“അവസാനം അതും സംഭവിച്ചു.!!”

“അവസാനം അതും സംഭവിച്ചു.!!”

റൗണ്ട്സ് എടുക്കുന്നതിനിടയിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ വാർത്ത കേട്ടത്. തിരിച്ച് ഓ.പിയിൽ എത്തുമ്പോൾ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ.
വേദനയും, ദേഷ്യവും, പ്രതിഷേധവും, നിസ്സഹായാവസ്ഥയും കൂടി മനസ്സ് ആകെ സംഘർഷഭരിതമാണ്.
കേരളത്തിലെ ഡോക്ടർ സമൂഹം ഭീതിയോടുകൂടി പ്രതീക്ഷിച്ചിരുന്ന ഒന്നായിരുന്നു ഈ മരണം.
ആര്.? എപ്പോൾ.? എവിടെവച്ച്.? എങ്ങനെ.?
എന്ന നാല് ചോദ്യങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
അതിനിപ്പോൾ സ്ഥിരീകരണം ആയിരിക്കുന്നു.
എത്ര ദാരുണമാണ് വന്ദന എന്ന യുവ ഡോക്ടറുടെ മരണം.
സ്റ്റെതസ്കോപ്പ് അണിയുമ്പോൾ എന്തുമാത്രം സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകും അവർ. എത്രപേരുടെ കണ്ണീരൊപ്പേണ്ടതായിരുന്നു അവരുടെ സേവനങ്ങൾ.
ആരാണ് ഈ അപരാധത്തിന് ഉത്തരവാദി.?
പൊതുസമൂഹം തന്നെയാണ് ഇതിൻ്റെ ഉത്തരവാദികൾ.
മുൻപ് ഇതുപോലൊരു ആക്രമണം ഉണ്ടായപ്പോൾ സമരം നടത്തിയ ഡോക്ടർമാരെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത കുലംകുത്തികളും, കരിങ്കാലികളും ആയ ഈ കമ്മ്യൂണിറ്റിയിലെ തന്നെ ചില ഡോക്ടർമാർ കൂടി ഉൾപ്പെടുന്ന പൊതു സമൂഹം എന്ന് കൂടി ഞാൻ ഊന്നിപ്പറയും.
എനിക്കതിൽ ഒട്ടും ഖേദമില്ല.
രണ്ടാമത് പ്രതിസ്ഥാനത്ത് വരുന്നത് രാഷ്ട്രീയ നേതൃത്വമാണ്.
ചില ഡോക്ടർമാർക്കിട്ട് ‘രണ്ടെണ്ണം കൊടുത്താലും കുഴപ്പമില്ല ‘ എന്നടക്കം വിരളവും നിർഭാഗ്യകരവുമായ ചില സംഭവങ്ങളെ സാമാന്യവൽക്കരിച്ച്, ആതുര സേവനത്തിന് നിതാന്തമായി പരിശ്രമിക്കുന്ന ഒരു കമ്മ്യൂണിറ്റിയെ തന്നെ കുരുതി കൊടുക്കുന്ന പ്രസ്താവന ഇറക്കിയ മുൻമന്ത്രിയും, എംഎൽഎയുമായ ഗണേഷ് കുമാറിനെ നമുക്കറിയാം. നിയമസഭയ്ക്ക് അകത്തും, നയപരമായി ചിന്തിക്കാൻ ശേഷിയില്ലാത്ത ആരാധക വൃന്ദമായ വലിയ ജനക്കൂട്ടത്തോട് പുറത്തും യാതൊരു മടിയുമില്ലാതെ ഇത്തരം അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ നാലാംകിട കവല പ്രസംഗം നമ്മൾ കേട്ടതാണ്. അത് സോഷ്യൽ മീഡിയയിലൂടെ മില്യൺ കണക്കിന് ജനങ്ങളിലേക്ക്.. സമൂഹത്തിന്റെ പൊതു ധാർമികതയിലേക്ക് ചേർക്കപ്പെടുന്നതും നാം കണ്ടു.
എത്ര ഭീകരമാണ് വേലി തന്നെ വിളവ് തിന്നുന്ന ഈ വ്യവസ്ഥ.!
ആ പോസ്റ്റിന് അടിയിൽ വന്ന ഹീനമായ കമന്റുകൾ വായിച്ച് ഒരുപാട് വേദന അനുഭവിച്ച ഒത്തിരി ഡോക്ടർമാരുണ്ട്.
ജീവിതത്തിൽ എത്രയോ ത്യാഗങ്ങളും നഷ്ടങ്ങളും സഹിച്ചാണ് ഞങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റുന്നതെന്ന് പലർക്കും അറിയില്ല.
നമ്മുടെ മെഡിക്കൽ ഫ്രറ്റേണിറ്റി ഇത്ര മികച്ചതായതിന്റെ പിന്നിൽ ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യ പാലകരുടെ നിതാന്തമായ പരിശ്രമമുണ്ടെന്ന് നെഞ്ചിൽ കൈവച്ച് പറയട്ടെ.
അടുത്ത പ്രതി മാധ്യമങ്ങളാണ്.
