ഏതൊരു കോട്ടയത്തുകാരൻ്റേയും സ്വകാര്യമായ ആഗ്രഹമാണ് തൻ്റെ മരണവാർത്ത മലയാള മനോരമയുടെ കോട്ടയം എഡിഷനിൽ ഒന്നാം പേജിൽ അച്ചടിച്ച് വരണമെന്നുള്ളത്.!
എന്നാൽ ഒന്നാം പേജിൽ ഒന്നാം കോളത്തിലെ വാർത്തയോടൊപ്പം മൂന്നാം പേജിൽ മൂന്ന് കോളത്തിലായി നിറഞ്ഞുനിന്ന വാർത്തയുമായിട്ടായിരുന്നു കോട്ടയത്തെ മനോരമ ഞങ്ങളുടെ ബാബുജി അങ്കിളിനെ ആദരിച്ചത്. അതിൽ നിന്നുതന്നെ കോട്ടയം ആ വ്യക്തിയെ എത്രമേൽ സ്നേഹിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
മൂന്ന് പതിറ്റാണ്ടുകളോളം നീണ്ടു നിന്ന ബന്ധമാണ് എനിക്ക് ബാബുജി അങ്കിളുമായി ഉണ്ടായിരുന്നത്. എൻ്റെ ഇളയ അപ്പാപ്പൻ വിവാഹം ചെയ്തത് അദ്ദേഹത്തിൻ്റെ ഭാര്യയുടെ ഇളയ സഹോദരിയെയായിരുന്നു. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന സ്കൂൾ വിദ്യാർത്ഥിയായ എനിക്ക് ഇങ്ങനെയൊരു വ്യക്തിയുണ്ടെന്നുള്ളത് അറിയാമെന്നല്ലാതെ വ്യക്തിപരമായി യാതൊരു പരിചയവും ഇല്ലായിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം അദ്ദേഹത്തിൻ്റെ അമ്മയ്ക്ക് ഹാർട്ട് അറ്റാക്കുമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വന്ന സമയത്ത് ഞാൻ കാർഡിയോളജി ഡിപ്പാർട്ട്മെൻറ് ജൂനിയർ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം രാത്രി നെഞ്ചുവേദനയുമായി ആൻ്റിയെ കൊണ്ടുവരുമ്പോൾ ഞാൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആൻറിയുടെ ചികിത്സയുടെ ഭാഗമാകുന്നതോടുകൂടിയാണ് അങ്കിളുമായുള്ള എൻ്റെ പരിചയം തുടങ്ങുന്നത്. പിന്നീട് ചെന്നൈയിൽ എം.ഡിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് തുടർ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് വന്ന ആൻറിയെ ഞാൻ സന്ദർശിക്കുന്നത്.
അങ്ങനെയാണ് ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകുന്നത്. കുടുംബത്തിലുണ്ടായ പല ഫംഗ്ഷനുകളിലും ഞങ്ങൾ കണ്ടുമുട്ടുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. പല കാര്യങ്ങൾക്കും പ്രത്യേകിച്ച് ആരോഗ്യസംബന്ധമായ വിഷയങ്ങൾ വരുമ്പോൾ അദ്ദേഹം എന്നെ വിളിക്കുകയും എൻ്റെ നിർദേശമാരായുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ട് തിരുവനന്തപുരത്തും, ചെന്നൈയിലും മറ്റു പല സ്ഥലങ്ങളിലും ആയിരുന്ന സമയത്ത് അദ്ദേഹത്തിന് വേണ്ട ചികിത്സ ക്രമീകരണങ്ങൾ ചെയ്തു കൊടുക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
എന്നോട് മാത്രമായിരുന്നില്ല മറിച്ച് കോട്ടയത്തെ നാനാ തുറയിൽ പെട്ട ഒരുപാട് വ്യക്തികളുമായി അദ്ദേഹത്തിന് സുദൃഢമായ ബന്ധമുണ്ടായിരുന്നു. ചിലർക്ക് അദ്ദേഹം വിവാദനായകനായിരുന്നു. എന്നാൽ കൂടുതൽ പേർക്കും അദ്ദേഹം വീര പരിവേഷമുള്ള വ്യക്തിത്വമായിരുന്നു. കോട്ടയത്ത് തിരിച്ച് വന്നതിന് ശേഷം അദ്ദേഹത്തിൻ്റെ ആരോഗ്യസംബന്ധമായ പല കാര്യങ്ങളും ചെയ്തു കൊടുക്കുവാൻ സാധിച്ചു എന്നതിൽ എനിക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്. അവസാനം ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയപ്പോൾ നേരിട്ട് വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അപ്പാപ്പനിൽ നിന്നാണ് അദ്ദേഹത്തിൻ്റെ ചികിത്സയുടെ വിശദാംശങ്ങൾ അറിഞ്ഞിരുന്നത്. അമേരിക്കയിലെ ചികിത്സ വിജയകരമായിരുന്നുവെന്ന് അപ്പാപ്പനിൽ നിന്നായിരുന്നു മനസ്സിലാക്കിയിരുന്നത്. അതിനുശേഷം തുടർ ചികിത്സയ്ക്കായി ജൂലൈ മാസം പതിനാറാം തീയതി അമേരിക്കയ്ക്ക് തിരിച്ച് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. വളരെ ദൗർഭാഗ്യകരമെന്ന് പറയട്ടെ ജൂലൈ മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെയാണ് ആ വാർത്ത എന്നെ തേടിയെത്തുന്നത്.
