എന്റെ പ്രൊഫഷണൽ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമാണ് ജൂലൈ 11. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് രണ്ടായിരത്തി പതിനൊന്നിൽ ഇതേ ദിവസമാണ് ഞാൻ തിരുവനന്തപുരത്ത് സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിക്കുന്നത്. അതിനുമുമ്പ്, ക്യാൻസർ ചികിത്സയിലെ ഉപരിപഠനത്തിന് ശേഷം, ട്രെയിനിങ് എടുത്ത അമൃത ആശുപത്രിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക്, ഒരു സ്വതന്ത്ര ചുമതലയിലേക്ക് നടന്നു കയറുന്നത് അന്നാണ്.
എന്തുകൊണ്ട് തിരുവനന്തപുരം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അന്നും ഇന്നും എനിക്ക് കൃത്യമായ ഉത്തരമില്ല. ആരോഗ്യ മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് ഒരു വിധത്തിലുള്ള പ്രോത്സാഹനവും നൽകാത്ത തിരുവനന്തപുരത്ത് ഒരു ഓൺകോളജിസ്റ്റായി പോകുന്നത് സാഹസികമല്ലേ എന്ന് എന്റെ പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. എനിക്ക് മുൻപേ അവർ സമീപിച്ച പല ഡോക്ടർമാരും ഈയൊരു കാരണം കൊണ്ട് തിരുവനന്തപുരം വേണ്ടെന്നു വെച്ച വിവരവും എനിക്കറിയാമായിരുന്നു.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം ക്യാൻസർ രോഗികളും ആശ്രയിച്ചു കൊണ്ടിരുന്നത് കേരളത്തിലും, ഇന്ത്യയിലൊട്ടാകെയും ഏറ്റവും പഴക്കം ചെന്ന റീജിയണൽ കാൻസർ സെന്റർ എന്ന തലയെടുപ്പുള്ള ആശുപത്രിയെയായിരുന്നു. തൊട്ടു പിറകെ കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ശ്രീചിത്രാ തിരുനാൾ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളും. ഗവൺമെന്റ് ആരോഗ്യമേഖലയ്ക്ക് സവിശേഷമായ ശ്രദ്ധ കൊടുക്കുന്ന, സ്വകാര്യ മേഖലയ്ക്ക് പ്രത്യേകിച്ച് ക്യാൻസർ ചികിത്സാ രംഗത്തിന് താരതമ്യേന ബാലികേറാമലയായ തിരുവനന്തപുരത്തേക്ക് ചുവട് വയ്ക്കണോ എന്ന് ആരും ശങ്കിച്ചു നിൽക്കുന്ന കാലഘട്ടം.
തിരുവനന്തപുരത്ത് ജോയിൻ ചെയ്യുമ്പോൾ വളരെ കാലം അവിടെ തുടരണമെന്നൊന്നും ഞാനാഗ്രഹിച്ചിരുന്നില്ല. ഒരു വർഷം നോക്കിയിട്ട് പറ്റുന്നില്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് മാറാമെന്നായിരുന്നു എന്റെ ചിന്ത. എന്നാൽ പ്രൊഫഷണലായും, വ്യക്തിപരമായും എന്റെ ജീവിതത്തെ മാറ്റിമറിച്ച പല സംഭവ വികാസങ്ങൾക്കും തുടക്കം കുറിച്ചത് അവിടെ നിന്നായിരുന്നു.
അച്ഛയുടെ ഭാഗത്തുനിന്നും അമ്മയുടെ ഭാഗത്തുനിന്നുമുള്ള ഓരോ ബന്ധുക്കൾ മാത്രമാണ് എനിക്ക് തിരുവനന്തപുരത്ത് ആകെയുണ്ടായിരുന്ന പരിചയം. മെഡിക്കൽ വിദ്യാഭ്യാസം പുറത്തായിരുന്നതിനാൽ തിരുവനന്തപുരത്ത് ഡോക്ടേഴ്സ് കമ്മ്യൂണിറ്റിയിലുള്ളവരെ ആരെയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രൊഫഷണൽ ‘ഗോഡ് പേരന്റ് ‘എന്ന് പറയാൻ എനിക്ക് ആരും തന്നെ ഇല്ലായിരുന്നു.
സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചവരിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് മാത്രമല്ല പരോക്ഷമായി പല പാരവെപ്പുകളും നേരിടേണ്ടി വന്നു. ആ സമയത്ത് എന്നെ സഹായിച്ച ഒരുപാട് വ്യക്തികളുണ്ട്. അവരിൽ തന്നെ പരോക്ഷമായി എനിക്ക് പിന്തുണയും പ്രചോദനവും തന്ന പ്രധാന വ്യക്തിത്വം ആർ.സി.സി യുടെ തന്നെ പ്രഥമ ഡയറക്ടറും പത്മശ്രീ അവാർഡ് ജേതാവുമായിരുന്ന പ്രൊ. എം. കൃഷ്ണൻനായർ സാറായിരുന്നു.
ഞാൻ തിരുവനന്തപുരത്ത് വന്ന് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുള്ള എല്ലാ ഓൺകോളജി ഡോക്ടർമാരെയും കോർത്തിണക്കിക്കൊണ്ട് ‘ട്രിവാൻഡ്രം ഓൺകോളജി ക്ലബ്’ എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. 19 പേരടങ്ങിയ അതിന്റെ സ്ഥാപക മീറ്റിങ്ങിലേക്ക് ഏറ്റവും ജൂനിയറായിരുന്ന എന്നെയും ക്ഷണിച്ചിരുന്നു. സംഘടനാ പ്രവർത്തനത്തിൽ താല്പര്യമുള്ളതുകൊണ്ടും, താരതമ്യേന പ്രഫഷണൽ ജോലിഭാരം കുറഞ്ഞതു കൊണ്ടും എനിക്ക് ആ ചുമതല ഏറ്റെടുക്കാൻ സാധിക്കുകയും കുറ്റമറ്റ രീതിയിൽ അത് നിർവഹിക്കാൻ കഴിയുകയും ചെയ്തു. കൃഷ്ണൻ നായർ സാറുടെ കൃത്യമായ മാർഗ്ഗ നിർദ്ദേശത്തോടെ നടത്തിയ സംഘടനാ പ്രവർത്തനം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി.
പതുക്കെ പതുക്കെ ഞാനും തിരുവനന്തപുരം എന്ന മഹാനഗരത്തിന്റെ ഭാഗമായി. വിനയായാകട്ടെ പെയിന്റിംഗ് ജീവിതത്തിന് തിരുവനന്തപുരത്ത് നിന്ന് കിട്ടിയ നല്ല പ്രോത്സാഹനത്തിൽ സന്തോഷവതിയായിരുന്നു. ഒരു വർഷം കഴിഞ്ഞ് തിരിച്ചു പോകാൻ തീരുമാനിച്ച ഞങ്ങൾ അവിടെ ആദ്യമായി ഒരു ഫ്ലാറ്റ് വാങ്ങി. രണ്ടാമത്തെ കുട്ടിയും മൂന്നാമത്തെ കുട്ടിയും പിറന്നപ്പോഴേക്കും മറ്റൊരു വീട് വാങ്ങി. അങ്ങിനെ തിരുവനന്തപുരത്ത് തന്നെ നിൽക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിക്കുന്നത്. അതേത്തുടർന്ന് എനിക്ക് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് മാറേണ്ടിവന്നു.
അപ്പോഴും തിരുവനന്തപുരം വിടാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. കോട്ടയത്തെ ആശുപത്രി അധികൃതരോട് ഞാൻ പറഞ്ഞ ഒറ്റ കാര്യം എനിക്ക് പാർട്ട്ടൈമായി മാത്രമേ വരാൻ കഴിയൂ എന്നാണ്. അങ്ങനെ മൂന്ന് ദിവസം തിരുവനന്തപുരത്തും മൂന്നുദിവസം കോട്ടയത്തുമെന്ന രീതിയിലാണ് കാര്യങ്ങൾ പറഞ്ഞുറപ്പിച്ചത്. പല കാരണങ്ങൾ കൊണ്ട് അത് കോട്ടയത്ത് നാലും തിരുവനന്തപുരത്ത് രണ്ടും എന്ന രീതിയിലായി. ഇപ്പോൾ കോട്ടയത്ത് അഞ്ചും തിരുവനന്തപുരത്ത് രണ്ടുദിവസവും ആണ് എന്റെ പ്രാക്ടീസ്.
ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. എത്ര ബുദ്ധിമുട്ടിയിട്ടായാലും തിരുവനന്തപുരത്തിന് കൊടുക്കുന്ന ദിവസങ്ങൾ കുറയരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. തിരുവനന്തപുരത്തെ ഞാൻ അത്ര കണ്ടു സ്നേഹിക്കുന്നു.
തിരുവനന്തപുരത്ത് പ്രൊഫഷണൽ ആയിട്ടുള്ള കുറച്ച് നല്ല സുഹൃത്തുക്കളെ ആ കലയളവിൽ ലഭിച്ചു എന്നത് സന്തോഷമുള്ള കാര്യമായിരുന്നു. ഡോ. പ്രവീൺ, ഡോ.രെണു, ഡോ. അജിത്ത്, ഡോ. മധു, ഡോ.രഞ്ജിത്ത് ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു അവർ. പലരും ചെയ്യാൻ വിമുഖത കാണിക്കുന്ന വ്യത്യസ്തമായ പല പ്രവർത്തനങ്ങളും വളരെ കാര്യക്ഷമമായി ചെയ്തു തീർക്കാൻ കഴിഞ്ഞത് ഈ പറഞ്ഞ സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് കൂടിയായിരുന്നു. മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരെ കൂടാതെ തിരുവനന്തപുരത്ത് ഞാൻ താമസിച്ചിരുന്ന ‘മേപ്പിൾ ഹൈറ്റ്സ് ‘എന്ന ഫ്ലാറ്റിലെ സുഹൃത്തുക്കളും എന്റെ അഭ്യുദയകാംക്ഷികളായിരുന്നു.
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വ്യക്തിത്വമാണ് പ്രൊഫസർ ടി.കെ പത്മനാഭൻ സാർ. പത്മനാഭൻ സാറിനെ എനിക്ക് അമൃതയിലെ പഠനകാലം മുതലേ അറിയാം. ഒരു മെഡിക്കൽ ഓൺകോളജിസ്റ്റായ ഞാൻ ഗുരുതുല്യനായി കാണുന്നത് സീനിയർ റേഡിയേഷൻ ഓൺകോളജിസ്റ്റായ പത്മനാഭൻ സാറിനെയായിരുന്നു. എന്റെ മൂന്നുമാസത്തെ റേഡിയേഷൻ ഓൺകോളജി ട്രെയിനിങ്ങിൽ ഒരുമാസം പത്മനാഭൻ സാറിന്റെ കൂടെയായിരുന്നു. സാറിന്റെ കൂടെ നിന്ന ആ ഒരു മാസക്കാലമാണ് ഓൺകോളജിയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചത്. ഞാൻ തിരുവനന്തപുരത്തേക്ക് വരുന്നതിന് ഏകദേശം ഒരു മാസം മുൻപാണ് സാറും തിരുവനന്തപുരത്തേക്കു വരുന്നത്. കുടുംബവും ബന്ധുക്കളും തിരുവനന്തപുരത്തായതു കൊണ്ട് സാറ് കിംസിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. ഞാനും സാറും തമ്മിൽ ഏകദേശം 40 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും പ്രായത്തിന്റെയോ സീനിയോറിറ്റിയുടെയോ വലിപ്പം ഒരിക്കലും കാണിക്കാറില്ല. സ്വന്തം മകനെ പോലെയോ ഒരു സുഹൃത്തിനെ പോലെയോ ഒക്കെയാണ് സാറെന്നെ പരിഗണിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾക്കും ക്ലിനിക്കൽ ട്രെയിനുകൾക്കും മുകളിൽ ഒരു ഓൺകോളജി ഡോക്ടർ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചു തന്നിട്ടുള്ള ഒരു മഹാ വ്യക്തിത്വമാണ് അദ്ദേഹം. ഞാനിന്നും ഓർക്കുന്നത് ‘Whom not to treat’ എന്ന അദ്ദേഹം പഠിപ്പിച്ച ഒരു ആപ്തവാക്യമാണ്. ക്യാൻസർ ചികിത്സയിൽ വളരെ പ്രാധാന്യമുള്ള – ആരെ ചികിത്സിക്കരുതെന്നും, എപ്പോൾ എവിടെ വെച്ച് എന്തുകൊണ്ട് ചികിത്സ നിർത്തണമെന്നും എന്നെ പഠിപ്പിച്ചു തന്നത് സാറായിരുന്നു. സാറിന്റെ കൂടെ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സാധിച്ചത് ദൈവാനുഗ്രഹമായി ഞാൻ കാണുന്നു.
തിരുവനന്തപുരത്ത് അഞ്ചുവർഷം പൂർത്തിയായ സമയത്താണ് ഡോ.ചെറിയാൻ തമ്പി എന്റെ ജൂനിയറായി വരുന്നത്. ഒരു സഹപ്രവർത്തകനേക്കാളും സഹോദരതുല്യമായ ബന്ധമായിരുന്നു ചെറിയാനുമായി എനിക്ക് ഉണ്ടായിരുന്നത്. ചെറിയാൻ വന്നതിന് ശേഷം ക്ലിനിക്കൽ ജോലികളുടെ പ്രവർത്തനം കൂട്ടുവാനും, മറ്റ് പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനും എനിക്കായി. ഏകദേശം അഞ്ചുവർഷത്തിൽ കൂടുതൽ ഞങ്ങളൊരുമിച്ച് ജോലി ചെയ്തു.
അതുപോലെ മറക്കുവാൻ കഴിയാത്ത രണ്ട് വ്യക്തിത്വങ്ങളാണ് അച്ചു ബ്രദറും ആതിര സിസ്റ്ററും. ഒരു പതിറ്റാണ്ടിലേറെ കാലം അവർ എന്റെ കൂടെ ജോലി ചെയ്തു. ഏതൊരു കാര്യവും ഞാൻ മനസ്സിൽ ചിന്തിക്കുന്ന മാത്രയിൽ തന്നെ ഇമ്പ്ലിമെന്റ് ചെയ്യാനുള്ള പ്രാപ്തിയും സന്നദ്ധതയും അവർക്കുണ്ടായിരുന്നു. ആതിര വിദേശത്തേക്ക് പോയെങ്കിലും അച്ചു ഇപ്പോഴും എന്റെ കൂടെ ജോലി ചെയ്യുന്നു.
മറ്റൊരാൾ എന്റെ സന്തത സഹകാരിയായ മുഹമ്മദ് ഹാഷിമാണ്. ഹാഷിം എന്റെ പേഴ്സണൽ സെക്രട്ടറിയാണെങ്കിലും ഒരു കൊച്ചനുജനെ പോലെയാണ് ഞാൻ കരുതുന്നത്. ഞാൻ കോട്ടയത്ത് ആയിരിക്കുമ്പോൾ തിരുവനന്തപുരത്ത് വേണ്ടിവരുന്ന എല്ലാ കാര്യങ്ങളും; അത് ഹോസ്പിറ്റലുമായി ബന്ധമുള്ളതോ, സംഘടനാപരമായി ചെയ്യേണ്ടതോ ഇനി അതല്ല വ്യക്തിപരമായ കാര്യങ്ങളാണെങ്കിൽ കൂടിയും ഒരു മടിയും കൂടാതെ ചെയ്തുതരുന്ന ഒരാളാണ് ഹാഷിം. ഹാഷിമിനോടുള്ള സ്നേഹവും ഞാൻ രേഖപ്പെടുത്തുകയാണ്.
എടുത്തു പറയേണ്ട മറ്റൊരു വ്യക്തി റീജിയണൽ കാൻസർ സെന്ററിലെ അഡീഷണൽ പ്രൊഫസറായി ജോലി ചെയ്തിരുന്ന ഡോ. ചന്ദ്രമോഹനാണ്. തിരുവനന്തപുരം ഓൺകോളജി ക്ലബ്ബിന്റെ ഒരു ചടങ്ങിൽ വച്ചാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. തിരുവനന്തപുരം ഓൺകോളജി ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ അദ്ദേഹം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. സ്വസ്തി ഫൗണ്ടേഷൻ പോലെയുള്ള സംഘടനകളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് ഡോ.ചന്ദ്രമോഹൻ വഹിച്ച പങ്ക് ചെറുതല്ല. ആർ.സി.സി.യിലെ സേവനം പൂർത്തിയാക്കിയതിനു ശേഷം ഇന്നദ്ദേഹം എന്റെ കൂടെ എസ്.പി മെഡിഫോർട്ട് എന്ന ആശുപത്രിയിൽ ജോലി ചെയ്യുന്നു.
ഈ പതിനഞ്ച് വർഷത്തിൽ തിരുവനന്തപുരത്തിന് എനിക്കെന്ത് കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് സ്വകാര്യമേഖലയിൽ ‘മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓൺകോളജി’ വിഭാഗത്തിന് തുടക്കമിടാൻ കഴിഞ്ഞു എന്നത് തന്നെയാണ്.
സ്വകാര്യമേഖലയിലെ ആദ്യത്തെ സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് നടത്താൻ സാധിച്ചു എന്നതിനോടൊപ്പം തിരുവനന്തപുരത്ത് തന്നെ ആദ്യമായി ഒരു പീഡിയാട്രിക് സ്റ്റെംസിൽ ട്രാൻസ്പ്ലാന്റ് നടത്തിയതും എന്റെ നേതൃത്വത്തിൽ ആയിരുന്നു.
ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു ഓൺകോളജി വിഭാഗവുമായി ബന്ധപ്പെട്ട എല്ലാ ഡോക്ടർമാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സംഘടന കൃഷ്ണൻനായർ സാറുടെ നേതൃത്വത്തിൽ എനിക്ക് രൂപീകരിക്കാൻ സാധിച്ചത്. മെഡിക്കൽ ഓൺകോളജി, സർജിക്കൽ ഓൺകോളജി, റേഡിയേഷൻ ഓൺകോളജി, പത്തോളജി, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് കെയർ തുടങ്ങിയ എല്ലാ വിഭാഗം ആരോഗ്യ വിദഗ്ധരും സംഘടനയിൽ പങ്കാളികളായിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ നിരവധിയായ മീറ്റിങ്ങുകൾ സംഘടിപ്പിക്കുവാൻ എനിക്കു സാധിച്ചു എന്നതിൽ അതീവ ചാരിതാർത്ഥ്യമുണ്ട്.
ആദ്യമായി വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ആൻഡ് ലിവർ കാൻസർ ട്യൂമർ ബോർഡിന് രൂപം കൊടുക്കുവാൻ എനിക്ക് സാധിച്ചു. ഇന്ന് ഒരു ദശാബ്ദത്തിന് ശേഷം പല ആശുപത്രികളിലും രൂപീകൃതമായ ആ സംവിധാനത്തിന്റെ ആദ്യ രൂപത്തിന് നേതൃത്വം കൊടുക്കാനായത് വളരെ സന്തോഷം തരുന്ന കാര്യമാണ്.
തിരുവനന്തപുരത്തെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികളിൽ മെഡിക്കൽ ഓൺകോളജി വിഭാഗം തുടങ്ങുവാനുള്ള ഒരു ഭാഗ്യം കൂടി എനിക്കുണ്ടായി. അതുപോലെതന്നെ കഴിഞ്ഞവർഷം തിരുവനന്തപുരം ഓൺകോളജി ക്ലബ്ബിന്റെയും, ആമ്പോക്കിന്റെയും (Ampok) നേതൃത്വത്തിൽ തിരുവനന്തപുരത്ത് കേരള ക്യാൻസർ കോൺക്ലെവ് (Kerala Cancer Conclave) വിജയകരമായി നടത്തുവാനും എനിക്ക് സാധിച്ചു. അതിലെ ഇൻപുട്ട്സ് അടുത്ത് വരുന്ന U. I. C. C ( യൂണിയൻ ഫോർ ഇന്റർനാഷണൽ ക്യാൻസർ കൺട്രോൾ) യിൽ പഠനത്തിന് സമർപ്പിക്കുന്ന വിവരവും ഞാൻ സന്തോഷപൂർവ്വം രേഖപ്പെടുത്തുന്നു.
ഈ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ ഒരുപാട് രോഗികളുടെ സ്നേഹവും, വിശ്വാസവും നേടിയെടുക്കാനുമുള്ള ഭാഗ്യം ലഭിച്ചത് തിരുവനന്തപുരത്ത് ഇൻഡിപെൻഡൻഡായിട്ടുള്ള പ്രൊഫഷണൽ കരിയർ തുടങ്ങിയതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ കോട്ടയത്തും ചങ്ങനാശ്ശേരിയിലും തിരുവനന്തപുരത്തും ജോലി ചെയ്യുന്നതുകൊണ്ടു തന്നെ തെക്കൻ ജില്ലകളിൽ നിന്നുള്ള ഒരുപാട് രോഗികൾക്ക് നല്ല ചികിത്സ കൊടുക്കുവാൻ സാധിക്കുന്നതിൽ വലിയ ചാരിതാർത്ഥ്യമുണ്ട്.
കോട്ടയം എനിക്ക് പെറ്റമ്മയാണെങ്കിൽ തിരുവനന്തപുരം എനിക്ക് പോറ്റമ്മയെ പോലെയാണ്. ജന്മംകൊണ്ട് കോട്ടയംകാരനാണെങ്കിലും കർമ്മം കൊണ്ട് ഞാൻ പാതിതിരുവനന്തപുരത്തുകാരനും കൂടിയാണ്.
ഈ കാലയളവിൽ എനിക്ക് നിങ്ങൾ തന്ന നിസ്സീമമായ സ്നേഹത്തിനും സഹകരണത്തിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു..
ഡോ. ബോബൻ തോമസ്