2022 ലെ World Cancer Day നമ്മെ ഓർമിപ്പിക്കുന്നത് !!

2022 ലെ World Cancer Day നമ്മെ ഓർമിപ്പിക്കുന്നത് !!

എല്ലാ വർഷവും ഫെബ്രുവരി മാസം നാലാം തീയതി ലോക ക്യാൻസർ ദിനമായി ആചരിച്ചു വരുന്നു. അതിനോടനുബന്ധിച്ച് ഓരോ വർഷവും ഒരു ‘Theme'( പ്രതിപാദ്യവിഷയം) പുറത്തിറക്കാറുണ്ട്. ഇത് ക്യാൻസർ എന്ന രോഗത്തെക്കുറിച്ചുള്ള അവബോധനവുമായി ബന്ധപ്പെട്ട ലളിതവും, അർത്ഥവത്തുമായ ഉദ്ധരണികളാണ്. 2022 മുതൽ 2024 വരെയുള്ള മൂന്നുവർഷത്തേക്ക് ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ള തീം

‘Close the Care Gap’ എന്നതാണ്. ക്യാൻസർ ചികിത്സാ ലോകത്ത് ഇപ്പോൾ തന്നെ ഒരുപാട് ചർച്ചകൾക്ക് സവിശേഷമായ ഈ തീം വഴിയൊരുക്കിയിട്ടുണ്ട്. ഇതിൻ്റെ കൃത്യവും, ഏകമാനവുമായ ഒരു മലയാള പരിഭാഷ നിർണയിക്കുക അത്ര ലളിതമല്ല. എങ്കിലും ‘ക്യാൻസർ ചികിത്സയിലെ അസമത്വങ്ങൾ നികത്തുക’ എന്ന് നമുക്ക് ഇത് വിവക്ഷിക്കാം.

ഇനി നമുക്ക് യാഥാർത്ഥ്യങ്ങളിലേക്ക് കടക്കാം. ക്യാൻസർ ചികിത്സയിൽ, അത് ഡയഗ്നോസിസിൻ്റെ കാര്യത്തിലാകട്ടെ, ചികിത്സയുടെ കാര്യത്തിലാകട്ടെ, കൊടുക്കുന്ന മറ്റ് സേവനങ്ങളുടെ കാര്യത്തിലാകട്ടെ ഗുണപരമായും, സാമ്പത്തികപരമായും ചികിത്സാ സ്ഥാപനങ്ങൾ തമ്മിലുള്ള അന്തരങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരേ രോഗം വന്നിട്ടുള്ള എല്ലാ വ്യക്തികൾക്കും ഗുണപരമായി ഒരേ ചികിത്സ കൊടുക്കുക എന്നത് നമ്മളെവരും ആഗ്രഹിക്കുന്ന ഒരു സോഷ്യലിസ്റ്റ് ചിന്താഗതിയാണ്. എന്നാൽ നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ അതിന് ഒട്ടേറെ പരിമിതികളുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ചികിത്സയുടെ ലഭ്യതയിൽ നിലനിൽക്കുന്ന അന്തരം നമുക്കറിയാം. പണമുണ്ടായിട്ടും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകാത്ത സാഹചര്യങ്ങളും വിരളമല്ല. പണമുണ്ടായിട്ടും മികച്ച ചികിത്സയ്ക്കായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന ചെറിയൊരു ശതമാനം രോഗികളും ചികിത്സാ രംഗത്ത് നിലനിൽക്കുന്ന അസമത്വത്തിൻ്റെ ദൃഷ്ടാന്തങ്ങളാണ്.

