അപ്പച്ചനും, അപ്പാപ്പൻമാരും, ക്യാൻസറും പിന്നെ ഞാനും

അപ്പച്ചനും, അപ്പാപ്പൻമാരും, ക്യാൻസറും പിന്നെ ഞാനും

ഒരു ഓൺകോളജിസ്റ്റ് ആയ ഞാൻ ക്യാൻസർ എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് സ്കൂളിലോ, കോളേജിലോ, മെഡിക്കൽ കോളേജിലോ ഒന്നുമല്ല, മറിച്ച് അമ്മിച്ചിയമ്മ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എന്റെ വല്യമ്മച്ചിയിൽ നിന്നായിരുന്നു. അവധിക്കാലം എന്നും കൈപ്പുഴയിലുള്ള ഞങ്ങളുടെ തറവാട്ടിലായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ മുതൽ അത് ഓണമാകട്ടെ, ക്രിസ്തുമസ് ആകട്ടെ, വലിയ അവധിയായാകട്ടെ അത് അങ്ങിനെ തന്നെയായിരുന്നു. അന്ന് ബൈബിളിലെ കഥകളും, വിശുദ്ധന്മാരുടെ കഥകളുമൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നിരുന്ന കൂട്ടത്തിൽ അമ്മിച്ചിയമ്മ ഒരു കഥ കൂടി പറഞ്ഞു തന്നിരുന്നു. ചേട്ടായിയുടെ കഥയായിരുന്നു അത്.

ചേട്ടായി അമ്മിച്ചിയുടെ മൂത്ത മകനും എന്റെ അച്ചയുടെ മൂത്ത സഹോദരനുമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ഞങ്ങളുടെ എല്ലാവരുടെ വീടുകളിലും ഉണ്ട്. അദ്ദേഹം പതിനഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് ബോൺ ക്യാൻസർ വന്ന് മരണമടയുകയാണുണ്ടായത്. അവിടെ വെച്ചാണ് അമ്മിച്ചിയമ്മയിൽ നിന്ന് ക്യാൻസർ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത്. ചേട്ടായിയുടെ ചികിത്സയ്ക്കായി ബോംബെയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലും, വെല്ലൂരിലും പോയ കഥകൾ അമ്മിച്ചി ഞങ്ങളോട് പറഞ്ഞു തന്നിരുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങൾ ഇല്ല. അന്ന് വളരെ ബുദ്ധിമുട്ടിയും, പ്രയാസം അനുഭവിച്ചുമാണ് അപ്പച്ചൻ ചേട്ടായിയെ ചികിത്സിക്കാൻ കൊണ്ടുപോയിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഓൺകോളജി ട്രെയിനിങ്ങിന്റെ ഭാഗമായി ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുവാനും, അവിടെ പീഡിയാട്രിക് ഓൺകോളജി ഡിപ്പാർട്ട്മെൻറിൽ ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നുള്ള ബോൺ ക്യാൻസർ പിടിപെട്ട വളരെയധികം കുട്ടികളെ ചികിത്സിക്കാൻ കഴിഞ്ഞതും ഒരു നിമിത്തമായി തോന്നുകയാണ്.

അതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് വീണ്ടും ക്യാൻസർ എന്ന വാക്ക് വീട്ടിൽ നിന്ന് തന്നെ കേൾക്കാനിടയായി. അന്ന് ഞാൻ ബാംഗ്ലൂരിൽ എം.ബി.ബി.എസിന് പഠിക്കുകയാണ്. എന്നെ കാണാനും, ചില ബിസിനസ് ആവശ്യങ്ങൾക്കു വേണ്ടിയും അച്ച ഇടയ്ക്കിടക്ക് ബാംഗ്ലൂരിൽ വരാറുണ്ടായിരുന്നു. സെക്കൻഡ് ഇയറിന് ഞാൻ ജോയിൻ ചെയ്ത സമയത്ത് ഇതുപോലെ അച്ച എന്റെ അടുത്തു വന്ന അവസരത്തിൽ ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചതിന്റെ കൂട്ടത്തിൽ അപ്പച്ചന്റെ കാര്യവും കൂടി ഞാൻ ചോദിക്കുകയുണ്ടായി. അപ്പച്ചന് എന്തോ ഒരസുഖമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കുമറിയാമായിരുന്നു. പക്ഷേ അതെന്താണെന്ന് ഞങ്ങൾക്ക് കുട്ടികൾക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ഞങ്ങളിൽ നിന്ന് മറച്ച് വെച്ചിരുന്ന ഒരു കാര്യമായിരുന്നു അത്. അന്ന് ധൈര്യം സംഭരിച്ച് ഞാൻ അച്ചയോട് ഞാൻ ചോദിച്ചു. അപ്പച്ചന് എന്താണ് ബുദ്ധിമുട്ട്. അന്ന് അച്ച എന്നോട് പറഞ്ഞു. ഇനി നിന്നോടിത് ഒളിച്ചു വെച്ചിട്ട് കാര്യമില്ല. നീ ഏതായാലും മെഡിസിന് ചേർന്നു. അപ്പച്ചന് ബ്ലഡ് ക്യാൻസറാണ്.

അന്ന് അച്ച പോയതിനുശേഷം തിരിച്ച് ഹോസ്റ്റലിൽ വന്ന ഞാൻ പത്തോളജി ടെക്സ്റ്റ് ബുക്കിൽ നിന്നും ആദ്യമായി CLL എന്ന രോഗത്തെക്കുറിച്ച് വായിച്ചു. അതിനുശേഷം എം.ഡി മെഡിസിൻ ചെയ്ത് കൊണ്ടിരുന്ന എന്റെ സീനിയർ ആയിരുന്ന ഫൈസി സാറിനോട് ഈ രോഗത്തെക്കുറിച്ച് കൂടുതലായി അറിയാൻ ശ്രമിക്കുകയും ചെയ്തു. അപ്പച്ചന് അന്ന് രോഗം ഉണ്ടായിരുന്ന വിവരം അമ്മിച്ചിയോട് പോലും വെളിപ്പെടുത്തിയിരുന്നില്ല. ഇന്നും പലരും രോഗവിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചു വെക്കണമെന്ന് പറയുന്നവരാണ്. ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ അനുഭവം എനിക്കുണ്ടായത് യാദൃശ്ചികമല്ല. പിന്നീട് അപ്പച്ചന് ട്രീറ്റ്മെൻറ് തുടങ്ങുകയും, അതിന്റെ ഭാഗമായി ‘ക്ലോറാംബുസിൽ’ എന്ന മരുന്ന് എടുത്തതും എനിക്ക് ഓർമ്മയുണ്ട്. ആ സമയത്ത് CLL എന്ന ക്യാൻസറിന് ചികിത്സിക്കാൻ ക്ലോറാംബുസിൽ എന്ന മരുന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ട്രീറ്റ്മെൻറ് തുടങ്ങി വളരെ പെട്ടെന്ന് തന്നെ അപ്പച്ചന്റെ കണ്ടീഷൻ മോശമാവുകയും എന്റെ എം.ബി.ബി.എസ് രണ്ടാം വർഷ പരീക്ഷയുടെ തൊട്ടു മുമ്പ് തന്നെ അപ്പച്ചൻ മരണമടയുകയും ചെയ്തു. ഡയഗ്നോസ് ചെയ്ത് ഏകദേശം പത്തു വർഷത്തോളം അപ്പച്ചൻ ഈ രോഗവുമായി ജീവിച്ചിരുന്നു എന്നത് വലിയൊരു കാര്യമായി അന്ന് തോന്നിയിരുന്നു. പിന്നീട് CLL- നെക്കുറിച്ച് ആധികാരികമായി പഠിച്ചപ്പോഴാണ് ആ രോഗത്തിന്റെ നാച്ചുറൽ ഹിസ്റ്ററി പ്രകാരം പത്ത് വർഷമോ, പതിനഞ്ച് വർഷമോ ഒക്കെ ചികിത്സയില്ലാതെ തന്നെ പലർക്കും ജീവിച്ചിരിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കുവാൻ സാധിച്ചത്. അപ്പച്ചനെ കുറിച്ച് പറയുമ്പോൾ കൃഷിയിലൊക്കെ താത്പര്യമുണ്ടായിരുന്ന, നാട്ടിൻപുറത്തു കാരനായ വളരെ സാധുവായ ഒരു മനുഷ്യനായിരുന്നു. ആറ് പെങ്ങമ്മാർക്ക് കൂടിയുണ്ടായിരുന്ന ഒരേയൊരു ആങ്ങള. അതിൽ നാലു പേർ കന്യാസ്ത്രീകൾ ആയിരുന്നു.

വീണ്ടും ഒരിക്കൽ കൂടി വീട്ടിൽ ഒരാൾക്ക് ക്യാൻസർ ബാധിച്ച വിവരം കിട്ടുന്നത് ഞാൻ എം.ഡി ചെയ്യുമ്പോഴാണ്. കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തിനാല് ഒക്ടോബർ മാസം ഒന്നാം തീയതിയാണ് എന്റെ അച്ചയുടെ ഇളയ സഹോദരനായ ജായ്സ്ച്ചായൻ എന്ന് ഞങ്ങൾ വിളിക്കുന്ന ജായ്സ് എന്ന എം.ടി.മാത്യുവിന് രോഗമുണ്ടെന്ന വിവരം ഞാൻ അറിയുന്നത്. ബ്ലഡ് പരിശോധിച്ചപ്പോൾ ബ്ലഡിലെ കൗണ്ട് വളരെ കൂടുതലായിട്ട് കണ്ടു. ഡയഗ്നോസ് ചെയ്ത റിപ്പോർട്ടുമായി അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ രമണൻ സാറും, മറ്റുള്ളവരുമായി സംസാരിച്ചു. അതിനുശേഷം CLL ഹിസ്റ്ററി വെച്ച് ഉടനെ ചികിത്സ തുടങ്ങേണ്ടത കാര്യമില്ല എന്ന് നിശ്ചയിക്കുകയും വെയിറ്റ് ആൻഡ് വാച്ച് എന്ന പോളിസിയിൽ പോവുകയും ചെയ്തു.

അപ്പച്ചന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ ജായ്സ്ച്ചായനെയും, ഭാര്യയെയും, കുട്ടികളെയും രോഗവിവരം അറിയിക്കാതെയായിരുന്നു മുന്നോട്ടുപോയത്. ക്യാൻസർ രോഗത്തോടുള്ള സമീപനത്തിൽ മാറ്റം സംഭവിച്ചിട്ടില്ലായെന്ന് നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കുവാൻ സാധിക്കും. രോഗി അറിയാതെ രോഗിയെ ചികിത്സിക്കണം എന്ന രീതിയാണ് പലരും അവലംബിക്കുന്നത്. ഈയൊരു കാര്യത്തോട് എനിക്ക് ഒട്ടും തന്നെ യോജിപ്പില്ല. രോഗത്തിന്റെ വ്യാപ്തിയും, ഗൗരവവും അറിയിച്ചില്ലെങ്കിലും രോഗവിവരം രോഗിയും, ഉറ്റവരും അറിഞ്ഞ് തന്നെ ആയിരിക്കണമെന്നാണ് എന്റെ അഭിപ്രായം.

അതിനുശേഷം ഞാൻ അമൃതയിൽ മെഡിക്കൽ ഓൺകോളജിയിൽ ജോയിൻ ചെയ്യുന്ന സമയത്ത് ജായ്സ്ച്ചായന് ചികിത്സ തുടങ്ങേണ്ട ഘട്ടമായി. ഡയഗ്നോസ് ചെയ്തിട്ട് അപ്പോഴേക്കും മൂന്നു വർഷമായിരുന്നു. അപ്പച്ചന് കൊടുത്ത ക്ലോറാംബുസിൽ എന്ന മരുന്നിൽ തന്നെയായിരുന്നു തുടക്കം. അമൃതയിലെ എന്റെ പ്രൊഫസർമാരായിരുന്ന പവിത്രൻ സാറിന്റേയും, ഗണേശൻ സാറിന്റേയും, ഹെമറ്റോളജിസ്റ്റ് ഡോ.മനോജ് ഉണ്ണിയുടേയും നിർദ്ദേശങ്ങൾക്കനുസൃതമായാണ് ചികിത്സ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ചികിത്സക്കിടെ അദ്ദേഹത്തിന് കടുത്ത ന്യൂമോണിയ ബാധിക്കുകയും വളരെ സിക്ക് ആവുകയും അമൃതയിൽ ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്ത് വെൻറിലേറ്ററിൽ കിടക്കുകയും ചെയ്തു. മരണം പോലും സംഭവിക്കാൻ സാധ്യതയുള്ള ടച്ച് ആൻഡ് ഗോ സിറ്റുവേഷൻ ആയിരുന്നു അത്. പക്ഷേ അദ്ദേഹം അതിൽ നിന്ന് റിക്കവർ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു FCR എന്നുപറയുന്ന CLL ന്റെ പ്രോട്ടോകോൾ കേരളത്തിൽ ആദ്യമായി എടുത്ത വ്യക്തി ജായ്സ്ച്ചായനായിരുന്നു. തുടർന്ന് ഞാൻ തിരുവനന്തപുരത്ത് വന്നപ്പോൾ അദ്ദേഹത്തിന്റെ ചികിത്സ അവിടെയായിരുന്നു. 2006 – 2007 കാലഘട്ടമായപ്പോൾ CLL ചികിത്സയിൽ പല തരത്തിലുമുള്ള പുരോഗതി സംഭവിക്കുകയുണ്ടായി. പല പുതിയ പ്രോട്ടോക്കോൾസും CLL എന്ന രോഗത്തിന്റെ ചികിത്സയിൽ ലഭ്യമായി. അദ്ദേഹത്തിന് പലപ്പോഴും ഇൻഫെക്ഷൻ വന്ന് അഡ്മിറ്റ് ആകേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഞാൻ നേരത്തെ സൂചിപ്പിച്ച CLL ന്റെ പല പുതിയചികിത്സാ പ്രോട്ടോക്കോളും ആ കാലയളവിൽ ഉപയോഗിക്കാൻ സാധിച്ചു. CLL എന്ന അസുഖത്തിന് ലോകത്തിലെ ലഭ്യമായ എല്ലാ ചികിത്സയും ഓരോ ഘട്ടത്തിൽ നമുക്ക് കൊടുക്കുവാൻ സാധിച്ചു എന്നതും ഞാൻ പ്രത്യേകം ഓർക്കുന്നു. അതിനുശേഷം ഞാൻ കോട്ടയത്ത് പ്രാക്ടീസ് ചെയ്യുന്ന അവസരത്തിൽ ചികിത്സ എന്റെ കീഴിൽ കോട്ടയത്ത് കാരിത്താസ് ഹോസ്പിറ്റലിൽ ആയിരുന്നു. അവിടെ വെച്ച് ജായ്സാച്ചായൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നന്നേ ചെറുപ്പത്തിലെ ഈ അസുഖം കണ്ടു വളരുകയും, പിന്നീട് അത് ചികിത്സിക്കുന്ന ഒരാളുമായി തീരുകയും ചെയ്ത എനിക്ക് ഉറ്റവരെ ചികിത്സിക്കുമ്പോൾ വൈകാരികമായ ചില ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും, അതിനെയൊക്കെ മറികടന്ന് നല്ല രീതിയിൽ ചികിത്സ കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.

ക്യാൻസർ ചികിത്സ എന്നുള്ളത് എനിക്കൊരു പ്രൊഫഷൻ മാത്രമല്ല, അത് പലപ്പോഴും ഒരു നിയോഗം ആയിട്ടാണ് ഞാൻ കാണുന്നത്. ജായ്സ്ച്ചായനെ മാത്രമല്ല കുടുംബത്തിലെ മറ്റ് ക്ലോസ് റിലേറ്റീവ്സിനെയും ആ സമയത്തും അതിനു ശേഷവും ചികിത്സിക്കാനുള്ള അവസരം എനിക്കുണ്ടായി. ആ സമയത്തൊക്കെ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഡോ. ചെറിയാൻ തമ്പി ചോദിക്കുകയുണ്ടായി. സാറിന് എങ്ങനെയാണ് ഇത്രയും കൂടുതൽ റിലേറ്റീവ്സിനെ ചികിത്സിക്കുവാൻ സാധിക്കുന്നത്. പുറത്തുള്ള ഒരു രോഗിയെ ചികിത്സിക്കുന്നതിലും വലിയ മാനസിക ബുദ്ധിമുട്ടുകൾ നമ്മുടെ വീട്ടിലുള്ള ക്ലോസ് റിലേറ്റീവ്സിനെ ചികിത്സിക്കുമ്പോൾ നമുക്ക് അനുഭവപ്പെടാറുണ്ട്. അപ്പോൾ ഞാൻ ചെറിയാൻ തമ്പിയോട് പറഞ്ഞത് ഞാനിതൊരു പ്രൊഫഷൻ ആയിട്ടല്ല മറിച്ച് ഒരു നിയോഗമായി കാണുന്നത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടായി തോന്നാറില്ല എന്നാണ്. ഇന്നും കുടുംബത്തിലുള്ളവരാകട്ടെ പുറത്തുള്ളവരാകട്ടെ അതേ ഒരു ആറ്റിറ്റ്യൂഡിൽ ആണ് ഞാൻ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഓഫ് പ്രോട്ടോകോൾ ആയിട്ടും, ഔട്ട് ഓഫ് ദ ബോക്സ് കൺസെപ്റ്റിലും പല ചികിത്സയും ഈ ഒരു കാലയളവിൽ ചെയ്യുവാൻ എനിക്ക് സാധിച്ചത്. മുൻപത്തെ എന്റെ റൈറ്റപ്പുകളിൽ സൂചിപ്പിച്ചിട്ടുള്ള നിരഞ്ജൻ കൃഷ്ണ യുടെയും വിസ്മയയുടെയും കാര്യം ഞാനോർക്കുകയാണ്.

ക്യാൻസർ ചികിത്സയിൽ പലപ്പോഴും ടെക്സ്റ്റ് ബുക്കുകൾക്ക് അതീതമായി പലപ്പോഴും ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യേണ്ടതായി വരാറുണ്ട്. അവസരങ്ങളിലെല്ലാം മുന്നേറുവാനുള്ള ധൈര്യം എനിക്ക് തന്നത് കുടുംബത്തിൽ നിന്നു തുടങ്ങിയത് കൊണ്ടായിരിക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു.

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |