ലോക ക്യാൻസർ ദിനവും ; കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രപരമായ പങ്കാളിത്തവും.!

ലോക ക്യാൻസർ ദിനവും ; കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രപരമായ പങ്കാളിത്തവും.!

ഫെബ്രുവരി നാലാം തീയതിയാണ് ലോക ക്യാൻസർ ദിനമായി ആചരിക്കുന്നത്.
2000 )-മാണ്ട് ഫെബ്രുവരി നാലിന് പാരീസിൽ വെച്ച് യൂണിയൻ ഫോർ ഇന്റർനാഷണൽ ക്യാൻസർ കൺട്രോളിന്റെ (UICC) ആഭിമുഖ്യത്തിൽ നടന്ന ക്യാൻസറിനെതിരെയുള്ള ലോക ഉച്ചകോടിയിലാണ് എല്ലാവർഷവും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കാൻ ധാരണയായത്.

ക്യാൻസർ എന്ന രോഗത്തെപ്പറ്റി പലതരത്തിലുള്ള തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഈ തെറ്റിദ്ധാരണകൾ എല്ലാം നീക്കം ചെയ്യുകയും ക്യാൻസറിനെ പറ്റി ശരിയായ അവബോധം സൃഷ്ടിക്കുകയും ചെയ്യുക, സാമൂഹ്യ-സാമ്പത്തിക ഭേദമന്യേ ലോകത്തുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ക്യാൻസർ പരിചരണം ലഭിക്കുന്നതിനുള്ള അവസ്ഥ സംജാതമാക്കുക, ക്യാൻസറിനെതിരെ നിരന്തരമായി പോരാടി ശാസ്ത്രം നേടിയെടുത്ത വിജയങ്ങൾ ആഘോഷിക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ചാണ് ലോക ക്യാൻസർ ദിനം ആചരിക്കപ്പെടുന്നത്.

ഓരോ മൂന്ന് വർഷം കൂടുമ്പോഴും പ്രഖ്യാപിക്കുന്ന ആപ്ത വാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക ക്യാൻസർ ദിനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും മുന്നോട്ട് പോകുന്നത്.
“Close The Care Gap ”
എന്നതാണ് നടപ്പു വർഷത്തെ അതിന്റെ പ്രഖ്യാപിത മുദ്രാവാക്യം.

ലോകമെമ്പാടുമുള്ള ക്യാൻസർ രോഗികളുടെ പരിചരണത്തിൽ നിലനിൽക്കുന്ന അസമത്വം നീക്കം ചെയ്യുക എന്നതാണ് വിശിഷ്ടമായ ഈ മുദ്രാവാക്യം കൊണ്ട് അർത്ഥമാക്കുന്നത്.

പ്രാദേശികമായ കാരണങ്ങൾ കൊണ്ടും സാമൂഹിക- സാമ്പത്തിക കാരണങ്ങൾ കൊണ്ടും പിന്നോക്കാവസ്ഥയിലുള്ളവർ, പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾ എന്നിവർക്ക് ഗുണമേന്മയുള്ള ക്യാൻസർ പ്രതിരോധ സംവിധാനങ്ങൾ, രോഗനിർണയം, ചികിത്സ എന്നിവ ലഭിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ ആപ്തവാക്യത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.

ആരോഗ്യരക്ഷാ സൗകര്യങ്ങൾ പ്രാപ്തമാകുന്നതിനുള്ള തടസ്സങ്ങൾ :-

ലോകത്തിന്റെ ചില ഭാഗങ്ങളിൽ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികൾ അഭിമുഖീകരിക്കുന്ന കൃത്യമായ ആരോഗ്യ രക്ഷാ സംവിധാനങ്ങളുടെ പരിമിതിയും , അഭാവവും മൂലം ക്യാൻസർ സ്ക്രീനിങ്, കൃത്യമായ സമയത്ത് ലഭിക്കേണ്ട ക്യാൻസർ ചികിത്സ എന്നീ അവകാശങ്ങളിൽ നിന്നും ചില സമൂഹങ്ങൾ പുറന്തള്ളപ്പെടുന്നു.