ക്യാൻസറിന് ചികിത്സിക്കുന്ന ഡോക്ടർമാർ എന്ന നിലക്ക് ഞങ്ങളുടെ മുൻപിലേക്ക് വരുന്ന ഓരോ രോഗിക്കും ലോകത്ത് തന്നെ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ പലപ്പോഴും സാമ്പത്തികസ്ഥിതി ഒരു ഘടകമായതിനാൽ അതിനനുസരിച്ച് ചികിത്സ കൊടുക്കുകയേ നിർവാഹമുള്ളൂ. അതുകൊണ്ട് തന്നെയാണ് നേരത്തെ സൂചിപ്പിച്ചത് പോലെ ചികിത്സ രംഗത്ത് നിലനിൽക്കുന്ന അസമത്വങ്ങളെ കുറിച്ച് സ്വന്തം ചികിത്സാനുഭവങ്ങളിൽ നിന്ന് തന്നെ പറയാൻ സാധിക്കുന്നത്. ചിന്തിക്കുമ്പോൾ പ്രായോഗികമായി അത്ര എളുപ്പമല്ലെന്ന് തോന്നുമെങ്കിലും ദീർഘവീക്ഷണത്തോടെയും, ഉദാരമായ ചില നടപടിക്രമത്തിലൂടെയും ഈ അന്തരം ലഘൂകരിക്കുവാനും, വിദൂരമല്ലാത്ത ഭാവിയിൽ ഈ രംഗത്ത് സോഷ്യലിസം കൊണ്ടുവരാനും നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം. അതിന് ഈ തീം ഒരു ചൂണ്ടുപലകയായി പ്രവർത്തിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇതിൻ്റെ ആദ്യപടി മരുന്നുകളുടെ വില കുറയ്ക്കുകയും ഏകീകരിക്കുകയും ചെയ്യുക എന്നുള്ളത് തന്നെയാണ്. എന്നാൽ ഓരോ പുതിയ മരുന്നിൻ്റെ റിസർച്ചിനും, ഉൽപ്പാദനത്തിനുമായി മുടക്കുന്നത് കോടികളാണെന്ന വാദമാണ് മരുന്നുല്പാദകർ ഉന്നയിക്കുന്നത്. അതിലെ വസ്തുത എത്രത്തോളമാണെന്ന് നമുക്ക് പറയാൻ കഴിയില്ലെങ്കിലും പല മരുന്നുകളും പരാജയപ്പെട്ടിട്ടാകും ഒരു പുതിയ മരുന്ന് കമ്പനികൾ മാർക്കറ്റിലിറക്കുന്നത്. സ്വാഭാവികമായും പരാജയപ്പെട്ട മരുന്നുകളുടെ റിസർച്ചിനും, ഡെവലപ്മെൻ്റിനുമായി വരുന്ന അധിക ബാധ്യത കൂടി ഉൾപ്പെടുത്തിയാണ് പുതിയ മരുന്നിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ട് ‘പേറ്റൻസി ലോ’ നിലനിൽക്കുന്നിടത്തോളം കാലം അത്തരം മരുന്നുകളുടെ വില കുറയാൻ പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിൻ്റെ ഒരു പ്രതിവിധി നമ്മുടെ നാട്ടിലും ക്യാൻസർ റിസർച്ചുകൾ കൂടുതലായി വരണം എന്നുള്ളതാണ്. റിസർച്ചിൽ എൻട്രോൾ ചെയ്യുന്ന വ്യക്തികൾക്ക് അതിൻ്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും വേണം. സ്വാഭാവികമായി നമ്മുടെ നാട്ടിലും മികച്ച മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഒരു സാഹചര്യമുണ്ടാകും. നിർഭാഗ്യവശാൽ പരിമിതമായ ഗവേഷണങ്ങൾ മാത്രമാണ് ഈ രംഗത്ത് നമ്മുടെ നാട്ടിൽ നടക്കുന്നത്. മരുന്നുകളുടെ പേറ്റൻസി പിരീഡ് കഴിഞ്ഞതിനുശേഷം വിലകുറയുന്ന സാഹചര്യമുണ്ട്. പത്തോ ഇരുപതോ വർഷത്തിനു മുൻപ് ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ലഭ്യമായിരുന്ന പല മരുന്നുകളും ഇപ്പോൾ പതിനായിരം രൂപയ്ക്കകത്ത് ലഭ്യമാകുന്നു എന്നുള്ളത് ശുഭോദർക്കമായ ഒരു കാര്യമാണ്.

