ക്യാൻസർ ബാധിച്ച ഒട്ടുമിക്കവാറും സ്ത്രീകളുടെ ആശങ്ക നിറഞ്ഞ ഒരു ചോദ്യമാണിത്. കഴിഞ്ഞ 15 വർഷമായി കാൻസറിന് ചികിത്സിക്കുന്ന എന്നെ ഒട്ടേറെ അലട്ടുകയും, ചിന്തിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം. സാമൂഹ്യമായി നമ്മൾ തന്നെ ഉണ്ടാക്കി എടുത്തതും പിന്തുടർന്ന് പോരുന്നതുമായ ചില വ്യവസ്ഥകളുടെ ഭാരം പേറുന്നവരാണ് സ്ത്രീകൾ, പ്രത്യേകിച്ച് രോഗ ബാധിതരായ സ്ത്രീകളെന്ന് ഈ ചോദ്യം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഞാൻ ചികിത്സിക്കുന്ന രോഗികളിൽ 50 ശതമാനത്തിന് മുകളിലും സ്ത്രീകളാണ്. ക്യാൻസർ രോഗികളുടെ എണ്ണത്തിലുള്ള സ്ത്രീ-പുരുഷ അനുപാതം ഏതാണ്ട് കേരളത്തിന്റെ ജനസംഖ്യാനുപാതത്തിന്റെ ഒരു പരിഛേദം തന്നെയാണെന്നതാണ് യാഥാർത്ഥ്യം. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ക്യാൻസർ ഏത് അവയവത്തിലാണെന്നോ, ഏത് സ്റ്റേജിലാണെന്നോ, അതിന്റെ സ്വഭാവമെന്താണെന്നോ എന്നൊക്കെയുള്ളത് അലട്ടുന്ന വിഷയങ്ങളാണെങ്കിലും, അവരെ കൂടുതൽ ആശങ്കപ്പെടുത്തുന്നതും, ആകുലരാക്കുന്നതും ജോലിയെടുക്കാൻ പറ്റുമോ, കുടുംബം നിലനിർത്തിക്കൊണ്ട് പോകാൻ സാധിക്കുമോ എന്നൊക്കെയുള്ള സംശയങ്ങളാണ്. ഇത് കേരളത്തിലുള്ള സ്ത്രീകളിൽ കാണപ്പെടുന്ന പൊതുവായ ഒരു സ്വഭാവം തന്നെയാണ്. അവരുടെ അസുഖത്തെക്കാളും, ആരോഗ്യത്തെക്കാളും കൂടുതൽ അവരെ അലട്ടുന്നത് വീട്ടിലുള്ള മറ്റുള്ളവരുടെ ജീവിതവും, സുരക്ഷിതത്വവുമാണെന്നതാണ് യാഥാർത്ഥ്യം. ഒരു വീട് ചലിക്കണമെങ്കിൽ എണ്ണയിട്ട പോലെ അവരുടെ സാമീപ്യവും,സ്പർശവും വേണമെന്ന് അവർക്കറിയാം. എനിക്കൊരു പനി വന്നാൽ പോലും ഒരു പാരസറ്റമോൾ എടുത്ത് ഒരിടത്ത് ചുരുണ്ട് കൂടി കിടന്നാൽ മതി. ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ എന്റെ ഭാര്യക്കോ, അമ്മക്കോ അസുഖം വന്നാൽ അനുഭവിക്കേണ്ട പ്രയാസത്തിന്റെ ആഴം എത്രയാണെന്ന് എനിക്ക് വ്യക്തമായി അറിയാം. അത്രക്കാണ് ഒരു വീട്ടിൽ സ്ത്രീകളിൽ അർപ്പിക്കപ്പെട്ടിട്ടുള്ള ചുമതലകളുടെ ഭാരം.
ഇന്നും ഒരു പേഷ്യൻറ് ഈയൊരു കൺസേൺ പങ്കുവച്ചപ്പോൾ ഒരു ലേഖനത്തിലൂടെ ഈ യാഥാർത്ഥ്യം പൊതുസമൂഹത്തോട് പറയണം എന്ന് തോന്നിയപ്പോഴാണ് ഇതെഴുതിയത്. ഈയൊരു സമീപനത്തിൽ നിന്ന് ഇനിയെങ്കിലും നമ്മൾ മാറേണ്ടതായിട്ടുണ്ട്. സ്ത്രീകൾക്ക് അസുഖം വരുമ്പോൾ പ്രത്യേകിച്ചും, നമ്മൾ പുരുഷന്മാരും, കുട്ടികളുമടക്കം വീട്ടിലുള്ള മറ്റുള്ളവർ അവരുടെ ജോലികളും, ചുമതലുകളുമേറ്റെടുത്ത് അവരെ വിശ്രമിക്കാനനുവദിക്കേണ്ടതായിട്ടുണ്ട്. പുരോഗമനപരമായി ചിന്തിക്കുന്ന പുതിയ തലമുറയിൽ കുറച്ചൊക്കെ വ്യത്യാസം കാണാൻ കഴിയുമെങ്കിലും, ഈ പറയുന്ന വിഷയത്തിൽ കാതലായ ഒരു മാറ്റം വരേണ്ടതുണ്ട്. സ്വന്തം ആരോഗ്യം അവഗണിച്ചു കൊണ്ട് കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ സ്ത്രീകൾക്കും അഭിവാദ്യങ്ങളർപ്പിച്ച് കൊണ്ട് നിറുത്തുന്നു.
ഡോ. ബോബൻ തോമസ്.