയും ആൻറിബയോട്ടിക് ട്രീറ്റ്മെൻറ് എടുക്കുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞിട്ടും മുഴയ്ക്കോ, വേദനയ്ക്കോ കാര്യമായ ഒരു മാറ്റവും സംഭവിച്ചില്ല.

വീണ്ടും മനസ്സ് ആശങ്കാകുലമായി.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇൻറർവെൻഷൻ റേഡിയോളജിയിലെ ഡോക്ടർ സോം ശരണിനെ പോയി കണ്ടു.

“എനിക്കൊരു FNA ബയോപ്സി എടുക്കണം”

“ചെറിയ നോഡ് ആണ്. നമുക്കൊരു FNAC എടുത്താൽ മതി”

ഡോക്ടർ സോമു പറഞ്ഞു.

FNAC യുടെ സ്ലൈഡുമായി ഞാൻതന്നെ പാത്തോളജി ഡിപ്പാർട്ട്മെൻ്റിലെ ഡോക്ടർ ബിന്ദുവിൻ്റെ അടുത്തേക്ക്.

വീണ്ടും മനസ്സിൽ പെരുമ്പറ മുഴങ്ങി തുടങ്ങി.

ഡോക്ടർ ബിന്ദുവിൻ്റെ മുഖത്തും ഒരു വല്ലായ്മ കണ്ടു.

എല്ലാ പത്തോളജിസ്‌റ്റും അങ്ങനെയാണ്. പ്രത്യേകിച്ച് സഹപ്രവർത്തകനായ ഒരു ഡോക്ടറുടെ ടെസ്റ്റ് എടുക്കുമ്പോൾ ചെറിയ ആശങ്ക കാണുമായിരിക്കും.

ഓ. പി ലേക്ക് തിരിച്ചുപോയി രോഗികളെ കാണുമ്പോഴും മനസ്സ് സംഘർഷഭരിതമായിരുന്നു. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞുകാണും. പത്തോളജി ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഡോക്ടർ ബിന്ദുവിൻ്റെ കോൾ.

“ഡോക്ടർ ബോബൻ കൺഗ്രാജുലേഷൻസ്. ഭാഗ്യവശാൽ ഡോക്ടർക്ക് സ്വയം ചികിത്സിക്കേണ്ട സാഹചര്യം വന്നില്ല.”

“ഇത് ഗ്രാനുലോ മാറ്റസ് (granulo matous) ചെയ്ഞ്ജസ് ആണ്, ഭയപ്പെടാനില്ല !”

വളരെ ആശ്വാസത്തോടെയാണ് ആ വാർത്ത കേട്ടത്.

ട്യൂബർകുലോസിസ് ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഓർമ്മയിൽ തെളിഞ്ഞത് പണ്ടെപ്പോഴോ കണ്ട ആ യുവഅഭിഭാഷകൻ്റെ മുഖം തന്നെയായിരുന്നു. അതിനെത്തുടർന്ന് പൾമനോളജിസ്റ്റ് ഡോക്ടർ അജയ് രവിയേയും, തിരുവനന്തപുരത്തുള്ള എൻ്റെ സുഹൃത്ത് ഇൻഫെക്ഷ്യസ് ഡിസീസസിൽ സ്പെഷലൈസ് ചെയ്യുന്ന ഡോക്ടർ രാജലക്ഷ്മിയെയും ചികിത്സയ്ക്കായി ബന്ധപ്പെടുകയുണ്ടായി. ആറ് മാസത്തെ ചികിത്സയായിരുന്നു അവർ നിർദ്ദേശിച്ചത്. കേന്ദ്രസർക്കാറിന് കീഴിലുള്ള RNTCP പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തു. RNTCP വളരെ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. മികച്ച ഗുണനിലവാരമുള്ള മരുന്നുകൾ തികച്ചും സൗജന്യമായിട്ടാണ് എനിക്ക് ലഭിച്ചത്. മാത്രമല്ല ഡൽഹി ആസ്ഥാനത്ത് നിന്ന് ഫോണിലൂടെ കൃത്യമായ ഇടവേളകളിൽ ബന്ധപ്പെടുകയും മരുന്നുകളെക്കുറിച്ചും, കഴിക്കേണ്ട രീതിയെക്കുറിച്ചുമൊക്കെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. പ്രധാനപ്പെട്ട മറ്റൊരു കാര്യം ടി.ബി രോഗികൾക്ക് പ്രതിമാസം കൊടുക്കുന്ന ചികിത്സാ സഹായമായ 500 രൂപയാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനു വേണ്ടിയാണ് ഈ സഹായം നൽകി വരുന്നത്. ഞാനത് നിരസിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതികമായ ചില നൂലാമാലകളുള്ളതു കൊണ്ട് അതിന് കഴിഞ്ഞില്ല.

ഇന്ന് എൻ്റെ ചികിത്സ കഴിഞ്ഞ വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നതോടൊപ്പം ഇക്കഴിഞ്ഞ ആറ് മാസവും സൗജന്യമായ ചികിത്സയും, ചികിത്സാ വിഹിതമായ 500 രൂപയും മുടങ്ങാതെ കൈപ്പറ്റാൻ കഴിഞ്ഞുവെന്നത് നന്ദിയോടെ ഓർക്കുകയും ചെയ്യുന്നു.

എത്രയോ ട്യുമറുകൾ ആത്മവിശ്വാസത്തോടെ ചികിത്സിച്ച് ഭേദമാക്കിയിരിക്കുന്നു. പക്ഷേ സ്വന്തം ശരീരത്തിൽ ഒരു മുഴ രൂപപ്പെട്ടപ്പോൾ ഡോക്ടർ ആയിട്ടു പോലും ഒന്ന് പതറി. മനസ്സ് അസ്വസ്ഥമായി.

അപ്പോൾ ഒരു സാധാരണ രോഗി അനുഭവിക്കുന്ന മാനസിക വ്യഥകൾ എത്രയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയും.

ഞാൻ എപ്പോഴും രോഗികളോട് പറയുന്ന ഒരു കാര്യം

നിങ്ങളുടെ കസേരയിൽ നിന്ന് എൻ്റെ കസേരയിലേക്കുള്ള ദൂരം വളരെ ചെറുതാണ് എന്നതാണ്. ആർക്കും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന ഈ അസുഖത്തെ പോലെ.!

പക്ഷേ മനസ്സാന്നിധ്യം കൈവിടാതിരിക്കുക. അന്തിമവിജയം നമ്മുടേതാണ്.!

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |