ഒരു സെക്കൻഡ് കൂടി..”
ചില പത്രവാർത്തകൾ നമ്മളെ വേദനിപ്പിക്കും. ഇരുത്തി ചിന്തിപ്പിക്കും. അതു പോലുള്ള ഒരു വാർത്തയാണ് മുകളിൽ സൂചിപ്പിച്ചത്. മനോരമയുടെ തിരുവനന്തപുരം എഡിഷനിൽ ഇന്ന് ചിത്രസഹിതം വന്ന ആ വാർത്ത, അത് വായിക്കുന്ന മനസ്സ് മരവിക്കാത്ത ഏതൊരു മലയാളിയുടേയും കരളലിയിക്കും.
തിരുവനന്തപുരത്ത് നടന്ന കരസേനയുടെ ആർമി റിക്രൂട്ട്മെൻറ് ക്യാമ്പിൽ കേവലം ഒരു സെക്കൻഡിന് ജീവിതത്തിലെ ഒരു വലിയ സ്വപ്നവും, പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ നിസ്സഹായവും, ദയനീയവുമായ ഒരു ചിത്രമായിരുന്നു അത്. സമയത്തിന്റെ വിലയറിയാത്ത അല്ലെങ്കിൽ എല്ലാം കാൽക്കീഴിലാക്കിയെന്ന് അഹങ്കരിക്കുന്ന.. സ്വയം മിഥ്യാഭിമാനം കൊള്ളുന്ന ഒരു വലിയ സമൂഹത്തെ ഒരുപക്ഷേ ഈ ‘ഒരു സെക്കൻഡ്’ സ്പർശിക്കുന്നുണ്ടാവില്ല. പക്ഷേ ഇത്തരം ചില സെക്കൻഡുകൾ നഷ്ടപ്പെടുത്തിയ സ്വപ്നവും, ജീവിതവുമുള്ള ഒരുപാട് ചെറുപ്പക്കാർ നമ്മുടെ ചുറ്റും ഉണ്ട്. അതിലൊരാളെയാണ് ഇന്ന് ആർമി റിക്രൂട്ട്മെൻറ് ക്യാമ്പിൽ കണ്ടത്. ഒന്നര കിലോമീറ്ററിലധികം ദൂരം പ്രതീക്ഷയോടെ ചുട്ടുപഴുത്ത ഗ്രൗണ്ടിലൂടെ ഓടിയതിനു ശേഷം ഒരു സെക്കൻഡിന്റെ പേരിൽ തടയപ്പെട്ട ഒരു ചെറുപ്പക്കാരൻ. ഒരുപക്ഷേ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ അയാൾ മറുകര കണ്ടേനെ. എന്തു ചെയ്യാം..!
ജീവിതവും, പരീക്ഷകളുമെല്ലാം ചിലപ്പോഴൊക്കെ അങ്ങിനെയേ വരൂ. ഇത്രയും നാൾ അയാൾ സ്വരൂപിച്ച ഊർജ്ജമെല്ലാം ഇതോടെ ചോർന്നു പോയിട്ടുണ്ടാകാം.!
പണ്ട് പി.ടി ഉഷക്കും സെക്കൻഡിന്റെ ദശാംശത്തിൽ ഒളിമ്പിക് മെഡൽ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ പി.ടി ഉഷക്ക് അതിനുശേഷവും ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് പറയാം. ഇന്ത്യയിലെ മികച്ച അത് ലറ്റ് എന്ന നിലയിൽ അവർ പേരെടുക്കുകയും ചെയ്തു. എന്നാൽ ഈ ചെറുപ്പക്കാരന് ഇനി ഇതു പോലെ എത്തിപ്പെടാൻ സാധിക്കുമോ എന്നറിയില്ല. സ്യൂട്ടും, കോട്ടും ധരിച്ച ഒരു വൈറ്റ് കോളർ ജോലിക്കല്ല ആ ചെറുപ്പക്കാരൻ ശ്രമിച്ചത്. മരണത്തെപ്പോലും മുഖാമുഖം കാണേണ്ടിവരുന്ന ഒരു സൈനികനാവാനാണ് അയാൾ കൊതിച്ചത്.
ഇത് ജീവിതം പുലർത്താനുള്ള ഒരു ജോലിക്ക് നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ കഷ്ടപ്പെടുന്നതിന്റെ ഒരു രേഖാചിത്രം കൂടിയാണ്. ഭരണവർഗത്തോടും നമ്മളുൾപ്പെടുന്ന പൊതുസമൂഹത്തോടുമുള്ള ഒരു ചൂണ്ടുവിരലും. എന്ത് പറയണമെന്നറിയാതെ കുറേനേരം ആ ചിത്രത്തിലേക്ക് തന്നെ നോക്കി നിന്നു. ആ ചെറുപ്പക്കാരന്റെ പേരോ, ഊരോ ഒന്നും എനിക്കറിയില്ല.
ഈയൊരവസരത്തിൽ ആ ചെറുപ്പക്കാരന് ഇതിലും മികച്ച അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കാൻ മാത്രമേ എനിക്കാവൂ. അതുപോലെ പ്രയാസമേറിയ ഇത്തരം ജീവിതസാഹചര്യങ്ങളിൽ നിന്ന് വരും തലമുറയ്ക്ക് പ്രതീക്ഷയുടെ ഒരു വെളിച്ചം തെളിയട്ടെ എന്ന ശുഭാപ്തി വിശ്വാസത്തോടെ നിർത്തുന്നു..
നിങ്ങളുടെ സ്വന്തം ബോബൻ തോമസ്.