ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെന്നിച്ചായന്റെ ശവസംസ്കാര ചടങ്ങ് കഴിഞ്ഞത്. ഒരുപാട് ഓർമ്മകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായത്.
എന്റെ അമ്മയ്ക്ക് ഇളയ സഹോദരിമാരായി 3 പേരാണ്. അതിൽ മൂത്തയാളെ വിവാഹം കഴിച്ചിരിക്കുന്നത് തോമാച്ചായനാണ്. രണ്ടാമത്തെ ആളെ മത്തച്ചായനും മൂന്നാമത്തെയാളെ ബെന്നിച്ചായനും വിവാഹം കഴിച്ചു.
അമ്മയുടെ രണ്ടാമത്തെ സഹോദരിയുടെ വിവാഹം നടക്കുമ്പോൾ ഞാൻ മൂന്നിലൊ നാലിലോ ആണ് പഠിക്കുന്നത്. ഇളയ സഹോദരിയുടെ വിവാഹം നടക്കുമ്പോൾ പത്തിലും.
രണ്ട് വിവാഹങ്ങളും ഇന്നും നല്ല ഓർമ്മയിലുണ്ട്. ബെന്നിച്ചായന്റെ പെണ്ണുകാണൽ ചടങ്ങ് നടന്നത് എന്റെ വീട്ടിൽ വച്ചായിരുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരെക്കാൾ കൂടുതൽ ഒരു ആത്മബന്ധം ബെന്നിച്ചായനുമായി ഉണ്ടായിരുന്നു.
കാലങ്ങൾ ഏറെ കഴിഞ്ഞപ്പോൾ എന്തോ നിയോഗം പോലെ മത്തച്ചായനും ബെന്നിച്ചായനും എന്റെ മുൻപിലേക്ക് ക്യാൻസർ രോഗികളായി വന്നു. ഒരുപക്ഷേ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അടുത്ത ബന്ധുക്കളെ ക്യാൻസറിന് ചികിത്സിച്ച വ്യക്തി ഈയുള്ളവനായിരിക്കും. അതിൽ അച്ചയുടെയും അമ്മയുടെയും വളരെ അടുത്ത ബന്ധുക്കളുണ്ട്. അകന്ന ബന്ധത്തിലുള്ളവരും ഉണ്ട്.
രോഗികൾ എല്ലാവരും നമുക്ക് ഒരുപോലെയാണ്. എങ്കിലും അടുത്ത ബന്ധുക്കളെ ചികിത്സിക്കുമ്പോൾ നമുക്ക് വളരെയധികം മാനസിക സംഘർഷം അനുഭവപ്പെടും. ചെറുപ്പം മുതൽ വളരെ അടുത്ത ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്നവർ പെട്ടെന്നൊരു ദിവസം ക്യാൻസർ എന്ന രോഗവുമായി മുന്നിലേക്ക് വരുമ്പോൾ ഉൾക്കൊള്ളാൻ പ്രയാസമാണ്. അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ സാധിക്കുന്ന ഒന്നല്ല.
ഓരോ തീരുമാനമെടുക്കുമ്പോഴും വലിയ വൈകാരിക സമ്മർദ്ദമാണ്. അല്പം പോലും പിഴവ് സംഭവിച്ചതായി പിന്നീട് തോന്നാൻ പാടില്ലല്ലൊ.
വിദേശ രാജ്യങ്ങളിൽ ബന്ധുക്കളായ രോഗികളെ ചികിത്സിക്കുന്നതിന് ചില തടസ്സങ്ങളുണ്ട്.
മത്തച്ചായനെ കുറിച്ച് പറയുമ്പോൾ ഏകദേശം പത്തുവർഷങ്ങൾക്ക് മുൻപാണ് വിട്ടുമാറാത്ത പനിയും ബ്ലീഡിങ്ങുമായി അദ്ദേഹത്തെ കോട്ടയത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർ പരിശോധനയിൽ അദ്ദേഹത്തിന് A M L എന്ന ബ്ലഡ് കാൻസർ ആണെന്ന് സ്ഥിരീകരിച്ചു.
ഞാനന്ന് തിരുവനന്തപുരത്താണ് ചികിത്സിക്കുന്നത്. ഉടനെ തന്നെ ഡിസ്ചാർജ് ചെയ്ത് തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ കൊണ്ടുവരാനുള്ള തീരുമാനമെടുത്തു. കൊട്ടാരക്കരയിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ടീഷൻ വളരെയധികം മോശമായി.
തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള തുടർ പരിശോധനയിൽ അദ്ദേഹത്തിന് AML-M3-APML എന്ന ടൈപ്പിൽ ഉള്ള ബ്ലഡ് ക്യാൻസറാണെന്ന് മനസ്സിലായി. ബ്ലീഡിങ് അടക്കമുള്ള കോംപ്ലിക്കേഷൻസോ, മരണമോ തന്നെ സംഭവിക്കാവുന്ന വളരെ അഗ്രസീവായ ഒരു ബ്ലഡ് ക്യാൻസറാണ് അത്.
വളരെ വെല്ലുവിളി നിറഞ്ഞ സിറ്റുവേഷൻ ആയിരുന്നു. എന്നാൽ ഭാഗ്യമെന്ന് പറയട്ടെ രക്ഷപ്പെടില്ല എന്ന് സംശയിച്ചിടത്തുനിന്ന് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു. പത്തുവർഷം പിന്നിടുമ്പോൾ ഇന്നദ്ദേഹം മകനോടൊപ്പം വെക്കേഷൻ ചെലവഴിക്കുന്നതിനായി അമേരിക്കയിലാണ്.
2024 ജൂലൈ മാസമാണ് ഓർമ്മക്കുറവും, മറ്റ് ലക്ഷണങ്ങളുമായി ബെന്നിച്ചായനെയും കൊണ്ട് റെജി ചേച്ചി ന്യൂറോളജിസ്റ്റിനെ കാണുന്നത്. അമ്മയുടെ സഹോദരി ആണെങ്കിലും എന്നെക്കാൾ അഞ്ചോ ആറോ വയസ്സിന് മാത്രം വ്യത്യാസമുള്ളത് കൊണ്ട് റെജി ചേച്ചി എന്നാണ് ഞാൻ വിളിച്ചിരുന്നത്.
ബെന്നിച്ചായന് തലച്ചോറിൽ ട്യൂമർ ആയിരുന്നു. കാരിത്താസ് ആശുപത്രിയിലെ ന്യൂറോസർജനെ കണ്ട് സർജറിക്ക് വേണ്ടി പോസ്റ്റ് ചെയ്തു. സ്കാൻ റിസൾട്ടിൽ നിന്ന് അത് വളരെ അധികം വ്യാപിച്ച ട്യൂമർ ആണെന്ന് എനിക്ക് മനസ്സിലായി.
ബ്രെയിൻ ട്യൂമറിൽ തന്നെ ഏറ്റവും തീവ്രത കൂടിയ ‘ഗ്ലയോ ബ്ലാസ്റ്റോമ മൾട്ടിഫോർമേ’ ആയിരുന്നു ബെന്നിച്ചായന്. ഒരു ടൈം ക്ലോക്ക് പോലെ ഇനി എത്ര നാളുകൾ എന്ന സംശയം മാത്രമേ ബെന്നിച്ചായന്റെ കാര്യത്തിൽ എനിക്കുണ്ടായുള്ളൂ.
റേഡിയേഷൻ തെറാപ്പിക്ക് ശേഷം ബെന്നിച്ചായന് നല്ല ഇമ്പ്രൂവ്മെന്റ് കിട്ടി. കുടുംബത്തിലെ എല്ലാവരും സന്തോഷിച്ച സമയമായിരുന്നു അത്. അമേരിക്കയിലുള്ള മകന്റെ കുട്ടിയുടെ മാമോദിസക്ക് പോകാനുള്ള തയ്യാറെടുപ്പിൽ വരെ അവരെത്തി.
ട്രീറ്റ്മെന്റ് എടുത്ത എനിക്ക് പക്ഷേ എന്നാണ് അസുഖം തിരിച്ചുവരിക എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോകുന്നതിന് മുമ്പ് എടുത്ത എം.ആർ.ഐയിൽ അദ്ദേഹത്തിന് അസുഖം തിരിച്ചു വന്നതായി കണ്ടു. വളരെ പ്രയാസത്തോടെ തന്നെ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് നമുക്ക് പോകേണ്ടതായി വന്നു.
ക്യാൻസറിന്റെ ചികിത്സാരംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദ കാലത്തിനിടയ്ക്ക് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും ബ്രെയിൻ ക്യാൻസറിന്റെ ചികിത്സയിൽ അത് പ്രതിഫലിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
പ്രതീക്ഷിച്ചതുപോലെ ബെന്നിച്ചായന്റെ കണ്ടീഷൻ മോശമായി തുടങ്ങി. തുടർച്ച ചികിത്സ എടുക്കാനുള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ട്യൂബുകൾ ഇട്ടു. ചികിത്സകൊണ്ട് വലിയ ഫലം ഇല്ലെന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കയച്ചു.
ഓരോ ദിവസവും റെജി ചേച്ചി വിളിച്ച് കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുമായിരുന്നു. പലപ്പോഴും വീട്ടിൽ പോയി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നോക്കിയിരുന്നു.
മരണം സംഭവിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വീട്ടിൽ പോയി ഞാൻ അദ്ദേഹത്തെ കണ്ടു. രാവിലെ കണ്ട വീഡിയോ കോളിൽ അദ്ദേഹത്തിന്റെ കണ്ടിഷൻ മോശമാണെന്ന് എനിക്ക് മനസ്സിലായി. ഞാനും അച്ചയും അമ്മയും കൂടിയാണ് ബെന്നിച്ചായനെ കാണാൻ പോയത്.
കണ്ടപ്പോൾ ഇനി അധികം സമയം അദ്ദേഹത്തിനില്ലെന്ന് മനസ്സിലായി.ഡയഗ്നോസ് ചെയ്ത സമയം മുതൽ ഓരോ കൺസൾട്ടേഷനിലും, സർജറി, റേഡിയേഷൻ, കീമോതെറാപ്പി സമയങ്ങളിലും ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അവസാനമായി റയൽസ് ട്യൂബിൽ കുറച്ച് കരിക്കിൻ വെള്ളം കൊടുത്തു.
കടുത്തുരുത്തിയിൽ നിന്ന് തിരിച്ച് കോട്ടയത്തെ എന്റെ വീട്ടിൽ എത്തിയപ്പോഴേക്കും ബെന്നിച്ചായന്റെ മരണവാർത്ത എത്തി. സംസ്കാര ശുശ്രൂഷ നടക്കുമ്പോൾ മനസ്സ് വികാരഭരിതമായിരുന്നു.
പെണ്ണു കാണൽ ചടങ്ങ് മുതൽ ദീർഘകാലം സ്നേഹത്തോടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ഒരു വ്യക്തി, പിന്നീട് ക്യാൻസർ ബാധിതനായി ഈയുള്ളവന്റെ തന്നെ ചികിത്സയെടുക്കുകയും, ഒടുവിൽ മരണം വരിക്കുകയും ചെയ്യുമ്പോഴുള്ള ഒരു ഡോക്ടറുടെ മാനസിക ബുദ്ധിമുട്ട് വലുതാണ്.
അവിടെ നിൽക്കുന്ന പലർക്കും അദ്ദേഹം ഒരു ബന്ധു മാത്രമായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ചേച്ചി എന്ന് വിളിക്കുന്ന അമ്മയുടെ സ്നേഹമയിയായ സഹോദരിയുടെ ഭർത്താവും അതിലുപരി ചികിത്സിച്ച രോഗിയുമാണ്.
ഇത്തരം വേർപാടുകൾ ജീവിതത്തിന്റെയും, പ്രൊഫഷന്റെയും ഭാഗമായി ഉൾക്കൊള്ളാനല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും. മെഡിക്കൽ സയൻസിന് രക്ഷപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന ദുഃഖത്തിനിടയിലും എത്രയോ ബന്ധുക്കളും അല്ലാത്തവരുമായ മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചല്ലോ എന്ന പോസിറ്റീവ്നെസ്സാണ് എന്നെ പോലെ ഒരു ഓൺകോളജിസ്റ്റിനെ മുന്നോട്ട് നയിക്കുന്നത്.
ബോബൻ തോമസ്.