എത്രപേർക്ക് വിവേക് എക്സ്പ്രസ് എന്ന ട്രെയിനെക്കുറിച്ച് അറിയാം.?
ഭൂരിഭാഗം ആളുകൾക്കും അറിയില്ലെന്നാണ് ഞാൻ കരുതുന്നത്. വളരെ യാദൃശ്ചികമായാണ് ഈ ട്രെയിൻ കാണാനിടയായത്. ഒരു പ്രാവശ്യം തിരുവനന്തപുരത്തേക്ക് പോകുവാൻ വേണ്ടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കുമ്പോളായിരുന്നു
വിവേക് എക്സ്പ്രസ് അതുവഴി കടന്നുപോയത്.
ആസാമിലെ ദിബ്രുഗർ എന്ന സ്ഥലത്തുനിന്നും കന്യാകുമാരിയിലേക്ക് പോകുന്ന ഒരു വണ്ടിയാണ് അതെന്ന് എനിക്ക് മനസ്സിലായി. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ ഒരു ട്രെയിൻ യാത്ര.
4189 കിലോമീറ്റർ .
9 സംസ്ഥാനങ്ങളെ തൊട്ട് ശരാശരി 80 കിലോമീറ്റർ വേഗതയിൽ അൻപത്തി അഞ്ചിലധികം റെയിൽവേ സ്റ്റേഷനുകൾ താണ്ടി യാത്രചെയ്യുന്ന ഒരു വണ്ടി.
ആസാമിലെ ദിബ്രുഗറിൽ നിന്ന് 4000-ത്തിൽ പരം കിലോമീറ്ററുകൾ താണ്ടി കോട്ടയം കാരിത്താസിൽ എത്തിയ ഋതുരാജ് എന്ന കുട്ടിയെ കുറിച്ച് പറയാം.
പ്രായം ആറ് വയസ്സ്.
ഋതുരാജിന്റെ പിതാവിന് കോട്ടയത്തുള്ള ഒരു കമ്പനിയിലായിരുന്നു ജോലി. അതിൻ്റെ ഭാഗമായി കുടുംബസമേതം കേരളത്തിലേക്ക് അവർ താമസം മാറി. കുറച്ചുകാലം കഴിഞ്ഞപ്പോൾ അവന് തലവേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. കുട്ടികളിൽ അപൂർവ്വമായെങ്കിലും കാണപ്പെടുന്ന മെഡുല്ല ബ്ലാസ്റ്റോമ (Medulla Blastoma)എന്ന ബ്രെയിൻ ട്യൂമറായിരുന്നു അവന്.
അവന് സർജറി ചെയ്തു. കീമോതെറാപ്പിയും റേഡിയേഷനും എടുത്തു.
എട്ടുമാസത്തോളം നീണ്ട ചികിത്സ കാലയളമായിരുന്നു അത്.
ചികിത്സയ്ക്ക് അവന് ഇ. എസ്.ഐ പരിരക്ഷ ഉണ്ടായിരുന്നത് അവർക്ക് വലിയ അനുഗ്രഹമായിരുന്നു.
ഭാഷയുടെ വലിയ പ്രതിബന്ധമുണ്ടായിരുന്നു അവർക്ക്. അമ്മയ്ക്കാണെങ്കിൽ ആസാമിയും ഒരു പരിധി വരെ ഹിന്ദിയും അറിയുമായിരുന്നു. സ്വന്തം നാട്ടിൽ അപ്രാപ്യമായ ഉന്നത നിലവാരമുള്ള ക്യാൻസർ ചികിത്സ 4000 കിലോമീറ്ററുകൾക്കിപ്പുറത്ത് കേരളത്തിൽ ഞങ്ങൾക്ക് കൊടുക്കുവാൻ സാധിച്ചു. അതേ സമയം സ്വന്തം വീട്ടിൽ ലഭിക്കുന്ന ചികിത്സ പോലെ അവന് അനുഭവപ്പെടാൻ ഉതകുന്ന രീതിയിലായി രുന്നു അത് ക്രമപ്പെടുത്തിയത്. വലിയ ഓമനത്തമുള്ള പ്രകൃതമായിരുന്നു ഋതുരാജിൻ്റേത്.
അതുകൊണ്ടുതന്നെ അവനോട് എല്ലാവർക്കും പെട്ടെന്ന് തന്നെ വലിയ അടുപ്പമായി. അവൻ്റെ ആരാധനാപാത്രം നടൻ സൽമാൻഖാനായിരുന്നു.
വലുതാകുമ്പോൾ സൽമാൻഖാന്റെ ശരീരമായിരുന്നു അവൻ്റെ സ്വപ്നം. ദൈവ കൃപ കൊണ്ട് ചികിത്സയെല്ലാം നല്ല രീതിയിൽ പൂർത്തിയാക്കുകയും പിന്നീടുള്ള സ്കാനിങ്ങിൽ എല്ലാം നോർമലാവുകയും ചെയ്തു. തിരിച്ച് നാട്ടിലേക്ക് പോകാൻ അവന് വലിയ താല്പര്യമുണ്ടായിരുന്നില്ല.
ഇവിടെത്തന്നെ തുടർന്നു പഠിക്കാനാണ് അവൻ്റെ ആഗ്രഹമെന്ന് മാതാപിതാക്കൾ പറഞ്ഞു.
മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെൻററിൽ പ്രൊഫസർ ബെനാവലി സാറിൻ്റെ കീഴിൽ പീഡിയാട്രിക് ഓൺകോളജിയിൽ ട്രെയിനിങ് എടുക്കുന്ന കാലഘട്ടത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കുട്ടികളെ ചികിത്സിക്കാനുള്ള അവസരം എനിക്ക് കൈവന്നിരുന്നു. നാട്ടിൽ വന്നതിനുശേഷം അത് കേരളത്തിലെയും തമിഴ്നാട്ടിലെയും കുട്ടികൾ മാത്രമായി ചുരുങ്ങി. എന്നാൽ ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലെ വടക്കുകിഴക്കേ അറ്റത്തുള്ള ആസാമിൽ നിന്ന് ഒരു കുട്ടിയെ ചികിത്സിക്കാനുള്ള അവസരം എനിക്ക് കൈവന്നത് ഒരു നിയോഗമായി കരുതുന്നു.
ചികിത്സയിൽ സഹകരിച്ച ന്യൂറോസർജറി ഡോ. സരീഷ് റേഡിയേഷൻ ചെയ്ത ഡോ. ജോസ് ടോം സാർ, ഡോ. ജൂഡിത്ത് വാർഡിൽ ഉള്ള നഴ്സിംഗ് സ്റ്റാഫ് എന്നിവരെയും കാരിത്താസ് ഹോസ്പിറ്റൽ മാനേജ്മെന്റിനെയും ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർക്കുന്നു.
ആലുവയിലെ അന്യസംസ്ഥാനത്തു നിന്ന് വന്ന കുഞ്ഞിൻ്റെ ദാരുണമായ അന്ത്യത്തിന്റെ വേദന മാറിയിട്ടില്ല. അഭയാർത്ഥികളെ പോലെയോ തൊഴിലിനു വേണ്ടിയോ ദേശങ്ങൾ വിട്ട് മാതാപിതാക്കളോടൊപ്പം വരുന്ന കുഞ്ഞുങ്ങൾ അനുഭവിക്കുന്ന വിവേചനവും, ശാരീരിക പീഡനങ്ങളും, അതിൻ്റെ ബാക്കി പത്രമായി നമ്മുടെ മുമ്പിലുള്ള ആലുവയിലെ മരണവും എത്രമാത്രം ഹീനവും മനുഷ്യത്വരഹിതവും ആണ്.
നമ്മുടെ കുഞ്ഞുങ്ങൾക്ക് കിട്ടുന്ന അതേ നീതിയും പരിചരണവും അന്യദേശത്ത് നിന്നും വരുന്ന ഏത് കുഞ്ഞിനും ലഭിക്കണമെന്നത് ആതിഥേയരെന്ന പേരിൽ നമ്മൾ ഉറപ്പുവരുത്തേണ്ടതാണ്. അതുകൊണ്ടുതന്നെ ഋതുരാജിന് ഞങ്ങൾ കൊടുത്ത ചികിത്സയെയും പരിചരണത്തെയും കുറിച്ച് ആലോചിക്കുമ്പോൾ ചാരിതാർത്ഥ്യമുണ്ട്.
ബോബൻ തോമസ്.