പത്ര-ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ പുതിയ മുഖ്യമന്ത്രി ശ്രീ വി ഡി സതീശനെ കുറിച്ചുള്ള വാർത്തകളാണ്. അദ്ദേഹത്തെക്കുറിച്ച് എന്ത് എഴുതണം എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ചയുടെ ഇളയ സഹോദരനായ ജോസ് തോമസിന്റെ കാര്യം മനസ്സിലേക്ക് വരുന്നത്.
രാഷ്ട്രീയത്തെ വളരെ സീരിയസ് ആയി കാണുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. എന്റെ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ (അച്ചയുടെ മുത്തച്ഛൻ) നീണ്ടൂർ പഞ്ചായത്ത് അംഗവും അവിടുത്തെ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. നീണ്ടൂർ പഞ്ചായത്തിലെ സജീവമായ രാഷ്ട്രീയ ചർച്ചകൾ നടന്നിരുന്നത് ഞങ്ങളുടെ വീടിനോട് ചേർന്നുള്ള പടിപ്പുരയിലായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
അതു കൊണ്ട് ‘പടിപ്പുര വീട്’ എന്നും ‘പടിപ്പുര കോൺഗ്രസ്’ എന്നുമുള്ള വിശേഷണങ്ങൾ ഞങ്ങളുടെ വീടിനെക്കുറിച്ച് അന്ന് നിലവിലുണ്ടായിരുന്നു.
ആ ഒരു കാലഘട്ടം കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ കാരിത്താസ് ആശുപത്രിയിൽ ജോയിൻ ചെയ്യുന്നത്. ആ തലമുറയിൽ ഉണ്ടായിരുന്ന ചിലരെങ്കിലും ആശുപത്രിയിൽ എന്നെ കാണാൻ വരുമ്പോൾ പടിപ്പുര വീട്ടിലെ കുട്ടിയല്ലേ എന്ന് ചോദിക്കുന്നത് കേൾക്കുമ്പോൾ പടിപ്പുര വീടെന്ന പേരിന് നാട്ടിൽ എത്രത്തോളം സ്വാധീനം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയത്തെ വളരെ സീരിയസ് ആയി കാണുന്നത് കൊണ്ടാണോ എന്നറിയില്ല അച്ചയും അച്ചയുടെ സഹോദരന്മാരും എന്റെ സഹോദരന്മാരും കസിൻസുമൊക്കെ കൂടിച്ചേരുന്ന വീട്ടിലെ സദസ്സുകളിൽ ഞങ്ങൾ സജീവമായി സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചർച്ച ചെയ്യാറുണ്ട്.
വി ഡി സതീശൻ എന്ന രാഷ്ട്രീയക്കാരനെ കുറിച്ച് ഞങ്ങൾ ആദ്യമായി കേൾക്കുന്നത് 2021ലെ ഇലക്ഷന് ശേഷമാണ്. അദ്ദേഹം എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അപ്പാപ്പനാണ് തങ്ങൾ ഒരുമിച്ച് തേവര കോളേജിൽ ഉണ്ടായിരുന്ന വിവരം പറയുന്നത്. തേവര എസ് എച്ച് കോളേജിൽ വി.ഡി.എസ് ഡിഗ്രിക്ക് പഠിക്കുമ്പോൾ അപ്പാപ്പൻ എം.എക്ക് അവിടെയുണ്ടായിരുന്നു.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ ഇലക്ഷനിൽ ശ്രീ സതീശൻ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ച ഒരാൾ അപ്പാപ്പനായിരുന്നു. ആ കാലഘട്ടത്തിൽ അപ്പാപ്പൻ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനും യൂണിറ്റ് ഭാരവാഹിയുമായിരുന്നു.
കാലം ഏറെ കടന്നുപോയി. ഓരോ ഇലക്ഷനിലും വി.ഡി.എസ് വിജയിക്കുമ്പോൾ പഴയ ഓർമ്മകൾ ഞങ്ങൾക്ക് മുൻപിൽ അപ്പാപ്പൻ ഓർത്തെടുക്കും. കോളേജ് കാലഘട്ടം കഴിഞ്ഞതോടെ അവർ തമ്മിലുള്ള ബന്ധം നിലച്ചു.
കാലങ്ങൾക്കിപ്പുറം 2024 ലോക്സഭാ ഇലക്ഷന് മുൻപാണ് വി.ഡി.എസി നെ നേരിട്ട് കാണുവാനുള്ള അവസരം ലഭിച്ചത്. അദ്ദേഹം കോട്ടയത്ത് ഇലക്ഷൻ പ്രചരണത്തിന് വന്നപ്പോൾ തിരുവനന്തപുരത്തുള്ള എന്റെ ചില ബന്ധങ്ങൾ ഉപയോഗിച്ച് ഞങ്ങൾക്ക് അദ്ദേഹത്തെ കാണുവാനുള്ള ഒരു അപ്പോയിന്റ്മെന്റ് തരപ്പെട്ടു. അപ്പാപ്പനും എന്റെ അനുജനും അന്ന് കൂടെ ഉണ്ടായിരുന്നു. സന്തോഷവും ആശ്ചര്യവും തന്ന ഒരു കൂടിക്കാഴ്ചയായിരുന്നു അത്.
“എന്നെ എവിടെയെങ്കിലും കണ്ട ഓർമ്മയുണ്ടോ.!?”
മുറിയിലേക്ക് കയറിയപ്പോൾ തന്നെ അപ്പാപ്പൻ ചോദിച്ചു.
ഏകദേശം 42 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. അത്രയും ദീർഘകാലത്തിനിപ്പുറം തിരിച്ചറിയുമെന്ന് വലിയ പ്രതീക്ഷയില്ല. ഒരു നിമിഷം മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു.
“പേരോർക്കുന്നില്ല. എസ് എച്ച് തേവരയല്ലേ.!? ”
ഞങ്ങളെല്ലാവരും സ്‌തബ്ധരായി പോയി. ഇത്ര വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിക് മെമ്മറിയിൽ എവിടെയോ അപ്പാപ്പനുണ്ട്. തിരക്കുകൾ ഉണ്ടായിട്ടും ഏകദേശം 20 മിനിറ്റോളം ഞങ്ങളുമായി അദ്ദേഹം ചിലവഴിച്ചു. കുശലം പറഞ്ഞു. രാഷ്ട്രീയം ചർച്ച ചെയ്തു.
അതിനുശേഷം തിരുവനന്തപുരത്തേക്കുള്ള എന്റെ യാത്രയിൽ പലപ്പോഴും അദ്ദേഹത്തെ ട്രെയിനിൽ വെച്ച് കാണാനും ബന്ധം പുതുക്കാനും സാധിച്ചിട്ടുണ്ട്. കാണുമ്പോഴെല്ലാം അപ്പാപ്പനെയും, സഹോദരങ്ങളെയും കുറിച്ച് സ്നേഹാന്വേഷണങ്ങൾ ചോദിക്കും. അദ്ദേഹവുമായിട്ടുള്ള ഒരു യാത്ര അനുഭവത്തെക്കുറിച്ച് മുൻപ് ഞാനൊരു കുറിപ്പായി എഴുതിയിട്ടുമുണ്ട്.
2026 ഇലക്ഷൻ പ്രചരണത്തിന്റെ മൂർധന്യാവസ്ഥയിൽ അപ്പാപ്പൻ പറഞ്ഞതനുസരിച്ച് പറവൂരിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഏകദേശം രാത്രി എട്ടരയോടെ ഞങ്ങൾ എത്തി. ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യം. അന്നദ്ദേഹം ഒരു റോഡ്ഷോ കഴിഞ്ഞ് 9 മണിയോടെ വീട്ടിലേക്ക് എത്തുകയും ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ച് കുറച്ചു നേരം ഞങ്ങളോടൊപ്പം പങ്കിടുകയും ചെയ്തു.
ഞങ്ങൾ വന്ന സമയത്ത് അധികമാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞതോടെ ജനങ്ങളെ കൊണ്ട് അവിടമാകെ നിറഞ്ഞു.
ഈ നിയമസഭാ തെരഞ്ഞെടുപ്പ് റിസൽട്ട് ഞങ്ങൾ ഒരുമിച്ചാണ് ടിവിയിൽ കണ്ടത്. ശ്രീ വി ഡി സതീശൻ ജയിച്ചപ്പോൾ അപ്പാപ്പൻ വളരെയധികം സന്തോഷവാനായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം ആറാം തീയതി അപ്പാപ്പന് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. അദ്ദേഹത്തിന്റെ മകളും കുടുംബവും അവിടെയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകളും അനിശ്ചിതത്വവും വാർത്താമാധ്യമങ്ങളിൽ നിറയുമ്പോൾ അദ്ദേഹത്തിന് വലിയ ടെൻഷൻ ആയിരുന്നു. ഇടയ്ക്ക് എന്നെ വിളിക്കും. എന്താകും കാര്യങ്ങൾ എന്ന് അന്വേഷിക്കും.
പലപ്പോഴും ടൈംസോണിന്റെ വലിയ വ്യത്യാസമുള്ളതുകൊണ്ട് പാതിരാത്രിയിലൊക്കെയാണ് വിളിക്കുന്നത്. ഇത്രമാത്രം ടെൻഷൻ എടുക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പോലും ഞങ്ങൾക്ക് ആശങ്ക ഉണ്ടായിരുന്നു.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് ശ്രീ വി.ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ അപ്പാപ്പന് വളരെയധികം സന്തോഷമായി. ആ സമയത്താണ് ജയ്ഹിന്ദ് ചാനലിലോ മറ്റോ വന്ന ഒരു ഫോട്ടോഗ്രാഫിൽ അദ്ദേഹത്തിന്റെ തലയും, വി. ഡി. എസിന്റെ തലയും മാർക്ക് ചെയ്ത് എനിക്ക് അയക്കുന്നത്.
1982 ഇലക്ഷൻ വിജയത്തിന് ശേഷം നടത്തിയ വിജയാഘോഷത്തിന്റെ ഫോട്ടോഗ്രാഫ് ആയിരുന്നു അത്. 1982 ഇലക്ഷനിൽ വി.ഡി.എസിന്റെ പ്രധാനപ്പെട്ട പ്രചാരകനായി അദ്ദേഹത്തെ വിജയിപ്പിച്ച അപ്പാപ്പന് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.എസ് അവരോധിക്കപ്പെടുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.
യു.എസിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്ത് ക്ലിഫ് ഹൌസിൽ പോയി കാണണമെന്നാണ് അപ്പാപ്പന്റെ അടുത്ത ഏറ്റവും വലിയ ആഗ്രഹം. അധികം വൈകാതെ തന്നെ അത് സാധിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു..
ബോബൻ തോമസ്