ഡോക്ടർമാർക്കെതിരായ നീതി നിഷേധങ്ങൾക്കും ആക്രമണങ്ങൾക്കും എതിരായി ജനാധിപത്യ രീതിയിൽ പ്രതികരിക്കുമ്പോഴൊക്കെ ന്യായമായ ഞങ്ങളുടെ അവകാശങ്ങൾക്ക് നേരെ കണ്ണടച്ച് രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാത്രം പ്രൊജക്റ്റ് ചെയ്ത് വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ ഞങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് എന്തേ പരിഗണന കൊടുക്കാഞ്ഞത്.?
ശരിയാണ് ..
ഏതൊരു സമരവും പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
അതിൽ വേദനയും ഉണ്ട്.
എന്നാൽ ഇത്തരം വാർത്തകൾ ജന മനസ്സുകളിൽ ഡോക്ടർമാരെക്കുറിച്ച് ഉണ്ടാക്കിയെടുക്കുന്ന മനോവികാരം എത്രമാത്രം ഹീനമാണെന്ന് ജനാധിപത്യത്തിൻറെ നാലാം തൂണുകൾക്ക് എന്തേ ബോധ്യമാകാത്തത്.
അതിന്റെ പരിണിതഫലമല്ലേ മറ്റൊരു കോണ്ടസ്റ്റിലായാലും നമ്മളിന്ന് കണ്ടത്.
ഈ തുന്നി കെട്ടലുകൾ കൊണ്ട് ഒരു ജീവനെ നമുക്ക് ബലി കൊടുക്കേണ്ടി വന്നില്ലേ.?
ഞങ്ങൾ ആരും ദൈവങ്ങളല്ല.
ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യുന്നവരുണ്ട്. ദിവസത്തിൽ 24 മണിക്കൂറും രോഗികളുടെയും ബന്ധുക്കളുടെയും ഫോൺ കോളുകൾക്ക് അടക്കം മറുപടി പറഞ്ഞു കൊണ്ടാണ് ഞങ്ങൾ ജോലി ചെയ്യുന്നത്.
പല കോളുകളും എടുക്കാൻ കഴിയാറില്ല.
മനപ്പൂർവമല്ല. ഉത്തരവാദിത്വത്തിന്റെ ആധിക്യം കൊണ്ടാണ്.
ഫോൺ കോളുകൾ എടുക്കാതിരിക്കുമ്പോൾ പ്രകോപിതരാകുന്നത് ഡോക്ടർമാരെക്കുറിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന പൊതുസമൂഹത്തിന്റെ തെറ്റായ പൊതുബോധം മൂലമാണ്. അതിനൊക്കെയാണ് മാറ്റം വരേണ്ടത്.
ഒരു രോഗിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകണമെന്ന് ഒരു ഡോക്ടറും ആഗ്രഹിക്കില്ല.
ഒന്നും മനപ്പൂർവമുള്ള കൈപ്പിഴകളുമല്ല.
മറിച്ച് മെഡിക്കൽ സയൻസിന് ചെയ്യാവുന്നതിനും അപ്പുറത്തുള്ള ചില കാര്യങ്ങളാണ്.
മെഡിക്കൽ രംഗത്ത് പല പ്രഗൽഭരായ ഡോക്ടർമാരും നമ്മുടെ നാട് വിട്ടു പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അതിനു പിന്നിൽ ചികിത്സ നിലവാരം മാത്രമല്ല. ക്വാളിറ്റി ഓഫ് ലൈഫ് എന്ന അവരവരുടെ ജീവിത പരിചരണം കൂടി ലക്ഷ്യമാക്കിയിട്ടാണ്.
ഇത്തരം സംഭവങ്ങൾ അതിന് ആക്കം കൂട്ടുന്നു.
ഒരു കാര്യത്തിലും ഉത്തരവാദിത്വമില്ലാത്ത.. ഉത്തരവാദിത്വമേറ്റെടുക്കേണ്ടവർ കൈകഴുകിയ ചരിത്രമേ നമുക്കു മുന്നിലുള്ളൂ. കുറച്ചുദിവസം ഇതൊരു ന്യൂസ് ഹൈപ്പ് ആവും.
മരണപ്പെട്ട ഡോക്ടറോടുള്ള കണ്ണീരും ഐക്യദാർഢ്യവും, വിശദീകരണ യോഗങ്ങൾ, ധന സഹായം, ഇത്തരം സംഭവങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം, മുൻകരുതലുകൾ എന്നിവയെല്ലാം ന്യൂസ് റൂമുകളിൽ മുറപോലെ നടക്കും.
പിന്നീട് എല്ലാം പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വരും.
കുട്ടികൾക്ക് വെളിച്ചം ആകേണ്ട ഒരു സ്കൂൾ അധ്യാപകനാണ് ക്രൂരമായ ഈ കൊലപാതകം ചെയ്തതെന്ന് കൂടി ആലോചിക്കുമ്പോൾ..?
നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നത്.
മരണപ്പെട്ട സഹപ്രവർത്തകയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ …

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |