ഇന്ന് അതിരാവിലെ തന്നെ എഴുന്നേറ്റു. ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷികമാണ്. വീടിന് അടുത്തുള്ള പുതുപ്പള്ളി പള്ളിയിൽ അദ്ദേഹത്തിന്റെ കബറിടത്തിൽ പോകണം. ഏകദേശം
5 45)ഓടെ എത്തുമ്പോൾ അവിടം ശൂന്യമാണ്. ഒരു കുടുംബത്തെ മാത്രം കണ്ടു. രാഷ്ട്രീയക്കാർ ആരും എത്തിയിട്ടില്ല. ദൃശ്യ മാധ്യമങ്ങളുടെ പ്രതിനിധികൾ ആരും വന്നിട്ടില്ല. നിശബ്ദം. അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് കുറച്ചു സമയം അവിടെ നിന്നു.
തിരിച്ച് വീട്ടിൽ വന്ന് കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ഉമ്മൻചാണ്ടി സാറിനെ കുറിച്ചുള്ള വാർത്തകൾ ചാനലുകൾ കാണിക്കാൻ തുടങ്ങിയിരുന്നു.
“ഇന്നെന്താണ് അബ്ബാ ഉമ്മൻചാണ്ടിയെ കുറിച്ച് ടിവിയിൽ പറയുന്നത്.? ഉമ്മൻചാണ്ടി മരിച്ചു പോയതല്ലേ.?”
ആ സമയത്താണ് മകൾ ഹേസലിന്റെ ചോദ്യം.
“അതെ മോളെ. ഇന്ന് അദ്ദേഹം മരിച്ചിട്ട് ഒരു വർഷം കഴിയുന്ന ദിവസമാണ്. അബ്ബ രാവിലെ പള്ളിയിൽ പോയിരുന്നു. ”
ഞാൻ പറഞ്ഞു. അതിനുശേഷമാണ് ഇതിന്റെ തുടക്കത്തിൽ ഞാനിട്ട ചോദ്യം അവള് ചോദിക്കുന്നത്.
“നമ്മള് മരിച്ചാലും ബസ്സേല് കൊണ്ടുപോകുമോ.!?”
അതിന് എന്താണ് ഉത്തരം പറയേണ്ടതെന്നറിയാതെ ഞാൻ കുഴഞ്ഞു. ഒടുവിൽ ഇങ്ങനെ പറഞ്ഞു.
“വലിയ വലിയ നേതാക്കന്മാർ മരിക്കുമ്പോഴാണ് അങ്ങനെ കൊണ്ടുപോകുന്നത്.”
ഒരു വർഷം മുൻപ് അവൾക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് പുതുപ്പള്ളിയിലേക്ക് അദ്ദേഹത്തിന്റെ ഭൗതികശരീരം ബസ്സിൽ കൊണ്ടുവരുന്നത്. അന്ന് പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ റോഡരികിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവളും ഉണ്ടായിരുന്നു.
“അതെന്താ അബ്ബാ എല്ലാരും മരിച്ചാൽ ബസ്സേല് കൊണ്ടുപോകത്തില്ലേ.?
അവൾ വലിയ ക്യൂരിയസ് ആയി വീണ്ടും ചോദിക്കുകയാണ്. പല സംസ്കാര ചടങ്ങുകളിലും പങ്കെടുത്തിട്ടുള്ള അവൾക്ക് ഇത്ര വലിയ ജനസഞ്ചയവും, സ്വീകരണയാത്രയും, കണ്ണീരോടെയുള്ള ആദരാഞ്ജലികളും അത്ഭുതമായി തോന്നിയതാകണം.
അതെ. അതാണ് ഉമ്മൻചാണ്ടി സാർ. രാഷ്ട്രീയമോ, സാമൂഹ്യ പ്രവർത്തനങ്ങളോ, ചിട്ട വട്ടങ്ങളോ ഒന്നുമറിയാത്ത ഒരു അഞ്ചുവയസുകാരിയിൽ പോലും ഒരു സ്വാധീനം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രവർത്തികളുടെ പ്രതിഫലനം.
അബ്ബായും വലിയ ഡോക്ടർ അല്ലേ.? അബ്ബാ മരിച്ചാലും ഇതേപോലെ ബസ്സിൽ കൊണ്ടുപോകുമോ എന്ന നിഷ്കളങ്കമായ അവളുടെ ചോദ്യം എന്നെ എവിടെയോ കൊണ്ടുപോയി. ഉമ്മൻചാണ്ടി സാറിനെ പോലെയുള്ള ഒരു വ്യക്തിയിൽ എത്തണമെങ്കിൽ ഒരുപാട് ദൂരം സഞ്ചരിക്കണമെന്നും അത് എന്നെ പോലെയുള്ള ഒരു സാധാരണ മനുഷ്യന് അപ്രാപ്യമാണ് എന്നും മനസ്സിലാക്കാനുള്ള പ്രായവും പക്വതയും എന്റെ മകൾക്ക് ആയിട്ടില്ല എന്ന ബോധ്യമുള്ളതുകൊണ്ട് ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു. എന്നിട്ട് ഇങ്ങനെ മാത്രം പറഞ്ഞു.
“വലുതാകുമ്പോൾ മോൾക്കത് മനസ്സിലാകും.”
ഉമ്മൻചാണ്ടി ആരായിരുന്നുവെന്നോ എന്തായിരുന്നുവെന്നോ അന്നത്തെ അഞ്ചുവയസ്സുകാരിക്കും ഇന്നത്തെ ആറു വയസ്സുകാരിക്കും നിശ്ചയമില്ല. പക്ഷേ ഒരു ചെറുപ്രായക്കാരിയുടെ മനസ്സിൽ പോലും ഉമ്മൻചാണ്ടിയുടെ മഹത്വം പതിയുന്നുണ്ടെങ്കിൽ അതുതന്നെയാണ് O. C എന്ന മഹാനായ കർമ്മയോഗിയുടെ ജീവിതസാഫല്യം.
അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്…
ബോബൻ തോമസ്.