കുട്ടികളിലെ ക്യാൻസർ – അറിയേണ്ടത് എന്തെല്ലാം

കുട്ടികളിലെ ക്യാൻസർ – അറിയേണ്ടത് എന്തെല്ലാം

കുട്ടികൾക്ക് ക്യാൻസറോ..!?

കുട്ടികൾക്ക് ക്യാൻസർ ഉണ്ടാകുമോ..?

കുട്ടികൾക്ക് എങ്ങനെയാണ് ക്യാൻസർ വരുന്നത്..? കുട്ടികളിൽ ഉണ്ടാവുന്ന ക്യാൻസറുകൾ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുമോ..? കുട്ടികൾ പുകവലിക്കാറില്ല.. മദ്യപിക്കാറില്ല.. പിന്നെ എന്തുകൊണ്ടാണ് അവർക്ക് ക്യാൻസർ ഉണ്ടാവുന്നത്..?

ഞാൻ Paediatric Oncology പ്രാക്ടീസ് ചെയ്യുവാൻ തുടങ്ങിയ കാലം മുതൽ എന്നെ അറിയാവുന്ന പലരും ചോദിച്ച ചോദ്യങ്ങളാണ് മുൻപേ സൂചിപ്പിച്ചത്. അതെ.. കൊച്ചുകുട്ടികൾക്കും ക്യാൻസർ ഉണ്ടാകാം. ജനിച്ചുവീഴുന്ന കുട്ടികളിൽ വളരെ അപൂർവ്വമായി ക്യാൻസറുകൾ കാണാറുണ്ട്. കുട്ടികളിലുണ്ടാകുന്ന ക്യാൻസർ മുതിർന്നവരിൽ ഉണ്ടാകുന്ന ക്യാൻസറുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അതിന്റെ ചികിത്സാ രീതിയും വ്യത്യസ്തമാണ്. എന്നാൽ കുട്ടികളിൽ ഉണ്ടാകുന്ന പല ക്യാൻസറും നമുക്ക് ഇന്ന് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.

പ്രായമായവരിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും കുട്ടികളിലുണ്ടാകുന്ന ക്യാൻസർ. ഏറ്റവും സാധാരണയായി കുട്ടികളിൽ കാണുന്ന ക്യാൻസർ ‘Acute Luekemia’, അതായത് ബ്ലഡ് ക്യാൻസർ ആണ്. അതിനുശേഷം കണ്ടുവരുന്നവ Brain Tumor, Hepato Blastoma, Wilm’s tumor, Neuro Blastoma, Ewing Sarcoma, Osteosarcoma, Germcell tumor എന്നിവയാണ്.

കുട്ടികളിലുണ്ടാവുന്ന ഇത്തരം ക്യാൻസറുകൾ ഓരോ പ്രായത്തിലും വ്യത്യാസപ്പെട്ടിരിക്കും. അതായത് ഒരു വയസ് വരെയുള്ള കുട്ടികൾ, ഒന്ന് മുതൽ അഞ്ചു വയസ് വരെയുള്ള കുട്ടികൾ, അഞ്ച് മുതൽ പത്ത് വയസ് വരെയുള്ള കുട്ടികൾ, പത്ത് മുതൽ പതിനെട്ട് വരെ പ്രായത്തിലുള്ള കൗമാരക്കാർ ഇങ്ങനെയുള്ള പ്രായ വ്യത്യാസങ്ങൾക്കനുസരിച്ച് ക്യാൻസറുകളും മാറിക്കൊണ്ടിരിക്കും. കുട്ടികളിലും, കൗമാരക്കാരിലുമുണ്ടാകുന്ന ക്യാൻസറുകളുടെ ബോധവൽക്കരണ മാസമായിട്ടാണ് സെപ്തംബർ ആചരിക്കുന്നത്.

Acute Lymphoblastic Luekaemia എന്ന് വിളിക്കുന്ന ബ്ലഡ് ക്യാൻസർ ആണ് കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. മോഡേൺ ഓൺകോളജിയുടെ ഏറ്റവും വലിയ Success story എന്ന് പറയുന്നത് പോലും Acute Lymphoblastic Leukaemiaയുടെ ചികിത്സയാണ്. ഇന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും ഉള്ള വളരെ നല്ല ക്യാൻസർ സെന്ററുകളിൽ കുട്ടികളിലുണ്ടാവുന്ന ബ്ലഡ് ക്യാൻസർ ഏകദേശം 90 മുതൽ 95% വരെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. ഇന്ത്യയിലെ കണക്ക് എടുക്കുകയാണെങ്കിൽ ഇത് ഏകദേശം 80 മുതൽ 85 % വരെ വരും.

കുട്ടികളിലുണ്ടാകുന്ന ഇത്തരം ക്യാൻസറുകളിൽ low risk, high risk, very high risk, എന്ന് പറയുന്ന സബ്ടൈപ്പുകളും ഉണ്ട്. Diagnosis ചെയ്യുന്ന സമയത്തുള്ള കുട്ടികളുടെ പ്രായം, Diagnosis ചെയ്യുന്ന സമയത്തുള്ള Blood count, എന്തെങ്കിലും ജനിതകമായിട്ടുള്ള മാറ്റം എന്നിവയെ ആശ്രയിച്ചാണ് Low risk, High risk, Very High risk എന്നീ സബ്ടൈപ്പുകൾ നിർണ്ണയിക്കുന്നത്. ഇത് പോലെ തന്നെ പ്രാധാന്യമുള്ള ഒരു കാര്യമാണ് Luekaemia തലച്ചോറിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന പരിശോധന. ഇത് കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും Luekaemia യിൽ Final ആയിട്ടുള്ള risk നമ്മൾ തീരുമാനിക്കുന്നത്. ഏകദേശം മൂന്നു വർഷത്തോളം നീണ്ടുനിൽക്കുന്ന ചികിത്സയാണ് Acute Lymphoblastic Luekaemia ക്ക് ഉള്ളത്. അതിൽ ആദ്യത്തെ ഒരു മാസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും തുടർന്നുള്ള 5 മാസം Intensive ആയിട്ടുള്ള ട്രീറ്റ്മെൻറും അതിനുശേഷം രണ്ടു മുതൽ രണ്ടര വർഷം വരെ നീണ്ടുനിൽക്കുന്ന ചികിത്സയും, അതിന് ശേഷം രണ്ടര വർഷത്തേക്കുള്ള റെഗുലർ ഫോളോ അപ്പും Acute Lympho blastic Luekaemia ഉള്ള കുട്ടികളിൽ ആവശ്യമായി വരാറുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ മോഡേൺ ഓൺകോളജിയുടെ Success story യിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് Acute Lymphoblastic Luekaemia യുടെ ചികിത്സയിലൂടെ കൈവരിക്കാൻ സാധിച്ചത്.

രണ്ടാമതായി കുട്ടികളിൽ കാണപ്പെടുന്ന ക്യാൻസർ ബ്രയിൻ ട്യൂമറുകൾ ആണ്. മറ്റു ക്യാൻസറുകളെ അപേക്ഷിച്ചു ബ്രെയിൻ ട്യൂമറുകൾ അത്ര നല്ല റിസൽട്ട് അല്ല നൽകുന്നത്. ഇതിനുകാരണം തീവ്രത കൂടിയ Medulloblastoma , G. B. M( GIio Blastoma Multiforme) എന്നീ ബ്രെയിൻ ട്യൂമറുകൾ ആണ് കുട്ടികളിൽ കാണപ്പെടുന്നത് എന്നുള്ളതാണ്. ഞാൻ നേരത്തെ സൂചിപ്പിച്ച ബ്ലഡ് ക്യാൻസറുകളിലുള്ള Success story നിർഭാഗ്യവശാൽ നമുക്കിന്ന് ബ്രയിൻ ട്യൂമറുകളിൽ ലഭ്യമാകുന്നില്ല. എന്നാൽ വളരെയധികം പുരോഗതി ഈ മേഖലയിൽ കൈവരിക്കുവാൻ പീഡിയാട്രിക് ഓങ്കോളജിക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത് നമുക്ക് ഈ അവസരത്തിൽ ഓർക്കേണ്ടതായിയിട്ടുണ്ട്.

