ഈ ശനിയാഴ്ച രാവിലെ നല്ല ഉറക്കത്തിൽ ആയിരുന്ന എന്നെ എഴുന്നേൽപ്പിച്ചത് ഒരു ഫോൺ കോളാണ്.
സമയം ഏകദേശം 5:30.
പതിവുള്ള അലാറം അടിക്കാറായില്ല.
“സാറേ നമ്മുടെ ആർദ്രമോൾ പ്രസവിച്ചു.
ആൺകുഞ്ഞാണ്.!
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..കേട്ടോ ”
ആർദ്രയുടെ അമ്മയാണ്.
സാധാരണ ഉറക്കത്തിൽ നിന്ന് വിളിക്കുമ്പോൾ ഉണ്ടാവുന്ന ചെറിയ ഈർഷ്യയല്ല അപ്പോൾ ഉണ്ടായത്.
പകരം വളരെയധികം സന്തോഷവും, സമാധാനവും തോന്നി.
ആരായിരുന്നു ആർദ്ര..?
ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു ദിവസം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ റെജിയുടെ കോൾ.
“ബോബാ പ്രഗ്നന്റ് ആയ ഒരു കുട്ടി ഇന്നെന്നെ കാണാൻ വന്നിരുന്നു. അവർക്ക് ബ്രെസ്റ്റിൽ ഒരു തടിപ്പ് കാണുന്നുണ്ട്. കുട്ടിയെ ഞാൻ അങ്ങോട്ട് വിടുന്നുണ്ട്.”
കുറച്ചു കഴിഞ്ഞപ്പോൾ അവർ ഒ.പി യിലേക്ക് കയറിവന്നു.
ആർദ്ര 25 വയസ്സ്.
കൂടെ ഭർത്താവിന്റെ അമ്മയും നാത്തൂനും. വലിയ വിഷാദം ഉണ്ടായിരുന്നു ഗർഭിണിയായ അവളുടെ മുഖത്ത്.
പരിശോധനയിൽ മാറിൽ മുഴയുണ്ട്. ബയോപ്സിക്ക് എഴുതിവിട്ടു. ബയോപ്സിയിൽ ക്യാൻസർ സ്ഥിരീകരിച്ചു.
ക്യാൻസർ സ്ഥിരീകരിക്കുമ്പോൾ ആർദ്ര 12 ആഴ്ച ( മൂന്നുമാസം) ഗർഭിണിയാണ്. ചികിത്സ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാനുള്ള ക്രിട്ടിക്കലായ ഘട്ടം.
സ്വാഭാവികമായി ആദ്യത്തെ ട്രൈമെസ്റ്റർ (മൂന്ന് മാസം) കഴിഞ്ഞ് 20 ആഴ്ചയ്ക്ക് മുൻപ് ആയതുകൊണ്ട് ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഗൈഡ് ലൈനുകളിൽ ഉൾപ്പെടുന്ന പ്രകാരം മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ( ഗർഭച്ചിദ്രം) നടത്താം.
പക്ഷേ എനിക്ക് എന്തോ അപ്പോൾ അങ്ങനെ ചെയ്യണമെന്ന് തോന്നിയില്ല.
ആദ്യത്തെ കുഞ്ഞാണ്.
ആ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ എങ്ങനെയെങ്കിലും ആ കുഞ്ഞിനെ അമ്മയ്ക്ക് കൊടുക്കണം എന്ന തോന്നൽ മാത്രം.
വളരെ അപൂർവമായി മാത്രമാണ് ഇത്തരം സ്ഥിതി വിശേഷങ്ങൾ സംഭവിക്കുന്നത്.
ലിറ്ററേച്ചറുകൾ പരതി.
ഗർഭിണിയായി മൂന്ന് മാസം കഴിയുമ്പോൾ കീമോതെറാപ്പി കൊടുക്കുന്നത് കൊണ്ട് ബുദ്ധിമുട്ടില്ല. ഭാഗ്യവശാൽ ASCO-യുടെ പുതിയ ഒരു ഗൈഡ് ലൈനും ഇത് സംബന്ധിച്ച് വരികയുണ്ടായി. ഈ കാര്യങ്ങളെല്ലാം അവരോട് വിശദീകരിച്ചുകൊണ്ട് ചികിത്സ തുടങ്ങി.
പക്ഷേ ഒരു വെല്ലുവിളി ഗർഭിണിയായതുകൊണ്ട് റേഡിയേഷൻ സമ്പർക്കം (exposure ) വരാതിരിക്കുന്നതിന് സ്കാനിങ് ചെയ്യുക സാധ്യമായിരുന്നില്ല എന്നതാണ്. അതുകൊണ്ട് സി.ടി സ്കാനോ എക്സ്-റേയോ ഇല്ലാതെയാണ് ചികിത്സ മുന്നോട്ട് പോയത്. എല്ലാ കാര്യങ്ങളും അവരോട് വിശദീകരിച്ചു കൊണ്ടിരുന്നു. വളരെ പോസിറ്റീവായിരുന്നു അവരുടെ സമീപനം. അമ്മായിയമ്മയും നാത്തൂനും എപ്പോഴും കൂടെയുണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും മുഖത്ത് കാണിക്കാതെയാണ് അവർ പെരുമാറിയിരുന്നത്.