അത് അദ്ദേഹത്തിൻ്റെ മരണ വാർത്തയായിരുന്നു.!
ഞാനടക്കമുള്ള എല്ലാവരും വളരെ നടുക്കത്തോടെയാണ് ആ വാർത്ത ശ്രവിച്ചത്. ആ യാഥാർത്ഥ്യം ഉൾക്കൊണ്ടപ്പോൾ പിന്നീടുള്ള ചിന്ത എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തുക എന്നത് മാത്രമായി. ഓ.പി യിൽ ബുക്ക് ചെയ്ത രോഗികളെ കാണാതെ തിരിക്കാനും പ്രയാസമായിരുന്നു. ഞായറാഴ്ചയിലെ എൻ്റെ ഒ. പി നേരത്തെ തുടങ്ങുകയും അതിനനുസരിച്ച് അപ്പോയിൻമെന്റ് എടുത്ത രോഗികളോട് നേരത്തെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. മൂന്നരയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത് പന്ത്രണ്ടരയ്ക്കുള്ള കേരള എക്സ്പ്രസ്സിൽ ടിക്കറ്റ് എടുത്ത് അവരുടെ ഇടവകയായ പേരൂർ പള്ളിയിലെത്തുകയും ചെയ്തു. ആ സമയത്ത് മൃതദേഹവും വഹിച്ചുകൊണ്ടുള്ള സംസ്കാരയാത്ര വീട്ടിൽനിന്നും പുറപ്പെട്ടിരുന്നു. അദ്ദേഹത്തെ അവസാനമായി പള്ളിയിൽ വെച്ച് ഒരു നോക്ക് കാണുവാൻ സാധിച്ചതിൽ എനിക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്. വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ നാനാതുറയിൽ പെട്ട പേരൂർ നിവാസികളെ കൂടാതെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ബഹുജനങ്ങളും അദ്ദേഹത്തെ ഒരു നോക്കു കാണുവാനും ആദരാഞ്ജലി അർപ്പിക്കുവാനും എത്തിയത് ജനങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തിന്റെ ശക്തി വെളിവാക്കുന്നതായിരുന്നു. പകരം വയ്ക്കുവാനില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു ബാബുജി അങ്കിളിൻ്റേത് എന്ന് സംസ്കാരത്തിൽ പങ്കെടുത്ത ഓരോ വ്യക്തിയുടെയും ഓർമ്മപ്പെടുത്തലുകൾ നമ്മോട് പറയുന്നു.
കോട്ടയത്തുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അദ്ദേഹമെന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. എന്നാൽ അതിലേറെ കോട്ടയത്തുള്ള ക്നാനായ സഭക്കാരായ ഞങ്ങൾക്ക് നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിൻ്റെ വിയോഗം സൃഷ്ടിച്ചത്. വളരെയധികം ആദരവും സ്നേഹവുമുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുൻപിൽ ഈ എളിയവന്റെ സ്നേഹത്തിൽ കുതിർന്ന ആദരാഞ്ജലികൾ…..