മൂന്നാമതായി കുട്ടികളിൽ കാണപ്പെടുന്നത് എല്ലുകളിൽ ഉണ്ടാകുന്ന ക്യാൻസറാണ്. എല്ലുകളിൽ ഉണ്ടാകുന്ന ക്യാൻസറുകൾ പല ടൈപ്പുകളിൽ ഉണ്ട്. പ്രധാനമായി കാണപ്പെടുന്നത് Ewing Sarcoma, osteosarcoma എന്നീ ക്യാൻസറുകൾ ആണ്. ശരീരത്തിലെ പല ഭാഗങ്ങളിലും ഈ ട്യൂമറുകൾ ഉണ്ടാകാം. Ewing Sarcoma, osteosarcoma എന്നിവ നമുക്കിന്ന് ഒരുപരിധിവരെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ട്യൂമറുകൾ ആണ്. പണ്ടൊക്കെ ഇത്തരം ക്യാൻസറുകൾ ഉള്ള കുട്ടികളുടെ കയ്യോ, കാലോ മുറിച്ചു മാറ്റേണ്ട ഭയാനകമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിൽ നിന്നും വലിയ പുരോഗതി ഈ മേഖലയിൽ കൈവരിക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കയ്യോ, കാലോ മുറിച്ചു മാറ്റാതെയുള്ള ‘Organ Preservation’ ശസ്ത്രക്രിയകൾ ഇന്ന് ലഭ്യമാണ്. നല്ല രീതിയിലുള്ള Prosthesis, അതായത് artificial Limb കളും ഇന്ന് ലഭ്യമാണ്. ഇതിലേറ്റവും advancement എന്ന് പറയുന്നത് self – expanding ആയിട്ടുള്ള Devices ആണ്. അതായത് ശസ്ത്രക്രിയക്ക് ശേഷം, പ്രത്യേകിച്ച് കുട്ടികളുടെ കാൽമുട്ടുകളുടെ ശസ്ത്രക്രിയക്ക് ശേഷം normal ആയിട്ടുള്ള കാല് വളരുകയും, ക്യാൻസർ ഉള്ള കാല് വളരാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം പലപ്പോഴും ഉണ്ടാവാറുണ്ട്. അതിന് വേണ്ടി ഓപ്പറേഷൻ ചെയ്ത കാലിൽ കൂടെക്കൂടെയുള്ള സർജറികൾ പലപ്പോഴും ചെയ്യേണ്ടതായിട്ട് വരും. അതിനൊരു പരിഹാരം എന്ന നിലയിലുള്ള self – expending Devices ഇന്ന് ലഭ്യമാണ്. ഇത് വളരെ അധികം എക്സ്പെൻസീവ് ആയിട്ടുള്ള ചികിത്സയാണെങ്കിലും നമ്മൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇത് കേരളത്തിൽ തന്നെ ആദ്യമായി ഒരു കുട്ടിക്ക് ഉപയോഗിച്ച ഒരു എക്സ്പീരിയൻസ് എനിക്കുണ്ട് എന്നത് ഈ അവസരത്തിൽ ഞാൻ നിങ്ങളോട് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ വളരെ അഗ്രസീവ് ആയിട്ടുള്ള കീമോതെറാപ്പികൾ ഇതിന്റെ ചികിത്സക്ക് വേണ്ടി വരും. അതിന് കാരണം ഈ ട്യൂമറുകൾ കീമോതെറാപ്പിക്ക് അത്ര സെൻസിറ്റീവ് അല്ല എന്നുള്ളത് കൊണ്ടാണ്.

കുട്ടികളുടെ കരളിൽ പല തരത്തിലുമുള്ള ക്യാൻസറുകളും കാണാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് Hepatoblastoma യാണ്. Hepatoblastoma യിൽ പല സബ്ടൈപ്പുകളുമുണ്ട്. മറ്റ് ക്യാൻസറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു സ്റ്റേജിംഗ് രീതിയാണ് Hepatoblastoma യിൽ അവലംബിക്കാറുള്ളത്. ഇതിനെ Pre text staging system എന്ന് പറയും. ഇതിൽ ചിലപ്പോൾ ഒന്ന് മുതൽ നാലോ, അഞ്ചോ stage വരെ കാണാറുണ്ട്. ചില കേസുകളിൽ നമ്മളാദ്യം ശസ്ത്രക്രിയ ചെയ്യുകയും, അതിന് ശേഷം കീമോതെറാപ്പി കൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില അവസരങ്ങളിൽ tumor വളരെ വലുതായിട്ടായിരിക്കും കാണപ്പെടുന്നത്. അങ്ങിനെയുള്ള സ്ഥിതി വിശേഷങ്ങളിൽ കീമോതെറാപ്പി കൊടുത്ത് tumor size ചുരുക്കിയതിന് ശേഷമായിരിക്കും ശസ്ത്രക്രിയ ചെയ്യുന്നത്. ഈ ഒരു ക്യാൻസറിന് വളരെ നല്ല റിസൾട്ടാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.

കുട്ടികളിൽ കിഡ്നിയിൽ പല തരത്തിലുമുള്ള ക്യാൻസറുകൾ കാണാറുണ്ട്. അതിൽ ഏറ്റവും സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നത് wilm’s tumor എന്ന ക്യാൻസർ ആണ്. ഇത് ഒരു കാലത്ത് കുട്ടികളിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ഒരു ക്യാൻസറായിരുന്നു. എന്നാലിന്ന് നമുക്കിതിനെ നല്ല രീതിയിൽ ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കും. ആരംഭ ഘട്ടത്തിൽ (Stage 1) കണ്ടു പിടിക്കാൻ സാധിക്കുകയാണെങ്കിൽ ഒരു പക്ഷേ 99% വരെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന ഒരു ക്യാൻസറാണിത്. Fourth stage ലുള്ള നല്ലൊരു ശതമാനം Wilm’s tumor പോലും നമുക്കിന്ന് കീമോ തെറാപ്പിയും അതിന് ശേഷമുള്ള ശസ്ത്രക്രിയയിലൂടെയും ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കും. വളരെ വളരെ അപൂർവ്വമായി രണ്ട് കിഡ്നിയിലും ഒരേ സമയത്തുള്ള Bilateral Wilm’s tumor ഉം നമ്മൾ കാണാറുണ്ട്. ആ സമയത്ത് കീമോതെറാപ്പി കൊടുത്ത് tumor നെ down Stage ചെയ്ത് കൊണ്ട് വന്നതിന് ശേഷമുള്ള Partial Nephrectomy അതായത് ഭാഗികമായി കിഡ്നി നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ ഇന്ന് നമുക്ക് ചെയ്യുവാൻ സാധിക്കുന്നതാണ്.

