ഏഴാം ക്ലാസുകാരൻ്റെ ചോദ്യവും ഒരു ഓൺകോളജിസ്റ്റിന്റെ ധർമ്മസങ്കടവും.!

ഏഴാം ക്ലാസുകാരൻ്റെ ചോദ്യവും ഒരു ഓൺകോളജിസ്റ്റിന്റെ ധർമ്മസങ്കടവും.!

ഞാനൊരു ക്യാൻസർ ചികിത്സകനാണ്. മുൻപ് പലപ്പോഴും പറഞ്ഞതുപോലെ ഒരുപാട് മനുഷ്യരുടെ സങ്കീർണമായ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഓരോ ജീവിതാനുഭവവും പുതിയതാണ്. ജീവിതത്തിൻ്റെ ഓരോ സന്ദർഭങ്ങളിലും നമ്മുടെ വീക്ഷണങ്ങളെ ഇത്തരം അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നു. കൂടുതൽ പക്വതയോടെയും ധാർമികതയോടെയും ചുറ്റുമുള്ള മനുഷ്യരുമായി ഇടപഴകാൻ ഈ അനുഭവങ്ങൾ എന്നെപ്പോലെയുള്ള ഓരോ ഡോക്ടറെയും സഹായിക്കുന്നു.

ഞാൻ ചികിത്സിക്കുന്ന 30 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീ ഇടയ്ക്കുള്ള ചെക്കപ്പിന്റെ ഭാഗമായി എന്നെ കാണാൻ വന്നു. അവർക്ക് എന്തോ പറയാനുള്ളത് പോലെ തോന്നി. ഞാനെന്ത് കരുതുമെന്നുള്ള പ്രയാസവും മുഖത്തുണ്ട്.

“എന്താണ് പറയുവാനുള്ളത്.?”
ഞാൻ ചോദിച്ചു.

“ഇളയ മകന് ഡോക്ടറോട് എന്തോ സംസാരിക്കണമെന്ന് പറയുന്നു”.
അവർ ചെറിയ വിമ്മിഷ്ടത്തോടെ പറഞ്ഞു.

ചോദിച്ചപ്പോൾ ഏഴാം ക്ലാസുകാരനാണ്.

അവർ തുടർന്നു.
“മകനോട് അസുഖത്തിന്റെ വിവരം ഒന്നും ഇതുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല സാർ”.
“പക്ഷേ അവനിപ്പോ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്”.
“അവന് ഡോക്ടറിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്”

ഞാൻ അവനെ അകത്തേക്ക് വിളിക്കാൻ പറഞ്ഞു. അല്പസമയം കഴിഞ്ഞപ്പോൾ അവൻ കയറിവന്നു. ഒരു കൊച്ചു മിടുക്കൻ.
പേരും, സ്കൂളിലെ വിശേഷങ്ങളും ഞാനവനോട് ചോദിച്ചു. കൂട്ടുകാരെ കുറിച്ച് ചോദിച്ചു.

അമ്മയ്ക്ക് എന്തോ ബുദ്ധിമുട്ടുള്ള അസുഖമുണ്ടെന്ന് മാത്രം അവന് അറിയാം. അതെന്താണെന്ന് അറിയില്ല.
അങ്ങനെയാണ് അവൻ അമ്മ കഴിക്കുന്ന ‘സെറിട്ടിനിബ് ‘ ( Ceritinib) എന്ന ഗുളികയുടെ വിശദാംശങ്ങൾ ഗൂഗിളിൽ തിരയുന്നത്.
അത് ‘നോൺ സ്മാൾ സെൽ ലങ്ങ് ക്യാൻസർ'(Non small cell lung cancer) എന്ന അതിതീവ്രമായ ശ്വാസകോശാർബുദത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്ന് അവന് മനസ്സിലായി. മാത്രമല്ല അത്തരമൊരു അസുഖം പിടിപെട്ട വ്യക്തിക്ക് അധികകാലം ജീവിച്ചിരിക്കാൻ കഴിയില്ലെന്ന് അവന് തോന്നി. അവൻ്റെ കുഞ്ഞു മനസ്സ് ഒരുപാട് വേദനിച്ചു. ഇതുവരെ അമ്മയെ പിരിഞ്ഞിരുന്നിട്ടില്ലാത്ത അവന് അമ്മയിനി എത്ര നാൾ കൂടെയുണ്ടാകുമെന്ന് അറിയണം.!

ഒരു നിമിഷം ഞാൻ സ്തബ്ദനായി. സങ്കടമുള്ള ആ കുഞ്ഞു മുഖത്തേക്ക് നോക്കി.
ഞാൻ അവനെ ചേർത്തുപിടിച്ചു.
എന്നിട്ട് പറഞ്ഞു.

“അമ്മയ്ക്കൊരു കുഴപ്പവുമില്ല”. “ഈ മരുന്ന് കഴിച്ചാൽ അമ്മയുടെ അസുഖം ഭേദമാകും.”

ഞാനവനോട് പറഞ്ഞു.

അമ്മയുടെ അസുഖത്തെക്കുറിച്ച് ആലോചിച്ച് കൂടുതൽ വിഷമിക്കേണ്ട കാര്യമില്ലെന്നും, പഠിച്ച് ‘നോൺ സ്മാൾ സെൽ ലങ്ങ് ക്യാൻസറിന്’ ചികിത്സിക്കുന്ന വലിയൊരു ഡോക്ടർ ആകണമെന്നും ഞാൻ പറഞ്ഞു. അതുവരെ അമ്മയുടെ കാര്യം ഞാൻ നോക്കാമെന്ന് ഉറപ്പു കൊടുത്ത് ഒരു ഉമ്മയും കൊടുത്താണ് അവനെ പറഞ്ഞയച്ചത്. അവൻ ഇറങ്ങിപ്പോയപ്പോൾ പക്ഷേ ഞാൻ വല്ലാതെ പതറിപ്പോയി. ഏകദേശം അതേ പ്രായമുള്ള എൻ്റെ മകനെ കുറിച്ച് ഓർത്തു. ഈ ഒരു അവസ്ഥയെ അവരെങ്ങനെ തരണം ചെയ്യുമെന്ന് ഓർത്തപ്പോൾ മനസ്സ് വല്ലാതെ ബുദ്ധിമുട്ടി.

പുതിയ കാലഘട്ടത്തിലെ കുട്ടികളുടെ വിവരശേഖരണത്തിനുള്ള മിടുക്കുകൂടി വെളിവാക്കുന്നതാണ് ഈയൊരു സംഭവം. പല പ്രതിസന്ധികളും മറികടക്കാൻ അവരുടെ തലച്ചോറിന്റെ വളർച്ചയും, കൂടുതൽ പുതിയ അറിവുകളിലേക്കുള്ള വാതായനങ്ങളും അവരെ സഹായിക്കട്ടെ എന്നുകൂടി പ്രത്യാശിക്കാം.

ഇനി അസുഖത്തെക്കുറിച്ച് പറയാം.
‘നോൺ സ്മാൾ ലങ് ക്യാൻസർ ‘ എന്നത് ജനിതകമായ പല മ്യൂട്ടേഷനുകൾ കൊണ്ട് സംഭവിക്കുന്ന ഒരു അസുഖമാണ്. ‘ALK ‘ എന്ന് വിളിക്കുന്ന മ്യൂട്ടേഷൻ ഉള്ളവർക്കാണ് സെറിട്ടിനിബ് നൽകുന്നത്.
പത്തുവർഷം മുൻപുള്ള ചികിത്സയിൽ നിന്ന് മാറി ഇന്ന് കൃത്യമായി രോഗിയിൽ സംഭവിച്ചിട്ടുള്ള ജനിതകമായ മ്യൂട്ടേഷൻ അനുസരിച്ചാണ് മരുന്ന് നൽകുന്നത്. ‘EGFR ‘ എന്ന മ്യൂട്ടേഷനാണ് കൂടുതൽ രോഗികളിലും കണ്ടുവരുന്നതെങ്കിലും മൂന്നു മുതൽ 5% വരെ രോഗികൾക്ക് മേൽപ്പറഞ്ഞ ‘ALK ‘മ്യൂട്ടേഷനും കണ്ടുവരുന്നുണ്ട്. അതിന് ക്രിസോർട്ടിനിബ്, അലക്റ്റിനിബ്, സെറിട്ടിനിബ് എന്നീ മരുന്നുകളാണ് നൽകുന്നത്. ഇത്തരം പുതിയ മരുന്നുകളുടെ ആവിർഭാവത്തോടെ ലങ്ങ് ക്യാൻസറിനെ വളരെ ഫലപ്രദമായി ദീർഘകാലം പ്രതിരോധിച്ച് നിർത്താൻ നമുക്ക് കഴിയുന്നുണ്ട്.

ALK മ്യൂട്ടേഷൻ ഉള്ള രോഗികൾ മുൻപൊക്കെ കുറച്ച് മാസങ്ങൾ മാത്രമാണ് ജീവിച്ചിരുന്നത്. ആ സ്ഥിതിയിൽ നിന്നൊക്കെ ഇന്ന് ഒരുപാട് മാറി. ചികിത്സാ ചെലവ് കൂടുതലാണെങ്കിലും ശാസ്ത്രത്തിൻ്റെ നേട്ടം മൂലം വർഷങ്ങളോളമായി ഒരു കുഴപ്പവുമില്ലാത്ത ധാരാളം രോഗികൾ നമുക്കിടയിൽ ഉണ്ട്.

ഇപ്പോഴും ആ ഏഴാം ക്ലാസുകാരന്റെ സങ്കടങ്ങൾ എന്നെ അലട്ടുകയാണ്. ആ അമ്മയ്ക്കും കുഞ്ഞിനും സന്തോഷത്തിന്റെ ദിനങ്ങൾ കൈ വരട്ടെ.

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |