ഇന്നലെ 2024 മാർച്ച് 11.
മൂത്ത മകന്റെ ഐ.സി.എസ്.ഇ കെമിസ്ട്രി പരീക്ഷ ആണെന്നത് ഒഴിച്ചാൽ യാതൊരു പ്രത്യേകതകളും തോന്നാത്ത സാധാരണ ഒരു ദിവസം.പതിവ് പോലെ ഹോസ്പിറ്റലിലെത്തി.തിങ്കളാഴ്ച സാധാരണയിൽ കവിഞ്ഞ് നല്ല തിരക്കുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിച്ചത് പോലും വളരെ വൈകിയാണ്.
ഏകദേശം നാലര മണിയോടെ ഒ.പി.ഡി തീർത്തു. അന്നത്തെ അഡ്മിറ്റ് ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ജൂനിയർ ഡോക്ടർക്ക് ഹാൻഡ് ഓവർ ചെയ്തതിനുശേഷം വീട്ടിലേക്ക് ഇറങ്ങി.
എന്നത്തെയും പോലെ ഇന്നലെയും വരുന്ന വഴി അച്ഛയെ കയറി കണ്ടു.
അദ്ദേഹം ഓഫീസിലാണ്. സമകാലിക സംഭവങ്ങളും രാഷ്ട്രീയവും കുടുംബ കാര്യങ്ങളും എന്നത്തേയും പോലെ സംസാരിച്ചു.അതിനുശേഷം പതിവുപോലെ വീട്ടിലേക്ക് പോയി. അമ്മയുടെ കയ്യിൽ നിന്ന് സ്ഥിരം ലഭിക്കുന്ന ചായ കിട്ടി. കൂടെ അമ്മയുണ്ടാക്കിയ പലഹാരവും.
ചായ കുടിച്ചിട്ട് വേണം ഞാൻ താമസിക്കുന്ന വീട്ടിലേക്ക് മടങ്ങാൻ.
ഇന്നലെ അമ്മ പതിവിൽനിന്ന് വിട്ട് അല്പം വിഷണ്ണയാണ്.കാരണം അറിയില്ല.
ചായ കുടിക്കുമ്പോൾ അമ്മ അടുത്തേക്ക് വന്നിരുന്നു. എന്നിട്ട് ചോദിച്ചു.”എടാ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ.? ”
“ഇല്ല ” ഞാൻ പറഞ്ഞു.
“ഇന്ന് മാർച്ച് 11. ജീവിച്ചിരുന്നെങ്കിൽ നിന്റെ അപ്പച്ചന്റെ നൂറാമത്തെ ജന്മദിനമാണ്.”
“അയ്യോ. നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ഒന്ന് പള്ളിയിൽ പോകാമായിരുന്നില്ലേ”.
“അത് കുഴപ്പമില്ല. ഞാൻ വീട്ടിലിരുന്ന് കുർബാനയൊക്കെ കണ്ടു” “വേറൊന്നു കൂടിയുണ്ട്. നിന്റെ അമ്മച്ചിയുടെ എഴുപതാമത്തെ ഡെത്ത് ആനിവേഴ്സറി കൂടിയാണ്”.
സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ വളരെയധികം ബുദ്ധിമുട്ട് തോന്നി.
അപ്പച്ഛന്റെ ജന്മദിനവും അമ്മച്ചിയുടെ ഡെത്ത് ആനിവേഴ്സറിയും ഒരേ ദിവസമാണെന്ന് ഞാനിതുവരെ ആലോചിച്ചിട്ട് പോലുമില്ല. അമ്മ മുൻപ് എപ്പോഴോ പറഞ്ഞിട്ടുണ്ടെങ്കിലും ഓർമ്മയിൽ ഇല്ല. അമ്മയ്ക്ക് പക്ഷേ അത് മറക്കുവാൻ കഴിയില്ലല്ലോ.
അതിനുശേഷം അമ്മ ചെറുപ്പകാലത്തെക്കുറിച്ച് പറഞ്ഞു. അമ്മയ്ക്ക് അഞ്ചര വയസ്സുള്ളപ്പോഴാണ് അമ്മച്ചിയെ നഷ്ടപ്പെടുന്നത്. പറഞ്ഞു കേട്ടതിൽ നിന്ന് അമ്മച്ചിക്ക് കാൻസർ ആയിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു.