ആർദ്ര വളരെ കൂളായിട്ടായിരുന്നു ഒ.പി യിലേക്ക് വന്നിരുന്നത്. യാതൊരുവിധ ഉൽക്കണ്ഠയോ ആകുലതയോ അവരിൽ കാണാൻ കഴിഞ്ഞില്ല. ആ പ്രായത്തിൽ ക്യാൻസർ ബാധിതയായി ഒരു കുഞ്ഞിനെയും വയറ്റിൽ പേറി ടെൻഷനില്ലാതെ ചിരിക്കാൻ കഴിയുന്നത് അധികമാരിലും കാണാൻ കഴിയാത്ത പ്രത്യേകതയാണ്.
അവരുടെ പോസിറ്റീവ് ആറ്റിറ്റ്യൂഡ് ചികിത്സക്കും രോഗ വിമുക്തിക്കും വലിയ രീതിയിൽ സഹായകമായി. രണ്ട് സൈക്കിൾ കീമോതെറാപ്പി കഴിഞ്ഞപ്പോഴേക്കും മുഴ പൂർണമായി മാറി. ട്രിപ്പിൾ നെഗറ്റീവ് എന്ന വിഭാഗത്തിലുള്ള കാൻസർ ആയതുകൊണ്ട് അതിന്റെ സ്റ്റാൻഡേർഡ് പ്രോട്ടോകോൾ തന്നെയായിരുന്നു കൊടുത്തിരുന്നത്.
മുപ്പത്തിയാറ് ആഴ്ച ആയപ്പോഴേക്കും കീമോതെറാപ്പി പൂർണ്ണമായും കൊടുക്കുവാൻ സാധിച്ചു. യാതൊരുവിധ പാർത്ഥഫലങ്ങളും കൂടാതെ തന്നെയാണ് ചികിത്സ പൂർത്തിയാക്കാൻ കഴിഞ്ഞത് . അതിനുശേഷം നടത്തിയ പുറമേയുള്ള പരിശോധനയിൽ നിന്നും, ക്ലിനിക്കൽ പരിശോധനയിൽ നിന്നും മുഴകളൊന്നും ഇല്ലെന്ന് ബോധ്യമായി.
അടുത്ത റൗണ്ടിൽ ഏത് രീതിയിലുള്ള ചികിത്സ വേണമെന്ന് തീരുമാനിക്കണം.
ബ്രെസ്റ്റിന്റെ സർജറി പെട്ടെന്ന് ചെയ്യണമോ അതോ സിസേറിയൻ ചെയ്യണമോ.?
അവസാനം മെഡിക്കൽ ബോർഡ് ചേർന്ന് ഞങ്ങൾ നോർമൽ ഡെലിവറിക്ക് പോകാൻ തന്നെ തീരുമാനിച്ചു.
ഒരുമാസമെങ്കിലും കുഞ്ഞിന് പാല് കൊടുത്തത്തിന് ശേഷം സർജറി ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.
മുലപ്പാലിൽ കീമോതെറാപ്പിയുടെ അംശം കാണുമോ എന്ന ഒരു ചോദ്യം സ്വാഭാവികമായും ഉയർന്നു. ലിറ്ററേച്ചറുകൾ പരതിയപ്പോൾ വളരെ ഫേവറബിൾ ആയിട്ടുള്ള റിസൾട്ട് ആണ് കിട്ടിയത്.
ജീവിതത്തിന്റെ പല സന്നിഗ്ധ ഘട്ടങ്ങളിലും ശാസ്ത്രം പുതിയ അറിവുകളുമായി നമ്മളെ സഹായിക്കുന്നു . അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് രോഗിയുടെ വിശ്വാസവും.
ഒരു ജീവൻ വേണ്ടെന്ന് വെയ്ക്കാൻ വളരെ എളുപ്പമാണ്. എന്നാൽ അത് തിരിച്ച് കൊടുക്കാൻ സാധിക്കുക എന്നത് മഹത്തായ കാര്യമാണ്.
ക്യാൻസർ വന്നാൽ ജീവിതം അവസാനിച്ചു എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും.
അത് ഒരു ജീവന് വേണ്ടിയുള്ള പോരാട്ടമാണ്.
ഇവിടെ ക്യാൻസറിന് എതിരെ രണ്ട് ജീവനുകളാണ് പോരാടുന്നത്.
അമ്മയും പിറക്കാനിരിക്കുന്ന ആ കുഞ്ഞും..
അതുകൊണ്ടാണ് ആർദ്രയുടെ അമ്മയുടെ വളരെ സന്തോഷത്തോടെയുള്ള ആ ഫോൺ കോള് കേട്ടപ്പോൾ ഉറക്കച്ചടവിലും അത്യധികമായ സന്തോഷവും അഭിമാനവും തോന്നിയത്. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തം ..!!
സ്നേഹത്തോടെ…
ബോബൻ തോമസ്.