കുട്ടികളിൽ കാണപ്പെടുന്ന മറ്റൊരു ക്യാൻസറാണ് Neuroblastoma. മറ്റ് ക്യാൻസറുകൾ പോലെ തന്നെ സാധാരണ രീതിയിൽ നാല് സ്റ്റേജിലും വളരെ അപൂർവ്വമായി മാത്രം അഞ്ചാമത്തെ സ്റ്റേജും കാണപ്പെടുന്ന ഒരു രോഗമാണ് Neuroblastoma. കീമോ തെറാപ്പിയും അതിന് ശേഷമുള്ള ശസ്ത്രക്രിയയും വേണ്ടി വരികയാണെങ്കിൽ High dose Chemotherapy with Stem cell rescue എന്ന ചികിത്സയും ഇതിന് ചില ക്യാൻസറുകളിൽ വേണ്ടി വരാറുണ്ട്. Nuclear medicine ഉപയോഗിച്ചുള്ള M. I. B.G തെറാപ്പിയും അപൂർവ്വമായിട്ടാണെങ്കിലും ഈ ഒരു ക്യാൻസറിന് നമുക്ക് ഉപയോഗിക്കേണ്ടതായിട്ട് വരാറുണ്ട്. ജനിച്ചു വീഴുന്ന കുട്ടികൾ മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളിലാണ് സാധാരണ ഇത് കാണപ്പെടുന്നത്. ജനിച്ചു വീഴുമ്പോൾ കാണപ്പെടുന്ന Neuroblastoma പ്രത്യേകിച്ച് ചികിത്സകൾ ഇല്ലാതെതന്നെ Vanish /Disappear ചെയ്യുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഞാൻ ചികിത്സിച്ചിട്ടുള്ള ഏറ്റവും പ്രായംകുറഞ്ഞ കുട്ടി രണ്ടര മാസം മാത്രം പ്രായമുള്ള Neuroblastoma ബാധിച്ച കുഞ്ഞായിരുന്നു. ഒമാനിൽ നിന്നുള്ള ആ കുഞ്ഞിന്റെ രണ്ടു ഭാഗത്തുള്ള കിഡ്നിയുടെയും മുകളിലുള്ള അഡ്രിനാലിൻ എന്നുപറയുന്ന ഗ്രന്ഥിയിൽ ഈ ട്യൂമർ ആയി വരികയും നല്ല രീതിയിലുള്ള കീമോതെറാപ്പി കൊടുത്തതിനുശേഷം സർജറി ചെയ്ത് നല്ല രീതിയിലുള്ള റിസൾട്ട് ലഭ്യമാക്കാനും സാധിച്ചു. ഇപ്പോൾ ഏകദേശം പത്തു വയസ്സുള്ള ഒരു മിടുക്കിയായി ആ കുട്ടി ജീവിച്ചിരിക്കുന്നു എന്നുള്ള കാര്യം ചാരിതാർത്ഥ്യത്തോടെ ഞാനോർമ്മിക്കുകയാണ്.

കുട്ടികളിൽ കാണപ്പെടുന്ന മറ്റൊരു ക്യാൻസറാണ് germcell tumor. കൊച്ചു കുട്ടികളിൽ കാണാമെങ്കിലും ഇത് സാധാരണയായി കൂടുതലായി കാണപ്പെടുന്നത് കൗമാരക്കാരിലാണ്. അതും നമുക്ക് കീമോതെറാപ്പി കൊടുത്തതിനുശേഷം ശസ്ത്രക്രിയയിലൂടെ 99 അല്ലെങ്കിൽ 100 % വും പൂർണമായി ഭേദമാക്കാവുന്ന ക്യാൻസറാണ്.

കുട്ടികളിൽ കാണപ്പെടുന്ന Lymphoma. പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ വളരെ അപൂർവ്വമായിട്ട് മാത്രമേ Lymphoma കാണപ്പെടാറുള്ളൂ. കാണുകയാണെങ്കിൽ തന്നെ അത് Lymphoblastic Lymphoma എന്ന ടൈപ്പാണ്. ഇതിന്റെ ചികിത്സ Luekaemia യുടെ ചികിത്സ പോലെ തന്നെയാണ്. പത്ത് വയസ്സിന് മുകളിലുള്ളവരിലും, കൗമാരക്കാരിലും കാണപ്പെടുന്ന Lymphoma കളിൽ കൂടുതലും Hodgkins lymphoma എന്ന് പറയപ്പെടുന്ന ടൈപ്പാണ്. Stage 1 Hodgkins Lymphoma ഇന്ന് നമുക്ക് എകദേശം 90- 95% വരെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. Stage 4 disease ലാണെങ്കിൽ പോലും 70 മുതൽ 80 % വരെ ഇത് ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കുന്നതാണ്. വളരെ അപൂർവ്വമായിട്ട് കൗമാരക്കാരിൽ Non- Hodgkins Lymphoma യുടെ പല തരത്തിലുമുള്ള വകഭേദങ്ങൾ കാണപ്പെടാറുണ്ട്. കുട്ടികളിലെ പോലെ തന്നെ ഈ പ്രായത്തിൽ കൂടുതലായി കാണപ്പെടുന്നത് Lymphoblastic Lymphoma എന്ന് പറയപ്പെടുന്ന Lymphoma യാണ്. ഇതിനെയും Luekaemia പോലെ തന്നെയാണ് ചികിത്സിക്കേണ്ടത്. Lymphoma യിൽ മുതിർന്നവരിൽ ഉണ്ടാകുന്ന റിസൾട്ടിനെക്കാളും നല്ല രീതിയിലുള്ള റിസൽട്ട് കുട്ടികളിലും, കൗമാരക്കാരിലും നമുക്ക് ലഭ്യമാകാറുണ്ട്.

കുട്ടികളിലും, കൗമാരക്കാരിലുമുണ്ടാകുന്ന ക്യാൻസറുകൾ ഒരു പരിധിവരെ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നവയാണ്. കുട്ടികളിൽ എന്തുകൊണ്ട് ക്യാൻസർ ഉണ്ടാവുന്നു എന്നുള്ളത് നമുക്ക് പൂർണ്ണമായും ഉത്തരം ലഭിച്ചിട്ടില്ലാത്ത ഒരു ചോദ്യമാണ്. കാരണം traditionally ക്യാൻസറിന് കാരണമാകുന്ന Risk factor കളായ പുകവലി, മദ്യപാനം, കെമിക്കലുകളുടെ ഉപയോഗം എന്നിവ ഇല്ലാതെതന്നെ കുട്ടികളിൽ എന്തുകൊണ്ട് കാൻസർ ഉണ്ടാകുന്നു എന്നുള്ളതാണ്. ക്യാൻസർ എന്നു പറയുന്നത് ഒരു ജനിതക രോഗമാണ്. ജനിതകരോഗം എന്നത് പാരമ്പര്യമായി മാത്രം ലഭിക്കുന്നതാകണമെന്നില്ല. അല്ലാത്ത രീതിയിലും ഉണ്ടാകുന്ന ജനിതകമായിട്ടുള്ള മാറ്റങ്ങൾ പലപ്പോഴും കാണപ്പെടാറുണ്ട്. അതായത് ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ജനിതകമായിട്ടുള്ള മാറ്റങ്ങൾ അച്ഛനിൽ നിന്നോ, അമ്മയിൽ നിന്നോ കിട്ടുന്നതാകണമെന്നില്ല. ആ വ്യക്തി develope ചെയ്യുന്ന ഇത്തരം ജനിതക മാറ്റങ്ങളെ നമ്മൾ Somatic mutations എന്ന് പറയും. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മ്യൂട്ടേഷൻസിനെ നമ്മൾ Germ line mutations എന്ന് പറയും. എന്നാൽ കുട്ടികളിലുണ്ടാകുന്ന ക്യാൻസറുകളിൽ Germline mutations നമ്മൾ കാണാറില്ല. വളരെ വളരെ അപൂർവ്വമായി മാത്രമേ ഇത് കാണാറുള്ളൂ. കുട്ടികളിലുണ്ടാകുന്ന ക്യാൻസറുകളിൽ വലിയൊരു ശതമാനവും ആ കുട്ടിയിലുണ്ടാകുന്ന mutations.. അതായത് Somatic mutations മൂലമാണ് ഉണ്ടാകുന്നത്. ഈ Somatic mutations ആണ് പലപ്പോഴും ക്യാൻസറുകൾക്ക് കാരണമാകുന്നത്. Almost എല്ലാ malignancy ക്കും specific ആയിട്ടുള്ള ചില Mutations നമുക്ക് കണ്ടുപിടിക്കുവാൻ സാധിച്ചിട്ടുണ്ട്. പക്ഷേ ആ കുട്ടിയിൽ എന്തുകൊണ്ട് ആണ് Mutation ഉണ്ടാവുന്നു എന്നുള്ളത് പൂർണ്ണമായി ഒരു ഉത്തരം ലഭിച്ചിട്ടില്ലാത്ത യാഥാർത്ഥ്യമാണ്. എന്നാൽ സയൻസിന്റെ / ടെക്നോളജിയുടെ ഡെവലപ്മെൻറിൽ ഒരു കുട്ടിക്ക് എന്തുകൊണ്ടാണ് ഈ Mutations സംഭവിക്കുന്നത് എന്നുള്ളതിന്റെ ഉത്തരം വരുംവർഷങ്ങളിൽ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

