കബാലി ഡാ..!!!!!

കബാലി ഡാ..!!!!!

ഏത് കാലഘട്ടമായാലും കുട്ടികളും യുവാക്കളുമടങ്ങുന്ന ഒരു വലിയ ആരാധകവൃന്ദത്തെ ആവേശഭരിതരാക്കാനും, ഇളക്കി മറിക്കാനും സ്റ്റൈൽമന്നനായ രജനീകാന്തിന് തൻ്റെ ചിത്രങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള അദ്ദേഹത്തിൻ്റെ 2016-ൽ റിലീസ് ചെയ്ത സിനിമയാണ് കബാലി.

ലോജിക്കുകൾ മാറ്റിവെച്ച് കാണുകയാണെങ്കിൽ രജനീകാന്ത് ചിത്രങ്ങൾ മാസ് എൻറർട്ടൈനറുകളാണ്.

കബാലിയും അത്തരത്തിലൊരു ചിത്രമാണ്.

***** ***** ***** ***** *****

2016-ൽ തിരുവനന്തപുരത്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ പീഡിയാട്രിക് വാർഡിൽ നിന്നും ഒരു കൺസൾട്ടേഷൻ കോൾ വന്നു.

ഞാനങ്ങോട്ട് ചെന്നു.

അവിടെ വാർഡിൻ്റെ ഒരു മൂലയിൽ രണ്ടു വയസ്സുള്ള കുഞ്ഞിനേയുമെടുത്ത് ക്ഷീണിതയായ ഒരു സ്ത്രീ നിൽക്കുന്നു.

കുഞ്ഞിൻ്റെ ബ്ലഡിൽ എന്തോ കുഴപ്പമുണ്ടെന്നും ക്യാൻസറിൻ്റെ ഡോക്ടർ വന്ന് കാണുമെന്നും പീഡിയാട്രീഷൻ പറഞ്ഞപ്പോൾ നെഞ്ചിൽ നേരിപ്പോടുമായി നിൽക്കാൻ തുടങ്ങിയതാണ് ആ അമ്മ.

ഞാൻ കയറി ചെന്നപ്പോൾ വലിയ സങ്കടത്തോടെയും, പ്രതീക്ഷയോടെയും അവരെന്നെ നോക്കി.

അപ്പോഴും ഒന്നും അറിയാത്ത ആ കുഞ്ഞ് അമ്മയുടെ മൊബൈലിൽ അത്ഭുതത്തോടെ എന്തോ നോക്കിയിരിപ്പുണ്ടായിരുന്നു.

ആയിടയ്ക്ക് റിലീസ് ചെയ്ത കബാലി എന്ന ചിത്രത്തിലെ സ്ക്രീൻ സേവ് ചെയ്ത ഏതോ രംഗമായിരുന്നു അത്.

തമിഴ്നാട്ടിൽ മാർത്താണ്ഡത്തിനും നാഗർകോവിലിനും ഇടയ്ക്കു നിന്നാണ് അവർ വരുന്നത്.

റിപ്പോർട്ടുകളെല്ലാം നോക്കിയപ്പോൾ അവന് ബ്ലഡ് ക്യാൻസർ ആണെന്ന് വ്യക്തമായി. കുഞ്ഞിൻ്റെ അമ്മയുടെ അപ്പോഴത്തെ മാനസികാവസ്ഥ കണ്ടപ്പോൾ ട്രീറ്റ് മെൻ്റിനെ കുറിച്ച് വിശദമായി സംസാരിക്കാൻ എനിക്ക് തോന്നിയില്ല.

തിരിച്ചു പോരുമ്പോൾ സഹപ്രവർത്തകനായിരുന്ന ചെറിയാൻ തമ്പിയോട് ഞാൻ പറഞ്ഞു.

“എനിക്ക് അവനെയങ്ങ് വല്ലാതെ ഇഷ്ടമായി, നമുക്കവനെ ഇവിടെ തന്നെ ട്രീറ്റ് ചെയ്യണം.!”

കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കുഞ്ഞിൻ്റെ അച്ഛൻ എന്നെ തനിച്ചു വന്നു കണ്ടു. അദ്ദേഹത്തോട് രോഗത്തെക്കുറിച്ചും, ചികിത്സയെ കുറിച്ചും വിശദമായി സംസാരിച്ചു. വളരെ നിർധന കുടുംബമായിരുന്നു അവരുടേത്. ചെറിയ പ്ലംബിംഗ് ജോലികളിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അയാൾ കുടുംബം നോക്കി നടത്തിയിരുന്നത്.