അടുത്തതായി പറയാനുള്ളത് ക്യാൻസറിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ന് ലോകത്ത് നിലവിലുള്ള അത്യന്താധുനികമായ സൗകര്യങ്ങളുടെ ലഭ്യതയാണ്. നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന റേഡിയേഷൻ മെഷീനുകൾ, സർജിക്കൽ ടെക്നിക്സുകളടക്കമുള്ള ചികിത്സാ സമ്പ്രദായങ്ങൾ, അതിൽ നൈപുണ്യം നേടാൻ ആവശ്യമായ ട്രെയിനിംഗ് സൗകര്യങ്ങളുടെ ലഭ്യത, അതിനോടനുബന്ധമായ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം എന്നിവ ക്യാൻസർ ചികിത്സയിൽ ഇന്ന് നിലനിൽക്കുന്ന അസമത്വങ്ങൾ ലഘൂകരിച്ചു കൊണ്ടു വരാനുതകുന്ന പ്രായോഗികമായ മാർഗ്ഗങ്ങളിൽ ചിലതാണ്.

ക്യാൻസർ ഡയഗ്നോസിസിൻ്റെ കാര്യത്തിലും നമുക്ക് പരിമിതികളുണ്ട്. മോഡേൺ ഓൺകോളജി പ്രാക്ടീസിൽ ക്യാൻസറിന് കാരണമാകുന്ന ജനിതകമായ മാറ്റങ്ങൾ കണ്ടുപിടിച്ച് അതിനനുസൃതമായ ചികിത്സാ സമ്പ്രദായങ്ങളാണ് ആവിഷ്കരിക്കുന്നത്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള പരിശോധനകൾ നടത്തുന്ന കേന്ദ്രങ്ങൾ കുറവാണ്. പലപ്പോഴും സാമ്പിളുകൾ പരിശോധനയ്ക്ക് വേണ്ടി ഇന്ത്യയിലെതന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ അയക്കേണ്ട സാഹചര്യമാണ്. മാത്രമല്ല ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇത്തരം ടെസ്റ്റുകൾ സാധാരണക്കാരന് അപ്രാപ്യമായതിൻ്റെ പേരിൽ പലപ്പോഴും ചെയ്യാൻ സാധിക്കാറില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ജനിതക പരിശോധനകൾ നമ്മുടെ നാട്ടിലും ലഭ്യമായാലെ ഈ രംഗത്ത് രോഗികൾ അനുഭവിക്കുന്ന അസമത്വങ്ങൾ ഇല്ലാതാക്കി കാതലായ ഒരു പരിഷ്കരണം സാധ്യമാകൂ.

ചുരുക്കി പറഞ്ഞാൽ ക്യാൻസർ ചികിത്സാ രംഗത്ത് നിലനിൽക്കുന്ന ഈ വിവേചനങ്ങൾ ഇല്ലായ്മ ചെയ്ത് സമത്വ സുന്ദരമായ ചികിൽസാ പദ്ധതികളുള്ള ഒരു നാട് സ്വപ്നം കാണുമ്പോൾ തന്നെ എപ്പോൾ.? എങ്ങനെ.? എത്രത്തോളം.? എന്ന ചോദ്യങ്ങൾ നമുക്ക് മുൻപിൽ അവശേഷിക്കുന്നു. ക്യാൻസർ ദിനത്തിലെ സന്ദേശത്തിലൂടെ ലോകാരോഗ്യ സംഘടന മുന്നോട്ട് വെയ്ക്കുന്നതും അത് തന്നെയാണ്. ആ മഹത്തായ ലക്ഷ്യത്തിന് വേണ്ടി നമുക്കൊരുമിച്ചു കൈ കോർക്കാം