അമ്മച്ചിക്ക് പെട്ടെന്ന് ഒരു ദിവസം ബ്ലീഡിങ് ഉണ്ടാവുകയായിരുന്നു. അപ്പച്ചൻ അമ്മച്ചിയെ കൂടുതൽ പരിശോധനയ്ക്ക് വേണ്ടി കോട്ടയത്തെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കേട്ടറിവിൽ നിന്നാണ് അമ്മ അതൊക്കെ ഓർത്തെടുക്കുന്നത്. അമ്മ അത്ര ചെറുപ്പമായിരുന്നല്ലോ.
70 വർഷം മുൻപുള്ള കാലമാണ്.
അന്ന് ചികിത്സ സൗകര്യങ്ങൾ വളരെയധികം കുറവാണ്. കോട്ടയത്തുനിന്ന് നിർദ്ദേശിച്ച പ്രകാരം അമ്മച്ചിയെ അപ്പച്ചൻ വെല്ലൂർക്ക് കൊണ്ടുപോയി. അന്ന് പണത്തിന് വളരെയധികം ബുദ്ധിമുട്ടായിരുന്നു.
ആരുടെ കയ്യിൽ നിന്നോ 3000 രൂപ കടം വാങ്ങിച്ച് അപ്പച്ചൻ കാറിന് വെല്ലൂർക്ക് പോയി. പോകുമ്പോൾ മറ്റാരും അവരുടെ കൂടെ ഉണ്ടായിരുന്നില്ല.
സർജറി കഴിഞ്ഞു. സർജറി കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു.
“ഇനി അധികം ഒന്നും ചെയ്യാനില്ല. വീട്ടിലേക്ക് കൊണ്ടുപോകാം”.
തിരിച്ച് നാട്ടിൽ വന്ന് ഒരു മാസത്തിനകം അമ്മച്ചിയുടെ മരണം സംഭവിക്കുകയും ചെയ്തു. അമ്മച്ചി മരണപ്പെടുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എടുത്ത ഫോട്ടോയാണ് ഞാൻ ഇതോടൊപ്പം ചേർത്തിട്ടുള്ളത്. ഈ ഫോട്ടോയിലെ ചെറിയ ഒരു ഓർമ്മ മാത്രമേ അമ്മയ്ക്ക് അമ്മച്ചിയെക്കുറിച്ച് ഉള്ളൂ.
അമ്മ പറഞ്ഞ അനുഭവവും ചികിത്സയും വെച്ച് നോക്കുമ്പോൾ അമ്മച്ചിക്ക് വയറിനകത്ത് ഉള്ള എന്തോ ക്യാൻസറായിരുന്നുവെന്ന് ഉറപ്പ് പറയാൻ സാധിക്കും. അന്ന് കാര്യമായ ചികിത്സ ഇല്ലാത്ത കാലഘട്ടമായിരുന്നു എന്ന് നേരത്തെ പറഞ്ഞുവല്ലോ. പണത്തിനാണെങ്കിൽ വലിയ ബുദ്ധിമുട്ടും. അന്ന് ഏറ്റവും മികച്ച ചികിത്സ കിട്ടിയിരുന്ന വെല്ലൂരിൽ യാത്ര സൗകര്യങ്ങൾ കുറവായിട്ടും കൊണ്ടുപോയി ചികിത്സിക്കാൻ അപ്പച്ചൻ കാണിച്ച വലിയ മനസ്സിനെ ആദരവോടെ ഓർക്കുന്നു.
അഞ്ചര വയസ്സ് ഉള്ളപ്പോൾ അർബുദംമൂലം സ്വന്തം അമ്മയെ നഷ്ടപ്പെട്ട എന്റെ അമ്മയുടെ വേദന തീർന്നിട്ടില്ല. അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വളരെയധികം കഷ്ടപ്പെട്ട സ്വന്തം അച്ഛന്റെ ജന്മദിനവും അന്നാകുമ്പോൾ അമ്മയ്ക്ക് എങ്ങനെ സന്തോഷിക്കാൻ ആകും.!
ബോബൻ തോമസ്.