ലുക്കീമിയയ്ക്ക് ഇവിടെ ചികിത്സിക്കാനുള്ള സാമ്പത്തികശേഷി ആ കുടുംബത്തിന് ഉണ്ടാകില്ലെന്ന് അവരുടെ ജീവിതസാഹചര്യങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി.

കന്യാകുമാരി, നാഗർകോവിൽ ഭാഗങ്ങളിൽ ആശുപത്രികൾ ഒരുപാടുണ്ടെങ്കിലും മികച്ച ചികിത്സ ലഭ്യമാകുന്നവ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ അവിടെയുള്ള സാമ്പത്തികമുള്ളവരോ അല്ലാത്തവരോ ആയ പല രോഗികളും തിരുവനന്തപുരത്തെയാണ് ആശ്രയിച്ച് കൊണ്ടിരുന്നത്.

തങ്ങളുടെ പരിമിതമായ സാമ്പത്തിക സാഹചര്യം അവിടുത്തെ ചികിത്സക്ക് ഉതകില്ലെന്ന് അറിയാമായിരുന്നുവെങ്കിലും എൻ്റെ അടുത്ത് തന്നെ ചികിത്സയെടുക്കണമെന്ന് അവർക്ക് ഒരാഗ്രഹം ഉള്ളത് പോലെ തോന്നി.

നമ്മുടെ സെൻ്ററിൽ ചികിത്സിക്കാൻ തീരുമാനിച്ച ശേഷം ഞാൻ അവരോട് പറഞ്ഞു.

“സാമ്പത്തിക കാര്യങ്ങളെ കുറിച്ചൊന്നും ആലോചിച്ച് വേവലാതി പെടേണ്ട. ഒരു പരിധി വരെ നമുക്കിവിടെനിന്ന് തന്നെ സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കാം.”

തുടർന്ന് അവൻ്റെ ചികിത്സ ആരംഭിക്കുകയും നല്ല റെസ്പോൺസോടു കൂടി മുന്നോട്ടു പോവുകയും ചെയ്തു. അഡ്മിറ്റ് ചെയ്തു കഴിഞ്ഞ് ഓരോ ദിവസവും അവനെ കാണാൻ റൂമിൽ ചെല്ലുമ്പോൾ അവൻ മൊബൈലിൽ കബാലി എന്ന സിനിമയുടെ ഏതെങ്കിലും ക്ലിപ്പിങ്ങുകൾ കണ്ടിരിക്കുകയാകും.

ചികിത്സയ്ക്കും, അനുബന്ധ കാര്യങ്ങൾക്കുമുള്ള സാമ്പത്തികസഹായവും മറ്റ് ആനുകൂല്യങ്ങളും നല്ല രീതിയിൽ തന്നെ അവന് ചെയ്തു കൊടുക്കുവാൻ സാധിച്ചു. കുട്ടികളിലുണ്ടാകുന്ന ALL എന്ന ലുക്കിമിയയ്ക്കുള്ള ചികിത്സ ഏകദേശം മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ഒന്നാണ്. ഈ കാലയളവിൽ പലപ്പോഴും അഡ്മിറ്റ് ചെയ്തും ഔട്ട് പേഷ്യൻഡ് ആയും ചികിത്സ വേണ്ടിവരും.

ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ റിജോയോട് എന്തോ ഒരു പ്രത്യേക അടുപ്പം എനിക്ക് തോന്നി തുടങ്ങി.

ഒരു ദിവസം കാലത്ത് ആശുപത്രിയിലേക്ക് ഇറങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. അപ്പോൾ ഞാൻ താമസിക്കുന്ന ഫ്ളാറ്റിലെ സെക്യൂരിറ്റിയുടെ ഫോൺ.

“സാറിനെ കാണാൻ വേണ്ടി തമിഴ്നാട്ടിൽ നിന്ന് ആരോ വന്നിട്ടുണ്ട്”

പെട്ടെന്ന് അവരാരായിരിക്കും എന്നെനിക്ക് മനസിലാക്കുവാൻ സാധിച്ചില്ല. പിന്നീട് ചോദിച്ചപ്പോഴാണ് അത് റിജോയും കുടുംബവുമാണെന്ന് പറഞ്ഞത്. ആശുപത്രിയിൽ നിന്ന് എൻ്റെ അഡ്രസ്സ് വാങ്ങിച്ച് എന്നോട് പോലും പറയാതെ എൻ്റെ വീട് തപ്പിയെടുത്ത് രാവിലെ വരികയായിരുന്നു. മുറ്റത്ത് ഒരു ഓട്ടോറിക്ഷയിൽ അവർ വന്നിറങ്ങി.

കയ്യിൽ നാട്ടിൽ നിന്ന് ശേഖരിച്ച കുറച്ചു പച്ചക്കറികളും, മീനും.!

നിഷ്കളങ്കമായ ചിരിയോടെ സ്വാതന്ത്ര്യത്തോടെ അവർ ഉമ്മറത്തേക്ക് കയറി വന്നു. അവരുടെ മുഖത്ത് നോക്കിയപ്പോൾ പ്രഭാതഭക്ഷണം കഴിച്ചിട്ടില്ലെന്ന് മനസ്സിലായി. കാലത്തേ വീട്ടിൽ നിന്നും ഇറങ്ങിയതാണ്.

എന്നോടൊപ്പമിരുന്ന് അവർ പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് എൻ്റെ കാറിൽ ഞങ്ങളൊരുമിച്ച് ആശുപത്രിയിലേക്ക് യാത്രയായി. മീനും, പച്ചക്കറിയും കൊണ്ടു വരരുതെന്ന് സ്നേഹപൂർവം വിലക്കിയിട്ടും അവരതാവർത്തിച്ച് കൊണ്ടേയിരുന്നു. ഈ കാലയളവിൽ വളരെയധികം രോഗികളെ ചികിൽസിച്ചിട്ടുണ്ടെങ്കിലും അവരാരും തന്നെ എന്നോടൊപ്പം എൻ്റെ വീട്ടിലിരുന്ന് പ്രാതൽ കഴിച്ചിട്ടില്ല.

പലപ്പോഴും റിജോ വീട്ടിലേക്ക് വരുമ്പോൾ എൻ്റെ മക്കളുടെ കളിപ്പാട്ടങ്ങളിലേക്ക് വളരെ കൗതുകത്തോടെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. തിരിച്ചുപോകുമ്പോൾ അവൻ്റെ കയ്യിലേക്ക് ഏതെങ്കിലും ടോയ്സ് സ്നേഹത്തോടെ ഞാൻ ഏൽപ്പിക്കും. എപ്പോഴെങ്കിലും ഞാൻ അവൻ്റെ വീട്ടിലേക്ക് ചെല്ലണമെന്ന് അവന് വലിയ ആഗ്രഹമായിരുന്നു. ഒരിക്കൽ കന്യാകുമാരിയിൽ നിന്ന് വരുന്ന വഴി അവൻ്റെ വീട്ടിലേക്ക് ഒരിയ്ക്കൽ കയറി. രണ്ടു മുറിയും ഒരു കൊച്ച് അടുക്കളയും മാത്രമുള്ള ഒരു കുടുസ്സ് വീട്. അവർ വളരെ ആശ്ചര്യത്തോടെയും സന്തോഷത്തോടെയുമാണ് ഞങ്ങളെ എതിരേറ്റത്. അവിടെ ചെന്നപ്പോൾ റിജോയും, അവൻ്റെ ചേട്ടനും എൻ്റെ മക്കളുമായി കളിക്കുന്നത് വളരെ കൗതുകത്തോടെ ഞാൻ നോക്കിനിന്നു.

ചികിത്സ നിശ്ചിത കാലയളവിൽ തന്നെ വലിയ കോംപ്ലിക്കേഷനുകൾ ഒന്നുമില്ലാതെ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു. ഇപ്പോളവൻ എൻ്റെ അടുത്ത് മൂന്നു മാസത്തിലൊരിക്കലുള്ള ഫോളോ അപ്പിലാണ്. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവൻ എന്നെ പ്രത്യേകം വിളിച്ചു. ജന്മദിനമാകട്ടെ, പള്ളിയിലെ ചടങ്ങുകൾ ആകട്ടെ ഏതു കാര്യങ്ങൾക്കും അവൻ എന്നെ പ്രത്യേകമായി വിളിക്കുകയും, സ്നേഹം അറിയിക്കുകയും ചെയ്യാറുണ്ട്. വളരെ സാധാരണക്കാരായിരുന്നുവെങ്കിലും കളങ്കമില്ലാത്ത തുറന്ന സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നവരായിരുന്നു അവർ…

ആദ്യത്തെ ആ അനുഭവത്തിന് ശേഷം റിജോയെ ഞാനെന്നും കബാലി എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ട്രീറ്റ്മെൻറ് എല്ലാം കഴിഞ്ഞ് എൻ്റെ അടുത്തേക്ക് വന്നപ്പോൾ ഒരു പോരാട്ടത്തിലും തോൽക്കാത്ത, ഒരായുധം കൊണ്ടും മുറിവേൽക്കാത്ത രജനീകാന്തിനെ പോലെ അവൻ എന്നോട് പറഞ്ഞു….

കബാലി ഡാ..!