‘ഡോക്ടറച്ഛന്റെ’ ധർമ്മസങ്കടം.!

‘ഡോക്ടറച്ഛന്റെ’ ധർമ്മസങ്കടം.!

‘ഡോക്ടറച്ഛൻ’ എന്ന വാക്ക് ഞാൻ കടമെടുത്തത് മോഹൻലാൽ അവതരിപ്പിച്ച ചേട്ടച്ചൻ എന്ന പഴയൊരു കഥാപാത്രത്തിൽ നിന്നാണ്. ഒരേസമയം ചേട്ടന്റെയും അച്ഛന്റെയും സ്നേഹവായ്പ്പുകൾ കാണിച്ചു തന്ന മോഹൻലാലിന്റെ കഥാപാത്രത്തെ പോലെ ഒരേസമയം ഡോക്ടറായും, സ്നേഹമുള്ള അച്ഛനായും മാറിയപ്പോൾ ഡോക്ടറച്ഛൻ എന്ന പേരിനോട് ആഭിമുഖ്യവും കൗതുകവും തോന്നി.

ഏകദേശം രണ്ടാഴ്ച മുൻപാണ് ആ കുട്ടി എന്റെ അടുത്തേക്ക് വരുന്നത്. അതിനും രണ്ടാഴ്ച മുൻപ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് എന്നെ വിളിച്ച്‌ 18 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി വയറിൽ ഒരു മുഴയുമായി കാണാൻ വന്ന കാര്യം പറഞ്ഞിരുന്നു.

ബ്ലഡ് ടെസ്റ്റും സ്കാനും ചെയ്തപ്പോഴേക്കും ഓവറിയിൽ 20 സെന്റീമീറ്ററിന് അടുത്ത് വരുന്ന വലിയൊരു ട്യൂമറുണ്ടായിരുന്നു ആ പെൺകുട്ടിക്ക്. അസാമാന്യമായ വലിപ്പം കാരണം എപ്പോൾ വേണമെങ്കിലും പൊട്ടാമെന്നുള്ള അവസ്ഥയിലായിരുന്നു ട്യൂമർ. വിവരങ്ങൾ എന്നോട് ധരിപ്പിച്ചുകൊണ്ട് തന്നെ കുട്ടിയെ അവർ എമർജൻസി സർജറിക്ക് വിധേയമാക്കി.

സർജറിക്ക് ശേഷമുള്ള റിവ്യൂവിന് വേണ്ടി രണ്ടാഴ്ച മുമ്പാണ് പെൺകുട്ടി എന്റെ അടുത്തേക്ക് വന്നത്. ഞാൻ കാണുമ്പോൾ അച്ഛനും അമ്മയും ഉൾപ്പെടുന്ന ആ കുടുംബം തകർന്ന മാനസികാവസ്ഥയിലായിരുന്നു. ബ്ലഡ് റിപ്പോർട്ടും അതിന് ശേഷം വന്ന ബയോപ്സി റിപ്പോർട്ടും പരിശോധിച്ചപ്പോൾ കുട്ടികളിൽ കാണപ്പെടുന്ന ജെംസെൽ ട്യൂമർ (Germ cell) ആണെന്ന് വ്യക്തമായി.

ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും പരീക്ഷ എന്നാണ് തുടങ്ങുന്നതെന്നും ഞാൻ ആ കുട്ടിയോട് ചോദിച്ചു. പ്ലസ്ടുവിൽ ആയിരിക്കുമെന്ന ധാരണയിൽ തന്നെയാണ് ചോദിച്ചത്.

ചോദിക്കുമ്പോൾ പ്ലസ്ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മൂത്ത മകന്റെ മുഖമാണ് സ്നേഹത്തോടെ ഉള്ളിൽ തെളിഞ്ഞത്. വല്ലാത്ത ദുഃഖവും പകപ്പും തോന്നി. എത്ര പ്രൊഫഷണലായാലും സ്വന്തം കുട്ടിയുടെ പ്രായമുള്ള മറ്റൊരു കുഞ്ഞ് രോഗിയായി നമ്മുടെ അടുത്ത് വരുമ്പോൾ ഏതൊരു മനുഷ്യനും ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെടും.

അടുത്തദിവസം കുട്ടിയെ കീമോയ്ക്ക് വേണ്ടി അഡ്മിറ്റ് ചെയ്തു. പ്രാക്ടിക്കൽ എക്സാമിന്റെ സമയമാണ്. സ്കൂൾ കാരിത്താസ് ഹോസ്പിറ്റലിന്റെ അടുത്ത് തന്നെയാണെന്ന സൗകര്യമുണ്ട്. എക്സാമിന് വേണ്ട സഹായങ്ങളെല്ലാം ടീച്ചർമാർ ചെയ്തു കൊടുക്കാമെന്ന് പറഞ്ഞു.

പരീക്ഷയ്ക്ക് വേണ്ടി കീമോ നീട്ടിവെച്ചാൽ ഒരു പക്ഷേ അസുഖം കൂടിയേക്കാം. അതു കൊണ്ട് കീമോ നീട്ടി വെയ്ക്കാൻ കഴിയില്ല. ചികിത്സിച്ചാൽ പൂർണ്ണമായി മാറാൻ സാധ്യതയുള്ള ഒരു ക്യാൻസറായത് കൊണ്ട് ഒരു തരത്തിലുമുള്ള ഡിലേയും പാടില്ല.

ഒരു അക്കാദമി ഇയർ നഷ്ടപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ട് കുട്ടിയ്ക്കും പേരൻസിനുമുണ്ട്. രോഗം മൂർച്ഛിക്കാനും പാടില്ല. ഈ രണ്ട് സാഹചര്യവും കണക്കിലാക്കി ചികിത്സിക്കേണ്ടതായിട്ടുണ്ട്. എക്സാമിന്റെ ടൈം ടേബിളും കീമോതെറാപ്പി ഷെഡ്യൂളും അഡ്ജസ്റ്റ് ചെയ്തുകൊണ്ട് നല്ല രീതിയിൽ ചികിത്സിക്കാമെന്ന ആത്മവിശ്വാസമുണ്ട്.

ഓരോ ദിവസവും റൗണ്ട്സിന് അവളെ കാണുമ്പോൾ മനസ്സിൽ വരുന്നത് എന്റെ മകന്റെ മുഖം തന്നെയാണ്. എന്റെ മകനും രണ്ടുവർഷമായി എക്സാമിന് വേണ്ടി പരിശ്രമിക്കുന്നുണ്ട്. അതേസമയം അവന്റെ പ്രായത്തിലുള്ള മറ്റൊരു കുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റായി കീമോതെറാപ്പി എടുക്കുകയും പ്രാക്ടിക്കൽ എക്സാമിനേഷന് വേണ്ടി തയ്യാറെടുക്കുകയും ചെയ്യുന്നു.

വളരെ വേദനാജനകമായ അവസ്ഥയാണെങ്കിലും റൗണ്ട്സിന് കാണുമ്പോൾ ആ വിഷമം മുഖത്ത് കാണിക്കാനാവില്ല. പകരം ആത്മവിശ്വാസം പകരത്തക്കവണ്ണം ചിരിക്കുക തന്നെ വേണം.

രണ്ട് പരീക്ഷകളാണ് ആ കുട്ടിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഒന്ന് സ്കൂളിലും മറ്റൊന്ന് ജീവിതത്തിലും. ഡോക്ടർ എന്ന നിലയിലും ഒരു പിതാവെന്ന നിലയിലും രണ്ടു പരീക്ഷയിലും വിജയിച്ചു വരാൻ

അവൾക്ക് സാധിക്കുക തന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.

സ്നേഹത്തോടെ

ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |