“ആ മനുഷ്യൻസത്യത്തിൽ നീതിമാനായിരുന്നു.!”
ഈ വാക്യം ആദ്യമായി ഞാൻ കേൾക്കുന്നത് ബൈബിളിലൂടെയാണ്. യേശുക്രിസ്തു കുരിശിൽ തറച്ച് മരണപ്പെട്ടതിന് ശേഷം സൈന്യാധിപൻ പറയുന്ന ആ വാക്യം ചെറുപ്പനാൾ മുതൽ ബൈബിളിൽ വായിക്കുകയും, പള്ളിയിൽ ഈസ്റ്റർ സമയത്ത് കുർബാനക്ക് ഇടയ്ക്ക് കേൾക്കുകയും ചെയ്യുമായിരുന്നു..
സ്വന്തം മരണത്തിലൂടെയാണ് യേശുക്രിസ്തു നീതിമാനാണെന്ന് തെളിയിച്ചത്. ചെറുപ്പത്തിൽ അതിന്റെ ഗൗരവം വേണ്ടരീതിയിൽ ഉൾക്കൊള്ളുവാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രായം ചെന്നതിന് ശേഷം ബൈബിളിനെ കുറച്ചുകൂടി സീരിയസ് ആയി വായിക്കാനും അറിയാനും ശ്രമിച്ചതിനുശേഷം ആ സ്റ്റേറ്റ്മെന്റിന്റെ ഗ്രാവിറ്റി എനിക്ക് ഉൾക്കൊള്ളുവാൻ സാധിച്ചിരുന്നു.
അതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് അതേ ഒരു വാക്യം വീണ്ടും കേൾക്കുന്നത് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാറിന്റെ മരണത്തിന് ശേഷം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ കേരള നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ആയിരുന്നു.
അന്നദ്ദേഹം സൂചിപ്പിക്കുകയുണ്ടായത്
‘ആ മനുഷ്യൻ സത്യത്തിൽ നീതിമാനായിരുന്നു എന്നതാണ് ‘
ശ്രീ ഉമ്മൻചാണ്ടി സാറിന്റെ സംസ്കാര ഘോഷയാത്ര കേരള സമൂഹം എത്ര വൈകാരികമായാണ് നെഞ്ചിലേറ്റിയത് എന്ന് നമ്മൾ കണ്ടു. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഓരോ മലയാളിയും ഏറ്റെടുത്ത ആ കാഴ്ചയ്ക്ക് ശേഷമാണ് ശ്രീവി.ഡി സതീശൻ അങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ കല്ലറയിലും അങ്ങനെ എഴുതി വച്ചിരിക്കുന്നു.
ഉമ്മൻചാണ്ടി സാറിന്റെ നീതിബോധം കേരളീയ സമൂഹം ആഴത്തിൽ മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ മരണശേഷമാണ്. ഈ പറയുന്നത് ഏതെങ്കിലും രാഷ്ട്രീയ പക്ഷപാതിത്വം കൊണ്ടല്ല. തികച്ചും വ്യക്തിപരമായി എനിക്ക് തോന്നിയത് നിങ്ങളോട് ഷെയർ ചെയ്യുന്നു എന്ന് മാത്രം.
മരണത്തിന് ശേഷം വീണ്ടും ഒരു വ്യക്തി നീതിമാനാണെന്ന് തോന്നിയത് ഈ കഴിഞ്ഞ ദിവസം മരണപ്പെട്ട കണ്ണൂരിലെ എ. ഡി. എം ആയിരുന്ന ശ്രീ നവീൻ ബാബുവിനെ കുറിച്ചുള്ള വാർത്ത കേട്ടപ്പോഴാണ്. നവീൻ ബാബു എന്ന വ്യക്തിയെ ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. എന്നാൽ മരണശേഷമാണ് പൊതുജനങ്ങളെ പോലെ അദ്ദേഹത്തെക്കുറിച്ച് ഞാനും മാധ്യമങ്ങളിൽ കൂടി അറിഞ്ഞത്.
അദ്ദേഹവും മരണത്തോടെ നീതിമാനായ ഒരാളാണെന്ന് ഞാൻ ആത്മാർത്ഥമായി കരുതുന്നു.
ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്ന് നമ്മൾ കരുതുന്നത് നമ്മുടെനീതി ബോധമാണ്. നമ്മുടെ ആത്മാഭിമാനമാണ്. നമ്മുടെ ക്രെഡിബിലിറ്റി ആണ്.
എത്ര പണം ഉണ്ടെങ്കിലും സൗകര്യങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ആത്മാഭിമാനമോ വിശ്വാസ്യതയോ നഷ്ടപ്പെട്ട കഴിഞ്ഞാൽ നമ്മൾ ഒന്നുമല്ലാതാകും. ആ ഒരു വികാരമായിരിക്കും അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്.
ഞാനൊരിക്കലും ആ പ്രവൃത്തിയെ ന്യായീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുകയല്ല പക്ഷെ അദ്ദേഹത്തിന്റെ അപ്പോഴത്തെ മാനസികാവസ്ഥയിൽ മറ്റൊരു വഴിയും മുമ്പിൽ ഇല്ലായിരുന്നിരിക്കാം. ആ ദൗർബല്യമായിരിക്കാം ആത്മഹത്യ പോലെ ഒരു വഴി സ്വീകരിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഞാൻ അതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചു. ഇന്നലെവരെ എല്ലാവരുടെയും മുമ്പിൽ തലയുയർത്തി നിന്ന ഒരു മനുഷ്യൻ. പൊതുസമൂഹത്തെ വിടാം. സ്വന്തം ഭാര്യയുടെയും രണ്ട് മക്കളുടെയും മുമ്പിൽ ആത്മാഭിമാനത്തോടെ നിന്ന ഒരു മനുഷ്യൻ പെട്ടെന്നൊരു ദിവസം മാധ്യമങ്ങളിലൂടെ അഴിമതിക്കാരനെന്നും,കൈക്കൂലിക്കാരനന്നും അധിക്ഷേപിക്കപ്പെടുന്നു.
പിന്നീട് നമ്മൾ കാണുന്നത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ കാത്തുനിന്ന ഭാര്യയും മക്കളും അദ്ദേഹം ആ ട്രെയിനിൽ ഇല്ല എന്നറിയുന്നതും തുടർന്ന് നടന്ന അന്വേഷണത്തിൽ അദ്ദേഹം മരണപ്പെട്ടു എന്ന കാര്യവുമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് ബോധ്യമുണ്ടെങ്കിലും തന്റെ ഭാര്യയുടെയും മക്കളെയും പോലും ആ വാർത്തയുടെ ആഘാതത്തിൽ അഭിമുഖീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് വേദനാജനകമാണ്.
ലോകത്ത് കുട്ടികളുടെ ആദ്യത്തെ സൂപ്പർ ഹീറോ എന്ന് പറയുന്നത് പിതാവ് തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ അനുഭവത്തിൽ നിന്നു കൂടിയാണ് ഈ പറയുന്നത്. എന്റെ അച്ഛനെ ഞാൻ കണ്ടതും എന്റെ മക്കൾ ഇന്ന് എന്നെ കാണുന്നതും അതേ രീതിയിൽ തന്നെയാണ്. മറ്റാർക്കും ചെയ്ത് തരാൻ സാധിക്കാത്തത് സ്വന്തം പിതാവിന് ചെയ്യാൻ സാധിക്കുമെന്ന് ഓരോ കുട്ടിയും കരുതുന്നു. നമ്മൾ വഴക്ക് പറയുന്നുണ്ടോ എന്നതൊന്നും ആ ചിന്തയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നില്ല.
ഇന്നലെവരെ സൂപ്പർഹീറോ ആയി നിന്നിരുന്ന ഒരച്ഛൻ ഇന്നൊരു കുറ്റവാളിയെ പോലെ അവരുടെ മുമ്പിൽ തലകുനിച്ച് നിൽക്കുന്ന സാഹചര്യം അദ്ദേഹത്തിന് ചിന്തിക്കാൻ സാധിച്ചില്ല. അതുപോലെതന്നെ ലോകത്ത് ഓരോ ഭാര്യയും സെൽഫ് റെസ്പെക്ടോട് കൂടി കാണുന്ന ഒരു വ്യക്തി അവരുടെ ഭർത്താവ് തന്നെയാണ്. അദ്ദേഹം ഒരു തെറ്റുകാരനായി അവരുടെ മുമ്പിൽ തലകുനിച്ച് നിൽക്കുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിഞ്ഞെന്നു വരില്ല. ഒരുപക്ഷേ ഇതൊക്കെ ആയിരിക്കും അദ്ദേഹത്തെ ഒരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്.
തിരിച്ച് നമ്മളൊന്ന് ചിന്തിക്കുകയാണെങ്കിൽ അദ്ദേഹം ഇങ്ങനെയൊരു കൃത്യം ചെയ്തതുകൊണ്ട് മാത്രമാണ് കേരള സമൂഹം ഇത്ര വിശദമായി ഈയൊരു കാര്യം ചർച്ച ചെയ്തതും അദ്ദേഹത്തിന്റെ നീതിബോധം മനസ്സിലാക്കിയതും.
മറിച്ച് അങ്ങനെയൊരു കൃത്യം ചെയ്യുന്നതിന് പകരം അദ്ദേഹം ഒരു പത്രസമ്മേളനം നടത്തുകയോ, അന്വേഷണത്തിന് ഭാഗമാകുകയോ ചെയ്ത് അദ്ദേഹം തെറ്റുകാരനല്ലെന്ന് സ്ഥാപിക്കപ്പെട്ടാൽ പോലും ആ വാർത്ത ഏതെങ്കിലും ഒരു പത്രത്തിന്റെ മൂലയിൽ ഒതുങ്ങി പോകുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസ്യത പലരും സംശയത്തോടെ കാണുമായിരുന്നു. പൊതുസമൂഹത്തിന്റെ മുമ്പിൽ എന്നും ഒരു കുറ്റവാളിയുടെ ഇമേജോടുകൂടി ജീവിക്കേണ്ടി വരുമായിരുന്നു.
സ്വന്തം മരണത്തിലൂടെ നീതിമാനാണെന്ന് തെളിയിച്ച യേശുക്രിസ്തുവിനെ പോലെ.. ഉമ്മൻചാണ്ടി സാറിനെപ്പോലെ ഇന്ന് നവീൻ ബാബുവും ജനഹൃദയങ്ങളിൽ നീതിമാനായി ജീവിക്കും. ഇതിൽ രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ഇല്ല. മറിച്ച് ആ വാർത്തയറിഞ്ഞ കേരള സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മനസ്സിൽ തോന്നിയിട്ടുള്ള ഒരു കാര്യം ഇവിടെ കുറിക്കുന്നു എന്ന് മാത്രം..
ബോബൻ തോമസ്.