കേശവൻ ജനന സ്ഥലം …!? ജനന തീയതി….!? മരണം…13-7-2023. മരണ സ്ഥലം…നാഗമ്പടം.

കേശവൻ  ജനന സ്ഥലം …!? ജനന തീയതി….!? മരണം…13-7-2023. മരണ സ്ഥലം…നാഗമ്പടം.

കോട്ടയം ടൗണിനോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് നാഗമ്പടം.

മീനച്ചിലാറിന് കുറുകെ പോകുന്ന നാഗമ്പടം പാലത്തിൻ്റെ മറുകരകളിലായി അത് പരന്ന് കിടക്കുന്നു.

പ്രശാന്ത സുന്ദരമായ മീനച്ചിലാറിന്റെ ഒരു കരയിലാണ് എൻ്റെ വീട്.

വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡുണ്ട്.

ചേർന്ന് തന്നെ റെയിൽവേ സ്റ്റേഷനും.

കേശവൻ ആരായിരുന്നു.?

എവിടെനിന്നാണ് അയാൾ വന്നത്.?

എങ്ങനെയാണ് അയാൾ ഒറ്റയ്ക്കായത്.?

നാഗമ്പടത്തെ ആളുകൾക്ക് ഒരു ഉറപ്പുമില്ലാത്ത ചോദ്യങ്ങളായിരുന്നു അവ.

എനിക്ക് ഓർമ്മവച്ച നാൾ മുതൽ കേശവൻ നാഗമ്പടത്തുണ്ട്.

ഭാര്യയോ കുടുംബമോ ബന്ധുക്കളോ കൂട്ടുകാരോ അയാൾക്ക് ഉണ്ടായിരുന്നില്ല.

അയാളൊരു ഒറ്റയാനെ പോലെ അലഞ്ഞു നടന്നു. മരപ്പട്ടി, ഉടുമ്പ് തുടങ്ങിയ ജീവികളെ അയാൾ ഭക്ഷിച്ചിരുന്നതായി ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്.

താമസം നാഗമ്പടത്ത് ഏതെങ്കിലും കടത്തിണ്ണയാകും.

എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ ജോലി ചെയ്യും.

കിട്ടുന്നതിൽ നിന്ന് മദ്യപിക്കും.

പേരിന് എന്തെങ്കിലും വാങ്ങി കഴിക്കും.

ചിലപ്പോൾ മദ്യപിച്ച് ബോധ രഹിതനായി ഉടുവസ്ത്രം പോലുമില്ലാതെ കിടന്നുറങ്ങും.

വീടുകളിലെ തെങ്ങിൽ കയറി തേങ്ങയിടാനും, മരപ്പണികൾക്കും, പറമ്പിലെ മറ്റു പണികൾക്കും ആളുകൾക്ക് കേശവനെ വേണം.

വിളിക്കുന്ന വീടുകളിലോക്കെ പോയി കഴിയുന്ന പണികളൊക്കെ അയാൾ ചെയ്തുകൊടുക്കും.

പലപ്പോഴും ഒരുപാട് മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം സ്കൂളിൽ നിന്ന് വരുമ്പോൾ ആരുടെയോ വാക്കത്തി കൊണ്ടുള്ള മുറിവേറ്റ് ചോരയൊലിപ്പിച്ചു നിൽക്കുന്ന കേശവൻ്റെ രൂപം ഇന്നും എൻ്റെ മനസ്സിൽ വ്യക്തമായി ഉണ്ട്. നാഗമ്പടം ബസ്സ്റ്റാൻഡും, റെയിൽവേ സ്റ്റേഷനും, റെയിൽവേ കോളനിയും ചേർന്ന പരിസരമായതിനാൽ പല ആൻ്റി സോഷ്യൽ ആക്ടിവിറ്റീസിലും അയാൾ ഭാഗമായിരുന്നു എന്നുവേണം അനുമാനിക്കാൻ.

എൻ്റെയും ചേട്ടന്റെയും കുട്ടികളുടെ ബാല്യകാലത്ത് കേശവൻ ഒരു പേടിസ്വപ്നമായിരുന്നു. പലപ്പോഴും കേശവൻ വരും എന്ന് ഭയപ്പെടുത്തിയാണ് അവരെ ഭക്ഷണം കഴിപ്പിച്ചിരുന്നതെന്ന് അമ്മ എപ്പോഴോ പറഞ്ഞിട്ടുണ്ട്.

കാലം പോകെ കേശവൻ്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി.

പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ അയാൾ കിടപ്പിലായി.