പീഡിയാട്രിക് ക്യാൻസറുകളുടെ ഒരു പ്രത്യേകത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ചെലവ് വളരെ കുറവായിരിക്കും എന്നുള്ളതാണ്. കാരണം പീഡിയാട്രിക് ഓൺകോളജിയിൽ ഉപയോഗിക്കുന്നത് മാർക്കറ്റിൽ ദൗർല്ലഭ്യം പോലുമുള്ള പഴയ പല മരുന്നുകളുമാണ്. ഓൺകോളജി ഭാഷയിൽ പറയുകയാണെങ്കിൽ Conventional traditional കീമോതെറാപ്പി മരുന്നുകളാണ് നമ്മൾ കൂടുതലായി പീഡിയാട്രിക് ഓൺകോളജിയിൽ ഇന്നും ഉപയോഗിക്കുന്നത്. അഡൽറ്റ് ഓൺകോളജിയിൽ ഉപയോഗിക്കുന്ന monoclonal Antibodies, Immuno therapy, Target therapy എന്നീ പല മരുന്നുകൾക്കും നിർഭാഗ്യവശാൽ പീഡിയാട്രിക് ഓൺകോളജിയിൽ ഒരു റോളും ഇല്ല എന്നുള്ളതാണ്. അതിന്റെ കാരണം കുട്ടികളിലുണ്ടാകുന്ന ക്യാൻസറിന്റെ Molecular mechanism totally different ആയതുകൊണ്ടാണ്. പക്ഷേ പീഡിയാട്രിക് ഓൺകോളേജിയിലെ ഒരു പ്രധാനപ്പെട്ട പ്രശ്നം ട്രീറ്റ്മെൻറുകളുടെ ദൈർഘ്യമാണ്. അഡൽട്ട് ഓങ്കോളജിയിൽ ഒരുപക്ഷേ ആറുമാസംകൊണ്ട് തീരുന്ന ഒരു ട്രീറ്റ്മെൻറ് പ്രോട്ടോക്കോൾ പീഡിയാട്രിക് ഓൺ കോളേജിയിലേക്ക് വരുമ്പോൾ കൂടുതൽ കാലയളവുകൾ എടുക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ലുക്കിമിയ ഉള്ള കുട്ടികളിൽ, അവരുടെചികിത്സ പൂർത്തിയാക്കുവാൻ വർഷങ്ങൾ തന്നെ എടുക്കേണ്ടി വരുന്നു. അത് പലപ്പോഴും പേരൻസിന്റെ ജോലി പോലും നഷ്ടപ്പെടുത്തി കൊണ്ടായിരിക്കും അവർ കുട്ടികളുടെ കൂടെ ചികിത്സയ്ക്കായി നിൽക്കേണ്ടി വരുന്നത്. ഈ ചികിത്സ എടുക്കുന്ന കാലയളവിൽ പലപ്പോഴും കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാത്ത സ്ഥിതി വിശേഷം ഉണ്ടാവാറുണ്ട്. പക്ഷേ ലുക്കീമിയ ട്രീറ്റ് ചെയ്യുന്ന സമയത്ത് നമ്മൾ പലപ്പോഴും പറയും ആദ്യത്തെ ആറു മാസത്തെ മെയിൻ ട്രീറ്റ്മെൻറ് ശേഷം മെയിൻറനൻസ് ട്രീറ്റ്മെൻറിനിടയ്ക്ക് കുട്ടികളെ നമ്മൾ സ്കൂളിൽ വിടാമെന്നുള്ള കാര്യം. സ്കൂളിലെ ടീച്ചർമാരോട് പറയും അവർക്കൊരു എക്സ്ട്രാ Precautions കൊടുക്കണം എന്നുള്ളത്. അവർക്ക് ഒരിക്കലും അവർ ഒരു രോഗിയാണെന്ന തോന്നൽ ഉണ്ടാവാത്ത വിധത്തിലുള്ള Precautions എടുക്കുക എന്നുള്ളതാണ് നമ്മളെല്ലാവരും ചെയ്യേണ്ടതായിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യം.

പീഡിയാട്രിക് ഓങ്കോളജിയുടെ സക്സസ് എന്ന് പറയുന്നത് ഒരു ടീം എഫർട്ട് ആണ്. ട്രീറ്റ്മെൻറിൽ പലപ്പോഴും ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷനും വേണ്ടി വരാറുണ്ട്. പക്ഷേ ഇതിനെല്ലാം പലപ്പോഴും ഒരു Long term സൈഡ് എഫക്ട്സ് കാണാറുണ്ട്. അതുകൊണ്ട് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് മരുന്നുകളുടെ എണ്ണം കൂട്ടുക എന്നുള്ളതല്ല. ഉദാഹരണത്തിന് ലുക്കീമിയയിൽ ഒക്കെ നേരത്തെ ഉപയോഗിച്ചിരുന്ന മരുന്നുകളിൽ ഹൈറിസ്ക് പേഷ്യൻസിന് മരുന്ന് കൂടുതൽ കൊടുക്കുകയും ലോ റിസ്ക് ആയിട്ടുള്ള കുട്ടികൾക്ക് മരുന്ന് കുറച്ച് കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് കണ്ടു വരുന്നത്. അതായത് മരുന്നുകളുടെ എണ്ണം കൂട്ടുക എന്നുള്ളതല്ല ഉള്ള മരുന്നുകളുടെ എണ്ണം കുറച്ചുകൊണ്ട് അവർക്ക് എങ്ങനെ ഏറ്റവും നല്ല റിസൾട്ട് കൊടുക്കുവാൻ സാധിക്കും എന്നുള്ളതാണ് ഇപ്പോഴത്തെ പീഡിയാട്രിക് ഓങ്കോളജിയുടെ കൺസെപ്റ്റ് എന്ന് പറയുന്നത്.

ഒരു ഐഡിയൽ സ്റ്റേറ്റിന്റെ ലക്ഷണം ക്യാൻസർ ഉള്ള ഒരു കുട്ടിക്ക് പോലും ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് കിട്ടാതെ പോകരുത് എന്നുള്ളതാണ്. നമ്മൾ ഐഡിയൽ സ്റ്റേറ്റ് ലക്ഷ്യത്തിൽനിന്ന് വളരെ പിറകിലാണ്. എന്നാൽ പോലും കേരള ഗവൺമെൻറും, അതേപോലെതന്നെ ഇന്ത്യ ഗവൺമെൻറും കുട്ടികളിലുണ്ടാവുന്ന കാൻസറുകൾക്ക് വളരെ നല്ല രീതിയിലുള്ള Supportive Programs ആണ് കൊടുത്തിരിക്കുന്നത്. പക്ഷേ നിർഭാഗ്യവശാൽ അതിന്റെ ഒരു നെഗറ്റീവ് aspect ആയി എനിക്ക് തോന്നുന്നത് ആ സപ്പോർട്ട് പ്രോഗ്രാമുകൾ പലപ്പോഴും ഗവൺമെൻറ് ആശുപത്രികളിൽ മാത്രമാണ് എന്നുള്ളതാണ്. സർക്കാർ ആശുപത്രികളിൽ കൊടുക്കുന്നത് പോലെയുള്ള സപ്പോർട്ട് സിസ്റ്റംസ് പ്രൈവറ്റ് ആശുപത്രികളിലും കൊടുക്കണം എന്നുള്ളതാണ് ഈ ഒരു ബോധവത്കരണ മാസത്തിൽ പറയാനുള്ളത്. കാരണം സർക്കാർ സ്ഥാപനങ്ങൾ പലപ്പോഴും Overburdened ആണ്. ഒരുപരിധിവരെ പ്രൈവറ്റ് മേഖലകൾക്ക് ഗവൺമെൻറ് ഇത്തരം സപ്പോർട്ട് സിസ്റ്റം കൊടുക്കുകയാണെങ്കിൽ അവിടുത്തെ തിരക്ക് കുറയ്ക്കുവാനും, പീഡിയാട്രിക് ഓൺകോളജിയുടെ ചികിത്സിക്കുക എന്നുള്ള ഉത്തരവാദിത്വം ബാക്കി ഡോക്ടേഴ്സ് കൂടി എടുത്തു കൊണ്ട് നമുക്ക് ഒരു ഐഡിയൽ സ്റ്റേറ്റ് ആയി മാറുവാൻ സാധിക്കണം എന്നുള്ളതാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്.

പീഡിയാട്രിക്സിൽ പലപ്പോഴും പറയാറുണ്ട്

Child is not a small adult. ഇതു മനസ്സിലാക്കി കൊണ്ടുവേണം ഓരോ കുട്ടിയെയും ചികിത്സിക്കാൻ. കാരണം മുതിർന്നവരെ ചികിത്സിക്കുന്നത് പോലെയല്ല കുട്ടികളെ ചികിത്സിക്കേണ്ടത്. മുതിർന്നവരെ ചികിത്സിക്കാൻ പ്രായോഗികമായി വളരെ എളുപ്പമാണ്. കാരണം അവരുടെ പ്രശ്നങ്ങൾ totally different ആണ്. അതു പലപ്പോഴും വലിയൊരു പരിധിവരെ പരിഹാരം കാണുവാൻ നമുക്ക് സാധിക്കും. എന്നാൽ കുട്ടികളുടെ പ്രശ്നങ്ങൾ പലപ്പോഴും തികച്ചും വ്യത്യസ്തമായിരിക്കും. അവരുടെ ബുദ്ധിമുട്ടുകൾ കുത്തിവെപ്പുകളെ പേടി മുതൽ സ്കൂളിൽ പോകാൻ കഴിയാതെ ഇരിക്കുന്നതും കൂട്ടുകാരുമായി കളിക്കാൻ കഴിയാത്തതും ആയിരിക്കും. പലപ്പോഴും അതു മനസ്സിലാക്കിയിട്ട് വേണം പീഡിയാട്രിക് ഓങ്കോളജിയിൽ നമ്മൾ ചികിത്സയ്ക്കുള്ള പ്ലാനുകൾ ഉണ്ടാക്കേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ പലപ്പോഴും ഡെഡിക്കേറ്റഡ് ആയിട്ടുള്ള പീഡിയാട്രിക് ഓൺകോളജി ഡിപ്പാർട്ട്മെൻറ്കൾ ഇല്ല എന്നുള്ളത് യാഥാർഥ്യമാണ്. റീജിയണൽ കാൻസർ സെൻററിലും അതുപോലെയുള്ള ഏതാനും ചില സെൻററുകളിൽ മാത്രമാണ് ഇന്ന് ഡെഡിക്കേറ്റഡ് ആയിട്ടുള്ള പീഡിയാട്രിക് ഓൺകോളജി ഉള്ളത്. എന്നാൽ അവിടെ പലപ്പോഴും ഉൾക്കൊള്ളുവാൻ സാധിക്കുന്ന രോഗികളുടെ എണ്ണത്തേക്കാൾ വളരെയധികംകൂടുതൽ രോഗികളെ ചികിത്സിക്കുന്നത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. എന്നാൽ ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവർ വളരെ നല്ല രീതിയിലുള്ള ജോലിയാണ് നിർവഹിക്കുന്നത്. അതുപോലെതന്നെ സ്വകാര്യമേഖലയിൽ പലപ്പോഴും ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു പീഡിയാട്രിക് ഓങ്കോളജി ഡിപ്പാർട്ട്മെൻറ് ഇല്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്. കാരണം അത് പലപ്പോഴും ഫിനാൻഷ്യലി viable ആയിട്ടുള്ള ഒരു ഓപ്ഷൻ അല്ലാത്തതുകൊണ്ട് അതിന് പലപ്പോഴും Sustain ചെയ്യാൻ കഴിയാറില്ല. എന്നാൽ ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ട് നമ്മുടെ എല്ലാ സെന്ററുകളിലും നല്ല രീതിയിലുള്ള ഒരു പീഡിയാട്രിക്ക് ഓൺകോളജി ഡിപ്പാർട്ട്മെൻറിന്റെ ആവശ്യമുണ്ട്. ക്യാൻസർ ബാധിച്ചിട്ടുള്ള ഓരോ കുട്ടികളുടെയും ചികിത്സ അത് ഒരു സ്റ്റേറ്റ് റെസ്പോൺസിബിലിറ്റി ആയി ഏറ്റെടുത്തുകൊണ്ട് അവർക്ക് നല്ല രീതിയിലുള്ള ചികിത്സ കൊടുക്കുവാൻ നമുക്ക് സാധിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്ന കാരണം കൊണ്ടു മാത്രം ഒരു കുട്ടിയും ചികിത്സ കിട്ടാതെ മടങ്ങാനുള്ള സാഹചര്യം ഉണ്ടാവരുത്. അവരുടെ വീടിനടുത്തുള്ള നല്ല ക്യാൻസർ സെൻററുകളിൽ പീഡിയാട്രിക് ഓൺകോളജി ഡിപ്പാർട്ട്മെൻറുകൾ ഡെവലപ്പ് ചെയ്യുകയും, ആ ഡിപ്പാർട്ട്മെൻറുകൾക്ക് വേണ്ട സഹായങ്ങൾ സർക്കാരിൽനിന്ന് ലഭ്യമാക്കുകയും, അവർക്ക് നല്ല രീതിയിലുള്ള ചികിത്സ ലഭിക്കേണ്ടതും ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമാണ്. അമേരിക്കയിലും യൂറോപ്പിലും achieve ചെയ്തിട്ടുള്ള 95% റിസൾട്ട് അവർക്ക് നേടാമെങ്കിൽ നമുക്ക് നമ്മുടെ നാട്ടിലും അത് യാഥാർഥ്യമാണ് എന്ന വസ്തുത മനസ്സിലാക്കി കൊണ്ട് വേണം നമ്മൾ പീഡിയാട്രിക് ഓങ്കോളജിയെ സമീപിക്കുവാൻ. ഒരു കുട്ടിയെ ചികിത്സിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന Stress ഉം Strain ഉം ഏകദേശം മുതിർന്ന 15 ക്യാൻസർ രോഗികളെ ചികിത്സിക്കുമ്പോഴുള്ളതിന് സമമാണ്. ആ ഒരു ടെൻഷനും ബുദ്ധിമുട്ടും അനുഭവപ്പെട്ടു കൊണ്ട് തന്നെയാണ് കുട്ടികളിലുണ്ടാവുന്ന ക്യാൻസറിനെ ഞങ്ങൾ ചികിത്സിക്കുന്നത്. ചികിത്സിച്ച് ഭേദമായ റിസൽട്ടുകൾ കിട്ടുമ്പോൾ വളരെയധികം സന്തോഷവും എന്നാൽ ചികിത്സക്കിടെ എന്തെങ്കിലും നഷ്ടങ്ങൾ സംഭവിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ഡിപ്പാർട്ട്മെൻറും കൂടിയാണ് പീഡിയാട്രിക് ഓൺകോളജി എന്ന് കൂടി പറഞ്ഞ് കൊണ്ട് ഞാൻ ചുരുക്കുകയാണ്

സ്നേഹത്തോടെ

നിങ്ങളുടെ

ഡോ .ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |