കഴിഞ്ഞദിവസം പഴയ ഡോക്യുമെന്റ്സുകളെല്ലാം പരതിയ കൂട്ടത്തിലാണ് ഈ ഒരു കടലാസ് എന്റെ കണ്ണിൽ പെട്ടത്. നോക്കിയപ്പോൾ ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് എനിക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച അഡ്മിറ്റ് കാർഡ് ആയിരുന്നു അത്. മനസ്സ് മൂന്ന് പതിറ്റാണ്ട് പുറകിലേക്ക് പോയി.
1995.
പ്രീഡിഗ്രി കഴിഞ്ഞ് അടുത്ത പ്രൊഫഷണൽ ജീവിതത്തിലേക്ക് പരീക്ഷകളെല്ലാം എഴുതിക്കൊണ്ടിരുന്ന കാലഘട്ടം. അന്ന് ഇന്നത്തെ പോലെ നീറ്റ് എന്ന പൊതുവായ എക്സാമിനേഷൻ ആയിരുന്നില്ല. കേരളത്തിലേക്ക് ഒരു എൻട്രൻസ്, ഓൾ ഇന്ത്യ എൻട്രൻസ്, സെൻട്രൽ യൂണിവേഴ്സിറ്റികളായ എയിംസ്, ജിപ്മർ എന്നിവ നടത്തുന്ന എൻട്രൻസുകൾ, വിവിധ സംസ്ഥാനങ്ങൾ നടത്തുന്ന എൻട്രൻസുകൾ അങ്ങനെ വിവിധതരത്തിലുള്ള എക്സാമിനേഷനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കേരളത്തിൽ ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ഓപ്പൺ മെറിറ്റൽ എം.ബി.ബി.എസിന് സീറ്റ് ലഭിക്കണമെങ്കിൽ ആയിരത്തിൽ താഴെ റാങ്ക് ലഭിക്കണമായിരുന്നു.
എന്റെ റാങ്ക് ആയിരത്തിന് മുകളിൽ ആയിരുന്നതിനാൽ കേരളത്തിൽ ഒരു എം.ബി.ബി.എസ് സീറ്റ് ലഭിക്കുക എന്നത് അസാധ്യമായിരുന്നു. പിന്നെയുള്ള ഒരു ഓപ്ഷൻ ഒരു വർഷം കൂടി എഴുതുക എന്നതായിരുന്നു. എന്നാൽ അത് ഞാൻ വേണ്ടെന്ന് വെച്ചു. അന്ന് പ്രീഡിഗ്രിക്ക് ബയോളജിയുടെ കൂടെ മാത്തമാറ്റിക്സ് ഓപ്ഷണലായി എടുത്ത് പഠിച്ചത് കൊണ്ട് എൻജിനീയറിങ്ങിന് ജോയിൻ ചെയ്യാൻ തീരുമാനിച്ചു.
അങ്ങനെ ഡോക്ടർ ആകാനുള്ള മോഹങ്ങളെല്ലാം ഉപേക്ഷിച്ചിരുന്ന സമയത്താണ് സുഹൃത്തായ ജെറി വിളിക്കുന്നത്. കർണാടകയിൽ മെഡിക്കൽ എൻട്രൻസിന് അപ്ലിക്കേഷൻ വിളിച്ചിട്ടുണ്ട് എന്ന് ജെറി പറഞ്ഞു. അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും ജെറിയുടെ കൂടെ കർണാടകയിലേക്ക് ഞാനും അപ്ലൈ ചെയ്തു.
തൊട്ട് മുൻപുള്ള വർഷം വരെ കർണാടകത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് എൻട്രൻസ് എഴുതുവാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ 95ൽ ആ നിയമം എടുത്തു കളഞ്ഞതുകൊണ്ട് കർണാടകത്തിന് വെളിയിലുള്ള വിദ്യാർഥികൾക്ക് എൻട്രൻസ് എഴുതുവാനുള്ള അവസരം ഇല്ലായിരുന്നു. അതിനെതിരെ ആരോ സുപ്രീംകോടതിയിൽ പോയതിന്റെ ഫലമായി സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധി വരികയും കർണാടകത്തിന് പുറത്തുനിന്നുള്ളവർക്ക് 15 ശതമാനം പെയ്മെന്റ് സ്വീറ്റ് നൽകുവാനുള്ള തീരുമാനം പുന:സ്ഥാപിക്കുകയും ചെയ്തു. എൻട്രൻസ് നടത്തുവാനുള്ള സമയമില്ലാത്തതിനാൽ പിഡിഗ്രിയുടെ മാർക്കിന്റെ ബെയ്സിസിൽ ലഭിക്കുമെന്നായിരുന്നു പറഞ്ഞത്. പ്രതീക്ഷയൊന്നും ഇല്ലായിരുന്നുവെങ്കിലും വെറുതെ അപ്ലൈ ചെയ്തു.
ഡോക്ടർ ആകാനുള്ള വഴികൾ അടഞ്ഞതുകൊണ്ട് എൻജിനീയറാകാൻ മനസ്സിനെ പാകപ്പെടുത്തിയിരുന്നു.അതു കൊണ്ട് തന്നെ വളരെ ലാഘവ ബുദ്ധിയോടെയാണ് അപ്ലിക്കേഷൻ അയച്ചത്. വീട്ടിലെ നിർബന്ധവും അതിന് പുറകിൽ ഉണ്ടായിരുന്നു. ശ്രദ്ധക്കുറവുകൊണ്ട് അപ്ലിക്കേഷൻ കടലാസ് വയ്ക്കാൻ ഞാൻ മറന്നു പോവുകയും ഇൻകംപ്ലീറ്റ് ആയ അപ്ലിക്കേഷൻ അയക്കുകയും ചെയ്തു. അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിന്റെ രണ്ട് ദിവസം മുമ്പ് യാദൃശ്ചികമായി എന്റെ അച്ച ഡ്രോയറിൽ ആ കടലാസ് കാണുകയും അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. വിട്ടുപോയതാണെന്ന് ഞാൻ മറുപടി പറഞ്ഞു.
ഇന്നത്തെ പോലെ നെറ്റിൽ ഡൗൺലോഡ് ചെയ്ത് അയക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ അന്ന് ഒന്നുകൂടി അയക്കാനുള്ള സമയം ഇല്ലെന്ന് തന്നെ പറയാമായിരുന്നു. അന്ന് കേരളത്തിൽ അപ്ലിക്കേഷൻ ലഭിച്ചിരുന്നത് മട്ടാഞ്ചേരിയിലെ കനറാ ബാങ്കിന്റെ ശാഖയിൽ മാത്രമായിരുന്നു. ഞാനിന്നും ഓർക്കുന്നു അച്ചയുടെ ഇളയ സഹോദരൻ ബാങ്ക് തുറക്കുന്ന സമയത്ത് തന്നെ എത്തിച്ചേരുന്നതിനു വേണ്ടി അന്ന് വെളുപ്പിനെ തന്നെ എറണാകുളത്തേക്ക് കാറിൽ പുറപ്പെടുകയും അപ്ലിക്കേഷൻ വാങ്ങി വരികയും ചെയ്ത കാര്യം. രണ്ട് ദിവസം മാത്രമേ ഉള്ളൂ. അന്ന് തന്നെ ബാംഗ്ലൂരിലേക്ക് പോകുന്ന ഒരാളുടെ കയ്യിൽ ഏൽപ്പിക്കുകയും വേണം.
എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് തിരിച്ചു വന്ന് വീണ്ടും ഫോം ഫിൽ ചെയ്ത് കൊടുക്കാനുള്ള താമസമുള്ളതുകൊണ്ട് കോട്ടയത്തുനിന്ന് ഞാൻ ഏറ്റുമാനൂർക്ക് പോവുകയും മാന്നാനം കെ. ഈ കോളേജിൽ പോയി പ്രിൻസിപ്പലിന്റെ കയ്യിൽ നിന്ന് കയ്യെഴുത്ത് വാങ്ങുകയും ബാക്കിയുള്ള പേപ്പറുകൾ കൊണ്ടു വന്ന് കോട്ടയത്തുള്ള വീട്ടിൽ വച്ചുകൊണ്ട് അച്ച അത് പൂരിപ്പിക്കുകയും ചെയ്തു.
പേപ്പർ വാങ്ങി പ്രിൻസിപ്പൽ ഇല്ലാത്തതുകൊണ്ട് വൈസ് പ്രിൻസിപ്പലിനെ കൊണ്ട് സൈൻ വാങ്ങിച്ചാണ് വീട്ടിൽ കൊണ്ടുവന്നത്. അഞ്ചരയ്ക്ക് ബാംഗ്ലൂർക്കുള്ള ബസ്സിൽ പോകുന്ന വ്യക്തിയുടെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു.
അപ്പോഴും എനിക്ക് പ്രതീക്ഷ കുറവായിരുന്നു. പക്ഷേ ഫലം വന്നപ്പോൾ പ്രീഡിഗ്രിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നതുകൊണ്ട് 129 ആം റാങ്ക് ലഭിക്കുകയും കൗൺസിലിങ്ങിന് വിളിക്കുകയും ചെയ്തു.
കൗൺസിലിംഗ് എല്ലാം കഴിഞ്ഞതിനുശേഷമാണ് ബാംഗ്ലൂരിൽ അംബേദ്കർ മെഡിക്കൽ കോളേജിലേക്ക് സീറ്റ് ലഭിച്ചു എന്ന വിവരം ലഭിക്കുന്നത്. പ്രത്യേകം ഓർക്കാനുള്ളത് ബാംഗ്ലൂരിൽ ടാക്സി ഓടിച്ചു കൊണ്ടിരുന്ന ബാംഗ്ലൂരിലെ എല്ലാ വഴികളും അറിയാമായിരുന്ന ചെല്ലപ്പൻ എന്ന വ്യക്തിയെക്കുറിച്ചാണ്. ചിലപ്പന്റെ കൂടെയായിരുന്നു കൗൺസിലിങ്ങിന് വേണ്ടി ഞങ്ങളെല്ലാവരും ബാംഗ്ലൂരിലേക്ക് പോയത്. കോളേജ് എവിടെയാണെന്ന് ഒരു പിടിയുമില്ല. തിരഞ്ഞു നോക്കാൻ ഇന്റർനെറ്റും, ഗൂഗിളും ഒന്നുമുണ്ടായിരുന്നില്ല. ചെല്ലപ്പനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ക്ലാസിക്കലായ ഒരു പൊട്ടിച്ചിരി ഞാനിന്നും ഓർക്കുന്നു. എന്നിട്ട് ഞാൻ അവിടെ അടുത്താണല്ലോ സാറേ താമസിച്ചു കൊണ്ടിരുന്നത് എനിക്ക് അറിയാൻ മേലാത്ത സ്ഥലമൊന്നും അല്ലല്ലോ എന്ന് പറഞ്ഞു. പിന്നീട് ഒക്ടോബർ മാസം പത്താം തീയതിയാണ് ബാംഗ്ലൂരിലേക്ക് പോകുന്നത്. ക്ലാസുകൾ ഒക്ടോബർ ഒന്നിന് തന്നെ തുടങ്ങിയിരുന്നു.
ഈ സീറ്റ് ലഭിച്ചില്ലായിരുന്നുവെങ്കിൽ എന്റെ ഡെസ്റ്റിനേഷൻ തന്നെ മറ്റൊന്നാകുമായിരുന്നു. രണ്ടാമതൊരു ചാൻസ് എടുത്ത് മെഡിസിൻ വേണ്ട എന്ന് തീരുമാനിക്കുകയും മറ്റൊരു മേഖലയിലേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്ത ഞാൻ ഏതോ ദൈവികമായ ഇമ്പാക്ടിന്റെ പുറത്ത് അവിടെത്തന്നെ എത്തിച്ചേർന്നു എന്നാണ് വിചാരിക്കുന്നത്. നമ്മൾ എവിടെ എത്തണമെന്ന് നമ്മളല്ല തീരുമാനിക്കുന്നത്. മുകളിലുള്ള മറ്റാരൊക്കെയോ ആണെന്ന് തോന്നിപ്പോകും.
എടുത്തുപറയേണ്ട മറ്റൊരു കാര്യം ഡോക്യുമെന്റ്സ് എല്ലാം അച്ച വളരെ ഭദ്രമായി ഒരു പ്ലാസ്റ്റിക് കവറിൽ ഒക്കെ ഇട്ട് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ 2018ലെ മഹാ പ്രളയത്തിൽ അതുവരെ വെള്ളം കയറിയിട്ടില്ലാത്ത ഞങ്ങളുടെ വീട്ടിലും എന്തിന് അലമാരിക്ക് അകത്ത് പോലും വെള്ളം കയറി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ വച്ചതു കൊണ്ടായിരിക്കാം ഒരുപക്ഷേ ആ സർട്ടിഫിക്കറ്റുകൾ ഒന്നും നശിച്ചു പോയില്ല.
കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു അച്ച എസ്എസ്എൽസി ബുക്ക് അടക്കമുള്ള ഡോക്യുമെന്റ്സുകൾ എന്നെ ഏൽപ്പിച്ചത്. പേമാരിയിലും നഷ്ടപ്പെടാതിരുന്ന ഈ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി.
ഞാൻ ചിലപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്…
അന്ന് സുപ്രീംകോടതിയിൽ ആ കേസ് കൊടുത്തില്ലായിരുന്നുവെങ്കിൽ.?.
ജെറി എന്നോട് ആ സീറ്റിന്റെ കാര്യം പറഞ്ഞില്ലായിരുന്നുവെങ്കിൽ.?.
അച്ച എന്റെ മേശ പരിശോധിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിൽ.?.
എറണാകുളത്ത് അതിരാവിലെ തന്നെ പോയി അപ്ലിക്കേഷൻ ഫോം കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ.?.
എത്തേണ്ട അവസാന ദിവസം തന്നെ ബാംഗ്ലൂർ അത് എത്തിക്കാൻ ആളില്ലായിരുന്നുവെങ്കിൽ.?.
ഞാൻ എന്തായി തീരും എന്ന് എനിക്ക് ഇന്നും അറിയില്ല. നമ്മുടെ ഡെസ്റ്റിനേഷൻ നമ്മളല്ല പലപ്പോഴും തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കി തരുന്ന ചില സംഭവങ്ങൾ ആയിരിക്കും ഇതെല്ലാം..
ബോബൻ തോമസ്.