കിടക്കാൻ ഒരു സ്ഥലം ഇല്ലാതിരുന്ന അയാളുടെ ദൈന്യത കണ്ട് തോമസ് കുട്ടിച്ചായൻ അദ്ദേഹത്തിൻ്റെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ അയാൾക്ക് അഭയം നൽകി.

പലരും അതിനെ ചോദ്യം ചെയ്തെങ്കിലും തോമസ് കുട്ടിച്ചായൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു.

അങ്ങനെ കേശവന് ശാശ്വതമായ ഒരു അഭയ സ്ഥാനമായി.

ഇന്ന് ആലോചിക്കുമ്പോൾ തോമസ് കുട്ടിച്ചായൻ കാണിച്ചത് വലിയ മനുഷ്യത്വമായിരുന്നു.

എൻ്റെ വീടിനോട് ചേർന്നാണ് തോമസ് കുട്ടിച്ചായന്റെയും വീട്. വീട്ടിൽനിന്ന് നോക്കിയാൽ കേശവൻ കിടക്കുന്ന സ്ഥലം കാണാം.

ടർപ്പായ കൊണ്ടും ചാക്കു കൊണ്ടും മറച്ച ഒരു കൂര പോലെ ആയിരുന്നു അത്.

വിശക്കുമ്പോൾ പലപ്പോഴും എൻ്റെ അമ്മയുടെ അടുത്തേക്ക് കേശവൻ വരും.

ചോറോ മറ്റെന്തെങ്കിലും ഭക്ഷണപദാർത്ഥമോ വാങ്ങിക്കും.

അത് കഴിച്ചു കിടന്നുറങ്ങും.

ഇടയ്ക്ക് ആരുമില്ലാത്തപ്പോൾ അമ്മയ്ക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചു കൊടുക്കും.

പുറത്ത് എത്ര മാത്രം സാമൂഹ്യ വിരുദ്ധമായി പെരുമാറിയിട്ടുണ്ടെങ്കിലും ഞങ്ങളുടെ വീട്ടിലെയോ അടുത്തുള്ള വീടുകളിലെയോ സ്ത്രീകളോട് ഇതുവരെ കേശവൻ മര്യാദ വിട്ട് പെരുമാറിയിട്ടില്ലെന്നാണ് എൻ്റെ അനുഭവം.

കേശവൻ പ്രായമായപ്പോൾ കുറച്ചു കൂടി മര്യാദക്കാരനായി.

എൻ്റെയും ചേട്ടൻ്റെയും കുട്ടികൾക്ക് കേശവനോടുള്ള അകലം മാറി വന്നു.

ഇത്രയും മദ്യപിക്കുകയും, പുകവലിക്കുകയും, പട്ടിണി കിടക്കുകയും യാതൊരു അടുക്കും ചിട്ടയുമില്ലാതെ ജീവിക്കുകയും ചെയ്ത ഒരാൾ ഇത്രകാലം ജീവിച്ചത് മെഡിക്കൽ സയൻസിന് ഒരു അത്ഭുതമായിരിക്കും.

ആ ആംഗിളിൽ നിന്ന് ചിന്തിച്ചപ്പോൾ എപ്പോഴെങ്കിലും കേശവന്റെ ബ്ലഡ് സാമ്പിളിൽ നിന്ന് ഡി.എൻ.എ പ്രിസർവ് ചെയ്ത് വെക്കണമെന്നും ഭാവിയിൽ അത് ഉപകാരപ്രദമാകുമെ ന്നും പലപ്പോഴും കൗതുകത്തോടെ ഓർത്തിരുന്നു.

അതിന് മുൻപേ കേശവൻ പോയി.

വീടിനടുത്ത് ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ അയാൾ പെട്ടെന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെന്ന് അറിയുന്നു.

കേശവൻ എനിക്ക് ആരുമല്ലായിരുന്നു. ചെറുപ്പകാലം മുതലേ കണ്ടിരുന്ന ഒരു മനുഷ്യരൂപം ലോകത്ത് നിന്ന് ഇല്ലാതായിരിക്കുന്നു. കാലത്തിന് മായ്ക്കാൻ കഴിയാത്ത മരണമില്ലാത്ത ഇൻറർനെറ്റിലൂടെ കേശവന് എൻ്റെ ആദരാഞ്ജലികൾ..

ഇങ്ങനെ ഒരു വ്യക്തിയും ഈ നാട്ടിൽ ജീവിച്ചിരുന്നു എന്ന് വരുംകാലം ഓർത്തു വയ്ക്കട്ടെ.

ബോബൻ തോമസ്.