വളരെയധികം സന്തോഷം അനുഭവപ്പെട്ട വർഷമാണ് ഇത് !.
എന്റെ ചികിത്സയിലൂടെ കടന്നു പോയ മൂന്ന് കുട്ടികൾ അവരുടെ ക്യാൻസറിനെ അതിജീവിക്കുകയും അതിന് ശേഷം എം.ബി.ബി. എസ് പഠനത്തിന് ചേർന്നു എന്നതുമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
അതിൽ എബി രാജേഷിനെ കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. എല്ലുകളെ ബാധിക്കുന്ന ക്യാൻസറിനെ അതിജീവിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്ന എബിയെ കുറിച്ച് മാതൃഭൂമി ചാനലിലും മറ്റു പത്രമാധ്യമങ്ങളിലും വന്ന വാർത്ത ശ്രദ്ധേയമായിരുന്നു.
എന്നാൽ നിങ്ങൾ അറിയാത്ത രണ്ട് കുട്ടികൾ കൂടി ഈ വർഷം എം.ബി.ബി.എസ്സിന് ചേരുന്നു എന്നത് വളരെയധികം ചാരിതാർഥ്യം നൽകുന്ന ഒരു കാര്യമാണ്.
അതിൽ ഒരാൾ ലക്ഷ്മിയാണ്.
ഞാൻ എറണാകുളം അമൃത ആശുപത്രിയിൽ പഠിക്കുകയും അവിടെ ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്ത സന്ദർഭത്തിൽ ചികിത്സിച്ച കുട്ടിയായിരുന്നു ലക്ഷ്മി.
യുഎസ്സിൽ ഉണ്ടായിരുന്ന മാതാപിതാക്കളോടൊപ്പം നാട്ടിലേക്ക് വരുമ്പോൾ ലക്ഷ്മിക്ക് ഏകദേശം മൂന്ന് വയസ്സ് പ്രായമാണ്. നാട്ടിൽ സ്ഥിരതാമസം ഉറപ്പിക്കാനായിരുന്നു ആ കുടുംബത്തിന്റെ വരവ്. നാട്ടിൽ വന്നതിനുശേഷം ലക്ഷ്മിക്ക് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL) എന്ന ബ്ലഡ് ക്യാൻസർ ഡയഗ്നോസ് ചെയ്യുകയും അതിനുള്ള ചികിത്സ എടുക്കുകയും ചെയ്തു.
ചികിത്സയുടെ ഭാഗമായി വളരെയധികം കോംപ്ലിക്കേഷനുകൾ കുട്ടിക്ക് ഉണ്ടായിരുന്നു. കുട്ടി ജനിച്ചതും വളർന്നതും യു. എസ്സിൽ ആയതുകൊണ്ട് നമ്മുടെ നാട്ടിലെ കുട്ടികൾക്ക് കിട്ടുന്ന സ്വാഭാവികമായ ബാക്ടീരിയ-വൈറസ് സമ്പർക്കം ഇല്ലാത്തത് കുഞ്ഞിന്റെ ആർജിത പ്രതിരോധശേഷിയിൽ കുറവ് വരുത്തുകയും നമ്മൾ പ്രതീക്ഷിക്കാത്ത അത്രയും തീവ്രതയോടെ ഇൻഫെക്ഷനുകൾ ഉണ്ടാവുകയും ചെയ്തു.
എന്നാൽ ചികിത്സയിലൂടെ എല്ലാ പ്രയാസങ്ങളെയും തരണം ചെയ്ത് വളരെ മിടുക്കിയായി സ്കൂൾ- കലാലയ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് ഇന്നവൾ എം.ബി.ബി.എസിന് ജോയിൻ ചെയ്തിരിക്കുന്നു.
അതുപോലെതന്നെയാണ് അലോഷ്.ബി.മണി എന്ന എട്ടാം ക്ലാസുകാരന്റെ ജീവിതവും. അവരുടെ കുടുംബം ഗൾഫിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് വന്നതിനുശേഷമാണ് അലോഷിനും അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL) കണ്ടെത്തുന്നത്.
ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന ആശുപത്രിയിലായിരുന്നു അലോഷിനെ ആദ്യം ചികിത്സിച്ചത്. അതിന് ശേഷം കോട്ടയത്തേക്ക് തിരിച്ച് വന്നപ്പോൾ തുടർ ചികിത്സ അവിടേക്ക് മാറ്റി. അലോഷ് ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്. ഈ വർഷം എം.ബി.ബി.എസിന് അവനും ചേരുന്നുണ്ട്.
എബി
ലക്ഷ്മി
അലോഷ്
നമ്മുടെ സമൂഹത്തിന് പ്രചോദനമാകാവുന്ന മൂന്ന് പേരുകൾ. ചെറുപ്പത്തിലെ ബാധിച്ച ക്യാൻസറിനെ കീഴ്പ്പെടുത്തുകയും ഇന്ന് ആതുര ശുശ്രൂഷ സേവനം ലക്ഷ്യമാക്കി മെഡിസിന് ചേരാൻ തയ്യാറെടുക്കുന്ന എന്റെ പ്രിയപ്പെട്ട കുട്ടികളെ ഓർത്ത് എനിക്ക് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട്. ഇതേ പ്രായത്തിലുള്ള കുട്ടികളുള്ള ഒരു പിതാവ് എന്ന നിലയ്ക്കും അവരെ ചികിത്സിച്ച ഡോക്ടർ എന്ന നിലയ്ക്കും..
ആ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു…
ബോബൻ തോമസ്.