സാമ്പത്തിക പരിമിതികൾ:-

വികസിത രാജ്യങ്ങളിലടക്കം ചികിത്സരംഗത്ത് വന്നിട്ടുള്ള ഭീമമായ ചിലവ് ചികിത്സയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിട്ടും അത് എടുക്കുന്നതിൽ നിന്നും ആ നാട്ടിലെ ജനങ്ങളെ അയോഗ്യരാക്കുന്നു.

വിവേചനങ്ങൾ:-

ക്യാൻസർ പുറത്ത് പറയുന്നതിന് ഭയവും സങ്കോചവും ഉള്ള വലിയൊരു വിഭാഗം ജനങ്ങൾ സമൂഹത്തിലുണ്ട്. രോഗത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ തെറ്റായ ധാരണകളാണ് അവരെ ഇതിലേക്ക് നയിക്കുന്നത്. ഏതെങ്കിലും ഘട്ടത്തിൽ മറ്റുള്ളവരുടെ ഉപദേശമോ സഹായമോ തേടുന്നതിൽ നിന്ന് ക്യാൻസർ രോഗികളെ ഈ മാനസികാവസ്ഥ നിരുത്സാഹപ്പെടുത്തുന്നു.

ക്യാൻസർ അവബോധത്തിന്റെ അഭാവം :-

ക്യാൻസർ ലക്ഷണങ്ങളെ കുറിച്ചും, അതിന്റെ അപകടങ്ങളെ കുറിച്ചുമുള്ള അജ്ഞത നേരത്തെയുള്ള പ്രതിരോധ നടപടികളിൽ നിന്നും, കൃത്യമായ സമയത്ത് ലഭിക്കേണ്ട ചികിത്സയിൽ നിന്നും ജനങ്ങളെ മാറ്റി നിർത്തുന്നു.

ചുരുക്കിപ്പറഞ്ഞാൽ ചുറ്റുപാടുകളോ, സാഹചര്യങ്ങളോ പരിഗണനാ വിഷയമാകാതെ എല്ലാ വിഭാഗം ജനങ്ങൾക്കും അവർ ആവശ്യപ്പെടുന്ന ക്യാൻസർ പരിചരണം ലഭ്യമാക്കാനുള്ള നടപടികൾ ഉറപ്പുവരുത്തുകയാണ് “Close The Care Gap”ചെയ്യുന്നത്. ഇതൊരു ധാർമിക നടപടി എന്നതിലുപരി നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും മികച്ച നിക്ഷേപ സമാഹരണം കൂടിയാണ്.

“Close The Care Gap”
എന്ന ലക്ഷ്യത്തിലേക്കുള്ള വഴികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഗവൺമെന്റ്, പോളിസി മേക്കേഴ്സ് എന്നിവരോട് ക്യാൻസർ ചികിത്സയ്ക്ക് വേണ്ട ആരോഗ്യ സംവിധാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കാനും, ചികിത്സ ചിലവ് കുറച്ച് കൊണ്ടുവരാനും ആവശ്യപ്പെടാം.

ക്യാൻസർ രോഗികളെ സഹായിക്കുന്നതിന് വേണ്ടി ലോകമെമ്പാടും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. നമുക്ക് കഴിയാവുന്ന തരത്തിലുള്ള സഹായസഹകരണങ്ങൾ അവരിലേക്ക് എത്തിക്കുക.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പൊതുസമൂഹത്തിനും ഉപകാരപ്രദമായ രീതിയിൽ അർബുദത്തെ കുറിച്ചുള്ള കൃത്യമായ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നേരത്തെയുള്ള രോഗനിർണയം സാധ്യമാക്കുന്ന പരിശോധനകളിലേക്ക് അവരെ നയിക്കുകയും ചെയ്യുക.

രോഗികൾ അനുഭവിക്കുന്ന വിവേചനങ്ങൾ അഭിസംബോധന ചെയ്യുകയും അവർക്കു വേണ്ട മാനസിക പിന്തുണ നൽകാൻ പൊതുസമൂഹത്തിനോട് അഭ്യർത്ഥിക്കുകയും ചെയ്യുക.

ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ക്യാൻസർ റിസർച്ചുകളിൽ ക്ലിനിക്കൽ ട്രയലുകളിലൂടെ പങ്കാളികളാവുകയോ, സഹായസഹകരണങ്ങൾ ലഭ്യമാക്കുകയോ ചെയ്യുക.
****************************************
അഭിവന്ദ്യ പിതാവ് മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ നേതൃത്വത്തിൽ 2003- ലാണ് കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാകുന്നത്. വളരെയധികം ദീർഘവീക്ഷണത്തോടെ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് ഇത്തരമൊരു മഹത് സംരംഭത്തിന് ബഹുമാനപ്പെട്ട പിതാവ് നാന്ദി കുറിക്കുന്നത്.

അർബുദ രോഗികൾ മരിക്കാൻ വിധിക്കപ്പെട്ടവരാണെന്നും അവർക്ക് ചികിത്സയുടെ ആവശ്യമുണ്ടോ എന്ന് പോലും ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ആളുകളുള്ള കാലഘട്ടമായിരുന്നു അത്.. പോരാത്തതിന് ആധുനികമായ ക്യാൻസർ ഡിപ്പാർട്ട്മെന്റിന് ആവശ്യമായി വരുന്ന അതിഭീമമായ ചിലവ് വരുത്തുന്ന സാമ്പത്തിക ഞെരുക്കം.
പക്ഷേ അണിയറ പ്രവർത്തകർക്ക് അസാമാന്യമായ ആർജ്ജവവും ഉൾക്കാഴ്ചയും ദിശാബോധവും ഉണ്ടായിരുന്നു.
എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമായി.

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാൻസർ സെന്ററുകൾ ഉള്ളത് കൊച്ചിയിലാണ്. എന്നാൽ കൊച്ചിയിൽ പോലും ഗവൺമെന്റ് സെക്ടറിലോ പ്രൈവറ്റ് സെക്ടറിലോ ഒരു റേഡിയേഷൻ മെഷീൻ പോലും ഇല്ലാത്ത കാലഘട്ടത്തിലാണ് കോട്ടയം പോലെ ഒരു ചെറിയ പട്ടണത്തിൽ സമഗ്രമായ ഒരു ക്യാൻസർ സെന്റർ വിഭാവനം ചെയ്യുകയും കേരളത്തിലെ തന്നെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ലീനിയർ ആക്സിലറേറ്റർ ( റേഡിയേഷൻ മെഷീൻ) അടക്കമുള്ള ആധുനിക സൗകര്യങ്ങൾ പിതാവ് കൊണ്ടുവരികയും ചെയ്തത്. കൂടാതെ ആ കാലഘട്ടത്തിൽ തന്നെ മെഡിക്കൽ – സർജിക്കൽ – റേഡിയേഷൻ – പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗങ്ങളെ പ്രത്യേക ഡിപ്പാർട്ട്മെന്റുകളായി ക്രമീകരിക്കുകയും ചെയ്തിരുന്നു. തത്ഫലമായി കേരളത്തിലെ സ്വകാര്യ മേഖലയിൽ സമഗ്രമായ ചികിത്സ നൽകുന്ന ആദ്യത്തെ കോംബ്രിഹെൻസീവ് ക്യാൻസർ സെന്റർ ആയി കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വളർന്നു. ആ കാലഘട്ടത്തിൽ തമിഴ്നാട്ടിൽനിന്ന് വളരെയധികം രോഗികൾ ചികിത്സയ്ക്കായി എത്തിയിരുന്നത് ചരിത്രപരമായ വസ്തുതയാണ്.

ആ കാലഘട്ടത്തിൽ ചുരുക്കം ചില മെഡിക്കൽ കോളേജുകളിൽ റേഡിയേഷൻ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകൾ അടങ്ങുന്ന മധ്യ തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് തിരുവനന്തപുരത്തുള്ള റീജിയണൽ ക്യാൻസർ സെന്ററായിരുന്നു പ്രധാന ആശ്രയം.
റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയ്ക്ക് പോയി വരാൻ പ്രായോഗികമായി ആളുകൾ ബുദ്ധിമുട്ടിയിരുന്നത് അദ്ദേഹം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കോട്ടയത്ത് സമഗ്രമായ ഒരു ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം നടപ്പിലാക്കുന്നത്.

ഈ കഴിഞ്ഞ രണ്ട് ദശാബ്ദ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് ക്യാൻസർ രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ കാരിത്താസ് ക്യാൻസർ ഇൻസ്റ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ഒരു ഡോക്ടർ എന്ന നിലയിലും കോട്ടയം നിവാസി എന്ന നിലയിലും അഭിമാനാർഹമായ നേട്ടമായി ഞാൻ കാണുന്നു.

കാലം ഒരുപാട് മുന്നോട്ടുപോയി. സർക്കാർ- സ്വകാര്യ മേഖലകളിൽ കേരളത്തിന്റെ നാനാഭാഗത്തും ആധുനിക സൗകര്യങ്ങളോടുകൂടിയ ക്യാൻസർ ആശുപത്രി സമുച്ചയങ്ങൾ ഉയർന്നു വന്നു. രോഗികളുടെ എണ്ണത്തിൽ വന്ന അഭൂതപൂർവ്വമായ വർദ്ധനവ് ഇന്നുള്ള ആശുപത്രികൾ ഉൾക്കൊള്ളുന്നതിൽ നിന്ന് അധികമായി. കീമോതെറാപ്പിയിൽ നിന്ന് ടാർഗെറ്റഡ് തെറാപ്പി യിലേക്കും ഇമ്മ്യൂണോ തെറാപ്പിയിലേക്കും ചികിത്സ സമ്പ്രദായങ്ങൾ പരിഷ്കരിക്കപ്പെട്ടു. അവയവം മുറിച്ചു മാറ്റുന്നതിൽ നിന്ന് പ്രിസർവ് ചെയ്യുന്നതിലേക്ക് ക്യാൻസർ ശസ്ത്രക്രിയ മാറി. റേഡിയേഷൻ തെറാപ്പിയിൽ നൂതനമായ മാറ്റങ്ങൾ വന്നു കഴിഞ്ഞു. ഈ മേഖലയിൽ സ്പെഷ്യലൈസ് ചെയ്ത കൂടുതൽ ഡോക്ടർമാർ വന്നു. അർബുദ ചികിത്സ പുതിയ മാനങ്ങൾ തേടി.

ഇരുപതാം വാർഷികത്തിന്റെ ഭാഗമായി കാരിത്താസിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോട് കൂടിയുള്ള സ്റ്റീരിയോ ടാക്ടിക് റേഡിയോ സർജറി ചെയ്യാൻ ശേഷിയുള്ള റേഡിയേഷൻ മെഷീൻ സ്ഥാപിക്കപ്പെട്ടു. 20 വർഷം മുൻപ് പുലർത്തിയ അതേ ദിശാബോധത്തോടും ഉൾക്കാഴ്ചയോടും കൂടിയാണ് 2024-ലും കാരിത്താസ് മുന്നേറുന്നത്.

വിപ്ലവകരമായ പുതിയ ചികിത്സ സമ്പ്രദായങ്ങൾ ഒരു നീതി നിഷേധവുമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ പ്രാപ്തമാകുന്ന രീതിയിൽ ചിലവ് കുറച്ച് നൽകുവാൻ ഇൻസ്റ്റിറ്റ്യൂട്ടിന്കഴിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് “Close The Care Gap” എന്ന ഈ ആപ്തവാക്യം മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി നടപ്പാക്കുവാൻ കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിച്ചിട്ടുണ്ട്. തുടർന്നും ഇതിലും മികച്ച രീതിയിലുള്ള സേവന തൽപരതയോടെ പ്രവർത്തിക്കുവാൻ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ജനിതക മാറ്റങ്ങൾക്ക് അനുസൃതമായി ആധുനിക ക്യാൻസർ ചികിത്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സമഗ്രമായ മാറ്റങ്ങൾ, സർജറിയിലും റേഡിയേഷൻ തെറാപ്പിയിലും വന്നിട്ടുള്ള മാറ്റങ്ങൾ എന്നിവ ആദ്യം തന്നെ ഉൾക്കൊള്ളുകയും വരും തലമുറകൾക്ക് പ്രാപ്തമാകത്തക്ക രീതിയിൽ പ്രദാനം ചെയ്യുവാനും കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നും മുന്നിലുണ്ടാകും.

സ്നേഹത്തോടെ
ഡോ. ബോബൻ തോമസ്.

Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas | Buy " ARBUDAM ARINJATHINUMAPPURAM " By Dr.Boben Thomas |