വലിയ വിഷമത്തോടെയാണ് അവരത് പറഞ്ഞത്.
എനിക്ക് അത്ഭുതം തോന്നി.
ഒരുമാസം മുൻപാണ് അവരെന്നെ കാണാൻ വരുന്നത്. അതിന് മുൻപ് കുറച്ചു മാസങ്ങളായി ശ്വാസംമുട്ട് അവരെ അലട്ടിക്കൊണ്ടിരുന്നു. അതിനുശേഷം കഴുത്തിൽ ഒരു മുഴ ദൃശ്യമായി. പല ആശുപത്രികളിലായി പരിശോധനകൾ നടത്തിയെങ്കിലും കൃത്യമായ രോഗനിർണയം നടത്താൻ കഴിഞ്ഞിരുന്നില്ല.
ഒടുവിൽ രോഗം മൂർച്ഛിക്കുന്ന അവസ്ഥയായപ്പോഴാണ് അവർ എന്റെ അടുത്തേക്ക് വരുന്നത്.
ബയോപ്സിയിൽ നിന്ന് അവർക്ക് ഫോർത്ത് സ്റ്റേജ് ലങ് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. ഞാൻ അവരോട് ചികിത്സയെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. അപ്പോഴാണ് അവർ ജോലിയെക്കുറിച്ചും, കുട്ടികളെക്കുറിച്ചും വളരെ ഉത്കണ്ഠകുലയായി സംസാരിച്ചത്.
“നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത്.? ”
ഞാൻ ചോദിച്ചു.
“ഞാൻ ഒരു അംഗൻവാടി സ്റ്റാഫാണ്.
കുടമാളൂരിന് അടുത്ത്. ഞാൻ ചെന്നില്ലെങ്കിൽ കുട്ടികൾക്ക് ഒരുപാട് സങ്കടമാവും സാർ.”
സാധാരണ കീമോ എടുക്കുന്ന രോഗികൾ അനുവദിച്ചതിലും കൂടുതൽ അവധി എടുക്കുന്നതാണ് കണ്ടിട്ടുള്ളത്. അവർക്കുള്ള ക്ഷീണവും പ്രയാസവും കൊണ്ട് കുടുംബത്തോടൊപ്പം കൂടുതൽ വിശ്രമം എടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികം പേരും.
കീമോ എടുത്തതിനുശേഷം ജോലിക്ക് പോകുന്നതിൽ കുഴപ്പമൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷേ കുറച്ചുദിവസമെങ്കിലും റസ്റ്റ് എടുക്കണം.
ഒരുമാസം കഴിഞ്ഞ് അടുത്ത കീമോയ്ക്ക് വരുമ്പോൾ അവരുടെ മുടി കൊഴിഞ്ഞു പോയിരുന്നു.
“ജോലിക്ക് പോയിരുന്നോ.? ”
ഞാൻ ചോദിച്ചു.
“പോയിരുന്നു സാറേ. തലമുടി പോയതിൽ വലിയ വിഷമമുണ്ട്. എങ്കിലും ജോലിക്ക് പോകുമ്പോഴും കുട്ടികളെ കാണുമ്പോഴും ഞാനതൊക്കെ മറക്കും.”
അതിനുശേഷം നടത്തിയ പരിശോധനയിൽ അവർക്ക് ഇഞ്ചക്ഷൻ കീമോയുടെ ആവശ്യമില്ലെന്ന് മനസ്സിലായി.
“ഇനി നമുക്ക് ഇഞ്ചക്ഷൻ വേണ്ട ഗുളിക കഴിച്ചാൽ മതി”
ഞാനവരോട് പറഞ്ഞു.
അവർക്ക് വലിയ സന്തോഷമായി.
അവർക്ക് വീണ്ടും സന്തോഷത്തോടെ കുട്ടികളുടെ അടുത്തേക്ക് പോകാം. അവരുടെ കളിയും ചിരിയും കാണുമ്പോൾ ജീവിതത്തിലെ പ്രയാസങ്ങളെല്ലാം താൽക്കാലികമായെങ്കിലും മറക്കാം.
രോഗം ഭേദമായി ആരോഗ്യം വീണ്ടെടുക്കുന്ന രോഗികളോട് ഇനി നിങ്ങൾക്ക് ജോലിക്ക് പോകാം എന്ന് പറയാറുണ്ട്. അപ്പോൾ പലരും പറയാറുള്ളത്
“വേണ്ട സാറേ എനിക്ക് കുറച്ചു ദിവസത്തെ ലീവ് കൂടി ബാക്കിയുണ്ട്. അതെന്തിന് കളയണം. ബുദ്ധിമുട്ടില്ലെങ്കിൽ സാർ ഒരു ലെറ്റർ കൂടി എഴുതിത്തരണം”
എന്നൊക്കെയാണ്.
ചെയ്യുന്ന ജോലിയുടെ വലിപ്പത്തിലോ ലഭിക്കുന്ന ശമ്പളത്തിലോ മാത്രമല്ല കാര്യം. കേരളത്തിലെ അംഗനവാടി ടീച്ചർമാർക്ക് തുച്ഛമായ ശമ്പളമാണെങ്കിൽ കൂടി പലപ്പോഴും മുടങ്ങുന്ന അവസ്ഥ പത്രമാധ്യമങ്ങളിൽ കൂടി നമ്മൾ വായിച്ചിട്ടുണ്ട്. പലപ്പോഴും അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരമുഖത്ത് നിൽക്കുന്നതും കണ്ടിട്ടുണ്ട്.
അംഗൻവാടി ടീച്ചർ അതിൽ നിന്നൊക്കെ വ്യത്യസ്തയാണ്. ക്യാൻസർ പിടിപെട്ടിട്ടും ചെറിയ വരുമാനം തരുന്ന ഒരു തൊഴിലിനോട് അവർ കാണിക്കുന്ന കൂറും ആത്മാർത്ഥതയും ശ്ലാഘനീയമാണ്. അത് വളരെ അപൂർവ്വമായിട്ടേ കാണാൻ കഴിയൂ. എന്റെ 15 വർഷത്തെ അനുഭവപരിചയത്തിൽ അംഗനവാടി ടീച്ചർ വേറിട്ട് നിൽക്കുന്നു.
ബോബൻ തോമസ്.